Quantcast

എണ്ണവില കൂട്ടുന്നത് ആര്? 

അവസരം കിട്ടയപ്പോഴെല്ലാം എക്സൈസ് തീരുവ വര്‍ധിപ്പിച്ച് കമ്പനികള്‍ക്കൊപ്പം ജനങ്ങളെ കൊള്ള അടിക്കുകയാണ് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരും ചെയ്തത്.

MediaOne Logo
എണ്ണവില കൂട്ടുന്നത് ആര്? 
X

സംസ്ഥാനത്ത് പെട്രോള്‍വില 83 രൂപ കടന്നു. ഡീസലിന് 77 രൂപയുമായി. മുംബൈയിലെ പെട്രോള്‍വില ഇപ്പോള്‍ 87.48 രൂപയാണ്. പാചകവാതക സിലിണ്ടറിനും വില കുത്തനെ വര്‍ധിച്ചു. കനത്ത ഇന്ധനവിലയില്‍ രാജ്യത്തെ സാധാരണക്കാര്‍ ആകെ വലയുകയാണ്. നൂറ്റാണ്ടിലെ പ്രളയക്കൊടുതിയില്‍നിന്ന് കരകയറാന്‍ മുണ്ട് മുറുക്കിയുടുക്കാന്‍ തീരുമാനിച്ച കേരളത്തിലെ ജനങ്ങളെ പ്രത്യേകിച്ചും ബുദ്ധിമുട്ടിപ്പിക്കുന്നതാണ് ഈ വിലവര്‍ധനവ്.

ലോകരാജ്യങ്ങളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വിലക്ക് പെട്രോളും ഡീസലും പാചകവാതകവും വിറ്റഴിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. നമ്മുടെ തൊട്ടയല്‍രാജ്യങ്ങളായ പാകിസ്ഥാനിലെ പെട്രോള്‍ വില 54 രൂപയും അഫ്ഗാനിസ്ഥാനിലേത് 53 രൂപയുമാണ്. ശ്രീലങ്കയിലും നേപ്പാളിലും 69 രൂപയും ബംഗ്ലാദേശില്‍ 76 രൂപയുമാണ്. ശരാശരി 20 രൂപയുടെ അധികവിലയാണ് നാം നല്‍കേണ്ടി വരുന്നത്. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് ? ആരാണിതിന് ഉത്തരവാദി ?

പെട്രോള്‍, ‍‍ഡീസല്‍ വില നിയന്ത്രണത്തില്‍നിന്ന് പിന്മാറുകയും, പാചകവാതക സബ്സിഡി വെട്ടിച്ചുരുക്കുകയും, അന്താരാഷ്ട്രതലത്തില്‍ എണ്ണവില ഇടിഞ്ഞപ്പോഴെല്ലാം എക്സൈസ് തീരുവ ഉയര്‍ത്തി നിശ്ചിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ഇതിന്‍റെ പ്രധാന ഉത്തരവാദി. ഒട്ടും സുതാര്യവും യുക്തിസഹവുമല്ലാത്ത വില നിര്‍ണയരീതി ഉപയോഗിച്ച് എണ്ണക്കമ്പനികളും സാധാരാണക്കാരെ ഊറ്റുന്നു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്‍റെ നിലവിലെ വില ബാരലിന് 77.47 ഡോളറാണ്. ഇത് പ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് എണ്ണക്കമ്പനികള്‍ ഈടാക്കുന്ന വിഹിതം 41 രൂപയാണ്. 19.48 രൂപ കേന്ദ്ര എക്സൈസ് തീരുവയായും 18.78 രൂപ സംസ്ഥാനത്തിന്‍റെ നികുതിയായും ഈടാക്കപ്പെടുന്നു. പമ്പുകാരുടെ ഡീലര്‍ കമ്മീഷനായി 3.59 രൂപയും കൂടി ചേരുമ്പോള്‍ ലിറ്ററിന് ഉപഭോക്താവ് നല്‍കേണ്ട വില 83 രൂപയിലെത്തുന്നു.

സത്യത്തില്‍ നമ്മുടെ ഇന്ത്യന്‍ റിഫൈനികളില്‍ ക്രൂ‍ഡ് ഒായില്‍ ശുദ്ധീകരിച്ചു പെട്രോളും ‍ഡീസലുമെല്ലാം ഉല്‍പാദിപ്പിക്കാനാകുന്ന ചെലവ്, വിദേശ റിഫൈനറികളുടെ ഉല്‍പാദനച്ചെവിനെക്കാള്‍ എത്രയോ കുറവാണ്. എന്നാല്‍ ഇത് സൌകര്യപൂര്‍വം മറന്ന്, വിദേശ റിഫൈനറികളുടെ (ദുബായ്, സിംഗപ്പൂര്‍) സംസ്കരണച്ചെലവും അത് ഇറക്കുമതി ചെയ്യുമ്പോഴുള്ള നികുതികളും ഉള്‍പ്പെടെയുള്ള വില, ഇതേ ഇന്ധനം കയറ്റുമതി ചെയ്താല്‍ ലഭിക്കുന്ന വിലയുമായി 80:20 എന്ന അനുപാതത്തില്‍ കൂട്ടിക്കിട്ടുന്ന വിലയാണ് എണ്ണക്കമ്പനികള്‍ അവര്‍ക്ക് കിട്ടേണ്ട വിലയായി നിശ്ചിച്ചിരിക്കുന്നത്.

