Quantcast

ദേശീയത എന്ന മിഥ്യയും മാനവികത എന്ന യാഥാർത്ഥ്യവും

MediaOne Logo
ദേശീയത എന്ന മിഥ്യയും മാനവികത എന്ന യാഥാർത്ഥ്യവും
X

ദേശീയത എന്ന സാങ്കൽപിക വികാരം സൃഷ്ടിക്കുന്ന യഥാർത്ഥമായ അനുഭവങ്ങളെയും കലുഷിതമായ ഇന്നത്തെ ലോകത്ത് ഈ വികാരം നിലനിൽക്കേണ്ട ആവശ്യം എത്രത്തോളമുണ്ടെന്ന ചോദ്യത്തെയും സൂക്ഷ്മമായി പരിശോധിക്കുകയാണ് വൈദ്യനും എഴുത്തുകാരനുമായ കാർളോ റൊവെല്ലി.

ഗ്രേറ്റ് ബ്രിട്ടൻ എന്ന രാജ്യത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതു വെച്ചു നോക്കുമ്പോൾ എൻറെ രാജ്യമായ ഇറ്റലി വളരെ ചെറുപ്പമാണ്. എന്നാൽ രണ്ട് രാജ്യങ്ങൾക്കും സ്വന്തം ചരിത്രത്തെക്കുറിച്ച് അഭിമാനമുണ്ട്. വ്യക്തമായി തരം തിരിക്കപ്പെട്ട “ദേശീയ സ്വത്വങ്ങളു”ണ്ട്. വെറോണയിൽ ഞാൻ താമസിക്കുന്ന കെട്ടിടത്തിന്റെ കീഴിൽ പുരാതന റോമൻ ശിലകൾ കാണാൻ സാധിക്കും. പഠിക്കുന്ന കാലത്ത് ഞങ്ങൾ ഏറ്റവും കൂടുതൽ ആരാധിച്ചത് മൈക്കലാഞ്ജലെയെയും ലിയനാർഡോ ഡാ വിഞ്ചിയെയുമായിരുന്നു.

എന്നാൽ ഇവർക്കൊപ്പം ഡാന്റെയും ഷേക്‌സ്‌പിയറും ദോസ്തോവ്സ്കിയും പഠനകാലത്ത് എൻറെ ഭാവനകളിൽ നിറഞ്ഞിരുന്നു. ഞാൻ ജനിച്ച യഥാസ്തിക മനോഭാവമുള്ള വെറോണ എന്ന നഗരവും ഞാൻ പിന്നീട് പഠിക്കാൻ പോവുകയും എന്നെ ഏറെ അതിശയപ്പെടുത്തുകയും ചെയ്ത ബൊളോണ എന്ന പുരോഗമന ചിന്താഗതിക്കാരുടെ നഗരവും ഇറ്റലിയിൽ തന്നെയായിരുന്നു. വഴുതിപ്പോവുന്ന ഒരു ആശയമായിരുന്നു ദേശീയത; ഒരൊറ്റ നിർവ്വചനത്തിൽ അതിനെ ഒതുക്കാൻ സാധിക്കുമായിരുന്നില്ല.

വഴുതിപ്പോവുന്ന ഒരു ആശയമായിരുന്നു ദേശീയത; ഒരൊറ്റ നിർവ്വചനത്തിൽ അതിനെ ഒതുക്കാൻ സാധിക്കുമായിരുന്നില്ല.

ഇറ്റലിക്കാരേക്കാൾ പുറത്തുള്ള സുഹൃത്തുക്കളുമായി തങ്ങളുടെ വികാരങ്ങളും ആശങ്കകളും പങ്കുവെക്കാൻ ആഗ്രഹിച്ച ഒരു തലമുറയിലാണ് ഞാൻ ജനിച്ച് വളർന്നത്. എന്റെ കുടുംബവും ബാല്യകാലത്തെയും യൌവനകാലത്തെയും സുഹൃത്തുക്കളും പലയിടങ്ങളിൽ ചിതറിക്കിടക്കുന്ന എൻറെ ഇപ്പോഴുള്ള സുഹൃത്തുക്കളും ചേർന്നാണ് ഞാൻ എന്ന വ്യക്തിത്വത്തെ സൃഷ്ടിച്ചത്. ഞാൻ പരിചയിച്ച മൂല്യങ്ങളും ആശയങ്ങളും പുസ്തകങ്ങളും രാഷ്ട്രീയ സ്വപ്നങ്ങളും സാംസ്കാരിക ഉത്കണ്ഠകളും പൊതുവികാരങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇവയുടെ ഉത്ഭവങ്ങൾ ഇറ്റലിയുടെ അതിർത്തികൾക്കുള്ളിലും അതിനു പുറത്തുമായി വ്യാപിച്ചു കിടക്കുന്നു. ഈ യാഥാർത്ഥ്യം എല്ലാവരുടെ കാര്യത്തിലും ശരിയാണ്; നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സംസ്കാരത്തിന്റെ നൂലിഴകൾ പരസ്പരം പല തരത്തിൽ കെട്ടിപ്പിണഞ്ഞു കൊണ്ടു സൃഷ്ടിക്കുന്ന ഒരു യാഥാർത്ഥ്യത്തിലാണ് നമ്മുടെ ജീവിതം.

