MediaOne Logo

ഡോ. എ.കെ. വാസു

Published: 11 May 2022 7:21 AM GMT

'ജനഗണമന'ങ്ങളിലേക്ക് ഒരു സിനിമ ഉണര്‍ത്തി വിടുന്ന നവജനാധിപത്യ രാഷ്ട്രീയം.

പഴയതും പുതിയതുമായ മാധ്യമങ്ങളെക്കാള്‍ സാമാന്യ ജനങ്ങളില്‍ല്‍ ബോധ്യങ്ങളെ രൂപപ്പെടുത്തുന്നത് അടക്കംപറച്ചിലുകളാണ്. അത്തരം മര്‍മറിങ്ങുകളിലൂടെ ഉരുണ്ടുകൂടുന്ന ഒരുതരം അപരവിദ്വേഷം സമൂഹത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയമാണ് അടിച്ചേല്‍പ്പിക്കുന്നത്. അവയ്ക്കു മുകളിലേക്ക് പ്രഹരമായി വീഴുന്ന ഡയലോഗുകള്‍ ഉള്ളതുകൊണ്ടാണ് ജന ഗണ മന യെന്ന സിനിമാനിര്‍മാണം രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയായി മാറുന്നത്.

ജനഗണമനങ്ങളിലേക്ക് ഒരു സിനിമ ഉണര്‍ത്തി വിടുന്ന നവജനാധിപത്യ രാഷ്ട്രീയം.
X

അക്കാദമിക വരേണ്യതയും നവജനാധിപത്യ രാഷ്ട്രീയ ആശയങ്ങളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സിനിമയാണ്ഡി ജോ ജോസ് ആന്റണി സംവിധാനവും ഷാരിസ് മുഹമ്മദ് തിരക്കഥയും നിര്‍വഹിച്ച ജന ഗണ മന. ഒരാളെ കുറ്റവാളിയായി പൊതുബോധം പ്രഖ്യാപിക്കുന്നതില്‍ അയാളുടെ സ്വത്വവും പ്രധാനമാണെമെണെന്ന് തുറന്നു...

അക്കാദമിക വരേണ്യതയും നവജനാധിപത്യ രാഷ്ട്രീയ ആശയങ്ങളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സിനിമയാണ്ഡി ജോ ജോസ് ആന്റണി സംവിധാനവും ഷാരിസ് മുഹമ്മദ് തിരക്കഥയും നിര്‍വഹിച്ച ജന ഗണ മന. ഒരാളെ കുറ്റവാളിയായി പൊതുബോധം പ്രഖ്യാപിക്കുന്നതില്‍ അയാളുടെ സ്വത്വവും പ്രധാനമാണെമെണെന്ന് തുറന്നു പ്രഖ്യാപിക്കാന്‍ ആര്‍ജ്ജവം കാണിച്ച ഈ സിനിമ നവജനാധിപത്യ ബോധ്യങ്ങളെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നത് ചര്‍ച്ചയാകേണ്ടതുണ്ട്. ജനപ്രിയതയുടെ രീതിശാസ്ത്രത്തില്‍ ഇത്തരമൊരു സിനിമയെടുക്കുക വഴി സമൂഹത്തിന് വെളിച്ചമാകേണ്ടുന്ന നവ രാഷ്ട്രീയബോധ്യങ്ങളെ അനേകരിലെത്തിക്കാന്‍ കഴിഞ്ഞത് സിനിമയുടെ രാഷ്ട്രീയവിജയം തന്നെയാണ്. പഴയതും പുതിയതുമായ മാധ്യമങ്ങളെക്കാള്‍ സാമാന്യ ജനങ്ങളില്‍ല്‍ ബോധ്യങ്ങളെ രൂപപ്പെടുത്തുന്നത് അടക്കംപറച്ചിലുകളാണ്.

