Quantcast

സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസം, അഥവാ സർക്കാറിന്റെ കൂട്ടുകച്ചവടം

പിണറായി സർക്കാർ അധികാരത്തിൽ വന്നത് മുതൽ കഴിഞ്ഞ മൂന്ന് വർഷമായി കൃത്യമായ രീതിയിലുള്ള ഫീസ് നിർണ്ണയ കമ്മിറ്റിയെ സർക്കാർ നിശ്ചയിച്ചിട്ടില്ല.

MediaOne Logo
സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസം, അഥവാ സർക്കാറിന്റെ  കൂട്ടുകച്ചവടം
X

സ്വാശ്രയ മെഡിക്കൽ ഫീസ് 5.85 ലക്ഷം മുതൽ 7.19 ലക്ഷം വരെയായി നിശ്ചയിച്ചിരിക്കുകയാണ്. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും മെഡിക്കൽ വിദ്യാഭ്യാസം വിദൂര സ്വപ്നമാക്കി മാറ്റുന്നതാണ് പുതിയ ഫീസ് ഘടന. ഈ സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് വരെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മെറിറ്റ് ഫീസ് 1.85 ലക്ഷം രൂപയായിരുന്നതാണ് വെറും മൂന്ന് വർഷം കൊണ്ട് 7 ലക്ഷം വരെയായി ഉയർന്നത്.

മെറിറ്റ് സീറ്റിൽ മൂന്നിരട്ടിയിലധികം ഫീസ് വർധിപ്പിച്ചു. നീറ്റ് വന്നതോടെ എല്ലാം അതിൽ പഴിചാരി ഒഴിഞ്ഞു മാറാനാണ് സർക്കാർ ശ്രമിക്കുന്നത്. നീറ്റ് നടപ്പാക്കിയതോടെ പ്രവേശനം മെറിറ്റ് അടിസ്‌ഥാനത്തിൽ ആയെങ്കിലും ഫീസ് നിർണയിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു. മാനേജ്മെന്റിന് ഒത്താശ ചെയ്തു എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.

പതിനായിരം രൂപ സ്വാശ്രയ മെഡിക്കൽ ഫീസ് വർധിപ്പിച്ചാൽ വരെ പൊലീസിന് നേരെ പെട്രോൾ ബോബ് എറിഞ്ഞ് സമരം നടത്തുന്ന പുരോഗമന പ്രസ്‌ഥാനക്കാരെയൊന്നും അന്ന് പ്രതികരിക്കാൻ കണ്ടിരുന്നില്ല.

പിണറായി സർക്കാർ അധികാരത്തിൽ വന്നത് മുതൽ കഴിഞ്ഞ മൂന്ന് വർഷമായി കൃത്യമായ രീതിയിലുള്ള ഫീസ് നിർണ്ണയ കമ്മിറ്റിയെ സർക്കാർ നിശ്ചയിച്ചിട്ടില്ല. ഓരോ തവണയും മാനേജ്മെന്റുകൾക്ക് കോടതിയിൽ പോവാനും കേസ് ജയിക്കാനും ആവശ്യമായ രൂപത്തിലുള്ള 'പിഴവുകൾ' വരുത്തിക്കൊണ്ടേയിരുന്നു. പിണറായി സർക്കാർ അധികാരത്തിലേറിയ വർഷം മെറിറ്റ് സീറ്റ്, മാനേജ്മെൻറ് സീറ്റ്, എൻ.ആർ.ഐ സീറ്റ് എന്നിങ്ങനെ വ്യത്യസ്ത ഘടനയിലായിരുന്നു ഫീസ് നിർണ്ണയം.

പഴയ ഫീസ് ഘടനയിൽ 35 ശതമാനം വരെ ഫീസ് വർധിപ്പിച്ച് നൽകിയാണ് സർക്കാർ തുടങ്ങിയത് തന്നെ. മാനേജ്മെന്റുകൾക്ക് പുറം വരുമാനം നിന്ന് പോയത് കൊണ്ടാണ് ഫീസ് വർധനവ് എന്നാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചിരുന്നത്. 50 ശതമാനം മെറിറ്റ് സീറ്റിലെ ഫീസ് 1.85 ലക്ഷത്തിൽ നിന്ന് 2.50 ലക്ഷമായും 35% മാനേജ്മെൻറ് സീറ്റിലെ ഫീസ് 8.50 ലക്ഷത്തിൽ നിന്ന് 11 ലക്ഷമായും 15% എൻ.ആർ.ഐ സീറ്റിലെ ഫീസ് 12.50 ലക്ഷത്തിൽ നിന്ന് 15 ലക്ഷമായുമാണ് വർദ്ധിപ്പിച്ചിരുന്നത്.

