Quantcast

മുസ്‍ലിംകളുടെ കാക്കിപ്പേടിയും പ്രാതിനിധ്യ പ്രശ്നങ്ങളും

ഹിന്ദു സമുദായവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും പോലീസിനെ കൂടുതൽ ഭയക്കുന്നുണ്ടെങ്കിലും മുസ്‍ലിംകൾക്കിടയിൽ ഈ ഭയം വളരെ കൂടുതലാണ്

MediaOne Logo
മുസ്‍ലിംകളുടെ കാക്കിപ്പേടിയും പ്രാതിനിധ്യ പ്രശ്നങ്ങളും
X

സെന്റര്‍ ഫോർ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് ആന്റ് ദി എൻ.ജി.ഓ കോമൺ കോസ് എന്ന സംഘടന ഈ അടുത്തിടെ പുറത്തിറക്കിയതും മുഖ്യധാരാ മാധ്യമങ്ങളിൽ വളരെ കുറച്ച് ശ്രദ്ധ നേടിയതുമായ ‘സ്റ്റാറ്റസ് ഓഫ് പോലിസിങ് ഇൻ ഇന്ത്യ റിപോർട്ട്, 2018’ ഇന്ത്യൻ പോലീസിന്റെ പ്രവർത്തനങ്ങളെയും പരിപ്രേക്ഷ്യങ്ങളെയും കുറിച്ച് സമഗ്രമായ ഒരു ചിത്രം നൽകുന്നുണ്ട്. അതിൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു ഭാഗമാണ് പോലീസും ഇന്ത്യയിലെ മുസ്‍ലിംകളും തമ്മിലുള്ള ബന്ധം. ഹിന്ദു സമുദായവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും പോലീസിനെ കൂടുതൽ ഭയക്കുന്നുണ്ടെങ്കിലും മുസ്‍ലിംകൾക്കിടയിൽ ഈ ഭയം വളരെ കൂടുതലാണ്; 64 ശതമാനം മുസ്‍ലിംകളും പോലീസിനെ “വളരെയധികം” അല്ലെങ്കിൽ “കുറേയൊക്കെ” ഭയക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ പോലീസിന്റെ സാന്നിധ്യത്തിൽ തന്നെ അരങ്ങേറുന്ന ആൾക്കൂട്ട കൊലപാതങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നില്ല എന്ന് ശ്രദ്ധിക്കണം. ആൾക്കൂട്ട കൊലപാതകങ്ങളുടെ എണ്ണം ഇത്രയേറെ വർദ്ധിക്കുന്നതിന് മുൻപാണ് റിപോർട്ട് പ്രസിദ്ധീകരിച്ചത് എന്നത് ഒരു കാരണമാവാം.

പോലീസ് ‘അന്യായയമായി ഭീകരവാദ കേസുകളിൽ കുടുക്കുന്നു’ എന്നതാണ് തങ്ങളുടെ ഭയത്തിന് കാരണമായി മിക്ക മുസ്‍ലിംകളും ചൂണ്ടിക്കാണിച്ചത്. ഇത്തരം കേസുകളിൽ അറസ്റ്റിലായി നീണ്ട വർഷങ്ങൾ ജയിലിൽ കിടന്നതിനു ശേഷം കോടതികൾ വെറുതെ വിട്ട ഒരുപാട് ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട് എന്നിങ്ങനെ നാലു സംസ്ഥാനങ്ങളിലെ മുസ്‍ലിംകളിൽ 50 ശതമാനത്തിലധികം പേരും പോലീസ് മതത്തിന്റെ പേരിൽ വേർതിരിവ് കാണിക്കാറുണ്ടെന്ന് അഭിപ്രായപ്പെട്ടു.

പോലീസ് ‘അന്യായയമായി ഭീകരവാദ കേസുകളിൽ കുടുക്കുന്നു’ എന്നതാണ് തങ്ങളുടെ ഭയത്തിന് കാരണമായി മിക്ക മുസ്‍ലിംകളും ചൂണ്ടിക്കാണിച്ചത്.