അത്തരം മര്‍മറിങ്ങുകളിലൂടെ ഉരുണ്ടുകൂടുന്ന ഒരുതരം അപരവിദ്വേഷം സമൂഹത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയമാണ് അടിച്ചേല്‍പ്പിക്കുന്നത്. അവയ്ക്കു മുകളിലേക്ക് പ്രഹരമായി വീഴുന്ന ഡയലോഗുകള്‍ ഉള്ളതുകൊണ്ടാണ് ജന ഗണ മന യെന്ന സിനിമാനിര്‍മാണം രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയായി മാറുന്നത്.

ഡല്‍ഹി ഹൈദ്രാബാദ് തുടങ്ങിയ കേന്ദ്രീയ സര്‍വകാലാശാലകളില്‍ രാഷ്ട്രം അതിന്റെ ഭരണയന്ത്രങ്ങളാല്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന വരേണ്യ താല്‍പര്യങ്ങള്‍ക്കെല്ലാമെതിരായി ബഹുസ്വര സഹവര്‍ത്തിത്വത്തിന്റെ രാഷ്ട്രീയം വൈജ്ഞാനികമായിത്തന്നെ ഉയര്‍ന്നുവന്നിരുന്നു. അതില്‍ മുഖ്യമായ പങ്കുവഹിച്ചത് അംബേദ്കര്‍ ദര്‍ശനങ്ങള്‍ മുന്നോട്ടുവച്ച ദലിത്, പിന്നാക്ക-മത ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശയപരമായ കൂടിച്ചേരല്‍ തന്നെയാണ്. രോഹിത് വെമുലയുടെ ആത്മബലി ഈ രാഷ്ട്രീയത്തെ ഇന്ത്യയിലുടനീളം ചര്‍ച്ചയായുയര്‍ത്തി. രാമനഗരകേന്ദ്ര എന്ന സിനിമയിലെ സര്‍വകലാശാല മുന്‍ചൊന്ന പരിസരത്തെയാണ് സൂചിപിക്കുന്നത്. അധ്യാപികയായ സബ മറിയത്തെ (മമത മോഹന്‍ദാസ്) കത്തിച്ച് കൊല്ലുന്നതാണ് മുഖ്യപ്രമേയം.


2014 നും 2021 നും ഇടയില്‍ ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സര്‍വകലാശാല തുടങ്ങിയ കേന്ദ്രസര്‍ക്കാരിനു കീഴിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യ ചെയ്തത് 122 പേരാണെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഒരു ദലിത് ഗവേഷക വിദ്യാര്‍ഥിനിക്കു നേരെയുണ്ടാവുന്ന സ്ഥാപനഹിംസാ കൊലപാതകത്തെ (Institutional Murder) ചോദ്യം ചെയ്തതിനാലാണ് മുസ്‌ലിം സ്ത്രീ കൂടിയായ സബ മറിയം അതിദാരുണമായി കൊല്ലപ്പെടുന്നത്. സോഷ്യല്‍ മീഡിയയുടെകൂടി സമര സംവാദയിടമായ ഇക്കാലത്ത് ഇതിനെ തുടര്‍ന്നുണ്ടാകുന്ന വിദ്യാര്‍ഥി സമരങ്ങളും കേസന്വേഷണങ്ങളിലെ അധികാര ഇടപെടലുമൊക്കെയായിട്ടാണ് സിനിമ പുതുകാലത്തിന്റെ രാഷ്ട്രീയം ചര്‍ച്ചക്കെടുക്കുന്നത്. പ്രിയങ്കരിയായ അധ്യാപികക്കുണ്ടായ ദാരുണാന്ത്യം വ്യാപകമായ വിദ്യാര്‍ഥി സമരമായി മാറുന്നു. സമരത്തെ തുടര്‍ന്ന് കേസന്വേഷണത്തിന് ഡി.എസ്.പി സജ്ജന്‍ കുമാര്‍ (സുരാജ് വെഞ്ഞാറമൂട്) ചാര്‍ജെടുക്കുന്നു. പ്രിവിലേജുള്ളവരെ സംരക്ഷിക്കാനായി കെട്ടിച്ചമച്ച പ്രതികളെ പിടികൂടുന്ന സജ്ജന്‍ കുമാര്‍ ഏറ്റുമുട്ടല്‍ കൊലപാതകം എന്ന നാടകത്തിലൂടെ കുറ്റാരോപിതരെ ആസൂത്രിതമായി കൊന്നുതള്ളുന്നു. അ കൊന്നുതള്ളല്‍ പൊതു സമൂഹം ആഘോഷമാക്കി മാറ്റുന്നുമുണ്ട്.

