Quantcast

ന്യൂസിലാന്റ് വെടിവെപ്പ്: ഓർമകൾക്ക് ഒരാണ്ട്

2019 മാർച്ച് പതിനഞ്ചിന് ഒരു വെള്ളിയാഴ്ചയായിരുന്നു ബ്രെണ്ടൻ ഹാരിസൺ ടെറന്റ് എന്ന് പേരുള്ള വെള്ള വംശീയ ഭീകരൻ ഈ കടും കൃത്യം ചെയ്തത്.

MediaOne Logo

  • Published:

    15 March 2020 2:51 AM GMT

ന്യൂസിലാന്റ് വെടിവെപ്പ്: ഓർമകൾക്ക് ഒരാണ്ട്
X

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിലുള്ള അൽ നൂർ മസ്ജിദിലും ലിൻ വുഡ് ഇസ്ലാമിക് സെന്ററിലും ഇരച്ചു കയറി പ്രാർഥനാ നിരതരായിരുന്ന അമ്പത്തൊന്ന് പേരെ വെടിവെച്ച് കൊന്ന സംഭവത്തിന് ഇന്ന് ഒരു വയസ്സ്. 2019 മാർച്ച് പതിനഞ്ചിന് ഒരു വെള്ളിയാഴ്ചയായിരുന്നു ബ്രെണ്ടൻ ഹാരിസൺ ടെറന്റ് എന്ന് പേരുള്ള വെള്ള വംശീയ ഭീകരൻ ഈ കടും കൃത്യം ചെയ്തത്. സംഭവത്തിൽ അമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല നടത്തുന്നത് തന്റെ തോക്കിൽ ഘടിപ്പിച്ച കാമറയിലൂടെ സാമൂഹിക മാധ്യമങ്ങളിൽ ലൈവായി കാണിക്കുകയും ചെയ്തു. വെള്ള വംശീയ മേധാവിത്വത്തിൽ വിശ്വസിക്കുന്ന ഇയാൾ മുസ്‍ലിംകളോട് കടുത്ത വിദ്വേഷം വെച്ചു പുലർത്തിയിരുന്നു. 'മഹാ പുനസ്ഥാപനം' എന്ന പേരിൽ എൺപത്തിനാല് പേജു വരുന്ന ഒരു വംശീയ മാനിഫെസ്റ്റോയും ഇയാൾ പുറത്ത് വിട്ടിരുന്നു.

" ഞാൻ നരകത്തിന്റെ ദൈവമാകുന്നു". അൽ നൂർ പള്ളിയിൽ വെടിയുതിർത്ത ശേഷം അടുത്ത പള്ളിയിലേക്ക് കുതിക്കുമ്പോൾ കൊലയാളി ആസ്വദിച്ചു കൊണ്ടിരുന്ന പാട്ടിലെ വരികളാണത്. വിഭ്രാന്തി ഗായകനായ ആർതർ ബ്രൗണിന്റെ 'ഫയർ' എന്ന ആൽബത്തിലെ വരികൾ.

രാജ്യത്തിന്റെ 'The Blackest Day' എന്നാണാ ദിവസത്തെ ന്യൂസിലാൻഡ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പക്ഷെ ആ ദിനത്തിന്റെത് വെറും കറുത്ത ഓർമകളല്ല. ആ കൊലയാളി അകത്തേക്ക് വരുമ്പോൾ " ഹലോ ബ്രദർ" എന്ന് വിളിച്ച് സ്വാഗതം ചെയ്ത ഒരു മനുഷ്യൻ പള്ളി വാതിൽക്കലുണ്ടായിരുന്നു.‌ ഹാതി മുഹമ്മദ് ദാവൂദ് നബി എന്നാണദ്ദേഹത്തിന്റെ പേർ. അദ്ദേഹത്തിന്റെ ജീവൻ കൊലയാളി കവർന്നെടുത്തു. പക്ഷെ അദ്ദേഹം മൊഴിഞ്ഞ സ്വാഗത വാക്കുകൾ പിന്നീട് ലോകം നെഞ്ചിലേറ്റി. രാജ്യത്തിനേറ്റ ആഴമേറിയ മുറിവുകൾക്കൊപ്പം ന്യൂസിലാൻഡിൽ സ്നേഹപ്പൂക്കളുടെ വസന്തം വിരിഞ്ഞു. മരിച്ചവർക്ക് വേണ്ടി അവർ കണ്ണീരണിഞ്ഞു.അവരുടെ സംഗീതങ്ങളിൽ സങ്കടം നിറഞ്ഞു. അപാരമായ സ്നേഹ വായ്പ്പോടെ ന്യൂസിലാൻഡ് ജനത ആക്രമണത്തിനിരയായ മുസ്‍‍ലിം സമൂഹത്തെ ചേർത്ത് പിടിച്ചു.

