കർബലയുടെ പ്രതിധ്വനികൾക്കിടയിലൂടെ ലഖ്നോയിലെ ആശൂറ ദിനങ്ങളിലേക്കൊരു യാത്ര
കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കോഴിക്കോടും കൊച്ചിയും പോലുള്ള ഏതാനും നഗരങ്ങളിൽ ദാവൂദി ബോറ സമൂഹത്തിന്റെ സാന്നിധ്യമുണ്ടെങ്കിലും, ശിയാ ലോകത്തിന്റെ ആചാരാനുഷ്ഠാനങ്ങളും സാംസ്കാരിക ജീവിതവും കേരളീയ സമൂഹത്തിന് ഇന്നും ഏറെക്കുറെ അപരിചിതമാണ്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം സമൂഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പൊതുവെ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് സുന്നി പാരമ്പര്യങ്ങളാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കോഴിക്കോടും കൊച്ചിയും പോലുള്ള ഏതാനും നഗരങ്ങളിൽ ദാവൂദി ബോറ സമൂഹത്തിന്റെ സാന്നിധ്യമുണ്ടെങ്കിലും, ശിയാ ലോകത്തിന്റെ ആചാരാനുഷ്ഠാനങ്ങളും സാംസ്കാരിക ജീവിതവും കേരളീയ സമൂഹത്തിന് ഇന്നും ഏറെക്കുറെ അപരിചിതമാണ്. അതുകൊണ്ടുതന്നെ മുഹർറം മാസവും ആശൂറ ദിനവും ശിയാ സമൂഹത്തിൽ എങ്ങനെയാണ് ആചരിക്കപ്പെടുന്നത് എന്നത് എപ്പോഴും ഒരു കൗതുകമായിരുന്നു.
ആ കൗതുകത്തിന്റെ തുടക്കം വർഷങ്ങൾക്ക് മുമ്പാണ്. ലഡാക്കിലേക്കുള്ള ഒരു യാത്രക്കിടെ യാദൃശ്ചികമായി കാർഗിലിൽ എത്തിപ്പെട്ടപ്പോഴായിരുന്നു അത്. ശിയാ ഭൂരിപക്ഷ പ്രദേശമായ കാർഗിൽ അന്ന് മുഹർറത്തിന്റെ അവസാന ദിവസങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ ജനക്കൂട്ടങ്ങൾ, നെഞ്ചിൽ താളം പിടിച്ചുകൊണ്ടുള്ള വിലാപയാത്രകൾ, കർബലയുടെ ഓർമകളെ ജീവനോടെ നിലനിർത്തുന്ന പ്രഭാഷണങ്ങൾ — അവയൊക്കെ ഒരു പുതിയ ലോകത്തിന്റെ വാതിൽ തുറന്നു തന്നു. പിന്നീട് രണ്ടുതവണ ആശൂറ ദിനം കണക്കാക്കിത്തന്നെ കാശ്മീരിലേക്കും ലേയിലേക്കും കാർഗിലിലേക്കും യാത്ര ചെയ്തു. ഓരോ തവണയും കർബലയുടെ കഥ ഒരു ചരിത്രസംഭവം മാത്രമല്ലെന്നും, ഇന്നും കോടിക്കണക്കിന് മനുഷ്യരുടെ വികാരലോകത്തെ സ്വാധീനിക്കുന്ന സജീവ സ്മരണയാണെന്നും മനസ്സിലായി.
എന്നാൽ ഇന്ത്യയിലെ ശിയാ സംസ്കാരത്തിന്റെ യഥാർത്ഥ ഹൃദയം കാണണമെങ്കിൽ ഒരു നഗരത്തിലേക്ക് പോകേണ്ടതുണ്ട് — ലഖ്നോ. അവധിന്റെ നവാബുമാർ തീർത്ത, കവിതയും ഭക്ഷണവും വാസ്തുവിദ്യയും ആചാരങ്ങളും ചേർന്ന് ഇന്നും ജീവിക്കുന്ന ആ നഗരത്തിലേക്ക്.