ജയ് ഭീം എന്ന സിനിമയുടെ രീതിശാസ്ത്രമായ കോടതിമുറിയിലെ വാദപ്രതിവാദങ്ങളും അതിലെ ഉദ്വോഗങ്ങളുമാണ് ജന ഗണ മന എന്ന സിനിമയെയും ചടുലതയോടെ നിലനിര്‍ത്തുന്നത്. അരവിന്ദ് സ്വാമിനാഥന്‍ എന്ന പ്രതിഭാഗം വക്കീലായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ദലിതര്‍ വിദ്യാലയത്തില്‍ പ്രവേശിക്കുന്നു എന്ന വിവരം കേട്ടപാടെ അബോധത്തിലായി മരണപ്പെട്ടുപോയ സവര്‍ണ്ണ മാടമ്പിമാര്‍ ഉണ്ടായിരുന്ന നാടാണെന്ന് കേരളം അയ്യന്‍കാളി നയിച്ച പുല്ലാട്ട് സമരത്തിന്റെ ചരിത്രം അതാണ് പറയുന്നത്.


ബുദ്ധികൊണ്ട് ഉപജീവനം നടത്തുന്ന ബ്രാഹ്മണന്റെ കുട്ടിയും അധ്വാനംകൊണ്ട് ഉപജീവനം നടത്തുന്ന ദലിതരുടെ കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ സവര്‍ണ്ണര്‍ക്ക് ചില മനോവിഷമങ്ങള്‍ ഉണ്ടാക്കാം എന്നല്ലാതെ പ്രത്യേകിച്ചൊരു ഗുണവും രാജ്യത്തിനില്ലെന്ന് അക്കാലത്ത് കെ. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തില്‍ എഴുതിയിട്ടുള്ളതില്‍ നിന്നും ദലിതരുടെ വിദ്യാലയ പ്രവേശനത്തോട് അന്നത്തെ വരേണ്യരുടെ എതിര്‍പ്പ് വ്യക്തമാണ്. പാഠമില്ലെങ്കില്‍ പാടത്തേക്കുമില്ല എന്ന മുദ്രാവാക്യമുയര്‍ത്തി പഞ്ചമി എന്ന പെണ്‍കുട്ടിയുമായി അയ്യന്‍കാളി കയറിച്ചെന്ന ഊരൂട്ടമ്പലം സ്‌കൂള്‍ സവര്‍ണ്ണരാല്‍ അഗ്‌നിക്കിരയായതും നാടിന്റെ ദുരാചാരസംരക്ഷണ ചരിത്രമാണ്.


വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ ഇവിടത്തെ മുഴുവന്‍ സാമൂഹ്യവിഭാഗങ്ങളും പങ്കാളികളാകുന്നത് നാടിന്റെതന്നെ മൊത്തമായ വികസനമാണെന്ന് ജാതിവെറിയുള്ള മനസ്സുകള്‍ക്ക് അന്നെന്നപോലെ ഇന്നും ഉള്‍ക്കൊള്ളാനായിട്ടില്ല എന്നത് ഖേദകരമാണ്. 'വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം' എന്ന ബ്രാഹ്മണിസത്തിന്റെ ഹിംസാത്മക യുക്തിതന്നെയാണ് ഇന്നും പല അക്കാദമികളെയും നയിക്കുന്നത്. അതുകൊണ്ടുതന്നെയവര്‍ സംവരണ വിരുദ്ധരായി എക്കാലത്തും രംഗത്ത് വരുന്നത് കാണാം. ഇക്കാലത്തിത് ഏറെ ഭീതിദമായിട്ടുള്ളത് ഗവേഷണ മേഖലയിലാണ്. സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ കീഴാള ജ്ഞാനനിര്‍മിതി സാധ്യമാകുംവിധം വിഷയം സ്വീകരിച്ച് ഗവേഷണം നടത്തുന്നവര്‍ക്കെതിരെ പലതരത്തിലുള്ള ആട്ടിയകറ്റലും വ്യക്തിഹത്യകളും നമ്മുടെ സര്‍വകലാശാലകളില്‍ നിരന്തര അനുഭവമാണ്.