എന്നിട്ടും നമ്മുടെ പൊതുബോധവും സമൂഹം എന്ന നിലയിലെ നമ്മുടെ പ്രവൃത്തികളും ‘ദേശം’ എന്ന ആശയത്തിനു ചുറ്റുമായി വികസിച്ചുവരുന്നതെന്തു കൊണ്ടാണ്? എന്തുകൊണ്ട് ഇറ്റലി? എന്തുകൊണ്ട് ബ്രിട്ടൻ? വ്യക്തിത്വങ്ങളെ അടിസ്ഥാനമാക്കി അധികാര ഘടനകൾ ഉണ്ടാവുകയല്ല, അധികാര ശക്തികളുടെ സ്വാധീനം വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നതാണ് ഇതിന്റെ ലളിതമായ ഉത്തരം. ബ്രിട്ടനേക്കാൾ ചെറുപ്പമായ ഇറ്റലിയെ പോലുള്ള രാജ്യങ്ങളിൽ ഈ സത്യം തിരിച്ചറിയാൻ കുറച്ചു കൂടി എളുപ്പമാണെങ്കിലും രണ്ടിടങ്ങളിലും സംഭവിക്കുന്നത് ഒന്നു തന്നെയാണ്.

യുദ്ധത്തിന്റെയോ വിപ്ലവത്തിന്റെയോ ചൂടിൽ അധികാരത്തിലേറുന്ന ഏതു ശക്തിയുടെയും ആദ്യത്തെ പദ്ധതി ജനങ്ങൾക്കിടയിൽ ശക്തമായ ഒരു സ്വത്വബോധം സൃഷ്ടിക്കുക എന്നതാണ്. പുരാതന കാലത്തെ രാജാവും ഉദാരവത്കരണം പ്രകീർത്തിക്കുന്ന 19ആം നൂറ്റാണ്ടിലെ രാഷ്ട്രീയ നേതാവും ഇക്കാര്യത്തിൽ സമന്മാരാണ്. “നമ്മൾ ഇറ്റലിയുണ്ടാക്കി, ഇനി ഇറ്റലിക്കാരെ ഉണ്ടാക്കണം” എന്ന 1861ൽ ഇറ്റലിയെ ഏകോപിപ്പിച്ച മാസിമോ ഡസോഗ്ലിയോയുടെ പ്രശസ്തമായ വാക്കുകളും അർത്ഥമാക്കുന്നത് ഇതു തന്നെയാണ്.

ദേശീയത എന്ന വികാരം തെറ്റാണ് എന്നല്ല ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. ഒരു തരത്തിൽ നോക്കിയാൽ ഏതെങ്കിലും ഒരു പൊതുലക്ഷ്യത്തിനു വേണ്ടി ജനങ്ങളെ ഒന്നിപ്പിക്കുന്നത് തന്നെയാണ് രാഷ്ട്രീയ ബുദ്ധി.

ഓരോ രാജ്യവും അവരുടെ ചരിത്രം പഠിപ്പിക്കുന്ന രീതി അതിശയകരമാണ്. ഫ്രഞ്ചുകാരൻ ഫ്രഞ്ച് വിപ്ലവത്തെയും ഇറ്റലിക്കാരൻ നവോത്ഥാനത്തെയും റോമൻ സാമ്രാജ്യത്തെയും അമേരിക്കക്കാരൻ അമേരിക്ക ബ്രിട്ടനെതിരെ നടത്തിയ സ്വാതന്ത്ര്യസമരത്തെയും ഇന്ത്യക്കാരൻ വേദയുഗത്തെയും ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമായി കണക്കാക്കുന്നു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണെങ്കിലും സ്വന്തം രാജ്യക്കാരുമായി അവൻ പങ്കിടുന്ന കഥകൾ ഏതാണ്ട് ഒന്നാണ്. ദേശങ്ങൾ എന്ന സാങ്കൽപിക കുടുംബങ്ങളോട് കൂറ് തോന്നാൻ സൃഷ്ടിക്കപ്പെട്ടതാണ് ഈ കഥകൾ.