ലഖ്നോയിലേക്കുള്ള വിളി
ഒരു റമദാനിൽ ലഖ്നോ സന്ദർശിച്ചപ്പോഴാണ് ആ ആഗ്രഹം കൂടുതൽ ശക്തമായത്. ജമാ മസ്ജിദിൽ വെച്ച് പരിചയപ്പെട്ട ഇശാൻ ഭായിയും ആമിർ ഹുസൈനും മുഹർറം കാലത്തെ ലഖ്നോയെക്കുറിച്ച് പറഞ്ഞപ്പോൾ, ഒരു നഗരം മുഴുവൻ കർബലയെ ഓർത്ത് ജീവിക്കുന്ന ദിവസങ്ങളാണതെന്ന് തോന്നി. "ആശൂറയ്ക്ക് ഒരിക്കൽ വന്നുനോക്കൂ... ലഖ്നോയെ നിങ്ങൾ മറ്റൊരു കണ്ണിലൂടെ കാണും," അവർ പറഞ്ഞ വാക്കുകൾ മനസ്സിൽ പതിഞ്ഞിരുന്നു.
പിന്നീട് നേപ്പാൾ യാത്രക്കിടയിൽ അവസരം ലഭിച്ചപ്പോൾ തീരുമാനിച്ചു. ഇത്തവണ മുഹർറം ദിവസങ്ങളിൽ തന്നെ ലഖ്നോയിൽ എത്തണം. മുഹർറം എട്ടാം തീയതിയുടെ രാവിലെ ട്രെയിൻ ലഖ്നോയിലെത്തുമ്പോൾ നഗരം സാധാരണ ദിവസങ്ങളിലേതുപോലെയായിരുന്നില്ല. വഴികളിൽ കറുത്ത കൊടികൾ. കെട്ടിടങ്ങളിൽ കറുത്ത അലങ്കാരത്തുണികൾ. കടകളുടെ മുന്നിൽ ഇമാം ഹുസൈനെയും കർബലയെയും അനുസ്മരിക്കുന്ന ബാനറുകൾ. വായുവിൽ ഒരു ആഘോഷത്തിന്റെ ആവേശമല്ല, മറിച്ച് ഒരു കൂട്ടായ സ്മരണയുടെ ഗൗരവം. സ്റ്റേഷനിൽ നിന്ന് നേരെ പോയത് ലഖ്നോയുടെ ആത്മാവായി കണക്കാക്കപ്പെടുന്ന ബഡാ ഇമാംബാറയിലേക്കാണ്.
ബഡാ ഇമാംബാറ – ചരിത്രവും വിശ്വാസവും സംഗമിക്കുന്ന ഇടം
ലഖ്നോ നഗരത്തിലെ ഏറ്റവും പ്രധാന സാംസ്കാരിക സ്മാരകമാണ് ബഡാ ഇമാംബാറ. അസഫി ഇമാംബാറ എന്നാണ് ഇതിന്റെ യഥാർത്ഥ പേര്. പതിനെട്ടാം നൂറ്റാണ്ടിൽ അവധിന്റെ നവാബായിരുന്ന അസഫുദ്ദൗളയുടെ കാലത്താണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത്. ഇത് ഒരു ആരാധനാലയം മാത്രമല്ല. ഒരു സാമൂഹിക പദ്ധതിയുടെ പ്രതീകവുമാണ്.
ക്ഷാമകാലത്ത് ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകാനാണ് നവാബ് ഇത്ര വലിയ നിർമ്മാണപ്രവർത്തനത്തിന് തുടക്കമിട്ടതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. പകൽ സാധാരണ തൊഴിലാളികൾ നിർമ്മിക്കുന്ന ഭാഗങ്ങൾ രാത്രി സമ്പന്നർ പൊളിക്കുകയും, അടുത്ത ദിവസം അതേ ഭാഗങ്ങൾ വീണ്ടും പണിയുകയും ചെയ്തിരുന്നുവെന്ന പ്രാദേശിക കഥയും ഇന്നും നിലനിൽക്കുന്നു. പട്ടിണിക്കെതിരായ ഒരു സാമൂഹിക പ്രതിരോധമായിരുന്നു അത്.