പതിനായിരം രൂപ സ്വാശ്രയ മെഡിക്കൽ ഫീസ് വർധിപ്പിച്ചാൽ വരെ പൊലീസിന് നേരെ പെട്രോൾ ബോബ് എറിഞ്ഞ് സമരം നടത്തുന്ന പുരോഗമന പ്രസ്‌ഥാനക്കാരെയൊന്നും അന്ന് പ്രതികരിക്കാൻ കണ്ടിരുന്നില്ല. അടുത്ത വർഷം, അതായത് 2017 മുതൽ അഡ്മിഷൻ നീറ്റ് അടിസ്‌ഥാനത്തിലേക്ക് മാറുമെന്നത് മുൻകൂട്ടി കണ്ടാണ് ഇത്തരത്തിലൊരു ഫീസ് വർധന പിണറായി സർക്കാർ തുടക്കത്തിൽ തന്നെ നടത്തിയത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ മെഡിക്കൽ പഠനമാണ് ഇതോടെ പ്രതിസന്ധിയിലായത്.

2016 ൽ വർധിപ്പിച്ചു നൽകിയ ഫീസ് വർദ്ധനവിനെ അടിസ്‌ഥാനപ്പെടുത്തിയാണ് പിന്നീട് ഏകീകൃത ഫീസ് നിർണ്ണയം നടത്തിയത്. ഇതിനെ അടിസ്‌ഥാനപ്പെടുത്തിയാണ് ഇപ്പോഴും മാനേജ്മെന്റുകൾ ഫീസ് വർദ്ധനവിനായി കോടതിയിൽ വാദിച്ചുകൊണ്ടിരിക്കുന്നതും. അതുകൊണ്ട് തന്നെ ഇപ്പോൾ ഉയർന്ന ഫീസ് ഘടനയിലേക്ക് കാര്യങ്ങൾ എത്തിച്ചതിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ മെഡിക്കൽ പഠനമാണ് ഇതോടെ പ്രതിസന്ധിയിലായത്.

2016 വരെ ബി.പി.എൽ വിഭാഗത്തിൽപെട്ട നിരവധി വിദ്യാർത്ഥികൾക്ക് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ താരതമ്യേന കുറഞ്ഞ ഫീസിൽ പഠിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ 2017-18 അധ്യയന വർഷം, പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ, നീറ്റ് നടപ്പിൽ വരികയും ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി പുതിയ സ്കോളർഷിപ്പ് പദ്ധതി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സർക്കാരിന്റെ വലിയ നേട്ടമായി ആരോഗ്യമന്ത്രി നിയമസഭയിൽ ഇതിനെ ഉയർത്തിക്കാട്ടി. എന്നാൽ ഈ വിഭാഗത്തിൽ അപേക്ഷ നൽകിയ 70% വിദ്യാർഥികളെയും പുറന്തള്ളി നിശ്ചിത സ്കോളർഷിപ്പ് പദ്ധതിയെ സർക്കാറും ഫീസ് റെഗുലേറ്ററി അതോറിറ്റിയും ചേർന്ന് പൊളിക്കുകയാണുണ്ടായത്.

സർക്കാർ സ്കോളർഷിപ്പ് പ്രതീക്ഷിച്ച് അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ ഉയർന്ന ഫീസ് അടക്കാൻ വഴിയില്ലാതെ ഇതോടെ പെരുവഴിയിലായിരിക്കുകയാണ്. ഇത് പുനഃപരിശോധിക്കാൻ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല. രണ്ട് വർഷത്തിന് ശേഷം 2019 മെയ് 31ന് ബി.പി.എൽ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിച്ചുകൊണ്ട് ഇറക്കിയ ഉത്തരവിൽ വെറും 65 പേർക്ക് മാത്രമാണ് സ്കോളർഷിപ്പ് അനുവദിച്ചത്. ഉത്തരവിറക്കിയെങ്കിലും ഇതുവരെയും ഈ തുക കൈമാറിയിട്ടുമില്ല.

ചുരുക്കത്തിൽ നിർധനരായ വിദ്യാർത്ഥികൾ ഉയർന്ന ഫീസടക്കാൻ നിവൃത്തിയില്ലാതെ കിടപ്പാടം പോലും വിൽക്കേണ്ട അവസ്‌ഥയിലാണ്‌.

