സൂക്ഷിക്കുക, ലോക്ക്ഡൗണിൽ കുട്ടികളുടെ മനോനില തെറ്റാം

ലോക്ക്‌ഡൌണിൽപെട്ട കുട്ടികൾ പുറത്തുപോയി കളിക്കാനോ അവരുടെ കൂട്ടുകാരെ കാണാനോ കഴിയാത്ത അവസ്ഥയിലാണ്. അതിന്റെ നിരാശയും അമർഷവും സമ്മർദവുമെല്ലാം കുട്ടികളുടെ ഉള്ളിലുണ്ടാകും.

MediaOne Logo

  • Updated:

    2020-04-08 12:08:22.0

Published:

8 April 2020 12:08 PM GMT

സൂക്ഷിക്കുക, ലോക്ക്ഡൗണിൽ കുട്ടികളുടെ മനോനില തെറ്റാം
X

കോവിഡ് മൂലം കലഹം പലവിധം: അഞ്ച്

ലോക്ക്ഡൗൺ തുടങ്ങിയ പിറ്റേ ദിവസമാണ് 12 വയസ്സുള്ള ആ ആൺകുട്ടിയിൽ ഛർദി കണ്ടുതുടങ്ങിയത്. പിന്നീട് ശരീര വേദനയുമായി. മൂന്ന് ദിവസം പിന്നിട്ടപ്പോൾ ഛർദി കൂടുതലായി. ഡോക്ടറെ കണ്ടു, മരുന്ന് തുടങ്ങി. കോവിഡ് രോഗഭീതിയുള്ളതിനാൽ രക്തപരിശോധനയടക്കം പ്രധാന ടെസ്റ്റുകളും നടത്തി. എന്നിട്ടും ഛർദിക്ക് മാത്രം കുറവില്ല. ഒപ്പം പെരുമാറ്റത്തിലും പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഭക്ഷണം കഴിക്കാതെയായി. അമ്മയെ അനുസരിക്കാതെയായി. അമ്മയോട് വൈരാഗ്യമുള്ളപോലെയായി പെരുമാറ്റം. രാത്രി പേടിച്ച് നിലവിളിക്കുന്നതും പതിവായി. ഡോക്ടർ വീണ്ടും പരിശോധിച്ചെങ്കിലും ശാരീരിക പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ല. മകന്റെ അവസ്ഥ കണ്ട് മാതാപിതാക്കളും ഭയചകിതരായി. അതിനാൽ ആ ഡോക്ടർ തന്നെയാണ് ഓൺലൈൻ കൺസൽട്ടേഷന് നിർബന്ധിച്ച് അവരെ അയക്കുന്നത്.

മൂന്നുമക്കളും അമ്മയും അച്ഛനും അടങ്ങുന്ന പാലക്കാട്ടെ ഒരു കുടുംബത്തിലെ മൂത്തമകനിലാണ് അസാധാരണമായ ഈ ഭാവമാറ്റമുണ്ടായത്. അച്ഛന് ജോലി കൊല്ലത്ത്. മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് അച്ഛൻ വീട്ടിലുണ്ടാകുക. ബാക്കി സമയം ജോലി സ്ഥലത്തും. വീട്ടിൽ അമ്മയാണ് മക്കളുടെ എല്ലാമെല്ലാം. മൂത്തമകനായാതിനാൽ ഈ മകന് അമ്മയോട് കൂടുതൽ അടുപ്പമുണ്ട്. വീട്ടിലെ എല്ലാ കാര്യങ്ങൾക്കും അമ്മയെ സഹായിക്കുന്ന കുട്ടി. എപ്പോഴും സന്തോഷവാനും ഉത്സാഹിയുമായി കാണപ്പെടുന്നയാള്. അവനാണ് പെട്ടെന്ന് ഈ മാറ്റമുണ്ടാകുന്നത്. രോഗലക്ഷണങ്ങളാകട്ടെ ദിനംപ്രതി കൂടിക്കൂടി വരികയും ചെയ്യുന്നു.