ഇമാംബാറയുടെ കേന്ദ്രഹാൾ അത്ഭുതമാണ്. തൂണുകളില്ലാതെ കമാന നിർമ്മിതിയിൽ ഉയർത്തിയ ലോകത്തിലെ ഏറ്റവും വലിയ ഹാളുകളിലൊന്നായി അത് കരുതപ്പെടുന്നു. അകത്ത് നിൽക്കുമ്പോൾ വാസ്തുവിദ്യയുടെ അത്ഭുതത്തെക്കാൾ മനുഷ്യരുടെ സൃഷ്ടിശേഷിയെയാണ് നമ്മൾ ആദ്യം ഓർക്കുക. അതിന് മുകളിലുള്ള ഭൂൽഭുലയ്യ — വഴിതെറ്റിക്കുന്ന ഇടനാഴികളുടെ ലോകം — മറ്റൊരു വിസ്മയമാണ്. ആയിരത്തിലധികം വഴികൾ കയറിയെത്താൻ ഉണ്ടെങ്കിലും തിരിച്ചിറങ്ങാൻ ഏതാനും വഴികൾ മാത്രം. ഒരിക്കൽ അകത്ത് കടന്നാൽ പരിചയസമ്പന്നനായ ഗൈഡില്ലാതെ പുറത്തുവരാൻ പ്രയാസമാണെന്ന് നാട്ടുകാർ പറയുന്നു.
പഴയ ലഖ്നോ നഗരത്തിന്റെ പ്രതീകമായ റൂമി ദർവാസ അതിന് തൊട്ടടുത്താണ്. തുരങ്കപാതകളും നവാബുമാരുടെ മഖ്ബറകളും വിശാലമായ ഉദ്യാനങ്ങളും ചേർന്ന് ബഡാ ഇമാംബാറയെ ഒരു സ്മാരകമെന്നതിലുപരി ഒരു സാംസ്കാരിക ലോകമാക്കുന്നു. എന്നാൽ മുഹർറം ദിവസങ്ങളിൽ അത് മറ്റൊന്നായി മാറുന്നു. ഒരു ചരിത്രസ്മാരകം അപ്പോൾ ഒരു ജീവനുള്ള സ്മരണാലയമാകുന്നു.
മജ്ലിസിന്റെ വൈകാരിക ലോകം
അന്ന് ബഡാ ഇമാംബാറയ്ക്കകത്ത് കാൽവെച്ചപ്പോൾ തന്നെ മനസ്സിലായി — ഇത് വിനോദസഞ്ചാരികളുടെ ലഖ്നോ അല്ല. ഇമാംബാരയിലെ വലിയ ഹാൾ ജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ പുരുഷന്മാർ. കുടുംബങ്ങളായി എത്തിയ സ്ത്രീകൾ. കുട്ടികൾ. പ്രായമായവർ. മജ്ലിസ് നടക്കുകയാണ്. കൊൽക്കത്തയിൽ നിന്നെത്തിയ ജാഫരി പണ്ഡിതൻ അല്ലാമാ ഷബീർ അലി വാരിസിയാണ് അന്നത്തെ പ്രഭാഷകൻ. പ്രത്യേകം തയ്യാറാക്കിയ മിംബറിൽ നിന്ന് അദ്ദേഹം സംസാരിക്കുമ്പോൾ ഹാൾ മുഴുവൻ നിശബ്ദമായിരുന്നു.
ഇമാം ഹുസൈനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. പക്ഷേ അത് ഒരു വിഭാഗീയ പ്രസംഗമായിരുന്നില്ല. "ഇമാം ഹുസൈനെ ശിയാ നേതാവായി മാത്രം കാണരുത്. അനീതിക്കെതിരായ പ്രതിരോധത്തിന്റെ സർവ്വലൗകിക പ്രതീകമായി വായിക്കണം," അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ ലഖ്നോ യാത്രയുടെ ആദ്യ വലിയ ഓർമ്മയായി മാറി. പ്രഭാഷണത്തിന് ശേഷം അദ്ദേഹത്തെ നേരിൽ കാണാനും സംസാരിച്ചു പരിചയപ്പെടാനും അവസരം ലഭിച്ചു. കേരളത്തിൽ നിന്നെത്തിയവരാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം പ്രത്യേക താൽപര്യത്തോടെ സംസാരിച്ചു. അടുത്ത ദിവസത്തെ മജ്ലിസിലേക്കും ക്ഷണിച്ചു. പിരിയുമ്പോൾ എല്ലാവർക്കും സംഘാടകരുടെ വക ഒരു ജ്യൂസ് പാക്ക്. മജ്ലിസ് അവസാനിച്ചപ്പോൾ മറ്റൊരു കാഴ്ച. പങ്കെടുത്ത എല്ലാവർക്കും ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു. ചൂടുള്ള ചോറും ദാലും. ആയിരങ്ങൾ പങ്കെടുക്കുന്ന പരിപാടിയാണെങ്കിലും സംഘാടനത്തിലെ കൃത്യത ശ്രദ്ധേയമായിരുന്നു.
