Quantcast
MediaOne Logo

ആത്തിക്ക് ഹനീഫ്

Published: 28 May 2025 2:03 PM IST

ലൂക്ക മോഡ്രിച്ച്: അഭയാർഥി ക്യാമ്പിൽ നിന്ന് ബെർണബ്യുവിന്റെ ഹൃദയത്തിലേക്ക്

1990-കളിൽ ആരംഭിച്ച ക്രോയേഷ്യൻ സ്വാതന്ത്ര്യ യുദ്ധത്തിൽ മോഡ്രിച്ചിനും കുടുംബത്തിനും വീട് ഉപേക്ഷിച്ച് ഒരു അഭയാർഥി ക്യാമ്പിലേക്ക് മാറേണ്ടി വന്നു. യുദ്ധത്തിന്റെ ഭീകരതക്കിടയിൽ 1991ൽ സെർബിയൻ സായുധ സേനയുടെ ആക്രമണത്തിൽ മുത്തച്ഛൻ നഷ്ടപ്പെട്ട മോഡ്രിച്ചിന് ഫുട്ബോൾ ഒരു ആശ്വാസമായിരുന്നു. സാദറിലെ ഹോട്ടൽ കോലോവരെ എന്ന അഭയാർഥി ക്യാമ്പിലാണ് മോഡ്രിച്ചും കുടുംബവും അഭയം തേടിയത്. ഹോട്ടലിലെ പാർക്കിംഗ് സ്ഥലത്ത് ഒരു പന്തിനെ ചുറ്റിപ്പറ്റിയുള്ള ജീവിതം ആ ചെറിയ ബാലന്റെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റി. ഹോട്ടലിന്റെ പാർക്കിംഗ് ബോംബുകളുടെയും സൈറണുകളുടെയും ശബ്ദങ്ങൾക്കിടയിൽ ചെറിയ ലൂക്കയുടെ കളിസ്ഥലമായി മാറി. ഒരു പഴയ ഫുട്ബോൾ പന്തുമായി യുദ്ധത്തിന്റെ ഭീകരതയിൽ നിന്ന് മോഡ്രിച്ച് തന്റെ മനസ്സിനെ മോചിപ്പിച്ചു. | ടിക്കി ടാക്ക - കാൽപന്തുകളിയിലൂടേയും കളിക്കാരിലൂടെയുമുള്ള സഞ്ചാരം. ഭാഗം: 16

ലൂക്ക മോഡ്രിച്ച്: അഭയാർഥി ക്യാമ്പിൽ നിന്ന് ബെർണബ്യുവിന്റെ ഹൃദയത്തിലേക്ക്
X

ലോക ഫുട്ബോളിന്റെ മധ്യനിരയിൽ ഒരു മാന്ത്രികന്റെ സ്പർശമാണ് ലൂക്ക മോഡ്രിച്ച്. ക്രോയേഷ്യൻ സ്വാതന്ത്ര യുദ്ധത്തിന്റെ തീവ്രതയിൽ ഒരു അഭയാർഥി ക്യാമ്പിൽ ജനിച്ച് വളർന്ന ഒരു ബാലൻ റയൽ മാഡ്രിഡ് ക്ലബ്ബിലൂടെ ലോക ഫുട്‌ബോൾ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ കഥ വരും തലമുറക്ക് പ്രചോദനമാണ്. 2025 മെയ് 23-ന് 39-ാം വയസ്സിൽ റയൽ മാഡ്രിഡ് വിടുമെന്ന് മോഡ്രിച്ച് പ്രഖ്യാപിച്ചപ്പോൾ, ഒരു യുഗത്തിന്റെ അന്ത്യമാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്.

1985 സെപ്റ്റംബർ 9-ന് ക്രോയേഷ്യയിലെ സാദർ എന്ന ചെറിയ പട്ടണത്തിൽ ജനിച്ച മോഡ്രിച്ചിന്റെ ബാല്യം സന്തോഷകരമായിരുന്നില്ല. 1990-കളിൽ ആരംഭിച്ച ക്രോയേഷ്യൻ സ്വാതന്ത്ര്യ യുദ്ധത്തിൽ മോഡ്രിച്ചിനും കുടുംബത്തിനും വീട് ഉപേക്ഷിച്ച് ഒരു അഭയാർഥി ക്യാമ്പിലേക്ക് മാറേണ്ടി വന്നു. യുദ്ധത്തിന്റെ ഭീകരതക്കിടയിൽ 1991ൽ സെർബിയൻ സായുധ സേനയുടെ ആക്രമണത്തിൽ മുത്തച്ഛൻ നഷ്ടപ്പെട്ട മോഡ്രിച്ചിന് ഫുട്ബോൾ ഒരു ആശ്വാസമായിരുന്നു. സാദറിലെ ഹോട്ടൽ കോലോവരെ എന്ന അഭയാർഥി ക്യാമ്പിലാണ് മോഡ്രിച്ചും കുടുംബവും അഭയം തേടിയത്. ഹോട്ടലിലെ പാർക്കിംഗ് സ്ഥലത്ത് ഒരു പന്തിനെ ചുറ്റിപ്പറ്റിയുള്ള ജീവിതം ആ ചെറിയ ബാലന്റെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റി. ഹോട്ടലിന്റെ പാർക്കിംഗ് ബോംബുകളുടെയും സൈറണുകളുടെയും ശബ്ദങ്ങൾക്കിടയിൽ ചെറിയ ലൂക്കയുടെ കളിസ്ഥലമായി മാറി. ഒരു പഴയ ഫുട്ബോൾ പന്തുമായി യുദ്ധത്തിന്റെ ഭീകരതയിൽ നിന്ന് മോഡ്രിച്ച് തന്റെ മനസ്സിനെ മോചിപ്പിച്ചു.