മഹാത്മഗാന്ധി സര്‍വ്വകലാശാലയിലെ ദീപ പി.മോഹനന്റെ സമരഇടപെടലുകള്‍ ശാസ്ത്രഗവേഷണ രംഗത്തെ സാമൂഹ്യ പ്രശ്‌നങ്ങള്‍ തുറന്നു കാണിച്ചത് അടുത്തകാലത്താണ്. റിസര്‍ച്ച് ഗൈഡുകളുടെ വംശീയതയും ജാതിവെറിയും തുറന്നുകാണിക്കുന്നുണ്ട് ജന ഗണ മന എന്ന സിനിമയിലെ വിദ്യ എന്ന ഗവേഷകയുടെ ആത്മഹത്യവരെ നീളുന്ന അനുഭവലോകം. ചാര്‍ച്ചക്കാരായ ആളുകള്‍ മൂന്നരവര്‍ഷം കൊണ്ടുനേടുന്ന ഗവേഷണ ബിരുധം പലപ്പോഴും അപര സമൂഹങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പത്തോ പന്ത്രണ്ടോ വര്‍ഷമെടുത്താലും നല്‍കാതെ തടയുന്നതില്‍ ജാതീയതയും വംശീയതയും ഉള്ളടങ്ങിയിട്ടുണ്ടെന്നതിന് നിരവധി ഉദാഹരണങ്ങള്‍ സര്‍വ്വകലശാലകളിലുണ്ട്.

ഒരുപാട് കഷ്ടപ്പെട്ടാണ് സാര്‍ ഞാന്‍ ഇവിടെവരെ എത്തിയത് എന്ന് വിദ്യ എന്ന ഗവേഷക വിദ്യാര്‍ഥിനി കരഞ്ഞു കാലുപിടിക്കുമ്പോള്‍ വംശവെറിയനായ വൈദര്‍ശന്‍ എന്നു പേരുള്ള ഗവേഷകഗൈഡ് ചോദിക്കുന്നത് എവിടെവരെ? എന്ന മറുചോദ്യമാണ്. നിങ്ങളൊന്നും ഇതേ വരെ എങ്ങുമെത്തിയിട്ടില്ല എന്ന വരേണ്യരുടെ ചിന്ത ആ ചോദ്യത്തില്‍ മുഴങ്ങുന്നുണ്ട്. അത് ഉറപ്പിക്കുന്നത് സര്‍വ്വകലാശാലയില്‍ ക്ലീനിങ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുത്തുലക്ഷ്മി എന്ന സ്ത്രീയെ ചൂണ്ടിക്കെണ്ടാണ്. വൈദര്‍ശന്‍ പറയുന്നു: അവരുടെ അമ്മയും ഇവിടെ ഇതേ ജോലി ചെയ്തിരുന്നു അവരും ഇത് ചെയ്യുന്നു ഇനി അവരുടെ മകളും ഇതേ ജോലിതന്നെ ഇവിടെ ചെയ്യും എന്ന പ്രഖ്യാപനത്തില്‍ ജ്ഞാനാധികാരം സവര്‍ണ്ണ പുരുഷനില്‍ മാത്രം നിലനില്‍ക്കണമെന്നും ജാതിത്തൊഴിലുകള്‍ പാരമ്പര്യമായി തുടരണമെന്നുമുള്ള ശ്രേണീകരണ ബോധം തന്നെയാണ് പുറത്തുവരുന്നത്.