പോലീസ് സേനയിലെ അംഗങ്ങളുടെ സാമൂഹ്യ പശ്ചാത്തലം പരിശോധിച്ചാൽ ഇക്കാര്യത്തിൽ നമുക്ക് കുറേയൊക്കെ വ്യക്തത വരും. ഇന്ത്യൻ പോലീസ് സർവിസി(ഐ.പി.എസ്)ലെ വളരെ ചെറിയൊരു ഭാഗമാണ് മുസ്‍ലിം ഉദ്യോഗസ്ഥർ എന്നാണ് ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത്. കുറെ കാലമായി തുടർന്നു വരുന്ന സ്ഥിതിയാണിത്. 1950കളിൽ മുസ്‍ലിം ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം അഞ്ചു ശതമാനത്തിൽ താഴെയായിരുന്നു. അതായത് 1951 സെൻസസ് പ്രകാരമുള്ള ജനസംഖ്യാനുപത്തിന്റെ പകുതി പോലും വന്നിരുന്നില്ല. 2011ൽ മുസ്‍ലിംകൾ മൊത്തം ജനസംഖ്യയുടെ 14.25 ശതമാനമായി വളർന്നെങ്കിലും ഐ.പി.എസിലെ അവരുടെ പ്രാതിനിധ്യം കൂടുതൽ താഴോട്ടേക്ക് പോയി. 2016ൽ വെറും മൂന്നു ശതമാനം ഉദ്യോഗസ്ഥർ മാത്രമാണ് മുസ്‍ലിംകളുണ്ടായിരുന്നത്; ജമ്മു കശ്മീർ മാറ്റി നിർത്തിയാൽ ഇത് 2.5 ശതമാനത്തിലേക്ക് വരെ കൂപ്പുകുത്താം.

മുസ്‍ലിംകളുടെ ജനസംഖ്യാ അനുപാതവും ഐ.പി.എസിലെ അവരുടെ പ്രാതിനിധ്യവും തമ്മിൽ ഇത്രയേറെ അന്തരം ഇതിനു മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല. സംസ്ഥാന സർക്കാരുകൾ നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഐ.പി.എസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന വ്യവസ്ഥ ഒരുപാട് മുസ്‍ലിം ഉദ്യോഗസ്ഥരെ സഹായിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഈ സമ്പ്രദായം അത്ര വ്യാപകമല്ല. 2006ൽ ഏഴു ശതമാനത്തോളം പേർക്ക് ഇങ്ങനെ സ്ഥാനക്കയറ്റം ലഭിച്ചിരുന്നെങ്കിൽ 2016ഓടെ അത് 3.8 ശതമാനമായി ചുരുങ്ങിയിരുന്നു.

താഴെക്കിടയിലുള്ള പോലീസുകാരെ കൂടി പരിഗണിച്ചാൽ ചിത്രം കുറച്ചുകൂടി ദയനീയമാവുന്നതേ ഉള്ളൂ. ഈ വിഷയം കൂടുതലായി പൊതുബോധത്തിൽ വരാതിരിക്കാനാവാം, 2013ലാണ് അവസാനമായി താഴെ തട്ടിലുള്ള പോലീസുകാരിൽ മുസ്‍ലിംകളുടെ എണ്ണം നിശ്ചയിക്കാനുള്ള ശ്രമം നടന്നത്. അന്നത്തെ കണക്ക് പ്രകാരം 6.27 ശതമാനം മുസ്‍ലിംകളാണ് ഇന്ത്യൻ പോലീസ് സേനയിലുള്ളത്. 2005ൽ ഇത് 7.5 ശതമാനമായിരുന്നു എന്ന കാര്യം ഓർത്താൽ പ്രാതിനിന്യം ഇവിടെയും താഴോട്ടേക്ക് പോകുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. 2006നും 2013നും ഇടയിൽ മുസ്‍ലിം പ്രാതിനിധ്യം ഏറ്റവും കുറഞ്ഞ അവസ്ഥയിലായിരുന്നു. ശരാശരി അനുപാതം 0.31 (സ്ത്രീകൾക്ക് 0.50) ആയിരുന്നെങ്കിലും ഓരോ സംസ്ഥാനങ്ങളിലെയും കണക്കുകൾ തമ്മിൽ വലിയ അന്തരമുണ്ട്. ആസാമിൽ 0.08ഉം രാജസ്ഥാനിൽ 0.09ഉം ആയി അനുപാതം ചുരുങ്ങിയപ്പോൾ ഈ അനുപാതം ആന്ധ്ര പ്രദേശിൽ 0.69ഉം ഉത്തർ പ്രദേശിൽ 0.18ഉം ആയിരുന്നു.

ഇപ്പോഴും സംശയത്തിന്റെ നിഴലിൽ നിര്‍ത്തുന്നതുകൊണ്ടാണ് മുസ്‍ലിംകൾ ഇന്ത്യൻ സേനയിൽ വേണ്ടാത്തവരായത്. നമ്മൾ തുറന്നു സമ്മതിച്ചാലും ഇല്ലെങ്കിലും മുസ്‍ലിംകളെ പാകിസ്താനു വേണ്ടി നിലകൊള്ളുന്ന ഒരു അഞ്ചാം പത്തികളായിട്ടാണ് അധികപേരും കാണുന്നത്
ജോർജ് ഫെർണാണ്ടസ്