ഈ കാലഘട്ടത്തിൽ, മോഡ്രിചിന്റെ ശാരീരിക ഘടന ചെറുതും ദുർബലവുമായിരുന്നു. ഇത് പലപ്പോഴും പരിഹസിക്കപ്പെടാൻ ഇടയാക്കി. 'അവന് ഫുട്ബോൾ കളിക്കാൻ കഴിയില്ല, വളരെ ദുർബലനാണ്.' എന്ന് പല പരിശീലകരും പറഞ്ഞിരുന്നു. എന്നാൽ ഈ പരിഹാസങ്ങൾ മോഡ്രിച്ചിന്റെ മനോബലത്തെ തളർത്തിയില്ല. ഹോട്ടൽ കോലോവരെയുടെ പാർക്കിംഗ് ലോട്ടിൽ മോഡ്രിച്ച് തന്റെ ഫുട്ബോൾ കഴിവുകൾ മെനഞ്ഞെടുത്തു. കോലോവരെയിൽ ഒരു അഭ്യർഥിയായി ജീവിച്ചിരുന്ന കാലത്ത്, മോഡ്രിച്ച് തന്റെ ആദ്യ ഫുട്ബോൾ പാഠങ്ങൾ സ്വന്തമാക്കി. സാദറിലെ പ്രാദേശിക ക്ലബായ NK Zadar ൽ പരിശീലനം ആരംഭിച്ച മോഡ്രിച്ച് തന്റെ സാങ്കേതിക മികവും കളിയിലെ ബുദ്ധിശക്തിയും പ്രകടിപ്പിക്കാൻ തുടങ്ങി.

മോഡ്രിച്ചിന്റെ അഭയാർഥി ജീവിതം ഒരു ഫുട്ബോൾ താരത്തിന്റെ ഉദയത്തിന്റെ തുടക്കം മാത്രമായിരുന്നു. ഹോട്ടൽ കോലോവരെയിലെ പാർക്കിംഗ് ലോട്ടിൽ നിന്ന് യുദ്ധത്തിന്റെ ശബ്ദങ്ങൾക്കിടയിൽ ഒരു ബാലൺ ഡി’ഓർ ജേതാവിന്റെ സ്വപ്നങ്ങൾ രൂപപ്പെട്ടു. മോഡ്രിച്ചിന്റെ ഫുട്ബോൾ യാത്ര ക്രോയേഷ്യയിലെ ഡൈനാമോ സാഗ്രെബ് ക്ലബിൽ ആരംഭിച്ചു. 2003ൽ 18-ാം വയസ്സിൽ ഡൈനാമോയ്‌ക്കൊപ്പം പ്രൊഫഷണൽ കരാർ ഒപ്പിട്ട മോഡ്രിച്ച് ക്രോയേഷ്യൻ ലീഗിൽ തന്റെ മിന്നുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടി. 2008ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോട്സ്പറിലേക്ക് മാറിയത് മോഡ്രിച്ചിന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. ടോട്ടനത്തിൽ മോഡ്രിച്ച് തന്റെ സാങ്കേതിക മികവുകൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരക്കാരിൽ ഒരാളായി മാറി.





