Quantcast

ഇടത് മധ്യസ്ഥതയിൽ സ്ഥാപിതമാവുന്ന സവർണാധിപത്യം

പഞ്ചായത്തിൽ അത് രണ്ടര ഏക്കറും മുനിസിപ്പാലിറ്റിയിൽ 75 സെന്‍റും കോർപ്പറേഷനിൽ 50 സെൻ്റും വരെയുള്ളവരാണ് സവർണദരിദ്രൻ. അതായത് കൊച്ചിയിലും കോഴിക്കോട്ടുമൊക്കെ 50 സെൻ്റ് സ്ഥലമുള്ള ദരിദ്രൻ!

MediaOne Logo

  • Published:

    26 Oct 2020 3:28 PM GMT

ഇടത് മധ്യസ്ഥതയിൽ സ്ഥാപിതമാവുന്ന സവർണാധിപത്യം
X

സവർണ സംവരണ വിഷയത്തിൽ മുന്നോട്ട് പോകാൻ തന്നെയാണ് ഇടത് സർക്കാർ തീരുമാനം. ഉന്നയിക്കപ്പെട്ട ഗൗരവമാർന്ന പരാതികളെയൊക്കെയവഗണിച്ച് ഉദ്യോഗരംഗത്ത് കൂടി സവർണ സംവരണം നടപ്പിലാക്കാൻ ചട്ടഭേദഗതിക്ക് അംഗീകാരം നൽകിക്കഴിഞ്ഞു.

സാമൂഹ്യരംഗത്ത് വ്യവസ്ഥാപിത രീതിയിൽ വിവേചനം നിലനിന്നിരുന്ന ഇന്ത്യൻ സമൂഹത്തിൽ സാമൂഹ്യനീതി തിരിച്ചുപിടിക്കാൻ നടത്തിയ നിരവധി സമരങ്ങൾക്കൊടുവിൽ നാം സ്ഥാപിച്ചെടുത്തതാണ് സംവരണം. സഹസ്രാബ്ദങ്ങളായി കൈകാര്യ കർതൃത്വത്തിൽ നിന്ന് തങ്ങൾ തീണ്ടാപ്പാടകലെ നിർത്തിയിരുന്ന വിഭാഗങ്ങൾ ഉദ്യോഗ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നു വരുന്നത് തടയാൻ ന്യൂനപക്ഷം വരുന്ന സവർണ ശക്തികൾ തങ്ങളാലാവും വിധമൊക്കെ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. സംവരണം വഴിയുള്ള പിന്നാക്ക വിഭാഗങ്ങളുടെ കടന്നുവരവ് വിദ്യാഭ്യാസ തൊഴിൽ മേഖലയുടെ ഗുണമേൻമ തകർക്കുമെന്നും ജാതിക്ക് പകരം സാമ്പത്തിക പിന്നാക്കാവസ്ഥയായിരിക്കണം സംവരണത്തിൻ്റെ മാനദണ്ഡമാക്കേണ്ടതെന്നും ഇക്കൂട്ടർ വാദിച്ചു വന്നു. പക്ഷേ, ജാതി വിരുദ്ധ സമരങ്ങളിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, വിശേഷിച്ചും കേരളം, നേടിയെടുത്തു എന്ന് നാം അഭിമാനിച്ചിരുന്ന നവോത്ഥാന മൂല്യങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ ജാതീയ മുൻവിധികൾ പരസ്യമായി പ്രകടിപ്പിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല ജാതി ശക്തികൾ. അതിനാൽ അവരുടെ മുറുമുറുപ്പുകൾക്കിടയിലും, പിന്നാക്കാവസ്ഥയക്ക് കാരണമായ ജാതി എന്ന ഘടകം തന്നെയാകണം അവരെ മുന്നോട്ട് കൊണ്ടുവരുവാനുള്ള സംവരണത്തിൻ്റെ അടിസ്ഥാനം എന്ന് തീരുമാനിച്ച് ജാതിസംവരണം എന്ന ആശയമുയർത്തിപ്പിടിച്ച് മുന്നോട്ടു പോവുകയാണ് നാം ചെയ്തത്.

ജാതിക്കളികളെ മറികടന്ന സംവരണം

എന്നാൽ അടങ്ങിയിരിക്കുന്നതിന് പകരം ലഭ്യമായ ഓരോ ഘട്ടത്തിലും സംവരണം വഴി നേടാവുന്ന സാമൂഹ്യനീതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ മറവിൽ ഒളിച്ചിരുന്ന സവർണ ജാതി ശക്തികൾ തുടർന്നു കൊണ്ടേയിരുന്നു എന്നതാണ് അനുഭവം. പൗരജനങ്ങൾക്കിടയിലെ വിവേചനം തടയുന്ന ഭരണഘടനയുടെ പതിനഞ്ചാം വകുപ്പ് ഉയർത്തിക്കാട്ടി സംവരണം തടയാൻ തുടക്കത്തിൽ നടത്തിയ ശ്രമങ്ങളെ ചെറുക്കാനാണ് 1951ലെ ഒന്നാം ഭരണഘടനാ ഭേദഗതി തന്നെയുണ്ടാകുന്നത്. ചമ്പകം ദൊരൈരാജൻ കേസിൽ മദ്രാസ് ഹൈക്കോടതി വിധിയെ തുടർന്നുണ്ടായ പശ്ചാത്തലമായിരുന്നു സാഹചര്യം. രാജ്യത്തെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ നിർണയിക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കാനായി 1979ൽ നിയമിക്കപ്പെട്ട ബി.പി മണ്ഡലിൻ്റെ കമ്മീഷൻ 1983ൽ റിപ്പോർട്ട് സമർപ്പിച്ചു.