ഉച്ചഭക്ഷണം ബാക്കിവരുമ്പോള്‍ അവരത് മുത്തുലക്ഷ്മിക്ക് നല്‍കാറുണ്ടെന്നും ഭക്ഷണംകിട്ടാത്ത ദിവസങ്ങളില്‍ അവരതു ചോദിക്കാറില്ലെന്നും ജാതിവെറിയനായ അധ്യാപകന്‍ കൂട്ടിച്ചേര്‍ക്കുന്നത് ഔദാര്യം അവകാശമല്ല എന്ന് സ്ഥാപിക്കുന്നതിനു വേണ്ടിയാണ്. കണ്ട കക്കൂസ് കഴുകുന്നവര്‍ക്കൊക്കെ ഓരോ പേരുംപറഞ്ഞു ഇവിടെ അഡ്മിഷന്‍ കൊടുക്കുന്നവരെ വേണം ആദ്യംപറയാന്‍. സംവരണം സവര്‍ണ്ണര്‍ നല്‍കിപ്പോരുന്ന ഔദാര്യമാണെന്നു പോലും കരുതുന്ന അധ്യാപകരുമുണ്ടിവിടെ. ജാതീയമായും പ്രാദേശികമായും മുറിച്ചുമാറ്റപ്പെട്ട സമൂഹിക വിഭാഗങ്ങള്‍ക്ക് ഒരു ദേശരാഷ്ട്രം കൊടുക്കുന്ന ഭരണഘടനാപരമായ അവകാശമാണ് സാമുദായിക സംവരണമെന്ന കാര്യം അവര്‍ പലപ്പോഴും സൗകര്യപൂര്‍വം മറക്കുന്നു. ഗവേഷണം ക്വാളിറ്റി ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് അതെങ്ങനാ പാടത്തും പറമ്പിലും കുപ്പത്തൊട്ടിയിലും പണിയെടുക്കുന്നവരോട് ക്വാളിറ്റിയുടെ കാര്യം പറഞ്ഞിട്ട് കാര്യമില്ലല്ലോ. പോയി കണ്ണാടി നോക്കടീ എന്ന ജാത്യാധിഷേപവും വിദ്യയോടു വൈദര്‍ശന്‍ എന്ന അധ്യാപകന്‍ നടത്തുന്നുണ്ട്. വംശവെറിയുടെ ഹിംസയേറ്റ നിസഹായാവസ്ഥയില്‍ മനോനില തകര്‍ന്നടിഞ്ഞ ദലിത് ഗവേഷക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുന്ന ചിത്രീകരണത്തില്‍ രജനി എസ്. ആനന്ദ്, ദേവിക, രോഹിത് വെമുല തുടങ്ങി നിരവധി ദലിത് വിദ്യഭ്യാസ രക്തസാക്ഷിത്വങ്ങളുടെ ആത്മസംഘര്‍ഷങ്ങള്‍ ദൃശ്യപ്പെടുന്നുണ്ട്.

വിദ്യ എന്ന പെണ്‍കുട്ടിയുടേത് ആത്മഹത്യയല്ലെന്നും അത് യൂണിവേഴ്‌സിറ്റി നടത്തിയ ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ ആണെന്നും സബ ഫാത്തിമ അധ്യാപക കൗണ്‍സിലില്‍ വാദിക്കുന്നുണ്ട്. എന്നാല്‍, അധ്യാപക സമൂഹം ഒന്നടങ്കം ഭരണവര്‍ഗ രാഷ്ട്രീയം നല്‍കുന്ന സുരക്ഷയിലും തന്‍കാര്യം മാത്രം നോക്കുന്ന മര്യാദാരാമന്‍മാരായി സബ ഫാത്തിമയുടെ നിലപാടുകള്‍ക്കെതിരെയാണ് കൈ പൊക്കുന്നത്. സബ ഫാത്തിമ ഒറ്റപ്പെടുന്നു എന്നു മാത്രമല്ല, കൊല്ലപ്പെടുകയും ചെയ്യുന്നു. ജാതിവെറിയനായ അധ്യാപകന്‍ വാഹനമിടിപ്പിച്ചുകൊന്നിട്ട് ആ കൊലപാതകവും മറ്റ് നാലു ദലിത് യുവാക്കളുടെ സര്‍വനാശത്തിലേക്കു തന്നെയാണ് കൊണ്ടെത്തിച്ചത്. വരേണ്യര്‍ ചെയ്ത കൊലപാതകങ്ങളടക്കം എല്ലാത്തരം പാതകങ്ങളും രാഷ്ട്രീയ അടിമത്വത്താല്‍ ഏറ്റെടുക്കേണ്ടിവരുന്നവരാണ് ഇന്ത്യയിലെ ദലിതര്‍. ഇതേ അനുഭവം ജയ് ഭീം എന്ന സിനിമയിലും വ്യക്തമാക്കുന്നുണ്ട് .