2012ലാണ് മോഡ്രിച്ചിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭാവമുണ്ടാകുന്നത്. സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡ് മോഡ്രിച്ചിനെ ടോട്ടനത്തിൽ നിന്ന് 30 മില്യൺ യൂറോയ്ക്ക് സ്വന്തമാക്കി. ആദ്യ സീസണിൽ വിമർശനങ്ങൾ നേരിട്ടെങ്കിലും മോഡ്രിച്ച് ഉടൻ തന്നെ ബെർണബ്യുവിലെ ആരധകരുടെ ഹൃദയം കീഴടക്കി. മോഡ്രിച്ചിന്റെ കൃത്യമായ പാസുകൾ, കളിയിലെ വിഷൻ, ഡ്രിബ്ലിംഗ്, ലോങ്ങ് ഷോട്ടുകൾ എന്നിവ റയൽ മാഡ്രിഡിന്റെ മധ്യനിരയെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തി. കൂടെ ജർമൻ സ്‌നൈപ്പർ എന്നറിയപ്പെടുന്ന ടോണി ക്രൂസും ബ്രസീലിന്റെ കസമിറോ കൂടെ ചേർന്നപ്പോൾ മാഡ്രിഡ് മധ്യനിര ലോകത്തെ വെല്ലുവിളിച്ചു. 2014ൽ മോഡ്രിച്ചിന്റെ നേതൃത്വത്തിൽ റയൽ മാഡ്രിഡ് ലാ ഡെസിമ (10-ാം ചാമ്പ്യൻസ് ലീഗ് കിരീടം) നേടി. 2016, 2017, 2018, 2022 എന്നീ വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, നിരവധി ലാ ലിഗ ടൈറ്റിലുകൾ, യുവേഫ സൂപ്പർ കപ്പുകൾ, ക്ലബ് വേൾഡ് കപ്പുകൾ എന്നിവ മോഡ്രിച്ചിന്റെ ട്രോഫി ശേഖരത്തെ അലങ്കരിക്കുന്നു. 2018ൽ ഫിഫ ബാലൺ ഡി’ഓർ പുരസ്കാരം നേടിയ മോഡ്രിച്ച് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറായി അംഗീകരിക്കപ്പെട്ടു. ഈ നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോ-ലയണൽ മെസ്സി യുഗത്തിന്റെ ആധിപത്യത്തിന് താൽക്കാലിക വിരാമമിട്ടു.





മോഡ്രിച്ചിന്റെ ദേശീയ ടീമിനുള്ള സംഭാവനകളും അതിശയകരമാണ്. 2018 ഫിഫ വേൾഡ് കപ്പിൽ ക്രോയേഷ്യയെ ഫൈനലിലെത്തിച്ച മോഡ്രിച്ച് ടൂർണമെന്റിന്റെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടി. 2022 വേൾഡ് കപ്പിൽ ക്രോയേഷ്യ മൂന്നാം സ്ഥാനം നേടിയപ്പോഴും മോഡ്രിച്ചിന്റെ നേതൃത്വം ശ്രദ്ധേയമായിരുന്നു. ഒരു ചെറിയ രാജ്യത്തിന്റെ ഫുട്ബോൾ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ മോഡ്രിച്ചിന്റെ മാന്ത്രിക കാലുകൾക്ക് കഴിഞ്ഞു. 2025 മെയ് 23ന് മോഡ്രിച്ച് തന്റെ റയൽ മാഡ്രിഡ് വിടവാങ്ങൽ പ്രഖ്യാപിച്ചു. 13 വർഷത്തെ തിളക്കമാർന്ന കരിയറിന് ശേഷം മോഡ്രിച്ച് ബെർണബ്യുവിനോട് വിട പറയും. 39-ാം വയസ്സിലും മോഡ്രിച്ചിന്റെ കളിയിലെ മികവ് കുറഞ്ഞിട്ടില്ല. എന്നാൽ പുതിയ തലമുറയ്ക്ക് വഴിയൊരുക്കാനും ക്ലബിന്റെ ഭാവി ഉറപ്പാക്കാനുമുള്ള തീരുമാനമാണ് ഈ വേർപാട്. ഇൻസ്റ്റാഗ്രാമിലൂടെ മോഡ്രിച്ച് തന്റെ ആരാധകർക്ക് നന്ദി അറിയിച്ചു. 'റയൽ മാഡ്രിഡ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഈ ക്ലബിനോടും ആരാധകർക്കും എന്റെ ഹൃദയം എന്നും നന്ദിയുള്ളതായിരിക്കും.' മോഡ്രിച്ച് കുറിച്ചു

യുദ്ധത്തിന്റെ ഭീകരതയിൽ നിന്ന് ലോക ഫുട്ബോളിന്റെ ഉന്നതിയിലേക്ക് എത്തിയ മോഡ്രിച്ചിന്റെ യാത്ര ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും ശക്തി തെളിയിക്കുന്നു. റയൽ മാഡ്രിഡിന്റെ മധ്യനിരയിൽ ഒരു മാന്ത്രികനായി മോഡ്രിച്ച് നടത്തിയ പ്രകടനങ്ങൾ, ബെർണബ്യുവിന്റെ ആരാധകർക്കിടയിൽ എന്നും ഓർമിക്കപ്പെടും. മോഡ്രിച്ചിന്റെ അടുത്ത ചുവട് എന്തായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നു. ഒരുപക്ഷേ, മറ്റൊരു ലീഗിൽ തന്റെ മാന്ത്രികത തുടരാം, അല്ലെങ്കിൽ പരിശീലന രംഗത്തേക്ക് മാറാം. എന്തുതന്നെയായാലും, മോഡ്രിച്ചിന്റെ ചരിത്രം ഫുട്ബോൾ ലോകത്ത് അനശ്വരമായി തുടരും. ഒരു അഭയാർഥി ക്യാമ്പിൽ നിന്ന് ബെർണബ്യുവിന്റെ ഹൃദയത്തിലേക്കുള്ള ഈ യാത്ര ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കു എന്നും പ്രചോദനമായിരിക്കും.

TAGS :