പോലീസ് സേന പോലെ രാജ്യത്തിന്റെ പ്രവർത്തനത്തിന് പരമപ്രധാനമായ ഒരു സംവിധാത്തിൽ നിന്ന് ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗം ഒരർത്ഥത്തിൽ അപ്രത്യക്ഷമാകുന്നത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ദേശീയ സ്വഭാവത്തിന് പല തരത്തിലും ക്ഷീണം ചെയ്യും. എന്നാൽ പോലീസിന്റെ യൂനിഫോമിൽ മാത്രമല്ല, സൈനിക യൂനിഫോമുകളിലും മുസ്‍ലിംകളെ കാണാൻ കിട്ടുന്നില്ല എന്നതാണ് വാസ്തവം. ഈ പ്രശ്നവും ഈയടുത്ത കാലത്ത് തുടങ്ങിയതല്ല. 1947ൽ വിഭജനത്തോടെ മുസ്‍ലിം സൈനികരിൽ നല്ലൊരു ഭാഗം പാകിസ്താനിലേക്ക് കുടിയേറി. 1947ൽ 32 ശതമാനമുണ്ടായിരുന്ന മുസ്‍ലിം സൈനികരുടെ എണ്ണം 1953ഓടെ രണ്ടു ശതമാനത്തിലേക്ക് ചുരുങ്ങിയതായി അന്നത്തെ പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന് വിവരം കൈമാറുകയും ഇതിരെ തുടർന്ന് നെഹ്റു സർക്കുലർ അയക്കുകയും ചെയ്തിട്ടുണ്ട്. “നമ്മുടെ പ്രതിരോധ സേനകളിൽ മുസ്‍ലിംകൾ ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. എന്നാൽ ഈ സാഹചര്യം മെച്ചപ്പെടുത്താൻ നമ്മളൊന്നും ചെയ്യുന്നില്ലെന്നും ഇതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നുമെന്ന വാസ്തവമാണ് എന്നെ ആശങ്കപ്പെടുത്തുന്നത്,” എന്ന് നെഹ്റു സർക്കുലറിൽ കുറിച്ചു.

അദ്ദേഹത്തിന്റെ നിഗമനം ശരിയായിരുന്നു. 1981ൽ കേണലിനും അതിനു മുകളിലുമുള്ള സൈനിക ഉദ്യോഗസ്ഥരിൽ മുസ്ലിംകളുടെ എണ്ണം ഒരു ശതമാനത്തിലും താഴെയായിരുന്നു എന്ന് ആർമി ആൻറ് നാഷൻ എന്ന പുസ്തകത്തിൽ സ്റ്റീഫൻ വിൽകിൻസൺ പറയുന്നുണ്ട്. 1990കളിൽ പ്രതിരോധ മന്ത്രിയായിരുന്ന മുലായം സിങ് യാദവ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന് പുറകെ വാജ്പേയി സർക്കാറില്‍ ഈ സ്ഥാനത്തിരുന്ന അംഗം ജോർജ് ഫെർണാണ്ടസ് തുറന്നടിച്ചു പറഞ്ഞു, “ഇപ്പോഴും സംശയത്തിന്റെ നിഴലിൽ നിര്‍ത്തുന്നതുകൊണ്ടാണ് മുസ്‍ലിംകൾ ഇന്ത്യൻ സേനയിൽ വേണ്ടാത്തവരായത്. നമ്മൾ തുറന്നു സമ്മതിച്ചാലും ഇല്ലെങ്കിലും മുസ്‍ലിംകളെ പാകിസ്താനു വേണ്ടി നിലകൊള്ളുന്ന ഒരു അഞ്ചാം പത്തികളായിട്ടാണ് അധികപേരും കാണുന്നത്.”

ഇവിടെയും മുതിർന്ന സൈനികരുടെ കൂടെ താഴെ തട്ടിലുള്ള പട്ടാളക്കാരെ കൂടി പരിഗണിച്ചാൽ കാര്യങ്ങളുടെ ശരിയായ ദയനീയത പിടികിട്ടും. 1990-2000 കാലയളവിൽ മൊത്തം പട്ടാളത്തിൻറെ 2.5 ശതമാനം മുസ്‍ലിംകളായിരുന്നു. ഇതിൽ നല്ലൊരു ഭാഗം ജമ്മു കശ്മീർ റൈഫിള്‍സ്, ജമ്മു കശ്മീർ ലൈറ്റ് ഇൻഫാൻറ്രി, രജ്പുത് രജിമെന്റ് എന്നിങ്ങനെയുള്ള സേനകളുടെ ഭാഗമായിരുന്നു. നാവിയിലെയും (മുതിർന്ന ഉദ്യോഗസ്ഥർക്കിടയിൽ 1.9 ശതമാനം, മൊത്തം സേനയിൽ 3.2 ശതമാനം) വ്യോമസേനയിലെയും (3.1 ശതമാനം മുസ്‍ലിംകൾ, അതിൽ 0.9 ശതമാനം മുതിർന്ന സൈനികർ) കാര്യം അത്ര വ്യത്യസ്തമായിരുന്നില്ല എന്നാണ് ‘ഖാക്കി ആൻറ് എത്‍നിക് വയലൻസ് ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിൽ ഒമർ ഖലീദി പറയുന്നത്.