ലോക്ക്‌ഡൌൺ ആയതോടെ വീട്ടിൽ അച്ഛനും വീട്ടിലായി. അതുവരെ അമ്മയോടൊപ്പം സ്ഥിരമായി ഉറങ്ങിയിരുന്ന മകനെ അവർ മാറ്റിക്കിടത്താൻ തുടങ്ങി. അച്ഛനും അമ്മക്കും ഒപ്പം ഉറങ്ങണമെന്ന കുട്ടിയുടെ വാശിക്ക് ആ രക്ഷിതാക്കൾ വഴങ്ങിയില്ല. ഏത് വീട്ടിലും മുതിർന്ന കുട്ടികളെ മാറ്റിക്കിടത്തുന്നതുപോലെ അവരും അത് ചെയ്തു. എന്നാൽ ആദ്യ ദിവസം കുട്ടി അച്ഛന്റെയും അമ്മയുടെയും മുറിയുടെ മുന്നിൽ വന്നുകിടന്ന് കരഞ്ഞുതളർന്നുറങ്ങി. അവരത് അറിഞ്ഞില്ല. പിറ്റേന്നാണ് ഛർദിയും മറ്റും കണ്ടത്. കുട്ടികളുടെ ശീലങ്ങളിലും അവർ സുരക്ഷിതമെന്ന് കരുതുന്ന ജീവിത രീതികളിലും പെട്ടെന്നുണ്ടാകുന്ന മാറ്റം അവരിൽ വലിയ മാനസിക ആഘാതമുണ്ടാക്കും. സെപറേഷൻ ആങ്‌സൈറ്റി ഡിസോർഡർ എന്നാണ് ഇതിന് പറയുക. 4 ശതമാനം കുട്ടികളിലും 1.6 ശതമാനം മുതിർന്നവരിലും ഇതുണ്ടാകാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ കുട്ടിക്കും സംഭവിച്ചത് അതുതന്നെയാണ്. അമ്മ, തന്നെ കൈവിട്ടു എന്ന തോന്നൽ അരക്ഷിത ബോധമായി വളരുകയായിരുന്നു. അച്ഛനും അമ്മക്കും അവരുടെ കുടുംബ ജീവിതത്തിന് ആവശ്യമായ ക്വാളിറ്റി ടൈം അനിവാര്യമാണ്. എന്നാൽ അത് മക്കളുടെ മാനസിക നലയെ ബാധിക്കാത്ത തരത്തിൽ ക്രമീകരിക്കാൻ കഴിയണം. ലോക്ക്ഡൗൺ, കുടുംബങ്ങൾക്കകത്തെ ജീവിതക്രമത്തെയും ശീലങ്ങളെയും കുടുംബാംഗങ്ങൾ തമ്മിലെ പെരുമാറ്റ രീതികളെയുമെല്ലാം വലിയതോതിൽ മാറ്റിമറിക്കും. അത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കൈവിട്ടുപോകും.

സെപറേഷൻ ആങ്‌സൈറ്റി ഡിസോർഡർ ഉള്ളവർക്ക് ടോക് തെറാപ്പി, ബിഹേവിയറൽ തെറാപ്പി തുടങ്ങി വിവിധ ചികികിത്സാ രീതികൾ ലഭ്യമാണ്. എന്നാൽ ലോക്ക്‌ഡൌൺ ആയതിനാൽ ഇത്തരം ചികിത്സകൾ ലഭിക്കുക പ്രയാസകരാകും. അതേസമയം തന്നെ കുട്ടികളിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ രക്ഷിതാക്കൾക്ക് തന്നെ ഫലപ്രദമായി കൈകാര്യം ചെയ്യാനാകും. കുട്ടികളുടെ ശീലങ്ങളിൽ മാറ്റം വരുത്തുമ്പോൾ അതിന് അവരെ മാനസികമായി തയാറാക്കുക എന്നതാണ് അതിൽ പ്രധാനം. ഉദാഹരണത്തിന് പ്രത്യേക മുറിയിലേക്ക് മാറ്റിക്കിടത്താനാണ് ആലോചിക്കുന്നത് എങ്കിൽ അവരെക്കൂടെ ഒപ്പംകൂട്ടി മുറിയൊരുക്കാം. കുട്ടികളുടെ കളിപ്പാട്ടങ്ങളും അവരുടെ സാധന സാമഗ്രികളും എല്ലാം ആ മുറിയിൽ സെറ്റ് ചെയ്യാം. ഇങ്ങനെ അവരെ ആ മാറ്റത്തിന് മാനസികമായി പ്രാപ്തരാക്കാനാകും. വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താം. ലോക്ക്‌ഡൌണിൽപെട്ട കുട്ടികൾ പുറത്തുപോയി കളിക്കാനോ അവരുടെ കൂട്ടുകാരെ കാണാനോ കഴിയാത്ത അവസ്ഥയിലാണ്. അതിന്റെ നിരാശയും അമർഷവും സമ്മർദവുമെല്ലാം കുട്ടികളുടെ ഉള്ളിലുണ്ടാകും. അവർക്ക് ഈ സമയത്ത് ഏക ആശ്രയം മാതാപിതാക്കളാണെന്ന് ഓരോ നിമിഷവും രക്ഷിതാക്കൾക്ക് ഓർമവേണം.

ये भी पà¥�ें- കരുതലോടെ നിൽക്കണം, ഐസൊലേഷനിൽ മനോനില തെറ്റുന്നവരോടൊപ്പം

ये भी पà¥�ें- ലോക്ക്ഡൗൺ തീരാതിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നവർ

Next Story