നിരപരാധികളെങ്കിലും അവരെ അപരാധികളെന്ന മുദ്രചാര്‍ത്തി ജയിലിലടച്ചാല്‍ അത് ചോദ്യം ചെയ്യാതിരിക്കാന്‍ ഉതകുംവണ്ണം മലീമസമാണ് നമ്മുടെ ജനപ്രിയ പൊതുബോധം. ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പുവരെ ജാതിതിരിച്ചുള്ള നീതിന്യായവ്യവസ്ഥ നിലവിലുണ്ടായിരുന്ന നാടാണിത്. അതിന്റെ അനുരണനങ്ങള്‍ ഇന്നും ജനപ്രിയ പൊതുബോധത്തില്‍ പ്രകടമാണ്. മീഡിയാപ്രവര്‍ത്തനങ്ങളും അതിനെത്തന്നെ പിന്‍പറ്റുന്നു. ഗോസിപ്പുകളില്‍ നിന്നും പത്രക്കാര്‍ നിര്‍മിച്ച പ്രതികള്‍ ശിക്ഷിക്കപ്പെടണം എന്നതും പൊതുബോധമായി മാറിക്കഴിഞ്ഞിട്ടുണ്ട്. 'ദേഹാസ്വാസ്ഥ്യം കാണിച്ച ആദിവാസി യുവാവ് പൊലീസ് വാഹനത്തില്‍ കുഴഞ്ഞുവീണുമരിച്ചു' എന്നാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലചെയ്ത മധുവിനെ കുറിച്ച് പത്രങ്ങള്‍ ആദ്യമെഴുതിയത്. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷ ആത്മഹത്യ ചെയ്തതാണെന്നും പത്രങ്ങള്‍ ആദ്യദിവസം അവസാനക്കോള വാര്‍ത്തയെഴുതിയിരുന്നു.

ഇവിടെയെല്ലാം സത്യംപുറത്തു കൊണ്ടുവന്നത് സോഷ്യല്‍ മീഡിയയുടെ ഇടപെടലുകളായിരുന്നു. കുറ്റാരോപിതരെ കുറിച്ചുള്ള പത്രവാര്‍ത്തകളില്‍ ഇയാള്‍ മുമ്പും അനേകം കേസുകളില്‍ പ്രതിയാണെന്ന 'നികത്തുമൊഴി 'കൂടി ചേര്‍ക്കുകവഴി അയാള്‍ തന്നെ കുറ്റകൃത്യം ചെയ്തതെന്നു പത്രക്കാര്‍ സ്ഥാപിച്ചെടുക്കുന്നു. പത്രക്കാര്‍ ശിക്ഷവിധിച്ച ISRO ചാരവൃത്തിക്കേസിന്റെ പൊള്ളത്തരവും സിനിമ തുറന്നുകാട്ടുന്നുണ്ട്.


കറുത്തവരും സാധാരണക്കാരുമായ കുറ്റാരോപിതരെ സംബന്ധിച്ച് എല്ലാതെളിവുകളും അവര്‍ക്ക് എതിരാണെന്ന് കാണിക്കാന്‍ അവരുടെ ചരിത്രവും ചുറ്റുപാടുകളും നോക്കൂ, ഒന്നുമല്ലെങ്കില്‍ ഒരുത്തനെ കണ്ടാല്‍നമുക്കറിയില്ലേ കുറ്റവാളിയാണെന്ന് എന്ന് ജഡ്ജി പോലും പറയുന്നതില്‍ നീതി നിര്‍വഹണങ്ങളില്‍ നിയമത്തെക്കാളധികം പൊതുബോധം സ്വാധീനിക്കുന്നെന്ന കാര്യം സൂചിതമാണ്.