ജസിന്ത ആഡൺ

അവരുടെ പ്രധാനമന്ത്രി ജസിന്ത ആഡൺ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. സ്വന്തം ജനതയോട് ചേർന്ന് നിന്നുകൊണ്ടവർ പ്രഖ്യാപിച്ചു " They are us" - അവർ നമ്മൾ തന്നെയാണ്. ആ മാസ്മരിക വാക്കുകൾ മൊഴിഞ്ഞ മുപ്പത്തെട്ട് കാരിയായ മെലിഞ്ഞ സ്ത്രീ തന്റെ അൽഭുതകരമായ നേതൃപാടവം കൊണ്ട് പിന്നീട് ലോകത്തെ കയ്യിലെടുക്കുന്നതാണ് നമ്മൾ കണ്ടത്. സമാശ്വസിപ്പിക്കലിന്റെയും ചേർത്തു പിടിക്കലിന്റെ പുതിയൊരു മാതൃക ലോകത്തിനവർ കാണിച്ചു കൊടുത്തു.

തലയിൽ ഐക്യദാർഡ്യത്തിന്റെ സ്കാഫണിഞ്ഞ് കൊണ്ട് അവർ മുസ്‍‍ലിം പള്ളികൾ സന്ദർശിച്ചു. വേദനിക്കുന്ന മനുഷ്യരെ ആശ്ലേഷിച്ച് കണ്ണീരൊപ്പി.

സംഭവം കഴിഞ്ഞ് മൂന്നാം ദിവസം നടന്ന അവരുടെ പാർലമെന്റിന്റെ സമാരംഭം തന്നെ ഖുർആൻ പാരായണത്തോടെയായിരുന്നു. അന്ന് ജസിന്ത ആഡൺ നടത്തിയ വികാര നിർഭരമായ പ്രഭാഷണം ' അസ്സലാമു അലൈകും വറഹ്മതുല്ലാഹ്' എന്ന ഇസ്‍ലാമിക അഭിവാദ്യം കൊണ്ടാണ് തുടങ്ങിയതും അവസാനിച്ചതും. നടന്നത് ഭീകരാക്രമണമാണെന്നവർ ഉറക്കെ പറഞ്ഞു. ഭീകരതക്കും വംശീയതക്കുമെതിരെ ഉറച്ച നിലപാടെടുക്കുമെന്നവർ രാജ്യത്തിനുറപ്പ് നൽകി‌. ന്യൂസിലാന്റിലെ ആയുധ നിയമങ്ങൾ ഇനി മാറുമെന്നവർ പ്രഖ്യാപിച്ചത് അന്നാണ്. പിന്നീടത് മാറ്റുകയും ചെയ്തു. തുടർന്നുള്ള വെള്ളിയാഴ്ച നമസ്കാരത്തിനുള്ള ബാങ്ക് രാജ്യത്ത് ഔദ്യോഗികമായി പ്രക്ഷേപണം ചെയ്തു. ന്യൂസിലാന്റുകാർ പള്ളികൾക്ക് കാവൽ നിന്നു.‌ ഹഗ്ലി പാർക്കിലേക്ക് ആയിരക്കണക്കിന് ജനങ്ങൾ ഒഴുകിയെത്തി. ജസീന്ത ആഡൺ അടക്കമുള്ളവർ ജുമുഅ പ്രഭാഷണത്തിനും നമസ്കാരത്തിനും സാക്ഷികളായി.

സദസ്സിനെ കണ്ണീരിലാഴ്ത്തിയ തന്റെ പ്രഭാഷണത്തിൽ അന്ന് ആക്രമണത്തിന് ദൃക്‍സാക്ഷിയായ ഇമാം ഫൗദ പറഞ്ഞു "മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളോട് ഞാൻ പറയട്ടെ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം വെറുതെയാവില്ല തന്നെ. പ്രതീക്ഷയുടെ ഒരുപാട് വിത്തുകൾ അവർ അവരുടെ ചോര കൊണ്ട് നനച്ചിരിക്കുന്നു. ഐക്യത്തിന്റെയും ഇസ്‍ലാമിന്റെയും മനോഹാരിത, ലോകം അവരിലൂടെ ദർശിച്ചറിയും. ''ദൈവസരണിയില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരെന്ന് വിചാരിക്കരുത്. വാസ്തവത്തില്‍ അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുന്നവരാകുന്നു;(ഖുർആൻ)".

