Quantcast

ത്രികോണ മത്സരത്തിനൊരുങ്ങി ആം ആദ്മിയുടെ ഡല്‍ഹി

അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തില്‍ 2015-ല്‍ മൃഗീയ ഭൂരിപക്ഷത്തോടെ എ.എ.പി അധികാരത്തില്‍ വന്നു. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ആത്മവിശ്വാസത്തോടെയാണ് ആ സര്‍ക്കാര്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

MediaOne Logo

  • Published:

    31 Jan 2020 6:22 AM GMT

ത്രികോണ മത്സരത്തിനൊരുങ്ങി ആം ആദ്മിയുടെ ഡല്‍ഹി
X

അരവിന്ദ് കെജ്‌രിവാള്‍

ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയുടെ രാഷ്ട്രീയ കാലാവസ്ഥയും വര്‍ത്തമാന സാഹചര്യങ്ങളും വിലയിരുത്തുന്ന പരമ്പര

ഭാഗം ഒന്ന്

രാജ്യത്തിന്‍റെ ദേശീയ തലസ്ഥാന പ്രദേശമുള്‍പ്പെടുന്ന ഡല്‍ഹി സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ മറ്റാരും മുന്നോട്ടുവെക്കാത്ത തനത് പ്രവര്‍ത്തനശൈലിയുമായി 2012-ല്‍ രംഗപ്രവേശം ചെയ്ത ആംആദ്മി പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തെ ഭരണകാലാവധി പൂര്‍ത്തിയാക്കിയശേഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു. കലുഷിതമായ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ നടക്കുന്ന ഈ ജനവിധിക്ക് ഏറെ രാഷ്ട്രീയപ്രാധാന്യമാണുള്ളത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മുന്നണിക്കെതിരെ അതിശക്തമായ നിലപാടെടുത്ത എ.എ.പി സര്‍ക്കാരിനെ ഏതുവിധേനയും താഴത്തിറക്കാന്‍ അരയും തലയും മുറുക്കി ബി.ജെ.പി രംഗത്തുണ്ട്. ബി.ജെ.പിയെയും എ.എ.പിയെയും ഒരുപോലെ എതിര്‍ക്കുന്നുവെന്നവകാശപ്പെട്ട് കോണ്‍ഗ്രസും. അതുകൊണ്ടുതന്നെ ശക്തമായ ത്രികോണ മത്സരത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

എഡ്വിന്‍ ലുട്ടെന്‍സ് എന്ന ബ്രിട്ടീഷ് ആര്‍ക്കിടെക്ട് രൂപംകൊടുത്ത ഡല്‍ഹി

ചരിത്രത്തിലെ ഡല്‍ഹി

എഡ്വിന്‍ ലുട്ടെന്‍സ് എന്ന ബ്രിട്ടീഷ് ആര്‍ക്കിടെക്ട് രൂപംകൊടുത്ത ഡല്‍ഹിയെ രാജ്യതലസ്ഥാനമായി തെരഞ്ഞെടുത്തത് 1911-ലായിരുന്നു. ബ്രിട്ടീഷുകാര്‍ രാജ്യം കയ്യടക്കിവെച്ച ആദ്യകാലത്ത് തലസ്ഥാന നഗരം കല്‍ക്കത്ത (ഇന്നത്തെ കൊല്‍ക്കത്ത) യായിരുന്നു. ഭരണസൗകര്യത്തിനായി പിന്നീടത് ഡല്‍ഹിയിലേക്ക് മാറ്റുകയുണ്ടായത്. 1920-ലാണ് ഒരു പുതിയ നഗരമായി ന്യൂഡല്‍ഹി രൂപകല്‍പ്പന ചെയ്തത്.

1991-ലെ 69-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഡല്‍ഹിക്ക് ദേശീയ തലസ്ഥാന പ്രദേശമെന്ന പദവി ലഭിച്ചത്. 1966-ലാണ് ഡല്‍ഹി മെട്രോ പൊളിറ്റന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. പിന്നീട് 1996-ല്‍ ഡല്‍ഹിയെ ദേശീയ തലസ്ഥാന പ്രദേശ (National Capital Territory) മായി പ്രഖ്യാപിച്ചു. 1993 നവംബറിലാണ് ഡല്‍ഹിയില്‍ ആദ്യ അസംബ്ലി തെരഞ്ഞെടുപ്പ് നടന്നത്. അന്ന് വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു.

ജനവിഭാഗം, ഭരണസംവിധാനം

ന്യൂഡല്‍ഹി, ഡല്‍ഹി, ഡല്‍ഹി കന്‍റോണ്‍മെന്‍റ് എന്നിങ്ങനെ മൂന്ന് നഗരപ്രദേശങ്ങള്‍ക്കൊപ്പം ഏതാനും ഗ്രാമപ്രദേശങ്ങള്‍ കൂടി ചേര്‍ന്നതാണ് ഡല്‍ഹി സംസ്ഥാനം. സമീപ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രാജസ്ഥാനിലെയും ഏതാനും പ്രദേശങ്ങളും കൂടി ഈ സംസ്ഥാനത്ത് ഉള്‍പ്പെട്ടിരിക്കുന്നു. ഈ നഗരങ്ങള്‍ ഡല്‍ഹിയുടെ ഉപഗ്രഹ നഗരങ്ങള്‍ എന്നപേരിലാണറിയപ്പെടുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കേന്ദ്ര തലസ്ഥാനമായതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമായ പതിനായിരക്കണക്കിനാളുകള്‍ ഡല്‍ഹിയിലേക്ക് ചേക്കേറുകയായിരുന്നു.

ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. 2011-ലെ സെന്‍സസ് പ്രകാരം ഡല്‍ഹിയിലെ ജനസംഖ്യ 1,67,87,941. പത്തുവര്‍ഷത്തിനിപ്പുറം മറ്റൊരു സെന്‍സസിന്‍റെ പടിവാതിലിലെത്തിനില്‍ക്കുമ്പോള്‍ ഡല്‍ഹിയിലെ ജനസംഖ്യ ഏതാണ്ട് ഒരു കോടി 77 ലക്ഷത്തിലെത്തിനില്‍ക്കുകയാണെന്ന് കണക്കാക്കപ്പെടുന്നു.

ആകെ പതിനൊന്ന് ജില്ലകളാണുള്ളത്. സെന്‍ട്രല്‍, നോര്‍ത്ത്, സൗത്ത്, ഈസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ്, വെസ്റ്റ്, ശാഹ്ദര, സൗത്ത് ഈസ്റ്റ്, ന്യൂഡല്‍ഹി എന്നിവയാണവ. മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ മൂന്നെണ്ണം - ഡല്‍ഹി, ന്യൂഡല്‍ഹി, ഡല്‍ഹി കന്‍റോണ്‍മെന്‍റ് എന്നിവ. 33 സബ്ഡിവിഷനുകളാണുള്ളത്.

സംസ്ഥാനത്തിന്‍റെ ആകെ വിസ്തൃതി 1,483 ച.കി.മീ. വര്‍ധിച്ച ജനസാന്ദ്രതയാണിവിടുത്തേത് - ച.കി.മീറ്ററിന് 11,320 ജനങ്ങള്‍. സംസ്ഥാനത്തിന്‍റെ സാക്ഷരതാ നിരക്ക് 86.21 ശതമാനമാണ്. ആണ്‍-പെണ്‍ അനുപാതം 1000/868.

ആളോഹരി വരുമാനം ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ഡല്‍ഹിയാണ്. ദേശീയ ശരാശരിയുടെ ഏതാണ്ട് മൂന്ന് മടങ്ങാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 3,28,985-ല്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ആളോഹരി വരുമാനത്തില്‍ ശരാശരി 10-11 ശതമാനത്തോളം തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജനങ്ങളില്‍ മതപരമായ വേര്‍തിരിവ് ഇപ്രകാരമാണ്. ഹിന്ദു (82%), മുസ്ലിം (11.7%), സിഖ് (4.0%), ജൈനര്‍ (1.1%), ക്രൈസ്തവര്‍ (0.9%).

ഈ വര്‍ഷം പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം ആകെ വോട്ടര്‍മാര്‍ 1,47,86,382. പുരുഷന്മാര്‍ - 81,05,236. സ്ത്രീകള്‍ - 66,80,277. ട്രാന്‍സ്‌ജെന്‍ഡറുകള്‍ - 869.

തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജനകീയ സര്‍ക്കാരാണ് സംസ്ഥാനത്തിന്‍റെ ഭരണം കയ്യാളുന്നതെങ്കിലും ക്രമസമാധാനം, സുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കേന്ദ്ര ആഭ്യന്തര വകുപ്പാണ് കൈകാര്യം ചെയ്തുവരുന്നത്. ഈ കാര്യത്തില്‍ ഡല്‍ഹി ഭരണാധികാരികളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പലപ്പോഴായി ഏറ്റുമുട്ടലുകളുണ്ടായത് ഇതിനാലാണ്. മറ്റു കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി ഡല്‍ഹിക്ക് പ്രത്യേകമായി നിയമസഭയും ലഫ്റ്റനന്‍റ് ഗവര്‍ണറും മന്ത്രിമാരും മുഖ്യമന്ത്രിയും ഉണ്ട്. വാജ്‌പേയ് സര്‍ക്കാരിനു കീഴില്‍ ആഭ്യന്തര സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന മുന്‍ ഐഎഎസുകാരന്‍ അനില്‍ ബൈജാലാണ് ഇപ്പോഴത്തെ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍.

ഡല്‍ഹി നിയമസഭയില്‍ ആകെ 70 സീറ്റുകളാണുള്ളത്. ലോക്‌സഭാ മണ്ഡലങ്ങള്‍ ഏഴ്. രാജ്യസഭാ മണ്ഡലങ്ങള്‍ മൂന്ന്.

1951-ല്‍ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഡല്‍ഹിയില്‍ ഭരണത്തിലിരുന്നത്. കോണ്‍ഗ്രസിന്‍റെ ആധിപത്യത്തിന് അന്ത്യം വന്നത് 1993 ലാണ്. അന്ന് ബി.ജെ.പി ഇതാദ്യമായി ഡല്‍ഹിയില്‍ ഭരണത്തിലെത്തി. തുടര്‍ന്ന് 1998 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. പിന്നീട് 2003 ലും 2008 ലും കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തി. 2012-ഓടെയാണ് ആംആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശം. 2013-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ ആംആദ്മി പാര്‍ട്ടി അധികാരം പിടിച്ചു. 49 ദിവസം മാത്രം നീണ്ടുനിന്ന എ.എ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്നുനിന്നതോടെ ആ സര്‍ക്കാരിന് അന്ത്യമായി.

വ്യത്യസ്തമായ രാഷ്ട്രീയ പ്രവര്‍ത്തനശൈലികളുമായി രംഗത്തുവന്ന അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തില്‍ 2015-ല്‍ മൃഗീയ ഭൂരിപക്ഷത്തോടെ എ.എ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ആത്മവിശ്വാസത്തോടെയാണ് ആ സര്‍ക്കാര്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

TAGS :

Next Story