അത്യാവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ചു സാധാരണക്കാരുടെ ഒപ്പം നില്‍ക്കാന്‍ സര്‍ക്കാരിന് ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍, റിഫൈനറികളുടെ യഥാര്‍ഥ ഉല്‍പാദനച്ചെലവും മാന്യമായ ലാഭവും വകയിരുത്തി മികച്ച വിലയ്ക്കു ഇന്ധനങ്ങള്‍ ലഭ്യമാക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഇതിന് പകരം അവസരം കിട്ടയപ്പോഴെല്ലാം എക്സൈസ് തീരുവ വര്‍ധിപ്പിച്ച് കമ്പനികള്‍ക്കൊപ്പം ജനങ്ങളെ കൊള്ള അടിക്കുകയാണ് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരും ചെയ്തത്.

ക്രൂ‍ഡ് ഓയില്‍ ബാരലിന് 105 ഡോളര്‍ വരെ എത്തിയ 2014 ഏപ്രിലില്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍‌ പെട്രോളിന് ചുമത്തിയിരുന്ന എക്സൈസ് തീരുവ ലിറ്ററിന് 9.48 രൂപയായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം പല അന്താരാഷ്ട്ര കാരണങ്ങളാല്‍ ക്രൂഡ് ഓയില്‍വില ക്രമാനുഗതമായി ഇടഞ്ഞു. 2016 ല്‍ ക്രൂഡിന്‍റെ വില ബാരലിന് 27 ഡോളര്‍ വരെ എത്തി. എന്നാല്‍ അതിന്‍റെ മെച്ചം സാധാരണക്കാര്‍ക്ക് നല്‍കുന്നതിന് പകരം എക്സൈസ് തീരുവ വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കുന്ന തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ചത്. പെട്രോള്‍ എക്സൈസ് തീരുവ 21.48 രൂപ വരെ വര്‍ധിപ്പിച്ച ഘട്ടമുണ്ടായി. സംസ്ഥാന സര്‍ക്കാരുകളും ഈ സാഹചര്യം പരമാവധി മുതലാക്കി.

പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവയിലുണ്ടായ മാറ്റങ്ങള്‍

ധനക്കമ്മിയുടെ പേര് പറഞ്ഞ് ഡീസലിന്‍റെ വിലയുടെ നിയന്ത്രണം പൂര്‍ണമായും നീക്കുകയും ക്രമേണ ഡീസലിന്‍റെ എക്സൈസ് തീരുവയില്‍ വന്‍വര്‍ധനവുമാണ് കേന്ദ്രം നടപ്പാക്കിയത്. 2014 ല്‍ 3.56 രൂപ മാത്രമുണ്ടായിരുന്നു ഡീസല്‍ തീരുവ ഇപ്പോള്‍ 15.33 രൂപയാണ്. വെറും 4 വര്‍ഷം കൊണ്ടുണ്ടായത് 330 ശതമാനത്തിന്‍റെ വര്‍ധനവ്.

പിടിവിട്ട് രൂപയും

ഇതിനെല്ലാം പുറമെയാണ് രൂപയുടെ തുടര്‍ച്ചയായുള്ള മൂല്യത്തകര്‍ച്ച. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 72.10 രൂപയിലാണ് ഏറ്റവും അവസാനം എത്തിനില്‍ക്കുന്നത്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതും, വിദേശ മൂലധനത്തിന്‍റെ പുറത്തേക്കുള്ള ഒഴുക്കും, വ്യാപാരക്കമ്മിയുമാണ് രൂപക്ക് തിരിച്ചടിയാക്കുന്ന ഘടകങ്ങളാണ്.

അതേസമയം, രൂപയുടെ മൂല്യത്തകര്‍ച്ച വീണ്ടും രൂക്ഷമായി ബാധിക്കുന്നത് ആഭ്യന്തര വിപണിയിലെ പെട്രോള്‍, ഡീസല്‍ വിലയെ തന്നെയാണ്. ഇന്ധനവില ഉയരുന്നതിനനുസരിച്ച് ഗതാഗതച്ചെലവ് കൂടുന്നു. അരിയും പച്ചക്കറിയും ഉള്‍പ്പെടെ സര്‍വ സാധനങ്ങള്‍ക്കും വില കയറും. വിലക്കയറ്റം വരുന്നതോടെ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കും. വായ്പാ ചെലവ് കൂടുന്നത് രാജ്യത്തെ വ്യാവസായികോല്‍പാദനത്തെ പിറകോട്ടടിക്കും.

അതോടൊപ്പം രാജ്യത്തിന്‍റെ ഇറക്കുമതി ബാധ്യതകൾ കയറ്റുമതി ബാധ്യതകളെക്കാൾ കൂടുതലായിരിക്കുമ്പോൾ കറൻറ് അക്കൗണ്ട് കമ്മിയും വര്‍ധിക്കും. നിലവില്‍ ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 2.8 ശതമാനമാണ് കറന്‍റ് അക്കൌണ്ടിലെ കമ്മി. ഇനിയും രൂപയുടെ തകര്‍ച്ച തുടരുകയും എണ്ണ വില വര്‍ധിക്കുകയും ചെയ്താല്‍ ഈ കമ്മി വീണ്ടും വര്‍ധിക്കും. ഇത് പതുക്കെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തന്നെ ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കാന്‍ കളമൊരുക്കും.

നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒന്നും മുതലാക്കാനാവാതെ രാജ്യത്തെ സമ്പദ്ഘടനയെ ഈ അവസ്ഥയിലേക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ തള്ളിവിടുകയായിരുന്നു എന്നതാണ് ഇതിലെ ഏറ്റവും ദുഃഖകരമായ സത്യം.

TAGS :

Next Story