ദേശീയത എന്ന വികാരം തെറ്റാണ് എന്നല്ല ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. ഒരു തരത്തിൽ നോക്കിയാൽ ഏതെങ്കിലും ഒരു പൊതുലക്ഷ്യത്തിനു വേണ്ടി ജനങ്ങളെ ഒന്നിപ്പിക്കുന്നത് തന്നെയാണ് രാഷ്ട്രീയ ബുദ്ധി. പരസ്പരം തല്ലു കൂടുന്നതിനേക്കാൾ എന്തു കൊണ്ടും നല്ലത് പരസ്പരം ഒന്നിച്ചു പ്രവർത്തിക്കുന്നതാണ്. നാഗരികത ഉടലെടുക്കുന്നതു തന്നെ പരസ്പരമുള്ള ഈ സഹകരണത്തിലൂടെയാണ്.

ആശയങ്ങളും വസ്തുക്കളും നോട്ടങ്ങളും പുഞ്ചിരികളും പരസ്പരം കൈമാറുന്നത് നമ്മെ സ്വത്തിലും ബുദ്ധിയിലും ആത്മാവിലും കൂടുതൽ സമ്പന്നമാക്കുന്നു. എല്ലാവർക്കും നേട്ടമുണ്ടാക്കുന്ന ഒരു പ്രക്രിയയാണിത്. ദേശീയ വികാരം പവിത്രമാണെന്ന് വിശ്വസിപ്പിക്കുന്നത് വഴി അനാവശ്യമായ സംഘർഷങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതും ഒരു വിജയമാണ്.

എന്നാൽ ദേശീയത എന്ന വികാരം വിഷലിപ്ത്മാവുന്നതും ഇവിടെയാണ്. ഒരു തലത്തിൽ സഹകരണം ഉറപ്പുവരുത്തുമ്പോഴും കൂടുതൽ വിശാലമായ തലത്തിലുള്ള സഹകരണത്തിന് ദേശീയത വിലങ്ങുതടിയാകുന്നു. രാജ്യത്തിന്റെ സ്ഥാപകർ നല്ല ഉദ്ദേശങ്ങളോടെ സൃഷ്ടിച്ച ‘ഇറ്റലി’ എന്ന ദേശവികാരം തന്നെയാണ് പിന്നീട് തീവ്ര ദേശീയതയുടെ മുഖമായ ഫാഷിസത്തിന് ജന്മം കൊടുത്തത്. ഫാഷിസം പിന്നീട് ഹിറ്റ്ലറുടെ നാസിസത്തെ സ്വാധീനിക്കുകയും ചെയ്തു. ‘രാഷ്ട്രം’ എന്ന ആശയത്തോടുള്ള ജർമ്മൻകാരുടെ അതിമാവേശം ജർമ്മനിയുടെയും വലിയൊരു ഭാഗം യൂറോപിന്റെയും നാശത്തിലാണ് അവസാനിച്ചത്. സഹകരണത്തിനപ്പുറം സംഘർഷത്തെ പിന്താങ്ങുകയും ഒത്തുതീർപ്പിന്റെ വഴികൾ തേടുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നിടത്ത് ദേശീയത വിനാശത്തിന്റെ ആയുധമായി മാറുന്നു.

‘രാഷ്ട്രം’ എന്ന ആശയത്തോടുള്ള ജർമ്മൻകാരുടെ അതിമാവേശം ജർമ്മനിയുടെയും വലിയൊരു ഭാഗം യൂറോപിന്റെയും നാശത്തിലാണ് അവസാനിച്ചത്. സഹകരണത്തിനപ്പുറം സംഘർഷത്തെ പിന്താങ്ങുകയും ഒത്തുതീർപ്പിന്റെ വഴികൾ തേടുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നിടത്ത് ദേശീയത വിനാശത്തിന്റെ ആയുധമായി മാറുന്നു.

തീവ്രദേശീയതയിലൂന്നിയ രാഷ്ട്രീയം ലോകം മുഴുവൻ പടരുകയും ആശങ്കകൾ വർദ്ധിപ്പിക്കുകയും സംഘർഷങ്ങൾക്ക് വഴി വെക്കുകയും നമ്മൾ ഓരോരുത്തരെയും അപകടത്തിലാക്കുകയും ചെയ്യുന്ന ഒരു കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ഇറ്റലിയിലും നടന്നുകൊണ്ടിരിക്കുന്നത് ഇതാണ്. ദേശീയത വെറും മനുഷ്യനിർമ്മിതമായ ഒരു ആശയം മാത്രമാണെന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയാണ് വേണ്ടത്. ഇടുങ്ങിയ പ്രാദേശിക പ്രശ്നങ്ങളിൽ നിന്ന് കുറെ കൂടി വിശാലമായ ദേശീയ തലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. പക്ഷെ ‘നമ്മുടെ ദേശം’ എന്ന ഒരൊറ്റ വിഭാഗത്തിന്റെ നേട്ടത്തിനു വേണ്ടി ബാക്കിയുള്ള ലോകത്തെ തള്ളിപ്പറയുന്ന പ്രത്യയശാസ്ത്രം അംഗീകരിക്കാനാവില്ല.