വൈകുന്നേരം നാലുമണിയോടെ ഭക്ഷണപ്പൊതിയുമായി ജനങ്ങൾ വീടുകളിലേക്ക് മടങ്ങി. പക്ഷേ നഗരം വിശ്രമത്തിലേക്കല്ല, മറ്റൊരു വലിയ രാത്രിയിലേക്കുള്ള തയ്യാറെടുപ്പിലേക്കായിരുന്നു നീങ്ങിയത്. ബഡാ ഇമാംബാറയിലെ മജ്ലിസ് അവസാനിക്കുമ്പോൾ ലഖ്നോ നഗരം മറ്റൊരു രാത്രിക്ക് തയ്യാറെടുക്കുകയായിരുന്നു. അത് ഒരു സാധാരണ രാത്രി ആയിരുന്നില്ല. കർബലയുടെ ഓർമകൾ തെരുവുകളിലൂടെ ഒഴുകുന്ന രാത്രി. ചരിത്രം ജനക്കൂട്ടത്തിന്റെ ഹൃദയമിടിപ്പായി മാറുന്ന രാത്രി.
സൂര്യൻ അസ്തമിക്കാനൊരുങ്ങുമ്പോൾ പഴയ ലഖ്നോയുടെ ഹൃദയഭാഗങ്ങൾ കറുപ്പിന്റെ നിറത്തിൽ മുങ്ങിത്തുടങ്ങി. ബഡാ ഇമാംബാറയ്ക്കും റൂമി ദർവാസയ്ക്കും ചുറ്റുമുള്ള വഴികൾ കറുത്ത തുണികളും പതാകകളും കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. അലങ്കാര വിളക്കുകൾ ഒന്നൊന്നായി തെളിഞ്ഞു. ചരിത്രത്തിന്റെ ഭംഗിയും ദുഃഖത്തിന്റെ പ്രതീകങ്ങളും ഒരുമിച്ച് ചേർന്ന ഒരു അന്തരീക്ഷം. വൈകുന്നേരം അടുക്കുംതോറും വിവിധ സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സ്ഥാപിച്ച ടെന്റുകൾ സജീവമായി. അവിടെയുള്ള കാഴ്ചകൾ അതിശയിപ്പിക്കുന്നതായിരുന്നു. റൂഹ് ഹഫ്സ മുതൽ ചായ വരെ, കട്ട് ഫ്രൂട്ട് മുതൽ ഡ്രൈ ഫ്രൂട്ട്സ് വരെ, മധുരപലഹാരങ്ങൾ മുതൽ ബിരിയാണി വരെ — എല്ലാം സൗജന്യമായി വിതരണം ചെയ്യുന്നു. വഴിയാത്രക്കാരനോ തീർത്ഥാടകനോ എന്ന വ്യത്യാസമില്ല. ആരും വന്ന് കഴിക്കാം.
ഏറ്റവും ശ്രദ്ധേയമായത് കുട്ടികളായിരുന്നു. കൈയിൽ കുടിവെള്ള കുപ്പികളുമായി ഓടി നടക്കുന്ന കുട്ടികൾ. ഓരോ സംഘവും തങ്ങളാണ് കൂടുതൽ പേർക്ക് വെള്ളം നൽകുന്നതെന്ന് തെളിയിക്കാൻ ശ്രമിക്കുന്നതുപോലെ. അത് ഒരു സേവനമത്സരം പോലെ തോന്നി. കർബലയുടെ കഥയിൽ ദാഹത്തിന്റെ സ്മരണം അത്രമേൽ ആഴത്തിൽ പതിഞ്ഞതാകാം. വെള്ളം വിതരണം ചെയ്യുന്നത് അവർക്കൊരു സേവനം മാത്രമല്ല, വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. രാത്രി കനക്കുന്നതോടെ ജനസമുദ്രം ദാരിയാ വാലി മസ്ജിദിലേക്കുള്ള വഴികളിലേക്ക് ഒഴുകിത്തുടങ്ങി.