1990-2000 ഖലീദി മുന്നോട്ടു വെച്ച ഈ കണക്കുകൾ ഈയടുത്ത കാലത്ത് അലി അഹ്‍മദ് ഒന്ന് പുതുക്കി. മിലിറ്ററി അക്കാദമിയിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ കണക്ക് പരിശോധിച്ച അഹ്‍മദ് 2005-2011 കാലയളവിൽ അതിൽ 2 ശതമാനം പേർ മുസ്‍ലിംകളായിരുന്നെന്ന് കണ്ടെത്തി. ഇത് സച്ചാർ കമ്മിറ്റിയിൽ പറഞ്ഞ 2.6 ശതമാനം എന്ന സംഖ്യയോട് അടുത്ത് നിൽക്കുന്നുണ്ട്. പോലീസിനും സൈന്യത്തിനും മധ്യേ വരുന്ന ‘പാരാമിലിറ്ററി’ അഥവാ സമാന്തരസൈനിക വിഭാഗത്തിലെയും കണക്കുകൾ ഏതാണ്ട് സമമാണ്. എന്നാൽ ഭീകരവാദത്തിനെതിരെ പോരാടുന്ന നാഷനൽ സെക്യൂരിറ്റി ഗാർഡ്സ് പോലെയുള്ള വിഭാഗങ്ങളിൽ മുസ്‍ലിംകൾക്ക് പ്രവേശനമേയില്ല എന്ന് ഓർക്കണം. 1995-96ൽ ആസാം റൈഫ്ൾസിൽ 2.5 ശതമാനം, ബോർഡർ സെക്യൂരിറ്റി ഫോർസിൽ 4.5 ശതമാനം, സെൻറ്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോർസിൽ 3.7 ശതമാനം, സെൻറ്രൽ റിസേർവ് പോലീസ് ഫോർസിൽ 5.5 ശതമാനം, ഇന്തോ-ടിബെറ്റൻ ഫോർസിൽ 1.8 ശതമാനം, റാപിഡ് ആക്ഷൻ ഫോർസിൽ 6.9 ശതമാനം എന്നിങ്ങനെയായിരുന്നു മുസ്ലിം പ്രാതിനിധ്യം.

എന്നാൽ ഭീകരവാദത്തിനെതിരെ പോരാടുന്ന നാഷനൽ സെക്യൂരിറ്റി ഗാർഡ്സ് പോലെയുള്ള വിഭാഗങ്ങളിൽ മുസ്‍ലിംകൾക്ക് പ്രവേശനമേയില്ല എന്ന് ഓർക്കണം.

പോലീസ് യൂനിഫോമിലുള്ള മുസ്‍ലിംകളുടെ ക്ഷാമം അവരെ അപകടത്തിലാക്കുന്നുണ്ടെങ്കിലും 1947 മുതലുള്ള സൈന്യത്തിലെ അവരുടെ അഭാവമാണ് കൂടുതൽ ആശങ്കാജനകം. രാജ്യത്തിന്റെ കാവൽസേനകളിൽ നിന്ന് ഇവിടെയുള്ള ഏറ്റവും വലിയ ന്യൂനപക്ഷത്തെ മാറ്റിനിർത്തുന്നതോടെ ഭരണഘടനയിലധിഷ്ഠിതമായ, സാംസ്കാരികവൈവിധ്യം നിറഞ്ഞ ഒരു രാഷ്ട്രം നിർമ്മിച്ചെടുക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുകയും പൊതു ഇടങ്ങളെ കാവിവത്കരിക്കാനുള്ള പ്രക്രിയക്ക് തയ്യാറെടുപ്പുകൾ നടത്തിക്കൊടുക്കുകയും ചെയ്യുന്നു എന്നതിന്റെ സൂചന ലഭിച്ചുതുടങ്ങും. ക്രമസമാധാനം പാലിക്കാൻ ബാധ്യസ്ഥമായ സേനകളിലും സൈന്യത്തിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ദേശീയവാദികളുടെ നുഴഞ്ഞുകയറ്റവും ഇതിന്റെ കൂടെ ചേർത്തു വായിക്കേണ്ടതുണ്ട്.

കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്

TAGS :

Next Story