പൊതുബോധത്തിനെതിരെ സിനിമ സംസാരിക്കുന്നതിങ്ങനെയാണ്. പ്രതിഭാഗം വക്കീലായ പൃഥ്വിരാജിന്റെ ചോദ്യം നമ്മുടെ പൊലീസിങ് സംവിധാനങ്ങള്‍ ഇനിയെങ്കിലും ഉള്‍ക്കൊള്ളേണ്ടതുണ്ട്. ചോദ്യമിതാണ്.

'അവരെ കണ്ടാലറിയില്ലേ എന്ന് ....

എന്ത് കണ്ടാലാണറിയുന്നത്?

അവരുടെ നിറമോ

അവരുടെ വസ്ത്രമോ

അതോ അവരുടെ പേരോ?

ഒരു തെളിവും വേണ്ടാ അവരത്‌ചെയ്യും. ഒരുകാരണങ്ങളുമറിയണ്ടാ അവരെ ശിക്ഷിക്കാം. ഒരു കോടതിയും, ഒരു നിയമവും വേണ്ടാ അവരെ കൊല്ലണം. ' ( സിനിമാ സംഭാഷണം)

ഏറ്റുമുട്ടല്‍ എന്ന പേരില്‍ നിരപരാധികളായ നാലു മനുഷ്യരെ ഒന്നു കൊന്നൊടുക്കിയപ്പോള്‍ പൊതുബോധം കയ്യടിയോടെ പൊലീസ് ഓഫീസറെ അഘോഷിച്ചതിനു കാരണം അവര്‍ കൊല്ലപ്പെടേണ്ടവര്‍ മാത്രമാണെന്ന ബോധ്യം കൊണ്ടാണ്. അത്തരം ബോധം പടര്‍ന്നു വളര്‍ന്നതില്‍ പ്രധാന കാരണം അവരുടെ സ്വത്വം (ഐഡന്റിറ്റി) തന്നെയാണെന്ന് സിനിമ തുറന്നു പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരമൊരു പ്രഖ്യാപനത്തിനുള്ള ആര്‍ജവം മലയാളസിനിമയില്‍ ആദ്യത്തേതാണെന്നതിനാലാണ് സിനിമയുടെ രാഷ്ട്രീയ പാരായണം പ്രധാനമാകുന്നത്.

സിനിമയോ നാടകമോ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്ന ആളോ ആ രാഷ്ടീയത്തിന്റെ വക്താവോ ആയിരിക്കണം അഭിനേതാവെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. പലപ്പോഴും അത് അങ്ങനെ ആകാറുമില്ല. എന്നാല്‍, ലക്ഷദ്വീപ് വിഷയത്തില്‍ ഉള്‍പ്പെടെ ബഹുസ്വര സഹവര്‍ത്തിത്വ രാഷ്ട്രീയ ബോധ്യം തുറന്നു പ്രഖ്യാപിച്ച നടനാണ് പൃഥ്വിരാജ്. ജനഗണ മന മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള നടന്‍ കൂടിയാണ് ഈ സിനിമയില്‍ പ്രധാനറോള്‍ അവതരിപ്പിക്കുന്നത് എന്നതും സിനിമയെ സംബന്ധിച്ച സവിശേഷതയാണ്.


ജനഗണമന എന്ന സിനിമയ്‌ക്കെതിരെ മുഖ്യമായും ഉയര്‍ന്ന ഒരു വിമര്‍ശനം എറണാകുളം മഹാരാജാസ് കോളജ് പൊളിറ്റിക്‌സ് ക്ലാസ്‌റൂമില്‍ നടക്കുന്ന ഒരു രംഗത്തിന്റെ ചിത്രീകരണമാണ്. ഇന്ന് ഗൗരിയെന്നൊരു വിദ്യാര്‍ഥിനിയെ, അതും ഒരു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റിനെ വളഞ്ഞിട്ട് പൊലീസ് തല്ലിച്ചതച്ചത് അവള് ചുംബനസമരത്തിന് പോയിട്ടാണോ?

അല്ലാ പ്രതിഷേധിച്ചതിനാണ്

പൊളിറ്റിക്‌സില്‍ തിയറി മാത്രമല്ല പ്രാക്ടിക്കലും ഉണ്ട്. എഴുന്നേല്‍ക്കടാ എന്ന് പറഞ്ഞുകൊണ്ട് അധ്യാപകന്‍ (ഡിജോ ജോസ് ആന്റണി) വിദ്യാര്‍ഥികളെ എഴുന്നേല്‍ക്കുന്ന രംഗമാണ്. സമരങ്ങളുടെ ഈറ്റില്ലമായ സമരത്തിനായി ഒരുമരം തന്നെയുള്ള (സമരമരം) മഹാരാജാസിനെചൂണ്ടി ഇങ്ങനെ പറഞ്ഞത് തെറ്റായിപ്പോയി എന്ന വിമര്‍ശനം ഒറ്റനോട്ടത്തില്‍ ശരിയായി തോന്നാം. 


സംവിധാകന്‍ ഡിജോ ജോസ് ആന്റണ, തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്

വിദ്യാര്‍ഥി പ്രശ്‌നങ്ങളും ഇതര രാഷ്ട്രീയ പ്രശ്‌നങ്ങളും ഉയര്‍ത്തി മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ സമരങ്ങളും വിലമതിക്കുന്നു. പക്ഷേ, അപ്പോഴും അവിടെ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. എന്റെ ജനനം തന്നയാണ് എന്റെ മരണത്തിനും കാരണം എന്നെഴുതിവച്ചുകൊണ്ട് ഹൈദരാബാദ് കേന്ദ്രയൂണിവേഴ്‌സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നപ്പോള്‍, കേരളത്തിലെ മഹാരാജാസ് ഉള്‍പ്പെടെയുള്ള എത്ര ക്യാമ്പസുകളില്‍ വിദ്യാര്‍ഥിസമരം ഉയര്‍ന്നു എന്നുള്ളതാണ് ഒരു ചോദ്യം.


മുത്തങ്ങയില്‍ ഭൂമിക്കായി സമരം ചെയ്ത ആദിവാസികള്‍ക്കുനേരെ ഭരണകൂടം വെടിയുതിര്‍ത്തപ്പോള്‍ കേരളത്തിലെ ഏതെങ്കിലും ക്യാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്‌തോ എന്നതാണ് രണ്ടാമത്തേത്. സമരം ചെയ്തില്ല എന്നുമാത്രമല്ല അംബേദ്കര്‍ രാഷ്ട്രീയം ഉള്‍ക്കൊണ്ട ചെറിയ വിദ്യാര്‍ത്ഥി സംഘടനകളുടെ സമരങ്ങള്‍ക്ക് എതിര്‍ ശബ്ദമാകാനാണ് ഇവിടത്തെ വിദ്യാര്‍ഥി സംഘടനകള്‍ ഒരുമ്പെട്ടതെന്നതും നേരനുഭവമാണ്. അംബേദ്കര്‍ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന പ്രോജക്ടുകള്‍ ഏറ്റെടുക്കാനുള്ള ഒരു യുവജന സംഘടനയോ വിദ്യാര്‍ഥി സംഘടനയോ വളര്‍ന്നുവരാനുള്ള അവസരം കേരളത്തില്‍ പ്രമുഖ സംഘടനകള്‍ നല്‍കിയില്ലാ എന്നതും സത്യമാണ്. സെലക്ടീവായ വിഷയങ്ങളില്‍ മാത്രം സമരങ്ങള്‍ നടക്കുന്നതിലുള്ള പ്രതിഷേധം മാത്രമാണ് ആ രംഗ ചിത്രീകരണം.

TAGS :