പദ്ധതി പ്രകാരം 90% ഫീസും സ്കോളർഷിപ്പായി ലഭിക്കുകയും ബാക്കി 10% ഫീസ് വിദ്യാർത്ഥികൾ വഹിക്കുകയും ചെയ്‌താൽ മതിയായിരുന്നു. സ്കോളർഷിപ്പിനായി എന്‍.ആര്‍.ഐ ഫീസ് ഇനത്തിൽ പിരിക്കുന്ന 20 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപ മാറ്റിവെച്ച് രൂപപ്പെടുത്തിയ കോർപ്പസ് ഫണ്ടിൽ കോടിക്കണക്കിന് രൂപ നീക്കിയിരിപ്പ് ഉള്ളപ്പോഴാണ് അപേക്ഷ നൽകിയ 70% വിദ്യാർഥികളെ പുറന്തള്ളിയത് എന്നതും കാണാതെ പോകരുത്. കോർപ്പസ് ഫണ്ടിലേക്ക് എൻ.ആർ.ഐ വിദ്യാർത്ഥികളിൽ നിന്നും പിരിച്ച തുക പൂർണ്ണമായും വിതരണം ചെയ്യാത്തതിനാൽ പ്രസ്തുത തുക തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് എൻ.ആർ.ഐ വിദ്യാർത്ഥികൾ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

നേരത്തെയുള്ള ധാരണ പ്രകാരം ആദ്യ വർഷം സർക്കാറും, തുടർന്നുള്ള വർഷങ്ങളിൽ കോളേജ് മാനേജ്‌മെന്റുകളുമാണ് എൻ.ആർ.ഐ വിദ്യാർത്ഥികളിൽ നിന്ന് സ്കോളർഷിപ്പ് ഇനത്തിലേക്കുള്ള ഫീസ് പിരിക്കേണ്ടത്. എന്നാൽ ഇതിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റുകളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ നിർധനരായ വിദ്യാർത്ഥികൾ ഉയർന്ന ഫീസടക്കാൻ നിവൃത്തിയില്ലാതെ കിടപ്പാടം പോലും വിൽക്കേണ്ട അവസ്‌ഥയിലാണ്‌. ഈ വർഷത്തെ കരാറിലും ഇങ്ങനെയൊരു സ്കോളർഷിപ്പ് നൽകുമെന്നാണ് സർക്കാർ പറയുന്നത്. നേരത്തെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച്, ബഹുഭൂരിപക്ഷം നിർധനരായ വിദ്യാർത്ഥികളെയും പുറന്തള്ളി പദ്ധതിയെ തന്നെ പൊളിച്ച് വിദ്യാർത്ഥികളെ വഞ്ചിച്ച സർക്കാർ തന്നെയാണ് ഇത് പറയുന്നതെന്നോർക്കണം.

ആരോഗ്യമന്ത്രി മാനേജ്മെന്റുകളുമായി ചർച്ച നടത്തുന്നു എന്ന് കേൾക്കുന്നത് തന്നെ ഇപ്പോൾ ആശങ്കയാണ് ഉളവാക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷം സ്വാശ്രയ മെഡിക്കൽ ഫീസ് നിർണ്ണയിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. ആദ്യത്തിൽ സർക്കാർ തന്നെ പുറപ്പെടുവിച്ച ഓർഡിനൻസിൽ പറയുന്ന നിശ്ചിത എണ്ണം അംഗങ്ങളെ തികക്കാതെ ഫീസ് നിർണ്ണയ കമ്മീഷനെ നിയമിച്ചാണ് മാനേജ്‌മെന്റുകൾക്ക് കോടതിയിൽ പോകാനുള്ള സാങ്കേതിക സഹായം നൽകിയതെങ്കിൽ, പിന്നീട് കോറം തികക്കാതെ കമ്മീഷൻ ഫീസ് നിശ്ചയിച്ചാണ് സഹായിച്ചത്. ഒടുവിൽ 2019ലാണ് കഴിഞ്ഞ വർഷങ്ങളിലെ ഫീസ് പോലും നിർണ്ണയിക്കുന്നത് തന്നെ. ഇതിൽ നിന്ന് ആരോടാണ് സർക്കാരിന് കൂറെന്നത് വ്യക്തമാണ്.

അനധികൃതമായി അഡ്മിഷൻ നടത്തിയ കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് മാനേജ്‌മെന്റുകളെ സംരക്ഷിക്കാൻ ഇടത് - വലത് വ്യത്യാസമില്ലാതെ വിദ്യാർത്ഥികളെ മറയാക്കി കഴിഞ്ഞ വർഷം നിയമസഭയിൽ നടത്തിയ ഓർഡിനൻസ് നാടകം നിയമസഭയെ തന്നെ കളങ്കപ്പെടുത്തുന്നതായിരുന്നു എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം. ഒടുവിൽ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തി ഓർഡിനൻസ് തള്ളുകയായിരുന്നു.

ഉള്ളത് വിറ്റിട്ടാണെങ്കിലും മെഡിക്കൽ വിദ്യാഭ്യാസം എന്ന സ്വപ്‌നത്തിനായി ഇറങ്ങിത്തിരിച്ച നിർധനരായ വിദ്യാർത്ഥികൾക്ക് മുന്നിൽ കോഴ്സ് കഴിയുന്നത് വരേക്കുള്ള ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന പുതിയ ഉത്തരവ് വിദ്യാർത്ഥികളെ തീർത്തും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുതിയ ഫീസ് ഘടന പ്രകാരം 25 ലക്ഷം രൂപവരെയുള്ള ബാങ്ക് ഗ്യാരണ്ടിയാണ് നൽകേണ്ടത്. ആരോഗ്യമന്ത്രി മാനേജ്മെന്റുകളുമായി ചർച്ച നടത്തുന്നു എന്ന് കേൾക്കുന്നത് തന്നെ ഇപ്പോൾ ആശങ്കയാണ് ഉളവാക്കുന്നത്. ഓരോ തവണ ചർച്ച കഴിയുമ്പോഴും മെഡിക്കൽ വിദ്യാഭ്യാസം സാധാരണക്കാരന് തീർത്തും അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണ്.

സ്വാശ്രയ രംഗത്ത് സാമൂഹിക നീതി ഉറപ്പ് വരുത്തുമെന്ന വലിയ അവകാശവാദങ്ങൾ നടത്തിയ ഇടത് സർക്കാറാണ് ചരിത്രത്തിൽ ഇത് വരേക്കും കാണാത്ത രീതിയിൽ സാമൂഹിക നീതിയെ അട്ടിമറിച്ചു കൊണ്ടിരിക്കുന്നത്. സ്വാശ്രയ രംഗത്ത് ഒരു കാര്യം പോലും ഇപ്പോൾ സർക്കാരിന്റെ നിയന്ത്രണത്തിലില്ല.

അഡ്മിഷൻ രംഗത്ത് നീറ്റിലൂടെ സുതാര്യത ഉറപ്പ് വരുത്തുന്നു എന്നത് സർക്കാരിന്റെ പ്രത്യേക നേട്ടമല്ല. ഫീസ് നിർണ്ണയത്തിൽ മുൻപില്ലാത്ത വിധം വരുത്തിയ ഭീമമായ വർദ്ധനവ് ചെറിയ രീതിയിൽ പോലും തടയിടാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ദാരിദ്ര രേഖക്ക് താഴെയുള്ള വിദ്യാർത്ഥികൾക്കായി പ്രഖ്യാപിച്ച സ്കോളർഷിപ്പ് പദ്ധതി ആകെ തകിടം മറിച്ചു. ഈ വർഷം മുതൽ മെറിറ്റ് സീറ്റിന്റെ 15% ഇതര സംസ്‌ഥാന വിദ്യാർത്ഥികൾക്കായി മാറ്റിവെക്കേണ്ടി വന്നു.

പുതുതായി ഇറക്കിയ ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന ഉത്തരവ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നു. മറുഭാഗത്ത് ബിൽ, ഓർഡിനൻസ്, ഫീസ് നിർണ്ണയ കമ്മിറ്റി, പ്രവേശന മേൽനോട്ട സമിതി എന്നിങ്ങനെയുള്ള വളരെ സാങ്കേതികമായ അവകാശവാദങ്ങൾ സർക്കാർ ഉന്നയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

യഥാർത്ഥത്തിൽ സാമൂഹിക നീതിയെ പൂർണ്ണമായും അട്ടിമറിച്ചുകൊണ്ടുള്ള കച്ചവടവും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ വരേണ്യവത്കരണവുമാണ് ഇടതുപക്ഷ സർക്കാറും മാനേജ്മെന്റുകളും ചേർന്ന കൂട്ടുകച്ചവടത്തിലൂടെ സ്വാശ്രയ മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.

(ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയംഗമാണ് ലേഖകന്‍)

TAGS :

Next Story