കറുപ്പിന്റെ കടൽ
വഴിയരികുകളിൽ കുടുംബങ്ങൾ നിരന്നിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും കാത്തുനിൽക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഇരുവശങ്ങളിലുമായി അണിനിരന്നുനിൽക്കുമ്പോൾ ആദ്യം കടന്നുപോയത് പോലീസിന്റെ റൂട്ട് മാർച്ചാണ്. അതിന് പിന്നാലെ നടന്ന് വരുന്ന ഒരാളെ കണ്ടപ്പോൾ ജനക്കൂട്ടം ആദരവോടെ വഴിമാറി. അസാഫി മസ്ജിദിന്റെ ഇമാമും പ്രമുഖ ശിയാ പണ്ഡിതനുമായ മൗലാനാ സയ്യിദ് കൽബേ ജവാദ് നഖ്‌വി. വലിയ സുരക്ഷാ വലയങ്ങളില്ലാതെ അദ്ദേഹം ജനങ്ങൾക്കിടയിലൂടെ നടക്കുകയായിരുന്നു. ഇടയ്ക്ക് നിന്നു ആളുകളോട് സംസാരിക്കുന്നു. ഒരുക്കങ്ങൾ വിലയിരുത്തുന്നു. കുട്ടികളുടെ തലയിൽ കൈവെക്കുന്നു. നേതാവും ജനങ്ങളും തമ്മിലുള്ള അകലം അപ്രത്യക്ഷമായ ഒരു കാഴ്ച.
തിരക്കിനിടയിലും അദ്ദേഹത്തെ നേരിൽ പരിചയപ്പെടാൻ അവസരം ലഭിച്ചത് യാത്രയിലെ ഓർമ്മകളിലൊന്നായി മാറി. അതിന് ശേഷം പതുക്കെ ഒരു കൂറ്റൻ ബാനർ മുന്നോട്ട് വന്നു. അതിനുപിന്നിൽ ആയിരങ്ങൾ. ആലം മുബാറക് ആരംഭിക്കുകയായിരുന്നു.
"യാ അബ്ബാസ്... യാ സക്കീന..." റൂമി ദർവാസയ്ക്ക് സമീപമെത്തിയപ്പോൾ ജാഥ ഒരു കടലായി മാറി. മുഹർറം എട്ടാം ദിവസം പ്രത്യേകമായി അബ്ബാസ് (റ) നെയും അദ്ദേഹത്തിന്റെ കുടുംബത്തെയും, പ്രത്യേകിച്ച് സയ്യിദ സക്കീന (റ) യെയും അനുസ്മരിക്കുന്ന പതിവുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
"യാ അബ്ബാസ്..." "യാ സക്കീന..." ആയിരക്കണക്കിന് ശബ്ദങ്ങൾ ഒരുമിച്ച് ഉയർന്നു. ഓരോ വിളിയോടും കൂടെ അവർ നെഞ്ചിൽ താളം പിടിക്കുന്നു. ആദ്യം ഇടത് നെഞ്ചിൽ. പിന്നെ വലത് ഭാഗത്ത്. വീണ്ടും ഇടത്. വീണ്ടും വലത്. ആ ചലനത്തിന് ഒരു താളമുണ്ട്. ആ താളത്തിന് ഒരു ചരിത്രമുണ്ട്. കുട്ടികളും യുവാക്കളും പ്രായമായവരും ഒരേ ലയത്തിൽ മുന്നോട്ട് നീങ്ങുന്നു. പ്രത്യേക നിയന്ത്രണ സംവിധാനങ്ങളൊന്നുമില്ലെങ്കിലും ജനക്കൂട്ടം സ്വയം ക്രമീകരിക്കപ്പെട്ടതുപോലെ തോന്നി. മുഖങ്ങളിൽ ആവേശമുണ്ട്. പക്ഷേ അത് ആഘോഷത്തിന്റെ ആവേശമല്ല. ഒരു ചരിത്രത്തിന്റെ വേദനയെ ഇന്നും സ്വന്തം വേദനയായി അനുഭവിക്കുന്നവരുടെ വൈകാരികതയാണ്. ആളൊഴിഞ്ഞ ഒരു കുതിര ജാഥയുടെ ഭാഗമായിരുന്നു. കർബലയിൽ ഇമാം ഹുസൈന്റെ കുതിരയെ അനുസ്മരിപ്പിക്കുന്ന പ്രതീകം.
കാറ്റിൽ പാറുന്ന പതാകകൾ. കർബലയുടെ ഓർമകൾ. ആയിരക്കണക്കിന് ഹൃദയങ്ങളുടെ മിടിപ്പ്. രാത്രി ഒൻപതിന് ആരംഭിച്ച ആലം മുബാറക് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ചൗക്കിലെത്താൻ പുലർച്ചെ രണ്ടുമണി വരെ എടുക്കുമെന്ന് നാട്ടുകാർ പറഞ്ഞു. അത്രയേറെ വലിയ ജനസമുദ്രം. അന്ന് ശരീരം മുറിവേൽപ്പിക്കുന്നവരെയോ രക്തം ചീന്തുന്നവരെയോ കാണാനായില്ല. "നാളെ ആശൂറയാണ്. അപ്പോൾ നിങ്ങൾ കൂടുതൽ വൈകാരികമായ രംഗങ്ങൾ കാണും," പ്രദേശവാസികളായ സുഹൃത്തുക്കൾ പറഞ്ഞു. ആ രാത്രി നഗരം വിശ്രമത്തിലേക്ക് നീങ്ങുമ്പോൾ, അടുത്ത ദിവസം എന്താണ് കാത്തിരിക്കുന്നത് എന്ന ആകാംക്ഷയും മനസ്സിൽ നിറഞ്ഞിരുന്നു.
ആശൂറയുടെ പ്രഭാതം
മുഹർറം പത്താം തീയതി. ആശൂറ. കർബലയുടെ ചരിത്രത്തിൽ ഏറ്റവും വേദനാജനകമായ ദിനം. ലഖ്നോയിലെ ഞങ്ങളുടെ യാത്രയിലെ ഏറ്റവും തിരക്കേറിയ ദിവസവും അതായിരുന്നു. ജുമുഅ ദിവസമായതിനാൽ പ്രധാന പരിപാടികൾ ഉച്ചയ്ക്ക് ശേഷമേ ആരംഭിക്കൂ എന്നാണ് കരുതിയിരുന്നത്. എന്നാൽ രാവിലെ തന്നെ നഗരത്തിലൂടെ റിക്ഷയിൽ സഞ്ചരിക്കുമ്പോൾ വ്യത്യസ്ത കാഴ്ചകൾ കണ്ടുതുടങ്ങി. ചില യുവാക്കളുടെ നെറ്റിയിൽ നിന്ന് രക്തം വാർന്നൊഴുകുന്നു. ചിലർ ചടങ്ങുകളുടെ ഭാഗമായി സ്വയം മുറിവേൽപ്പിച്ചിട്ടുണ്ട്.
ശിയാ സമൂഹത്തിനകത്തെ വിവിധ ധാരകളുടെയും പ്രാദേശിക ആചാരങ്ങളുടെയും ഭാഗമായി ഇത്തരം വ്യത്യാസങ്ങൾ ഉണ്ടാകാമെന്ന് മനസ്സിലായി. പലരോടും ചോദിച്ചെങ്കിലും അതിന്റെ വിശദമായ പശ്ചാത്തലം വ്യക്തമാക്കാൻ എല്ലാവർക്കും സാധിച്ചില്ല. എന്നാൽ ഒരു കാര്യം വ്യക്തമായിരുന്നു. അത് വെറും പ്രകടനം മാത്രമായിരുന്നില്ല. കർബലയുടെ ഓർമയെ ശരീരത്തിലൂടെ അനുഭവിക്കാൻ ശ്രമിക്കുന്ന ഒരു വിശ്വാസപ്രകടനമായിരുന്നു.
അസാഫി മസ്ജിദും ചൗക്കിലേക്കുള്ള ഒഴുക്കും
അന്ന് അസാഫി മസ്ജിദിലെ ഇമാം മൗലാനാ റാസാ ഹൈദർ സൈദിയായിരുന്നു. അദ്ദേഹത്തോട് ചടങ്ങുകളെക്കുറിച്ച് സംസാരിച്ചു. പള്ളിക്ക് പുറത്തും ഭക്ഷണ വിതരണം നടക്കുന്നു. ചോറിന്റെ പാക്കറ്റുകൾ. വെള്ളം. പാനീയങ്ങൾ. സേവനത്തിന് അതിരുകളില്ല. വൈകുന്നേരമാകുമ്പോഴേക്കും ചൗക്ക് പ്രദേശം ജനസാന്ദ്രമാവുകയായിരുന്നു. വാഹനഗതാഗതം പൂർണമായും നിർത്തിവെച്ചിട്ടുണ്ട്. ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നു. പകരം തെരുവുകൾ ഭക്ഷണശാലകളായി മാറിയിരിക്കുന്നു. സൗജന്യ കൗണ്ടറുകൾ നിരന്നുകിടക്കുന്നു. വിവിധ പാനീയങ്ങൾ, പഴങ്ങൾ, പലഹാരങ്ങൾ, ബിരിയാണി.
ജനക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോൾ ഇത് ഒരു മതചടങ്ങ് മാത്രമാണെന്ന് തോന്നില്ല. ഒരു നഗരം മുഴുവൻ ആതിഥേയരായി മാറിയ അനുഭവം.
കണ്ണീരിൽ എഴുതപ്പെട്ട കവിതകൾ
ചൗക്കിലെ വിവിധ ഇമാംബാറകളിൽ മജ്ലിസുകൾ സജീവമായിരുന്നു. ഞങ്ങൾ പങ്കെടുത്തത് നാസിം സാഹിബ് ഇമാംബാറയിലെ മജ്ലിസിലായിരുന്നു. രാത്രിയോടെ അകത്തും പുറത്തും ജനക്കൂട്ടം നിറഞ്ഞു. എല്ലാവരും കാത്തിരിക്കുന്നത് ഒരാളെയാണ്. മൗലാനാ കൽബേ ജവാദ്. പ്രതിനിധികളുടെ അഭിവാദ്യപ്രസംഗങ്ങൾ തുടങ്ങി. ചിലർ കർബലയെക്കുറിച്ചുള്ള കവിതകൾ ചൊല്ലി, ചിലർ വിലാപഗാനങ്ങൾ ആലപിച്ചു. ഓരോ വരിയിലും സദസ്സ് വിങ്ങിപ്പൊട്ടുകയാണ്. കണ്ണീരിന്റെ ശബ്ദം പോലും കേൾക്കാമെന്നു തോന്നി. ആളുകളുടെ മുഖത്ത് വർഷങ്ങളായി സൂക്ഷിച്ചുവെച്ച ഒരു തീ കണ്ണീരായി ഒഴുകുന്നതുപോലെ. കണ്ട് നിൽക്കുന്നവരും അതിൽ അലിഞ്ഞുചേരുന്നു.
കേരളത്തിൽ നിന്നെത്തിയ അതിഥികൾ
നാസിം സാഹിബ് ഇമാംബാറയിലെ മജ്ലിസിൽ അപ്രതീക്ഷിതമായി ഞങ്ങളെയും വേദിയിലേക്ക് ക്ഷണിച്ചു. കേരളത്തിൽ നിന്നുള്ള പ്രതിനിധികളെന്ന നിലയിൽ. ടീമിനെ പ്രതിനിധീകരിച്ച് മിസ്അബ് ഷിബിലി മിംബറിലേക്ക് കയറി. എന്തുകൊണ്ടാണ് കേരളത്തിൽ നിന്ന് ഇത്ര ദൂരം സഞ്ചരിച്ച് ഇവിടെ എത്തിയത് എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഹിന്ദിയും , ഉർദുവും , ഇംഗ്ലീഷും ചേർത്ത് വെച്ച് തനിക്കറിയാവുന്ന രീതിയിലാണ് മിസ് അബ് സംസാരിച്ചത്. പ്രസംഗം അവസാനിച്ചപ്പോൾ നിറഞ്ഞ കൈയടി. ഒരു യാത്രക്കാരന് ലഭിക്കാവുന്ന ഏറ്റവും മനോഹരമായ സ്വീകരണങ്ങളിൽ ഒന്ന്. അത് ഒരു പ്രേക്ഷകനും ആതിഥേയനും തമ്മിലുള്ള ബന്ധമല്ലായിരുന്നു. ഒരു ഓർമ്മയുടെ പങ്കാളികളായ മനുഷ്യർ തമ്മിലുള്ള ബന്ധമായിരുന്നു.