ഇന്ത്യൻ ജനസംഖ്യയുടെ 52 ശതമാനവും പിന്നാക്ക വിഭാഗങ്ങളാണെന്നും അവർക്ക് 27% എങ്കിലും സംവരണം വേണമെന്നും നിർദേശിച്ച കമ്മീഷൻ ഇന്ത്യയൊട്ടുക്കുള്ള 3743 ജാതികളെ വേർതിരിച്ച് മറ്റു പിന്നാക്ക വിഭാഗ (ഒ. ബി.സി) പട്ടികയും കൂടുതൽ പിന്നാക്കം നിൽക്കുന്ന 2108 ജാതികളുടെ മറ്റൊരു പട്ടികയും തയ്യാറാക്കി നൽകി. എന്നാൽ 1990ൽ വി.പി.സിംഗ് നടപ്പിലാക്കാൻ തീരുമാനിക്കുന്നത് വരെ ഈ റിപ്പോർട്ടിൽ ഒരു നടപടിയുമുണ്ടാക്കാതിരിക്കാൻ സവർണരുടെ അധികാര ബലത്തിന് കഴിഞ്ഞു. എന്നാൽ സംവരണ വിരുദ്ധ സമരങ്ങൾക്കും നിരവധി നിയമ പോരാട്ടങ്ങൾക്കുമൊടുവിൽ 1992ലെ ഇന്ദിരാ സാഹ്നി കേസ് വിധിക്ക് വിധേയമായി സർക്കാർ സർവീസിൽ പിന്നാക്ക സംവരണം നടപ്പാക്കി. സംവരണത്തിന് സാമ്പത്തിക മാനദണ്ഡം നിർണയിച്ച ക്രീമിലേയർ, പ്രമോഷന്‍ സംവരണമില്ലെന്ന തീരുമാനം, മൊത്തം സംവരണത്തിൻ്റെ പരിധി 50 ശതമാനത്തിൽ നിജപ്പെടുത്തൽ എന്നിവയായിരുന്നു വിധിയിലെ പ്രധാന തീരുമാനങ്ങൾ. സംവരണ വിരുദ്ധ സവർണരെ തണുപ്പിക്കാനായി നരസിംഹ റാവു സർക്കാർ ഉൾപ്പെടുത്തിയിരുന്ന 10% ദരിദ്ര മുന്നാക്ക സംവരണം സുപ്രീം കോടതി ഈ വിധിയിലൂടെ തള്ളിക്കളഞ്ഞു.

എന്നാൽ ഉദ്യോഗരംഗത്ത് സംവരണ ഫലം അനുഭവിക്കാൻ ആവശ്യമായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്നാക്ക സംവരണം പിന്നീട് ഏറെക്കാലത്തിന് ശേഷം 2006ൽ അർജുൻ സിംഗ് മാനവവിഭവശേഷി വികസന മന്ത്രിയായ കാലത്ത് മാത്രമാണ് നടപ്പിലാവുന്നത് - മണ്ഡൽ റിപ്പോർട്ട് സമർപ്പണത്തിൻ്റെ 23 കൊല്ലത്തിന് ശേഷം. ഈ 27% പിന്നാക്ക സംവരണത്തിനായി തൊണ്ണൂറ്റി മൂന്നാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നപ്പോൾ തകരുന്ന മെറിറ്റിനെ ചൂണ്ടിക്കാട്ടി സവർണ വിദ്യാർഥികൾ യൂത്ത് ഫോർ ഇക്വാലിറ്റി എന്ന പേരിൽ പ്രക്ഷോഭം നടത്തി. അങ്ങനെ സംവരണ ക്വാട്ടയിലേക്ക് മാറുന്ന അത്രയും സീറ്റുകൾ ജനറൽ കാറ്റഗറിയിൽ പകരം വരുന്നു എന്ന് ഉറപ്പു വരുത്തി.

ഉദ്യോഗങ്ങളിലെ സവർണ മേൽക്കോയ്മ നിലനിർത്താൻ പാകത്തിൽ, മെറിറ്റിൽ വരുന്ന സംവരണ വിഭാഗങ്ങളെ അവിടെ തന്നെ തളച്ചിടാൻ പാകത്തിലുള്ള റൊട്ടേഷൻ ക്രമങ്ങളും അതുവഴിയുണ്ടായ ഇതുവരെയും നികത്തപ്പെടാത്ത ബാക്ക് ലോഗുമൊക്കെ ഇത്തരം സംവരണ വിരുദ്ധ ജാതിക്കളികളുടെ പ്രധാന ