Quantcast
MediaOne Logo

ആത്തിക്ക് ഹനീഫ്

Published: 2 Jun 2026 10:41 PM IST

സ്ഥലകാലങ്ങളുടെ സിംഫണി: പെപ്പും ക്ലോപ്പും മാറ്റിയെഴുതിയ ഫുട്ബോൾ

പ്രശസ്ത ജർമൻ തത്ത്വചിന്തകൻ ഫ്രീഡറിക് നീത്ഷെയുടെ 'അപ്പോളോണിയൻ - ഡയോണിഷ്യൻ' സിദ്ധാന്തത്തെ ഒരു ഫുട്ബോൾ മൈതാനത്തേക്ക് പറിച്ചുനട്ടാൽ, അത് പെപ്പ് ഗ്വാർഡിയോളയും യർഗൻ ക്ലോപ്പും തമ്മിൽ പ്രീമിയർ ലീഗിൽ നടത്തിയ ആ ഇതിഹാസ പോരാട്ടമായി മാറും. നീത്ഷെയുടെ വീക്ഷണത്തിൽ 'അപ്പോളോ' എന്നത് കൃത്യതയുടെയും യുക്തിയുടെയും അച്ചടക്കത്തിന്റെയും പ്രതീകമാണെങ്കിൽ, 'ഡയോണിഷ്യസ്' അടങ്ങാത്ത ആവേശത്തിന്റെയും വികാരങ്ങളുടെയും അനിയന്ത്രിതമായ ഊർജത്തിന്റെയും പ്രതിരൂപമാണ്

സ്ഥലകാലങ്ങളുടെ സിംഫണി: പെപ്പും ക്ലോപ്പും മാറ്റിയെഴുതിയ ഫുട്ബോൾ
X

പ്രശസ്ത ജർമൻ തത്ത്വചിന്തകൻ ഫ്രീഡറിക് നീത്ഷെയുടെ 'അപ്പോളോണിയൻ - ഡയോണിഷ്യൻ' സിദ്ധാന്തത്തെ ഒരു ഫുട്ബോൾ മൈതാനത്തേക്ക് പറിച്ചുനട്ടാൽ, അത് പെപ്പ് ഗ്വാർഡിയോളയും യർഗൻ ക്ലോപ്പും തമ്മിൽ പ്രീമിയർ ലീഗിൽ നടത്തിയ ആ ഇതിഹാസ പോരാട്ടമായി മാറും. നീത്ഷെയുടെ വീക്ഷണത്തിൽ 'അപ്പോളോ' എന്നത് കൃത്യതയുടെയും യുക്തിയുടെയും അച്ചടക്കത്തിന്റെയും പ്രതീകമാണെങ്കിൽ, 'ഡയോണിഷ്യസ്' അടങ്ങാത്ത ആവേശത്തിന്റെയും വികാരങ്ങളുടെയും അനിയന്ത്രിതമായ ഊർജത്തിന്റെയും പ്രതിരൂപമാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പെപ്പ് എന്ന 'അപ്പോളോ', ഫുട്ബോളിനെ ഒരു ഗണിതശാസ്ത്ര സമവാക്യം പോലെ കള്ളികളായി തിരിച്ച് അതിസൂക്ഷ്മമായി നിയന്ത്രിച്ചപ്പോൾ; ക്ലോപ്പ് എന്ന 'ഡയോണിഷ്യസ്' തന്റെ 'ഹെവി മെറ്റൽ' ശൈലിയിലൂടെ മൈതാനത്ത് വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു. പരസ്പരം തികച്ചും വിരുദ്ധമെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും, ഇരുളും വെളിച്ചവും പോലെ ഒന്നിനൊന്ന് പൂരകമായി മാറിയ ഈ രണ്ട് ഫുട്ബോൾ ദർശനങ്ങളുടെ ബൗദ്ധികമായ ഏറ്റുമുട്ടലായിരുന്നു കഴിഞ്ഞ ദശാബ്ദത്തിൽ ഇംഗ്ലീഷ് ഫുട്ബോൾ കണ്ടത്. ലോങ്ങ് പാസുകളുടെയും, കായികക്ഷമതയുടെയും, വേഗതയുടെയും മാത്രം പേരിലറിയപ്പെട്ടിരുന്ന ഇംഗ്ലീഷ് ലീഗിനെ ലോക ഫുട്ബോൾ തന്ത്രങ്ങളുടെ സജീവ പരീക്ഷണശാലയാക്കി മാറ്റിയത് ഈ രണ്ട് ദാർശനികരാണ്.

പെപ്പ് ഗ്വാർഡിയോളയും യർഗൻ ക്ലോപ്പും

ഗ്വാർഡിയോള ഇംഗ്ലണ്ടിൽ എത്തുന്നതിന് മുൻപ്, പന്ത് കൈവശം വെക്കുക (Possession) എന്നത് വെറുമൊരു പ്രതിരോധ ഉപാധി മാത്രമായാണ് മിക്ക ഇംഗ്ലീഷ് ക്ലബ്ബുകളും കണ്ടിരുന്നത്. എന്നാൽ പെപ്പ് അതിനെ എതിരാളികളെ മാനസികമായി തളർത്താനും ശാരീരികമായി ക്ഷീണിപ്പിക്കാനുമുള്ള ഒരു 'ക്രൂരമായ' ആയുധമാക്കി മാറ്റി. 'പന്ത് നമ്മുടെ കാൽക്കൽ ഉണ്ടെങ്കിൽ എതിരാളികൾക്ക് ഗോളടിക്കാൻ കഴിയില്ല' എന്ന യൊഹാൻ ക്രൈഫിന്റെ ലളിതമായ തത്വത്തെ, അപ്പോളോണിയൻ യുക്തിയോടെ അതിസങ്കീർണമായ ഒരു തന്ത്രമാക്കി പെപ് വളർത്തിയെടുത്തു. മറുവശത്ത് ക്ലോപിന്റെ ഡയോണിഷ്യൻ ദർശനം തികച്ചും വ്യത്യസ്തമായിരുന്നു. പന്ത് എതിരാളികളുടെ കാലിലാണെങ്കിലും, കളിയുടെ നിയന്ത്രണം സ്വന്തം കൈകളിൽ സൂക്ഷിക്കാൻ കഴിയുമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. എതിരാളികൾ പന്തുമായി നിൽക്കുമ്പോൾ അവരെ 'സംഘടിതമായി വേട്ടയാടി' (ഹൈ പ്രെസിങ് ) തെറ്റുവരുത്താൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ക്ലോപിന്റെ സിദ്ധാന്തം. ഇരുവരും പരസ്പരം 28 തവണ ഏറ്റുമുട്ടിയപ്പോൾ, 11 തവണ ക്ലോപ്പും 10 തവണ ഗ്വാർഡിയോളയും വിജയിച്ചു. സർ അലക്സ് ഫെർഗൂസന്റെ സുവർണകാലത്ത് പോലും വെംഗറുമായോ മൗറീഞ്ഞോയുമായോ ഇത്രത്തോളം ബൗദ്ധികവും തുല്യശക്തികൾ തമ്മിലുള്ളതുമായ ഒരു വൈരം പ്രീമിയർ ലീഗിൽ ഉണ്ടായിരുന്നില്ല.

അപ്പോളോയുടെ ജ്യാമിതി: ജ്യൂഗോ ഡി പൊസിഷനും ഗ്വാർഡിയോളയുടെ സ്ഥലകാല സിദ്ധാന്തവും

ഈ രണ്ട് പരിശീലകരുടെയും ശൈലികളെ കേവലം ഫുട്ബോൾ തന്ത്രങ്ങൾ എന്ന് ചുരുക്കിക്കെട്ടാനാവില്ല. അവ സ്ഥലത്തെയും (Space) സമയത്തെയും (Time) കുറിച്ചുള്ള സങ്കീർണമായ ദാർശനിക നിലപാടുകൾ കൂടിയാണ്. പെപ് ഗ്വാർഡിയോളയുടെ ശൈലിയുടെ അടിസ്ഥാനം 'ജ്യൂഗോ ഡി പൊസിഷൻ' (Positional Play) ആണ്. സാധാരണ ആരാധകർ ഇതിനെ വെറുമൊരു 'ടിക്കി-ടാക്ക' എന്ന് വിളിക്കാറുണ്ടെങ്കിലും, അത് പൂർണമായും ശരിയല്ല. ടിക്കി-ടാക്ക എന്നത് വെറുതെ പന്ത് പാസ് ചെയ്യുന്ന രീതിയാണ്. എന്നാൽ ജ്യൂഗോ ഡി പൊസിഷൻ എന്നത് കളിക്കളത്തെ കൃത്യതയോടെ കള്ളികളായി തിരിച്ച്, അതിൽ എപ്പോൾ, ആര് നിൽക്കണം, എങ്ങനെ നീങ്ങണം എന്ന് ഗണിതശാസ്ത്രപരമായി നിശ്ചയിക്കുന്ന രീതിയാണ്.

ഗ്വാർഡിയോള ഫുട്ബോൾ മൈതാനത്തെ കാണുന്നത് സ്ഥലത്തിന്റെ നിയന്ത്രണമായാണ്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം 'തേർഡ് മാൻ' എന്ന ആശയമാണ്. പന്ത് കൈവശമുള്ള കളിക്കാരനും പന്ത് സ്വീകരിക്കാൻ നിൽക്കുന്ന കളിക്കാരനും ഇടയിലേക്ക് അപ്രതീക്ഷിതമായി ഓടിയെത്തുന്ന മൂന്നാമതൊരു കളിക്കാരനിലൂടെ എതിരാളികളുടെ പ്രതിരോധ നിരയെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇൻവേർട്ടഡ് ഫുൾബാക്കുകൾ എന്ന ആശയം ഇംഗ്ലീഷ് ഫുട്ബോളിൽ പെപ് അവതരിപ്പിച്ചതും ഇതിന്റെ ഭാഗമായാണ്.

ജാവോ കാൻസെലോ, അലക്സാണ്ടർ സിഞ്ചെങ്കോ

പരമ്പരാഗതമായി ഗ്രൗണ്ടിന്റെ വിങ്സിലൂടെ ഓടുന്ന ഫുൾബാക്കുകളെ മിഡ്ഫീൽഡിലേക്ക് കൊണ്ടുവന്ന് പെപ്പ് വിപ്ലവം സൃഷ്ടിച്ചു. ജാവോ കാൻസെലോ, അലക്സാണ്ടർ സിഞ്ചെങ്കോ, പിന്നീട് ജോൺ സ്റ്റോൺസ്, മാനുവൽ അക്കാഞ്ചി തുടങ്ങിയ പ്രതിരോധ ഭടന്മാർ പന്ത് കൈവശമുള്ളപ്പോൾ മിഡ്ഫീൽഡർമാരായി രൂപാന്തരം പ്രാപിച്ചു. ഇതുവഴി 3-2-2-3 പോലെയുള്ള പുതിയ ഘടനകൾ അദ്ദേഹം സൃഷ്ടിച്ചെടുത്തു. മൈതാനത്തിന്റെ മധ്യഭാഗത്ത് എപ്പോഴും മാഞ്ചസ്റ്റർ സിറ്റിക്ക് കൂടുതൽ കളിക്കാരെ വിന്യസിക്കാൻ കഴിഞ്ഞു എന്നതാണ് ഇതിന്റെ മാന്ത്രികത.

ഡയോണിഷ്യസിന്റെ കൊടുങ്കാറ്റ്: ഗെഗൻപ്രസിങ്ങും ക്ലോപ്പിന്റെ നിയന്ത്രിത അരാജകത്വവും

ജർമൻ ഭാഷയിൽ 'ഗെഗൻ' എന്നാൽ 'എതിർക്കുക' എന്നാണ് അർഥം. ഗ്വാർഡിയോള 'സ്ഥലത്തെ' നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ, ക്ലോപ്പ് 'സമയത്തെ' നിയന്ത്രിക്കാൻ ശ്രമിച്ചു. പന്ത് നഷ്ടപ്പെട്ടാൽ, അത് തിരികെ പിടിക്കാൻ സ്വന്തം ഗോൾപോസ്റ്റിനടുത്തേക്ക് പ്രതിരോധിക്കാൻ മടങ്ങുന്നതിന് പകരം, പന്ത് നഷ്ടപ്പെട്ട ആ നിമിഷം തന്നെ എതിരാളിയെ കൂട്ടത്തോടെ വളയുന്ന രീതിയാണ് ഗെഗൻപ്രസിങ്.

ദാർശനികമായി പറഞ്ഞാൽ, ക്ലോപ്പിന്റെ ഏറ്റവും മികച്ച പ്ലേമേക്കർ ഒരു പത്താം നമ്പർ കളിക്കാരനോ ഒരു മിഡ്‌ഫീൽഡറോ ആയിരുന്നില്ല, മറിച്ച് ഈ 'കൗണ്ടർ പ്രസിങ്' തന്നെയായിരുന്നു. ക്ലോപ്പിന്റെ സിദ്ധാന്തം ലളിതമാണ്: ഒരു ടീം പന്ത് വീണ്ടെടുത്ത് ആക്രമണത്തിന് തയ്യാറെടുക്കുന്ന ആ ആദ്യത്തെ രണ്ടോ മൂന്നോ സെക്കൻഡുകളിലാണ് അവർ ഏറ്റവും അസംഘടിതരായിരിക്കുക. ഈ നിമിഷങ്ങളിൽ വളരെ എളുപ്പത്തിൽ ഗോൾ നേടാൻ കഴിയും.

ഇതൊരുതരം നിയന്ത്രിതമായ അരാജകത്വമാണ്. മൈതാനത്ത് ഒരു കൊടുങ്കാറ്റ് സൃഷ്ടിക്കാനാണ് ക്ലോപ്പ് എപ്പോഴും ശ്രമിച്ചത്. എതിരാളികൾക്ക് ചുറ്റുപാടും നോക്കാനോ ചിന്തിക്കാൻ പോലുമോ സമയം നൽകാതെ ശ്വാസംമുട്ടിക്കുന്ന ഈ ശൈലിയാണ് ലിവർപൂളിന് വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടിക്കൊടുത്തത്. സലാ, മാനെ, ഫിർമിനോ തുടങ്ങിയ മുന്നേറ്റ നിരക്കാർ പന്തിനുവേണ്ടി എതിർ പ്രതിരോധ നിരയെ വേട്ടയാടിയത് ഈ സിദ്ധാന്തത്തിന്റെ പിൻബലത്തിലായിരുന്നു.

ഹൈ-ലൈൻ പ്രതിരോധം: ഇരു തത്ത്വചിന്തകളുടെയും യുദ്ധഭൂമി

പെപ്പും ക്ലോപ്പും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളിലൊന്നാണ് 'ഹൈ-ലൈൻ ഡിഫൻഡിങ്'. സ്വന്തം പെനാൽറ്റി ബോക്സിന് ചുറ്റും പ്രതിരോധം തീർക്കുന്ന പരമ്പരാഗത ഇംഗ്ലീഷ് ശൈലിയെ പൊളിച്ചെഴുതിയ ഇവർ, ഡിഫൻഡർമാരെ മൈതാനത്തിന്റെ മധ്യഭാഗത്തേക്ക് കയറ്റിനിർത്തിക്കൊണ്ട് പുതിയൊരു തന്ത്രത്തിന് രൂപംനൽകി. ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പം കൃത്രിമമായി കുറയ്ക്കുക എന്നതാണ് ദാർശനികമായി ഈ ശൈലികൊണ്ട് അർഥമാക്കുന്നത്.

കളിക്കാർ തമ്മിലുള്ള ദൂരം കുറയുന്നത് അതിവേഗത്തിലുള്ള പാസിങ്ങിനും, പന്ത് നഷ്ടപ്പെട്ടാൽ ഉടൻതന്നെ കൂട്ടമായി പ്രതിരോധിക്കുന്നതിനും സഹായിക്കുമെന്ന് ഗ്വാർഡിയോള വിശ്വസിച്ചു. എന്നാൽ, പന്ത് നഷ്ടപ്പെടുന്ന നിമിഷം തന്നെ കളിക്കാരെ ഒരിടത്ത് കേന്ദ്രീകരിച്ച് അതിവേഗത്തിൽ ഗെഗൻപ്രസിങ് നടപ്പിലാക്കാനാണ് ക്ലോപ്പ് ഈ ശൈലി ഉപയോഗപ്പെടുത്തിയത്. തികഞ്ഞ ധൈര്യം ആവശ്യമുള്ള, വളരെ അപകടം പിടിച്ച ഒരു തന്ത്രമാണിത്. ഈ വലിയ വെല്ലുവിളിയെ നേരിടാനാണ് ക്ലോപ്പ് വിർജിൽ വാൻ ഡൈക്കിനെയും, പെപ്പ് റൂബൻ ഡയസിനെയും പോലുള്ള ലോകോത്തര പ്രതിരോധ ഭടന്മാരെ നിയോഗിച്ചത്. ഇതിനുപുറമെ, അലിസൺ ബക്കർ, എഡേഴ്സൺ തുടങ്ങിയ ബ്രസീലിയൻ താരങ്ങളിലൂടെ 'സ്വീപ്പർ കീപ്പർ' എന്ന പുതിയൊരു റോൾ കൂടി ഇവർ അവതരിപ്പിച്ചു. അതിജീവനത്തിന്റെയും ഭയമില്ലായ്മയുടെയും ഏറ്റവും മനോഹരമായ പ്രതീകമായി ഹൈ-ലൈൻ ഫുട്ബോളിനെ മാറ്റിയെടുക്കാൻ ഇവർക്ക് സാധിച്ചു.

അലിസൺ ബക്കർ, യർഗൻ ക്ലോപ്പ്

വെളിച്ചവും ഇരുളും ഒന്നാകുമ്പോൾ: പരസ്പരമുള്ള പരിണാമം

മൈതാനത്ത് ബദ്ധശത്രുക്കളായി പൊരുതുമ്പോഴും, തന്ത്രപരമായി പരസ്പരം സ്വാധീനിക്കാനും പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാനും പെപ്പും ക്ലോപ്പും എപ്പോഴും തയ്യാറായിരുന്നു. തുടക്കത്തിൽ പന്ത് കാൽക്കീഴിൽ ഒതുക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഗ്വാർഡിയോള, ക്ലോപ്പിന്റെ മിന്നലാക്രമണങ്ങൾക്ക് മുന്നിൽ പലപ്പോഴും പകച്ചുനിന്നു. എന്നാൽ പെപ്പ് അതിവേഗം തന്ത്രങ്ങൾ മാറ്റിമറിച്ചു. എഡേഴ്സൺ എന്ന സ്വീപ്പർ കീപ്പറെ ടീമിലെത്തിച്ച് കൃത്യതയാർന്ന ലോങ് പാസുകളിലൂടെ പ്രത്യാക്രമണങ്ങൾ അഴിച്ചുവിടാൻ സിറ്റിയെ പഠിപ്പിച്ചു. എർലിങ് ഹാളണ്ടിനെപ്പോലൊരു ലോകോത്തര സ്‌ട്രൈക്കറെ സ്വന്തമാക്കിയതോടെ, അപ്പോളോയുടെ യുക്തിയിലേക്ക് കുറച്ചുനേരിട്ടുള്ള ആക്രമണത്തിന്റെ ശൈലികൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

മറുവശത്ത്, അതിവേഗത്തിൽ മാത്രം കളി മെനഞ്ഞിരുന്ന ക്ലോപിന്റെ ശൈലിയും വെല്ലുവിളികൾ നേരിട്ടു. വിശ്രമമില്ലാതെയുള്ള കുതിപ്പ് സീസണിന്റെ അവസാനഘട്ടങ്ങളിൽ കളിക്കാരെ തളർത്തുകയും പരിക്കുകളിലേക്ക് തള്ളിവിടുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ക്ലോപ് ഗ്വാർഡിയോളയുടെ യുക്തിയിൽ നിന്നും പാഠമുൾക്കൊള്ളുന്നത്. കളിയുടെ വേഗത നിയന്ത്രിക്കാനും പന്ത് കൂടുതൽ സമയം കൈവശം വെക്കാനും അദ്ദേഹം തന്റെ ടീമിനെ പരിശീലിപ്പിച്ചു. തിയാഗോ അൽകാൻട്രയെ പോലൊരു ടെക്നിക്കൽ മിഡ്‌ഫീൽഡറെ ലിവർപൂളിൽ എത്തിച്ചത് ഈ മാറ്റത്തിന്റെ ഭാഗമായാണ്.

2025-26 സീസൺ: പ്രീമിയർ ലീഗിലെ പുതിയ യുഗം

പെപ്പും ക്ലോപ്പും ഇംഗ്ലീഷ് ഫുട്ബോളിന്റെ മുഖ്യധാരയിൽ നിന്ന് പടിയിറങ്ങുമ്പോൾ, പ്രീമിയർ ലീഗ് പുതിയൊരു പരിണാമത്തിന് സാക്ഷ്യം വഹിക്കുകയാണ്. അമിതമായി പന്ത് കൈവശം വെക്കുന്ന ശൈലിയിൽ നിന്നും, അതിവേഗം മുന്നേറുന്ന 'വെർട്ടിക്കൽ' ഫുട്ബോളിലേക്കാണ് ക്ലബ്ബുകൾ ഇപ്പോൾ ചുവടുമാറ്റുന്നത്. ഒരു കളിയിൽ ശരാശരി 945.2 പാസുകൾ എന്ന 2020-21 സീസണിലെ റെക്കോർഡിൽ നിന്നും, 2025-26 സീസണിലെ ആദ്യ പത്ത് റൗണ്ടുകൾ പിന്നിടുമ്പോൾ അത് 849.1 ആയി കുത്തനെ കുറഞ്ഞത് ഇതിന്റെ വ്യക്തമായ സൂചനയാണ്. കേവലം പന്ത് പാസ് ചെയ്ത് പ്രതിരോധം തീർക്കുന്നതിനേക്കാൾ വേഗത്തിൽ ഗോളടിക്കാൻ ലക്ഷ്യമിട്ടുള്ള ട്രാൻസിഷൻ അധിഷ്ഠിതമായ പ്രായോഗിക ഫുട്ബോളിലേക്കാണ് ലീഗ് മാറുന്നത്.

ക്ലോപ് ജനകീയമാക്കിയ അഗ്രസീവ് ഗെഗൻപ്രസിങ്ങിനും ഈ സീസണോടെ വലിയ തോതിൽ മങ്ങലേറ്റു. പകരം, എതിരാളികളെ തങ്ങളുടെ പെനാൽറ്റി ബോക്സിന് ചുറ്റും ചെറിയ പാസുകൾ നൽകി ആകർഷിക്കുകയും, അവർ കൂട്ടത്തോടെ മുന്നോട്ട് കുതിക്കുമ്പോൾ അവരുടെ പിന്നിലുണ്ടാകുന്ന ശൂന്യതയിലേക്ക് അതിവേഗം പന്തെത്തിക്കുകയും ചെയ്യുന്ന പുതിയ തന്ത്രമാണ് ഇപ്പോൾ ലീഗിൽ തരംഗമാകുന്നത്. മുൻ ബോൺമൗത്ത് പരിശീലകൻ അന്റോണി ഇറോല വിദഗ്ദ്ധമായി പയറ്റിയ ഈ ഹൈ-റിസ്ക് ഹൈ-റിവാർഡ് തന്ത്രം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ആർനെ സ്ലോട്ടിന് പകരം തങ്ങളുടെ പരിശീലകസ്ഥാനത്തേക്ക് ലിവർപൂൾ ഇറോലയെ പരിഗണിക്കുന്നത് ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

അന്റോണി ഇറോല

പച്ചപ്പുൽമൈതാനങ്ങളിലെ അനശ്വരമായ ദാർശനിക സ്മാരകം

പെപ്പ് ഗ്വാർഡിയോളയുടെയും യർഗൻ ക്ലോപിന്റെയും പടിയിറക്കം ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തെ 'അവർക്ക് മുൻപും പിൻപും' എന്ന് രണ്ടായി പകുക്കുന്ന സമാനതകളില്ലാത്ത ഒരു സാംസ്കാരിക-ദാർശനിക മാറ്റമാണ്. കാൽപ്പന്തുകളി കേവലം ശാരീരികാധ്വാനമല്ലെന്നും, ബുദ്ധികൊണ്ട് നിയന്ത്രിക്കേണ്ട ജ്യാമിതീയ കലയാണെന്നും ഗ്വാർഡിയോള ഇംഗ്ലണ്ടിനെ പഠിപ്പിച്ചപ്പോൾ, ഫുട്ബോൾ വികാരങ്ങളുടെ തീവ്രമായ പ്രദർശനവും കൂട്ടായ പോരാട്ടവുമാണെന്ന് ക്ലോപ് തെളിയിച്ചു.

ഇരുവരും ഇംഗ്ലീഷ് മണ്ണിൽ വേരുറപ്പിച്ച ഹൈ-ലൈൻ ഡിഫൻഡിങ്ങും പൊസിഷണൽ പ്ലേയും ഗെഗൻപ്രസിങ്ങുമെല്ലാം ഇന്ന് പ്രീമിയർ ലീഗിന്റെ സിരകളിൽ അലിഞ്ഞുചേർന്നുകഴിഞ്ഞു. നിലവിൽ ലീഗ് പുതിയ ശൈലികളിലേക്ക് ചുവടുമാറുകയാണ്. 'ഒന്നും ശാശ്വതമല്ല' എന്ന ഗ്വാർഡിയോളയുടെ വാക്കുകൾ കാലത്തിന്റെ സത്യമാണെങ്കിലും, ഈ രണ്ട് ഫുട്ബോൾ ദാർശനികർ യഥാർഥത്തിൽ പടിയിറങ്ങുന്നില്ല; വരുംകാലത്തെ ഓരോ പാസുകളിലും തന്ത്രപരമായ ഓരോ കുതിപ്പുകളിലും അവർ ഈ പച്ചപ്പുൽമൈതാനങ്ങളിൽ അനശ്വരരായി തന്നെ നിലനിൽക്കും.

TAGS :