കർബലയുടെ ഓർമയും മനുഷ്യന്റെ സമർപ്പണവും
രാത്രി മജ്ലിസിൽ നിന്നിറങ്ങിയ ശേഷം ചൗക്കിന്റെ തെരുവുകളിലും പരിസരങ്ങളിലുമായി കർബലയുടെ ഓർമകൾ ശരീരത്തിലൂടെ അനുഭവിക്കുന്നവരെ ധാരാളമായി കാണാനായി. സ്വയം മുറിവേൽപ്പിച്ചുകൊണ്ട് ഇമാം ഹുസൈനോടും കർബലയിലെ രക്തസാക്ഷികളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവരാണ് അവർ. ചിലർ നെറ്റിയിൽ ചെറിയ മുറിവുണ്ടാക്കി രക്തം വാർപ്പിക്കുമ്പോൾ, മറ്റുചിലർ പാരമ്പര്യമായി കൈമാറിവന്ന മറ്റു രീതികളിലൂടെയും ദുഃഖാചരണം നിർവഹിക്കുന്നുണ്ടായിരുന്നു. ഒരു പുറംകാഴ്ചക്കാരന് അത് അതിശയവും അസ്വസ്ഥതയും ഒരുപോലെ ഉളവാക്കുന്ന അനുഭവമായേക്കാം. എന്നാൽ, അവരെ നോക്കിനിൽക്കുമ്പോൾ അത് വെറുമൊരു ആചാരപ്രകടനമല്ലെന്നും, കർബലയുടെ ഓർമയെ സ്വന്തമായ വികാരലോകത്തിന്റെ ഭാഗമാക്കി ജീവിക്കുന്ന ഒരു വിശ്വാസസമൂഹത്തിന്റെ വൈകാരിക ഭാഷയാണെന്നും മനസ്സിലാകും.
അതേസമയം, മറ്റൊരു കാഴ്ചയും ശ്രദ്ധേയമായിരുന്നു. പരിക്കേൽക്കുന്നവരെ പരിചരിക്കാനും പ്രാഥമിക ശുശ്രൂഷ നൽകാനുമായി വലിയൊരു സന്നദ്ധപ്രവർത്തക സംഘം വഴിയോരങ്ങളിൽ സജ്ജമായിരുന്നു. മെഡിക്കൽ കിറ്റുകളുമായി കാത്തുനിൽക്കുന്ന യുവാക്കളും, രക്തം വാർന്നവരെ ഉടൻ പരിചരിക്കുന്ന വളണ്ടിയർമാരും, കുടിവെള്ളവും മരുന്നുകളും വിതരണം ചെയ്യുന്ന സംഘങ്ങളും ചേർന്ന് ഒരു സമാന്തര സേവനശൃംഖല തന്നെ അവിടെ രൂപപ്പെട്ടിരുന്നു. കർബല അവർക്കൊരു ചരിത്രപുസ്തകത്തിലെ അധ്യായമല്ല. ഇന്നും ജീവിക്കുന്ന ഓർമ്മയാണ്.
ലഖ്നോയിൽ നിന്ന് മടങ്ങുമ്പോൾ ആലം മുബാറക് വീണ്ടും ആരംഭിച്ചു. കറുത്ത വസ്ത്രങ്ങൾ ധരിച്ച യുവാക്കൾ പാരാവാരം പോലെ ഒഴുകി. നെഞ്ചിൽ താളം പിടിച്ചുകൊണ്ട് മുന്നേറുന്ന ആയിരക്കണക്കിന് മനുഷ്യനിരകൾ. ഇരുവശങ്ങളിലും സ്ത്രീകളുടെ നീണ്ട നിരകൾ. ആശൂറയുടെ രാത്രി പുലരുവോളം നീണ്ടുനിൽക്കും. പക്ഷേ ഞങ്ങളുടെ യാത്ര അവസാനത്തിലേക്ക് നീങ്ങുകയായിരുന്നു. ലഖ്നോ വിട്ടുപോകുമ്പോൾ മനസ്സിൽ അവശേഷിച്ചത് ഒരു നഗരത്തിന്റെ ഓർമ്മ മാത്രമല്ല. കർബലയെ ഇന്നും ജീവനോടെ സൂക്ഷിക്കുന്ന മനുഷ്യരുടെ വൈകാരിക നിമിഷങ്ങളാണ്. അവരുടെ കണ്ണീരിൽ ചരിത്രമുണ്ടായിരുന്നു. അവരുടെ പ്രാർത്ഥനയിൽ പ്രതിരോധമുണ്ടായിരുന്നു.
അവരുടെ വിലാപങ്ങളിൽ നീതിക്കുവേണ്ടി ജീവൻ സമർപ്പിച്ചവരുടെ കഥയുണ്ടായിരുന്നു. അതുകൊണ്ടാവാം, ലഖ്നോയിലെ ആശൂറയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ജനക്കൂട്ടങ്ങളോ ജാഥകളോ അല്ല. "യാ ഹുസൈൻ" എന്ന വിളിക്കിടയിൽ നിശബ്ദമായി ഒഴുകിയ കണ്ണീരാണ്.