തങ്ങൾക്കെന്തെങ്കിലും രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന ജനങ്ങളുടെ തെറ്റായ ധാരണ മാത്രമല്ല തീവ്ര പ്രാദേശിക-ദേശീയ വാദക്കാർക്ക് ഇന്ന് ശക്തി പകരുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഭാഗമാവാനുള്ള മനുഷ്യന്റെ ആത്യന്തികമായ മോഹത്തെ കൂടിയാണ് ഇവർ രാഷ്ട്രീയമായി മുതലെടുക്കുന്നത്. പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്ക് ആകാശമുണ്ട്, എന്നാൽ മനുഷ്യ പുത്രന് തല ചായ്ക്കാൻ മണ്ണിലിടമില്ല എന്നാണല്ലോ. ‘ദേശം’ എന്ന സാങ്കൽപികാശയം ജനങ്ങളെ കൈയിലെടുക്കാൻ പറ്റിയ ഏറ്റവും ചിലവു കുറഞ്ഞതും ഫലപ്രദവുമായ മാർഗമാണ്. എന്നാൽ മനുഷ്യരെന്ന നിലയിലുള്ള പൊതുസഹകരണത്തിനപ്പുറം പ്രാദേശിക ദേശീയ സ്വത്വങ്ങളെ പ്രതിഷ്ഠിക്കുന്നത് വിപരീതഫലം മാത്രമേ ചെയ്യൂ.

‘ദേശം’ എന്ന സാങ്കൽപികാശയം ജനങ്ങളെ കൈയിലെടുക്കാൻ പറ്റിയ ഏറ്റവും ചിലവു കുറഞ്ഞതും ഫലപ്രദവുമായ മാർഗമാണ്. എന്നാൽ മനുഷ്യരെന്ന നിലയിലുള്ള പൊതുസഹകരണത്തിനപ്പുറം പ്രാദേശിക ദേശീയ സ്വത്വങ്ങളെ പ്രതിഷ്ഠിക്കുന്നത് വിപരീതഫലം മാത്രമേ ചെയ്യൂ.

നമുക്ക് ദേശീയ സ്വത്വങ്ങൾ ഇല്ലെന്നല്ല. പക്ഷെ അതിനേക്കാൾ ശക്തമായ പല സ്വത്വങ്ങളുടെയും സ്വാധീനം നമുക്ക് മുകളിലുണ്ട്. ദേശീയതയെ മാത്രം മഹത്വവൽകരിക്കുന്നത് ബാക്കിയുള്ളതിനോടുള്ള നന്ദികേടാണ്. രാജ്യത്തിനുള്ളിൽ തന്നെ നമ്മൾ വ്യത്യസ്തരാണ് എന്നതാണ് ഇതിന് കാരണം. നമുക്ക് ഒരു വീട് വേണ്ടന്നല്ല; ദേശം എന്ന നാടകശാലയേക്കാൾ നല്ലൊരു വീട് നാം അർഹിക്കുന്നുണ്ട് എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കുടുംബവും കൂട്ടുകാരും നമ്മുടെ മൂല്യങ്ങൾ പങ്കുവെക്കുന്ന ലോകത്തുടനീളമുള്ള മനുഷ്യരും ചേർന്നാണ് ഈ വീട് നിർമ്മിക്കുന്നത്. നമ്മൾ പല വിധമാണ്. നമുക്ക് സ്നേഹിക്കാൻ ഭൂമി എന്ന മഹത്തായ ഒരു ഭവനമുണ്ട്. നമ്മുടേതെന്ന് വിശ്വസിക്കാൻ ദേശാതിർത്തികൾക്കപ്പുറം സഹോദരന്മാരുടെയും സഹോദരികളുടെയും ഒരു വിശാല ഗോത്രമുണ്ട്. അവരാണ് യഥാർത്ഥത്തിൽ നമുക്ക് സാന്ത്വനം നൽകുന്നത്.

കടപ്പാട്: ദി ഗാർഡിയൻ

TAGS :

Next Story