ആക്രമണത്തിന്റെ രണ്ടാമത്തെ വെള്ളിയാഴ്ച അവർ വീണ്ടും സംഗമിച്ചു. 59 രാഷ്ടങ്ങളുടെ പ്രതിനിധികൾ കൂടി ആ മഹാ സംഗമത്തിൽ അവരോടൊപ്പം ചേർന്നു.‌ ലോക പ്രശസ്ത പോപ് ഗായകൻ യൂസുഫ് ഇസ്‍ലാം തന്റെ വിഖ്യാതമായ Peace Train ഗാനം ആലപിച്ചു‌. ആ സദസ്സിനെ അഭിസംബോധന ചെയ്ത ജസിന്ത ആഡന്റെ വാക്കുകളിൽ ചിലതിങ്ങനെ:

"അസ്സലാമു അലൈകും (ദൈവത്തിൽ നിന്നുള്ള സമാധാനം നേരുന്നു)

വെറുപ്പിന്റെയും സംഘർഷത്തിന്റെയും മുഖത്ത് നിന്ന് കൊണ്ട് ഒരു സമുദായം ഉറക്കെ പറഞ്ഞ വാക്കുകളാഅത്. രോഷം പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും അവർക്കുണ്ടായിരുന്നു. എന്നിട്ടും നമുക്ക് വേണ്ടി ദുഖം പങ്കിടാനുള്ള വാതിലുകൾ അവർ മലർക്കെ തുറന്ന് വെക്കുകയായിരുന്നു.

ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചവരോട് പറയട്ടെ, ഞങ്ങൾക്ക് പലപ്പൊഴും നിങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു.

ഞങ്ങൾ ചിലപ്പോൾ പൂക്കൾ സമർപ്പിച്ചു. ഹാക്ക പ്രദർശിപ്പിച്ചു. സങ്കടപ്പാട്ടുകൾ പാടി. ചിലപ്പോൾ വെറുതെ നിങ്ങളെ കെട്ടിപ്പുണർന്നു.

ഞങ്ങൾ ഒന്നും മിണ്ടാനില്ലാതെ നിന്നപ്പോഴും നിങ്ങളെ ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. നിങ്ങളുടെ വാക്കുകൾ ഞങ്ങളെ വിനീതരാക്കി. ഞങ്ങളെ ഒരേ ചരടിൽ കോർത്തു നിർത്തി."

സ്വന്തം ജനതയെ വെടിവെക്കുവാനും അവരുടെ പൗരത്വം ചോദ്യം ചെയ്ത് ആട്ടിയോടിക്കുവാനും ആഹ്വാനം ചെയ്യുന്ന ഫാഷിസ്റ്റ് ഭരണാധികാരികളുടെ ഈ കെട്ട കാലത്ത് ജസീന്തയെ പോലെ, വന്നു ചേർന്നെത്തിയ ജനതയെ പോലും സ്വന്തം നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഭരണാധികാരികൾ പ്രചോദനവും പ്രതീക്ഷയും തന്നെയാണ്.

അവരുടെ വാക്കുകൾ കൊണ്ട് തന്നെ അവസാനിപ്പിക്കാം. സമകാലിക ഇന്ത്യയിൽ ആ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്.

"തങ്ങൾക്കും തങ്ങളുടെ കുടുംബങ്ങൾക്കും സ്വസ്ഥമായി ജീവിക്കാൻ ഇവിടെ അഭയം തേടിയവരായിരുന്നു അവർ.

അവരുടെ കഥകൾ ഇപ്പോൾ നമ്മുടെ സാമൂഹിക സ്മരണകളുടെ ഭാഗമായിരിക്കുന്നു. അവ എക്കാലത്തും നമ്മോടൊപ്പം ഉണ്ടായിരിക്കും. അവർ നമ്മൾ തന്നെയാണ്.

പക്ഷെ ആ ഓർമകൾക്കൊപ്പം ഒരുത്തരവാദിത്തം കൂടി നമ്മിൽ വന്ന് ചേരുന്നുണ്ട്. നമ്മളാഗ്രഹിച്ച ഒരു നാടായി മാറാനുള്ള ഉത്തരവാദിത്വം. എല്ലാവരെയും ആർദ്രമായി, അനുകമ്പാപൂർവം സ്വാഗതം ചെയ്യുന്ന ഒരു നാട്. ആ മൂല്യങ്ങളായിരിക്കണം നമ്മളെ പ്രതിനിധാനം ചെയ്യേണ്ടത്.

ഒട്ടും അനുഗുണമല്ലാത്ത സ്ഥലങ്ങളിലും ഏറ്റവും വൃത്തികെട്ട വൈറസുകൾക്ക് നിലയുറപ്പിക്കാനാവും. നമ്മളൊട്ടും സ്വാഗതം ചെയ്യുന്നില്ലെങ്കിലും തന്നെ വംശീയ ചിന്ത ഇവിടെ നില നിൽക്കുന്നുണ്ട്. നമുക്കിഷ്ടപ്പെട്ട മതവും വിശ്വാസവും ആചരിക്കാനുള്ള സ്വാതന്ത്ര്യത്തിനു മേൽ കൈവെക്കാൻ ആരെയും അനുവദിക്കില്ല. തീവ്ര ചിന്തകൾക്കും അക്രമ പ്രവർത്തനത്തിനും ഇവിടെ യാതൊരു ഇടവുമുണ്ടായിരിക്കില്ല."

TAGS :

Next Story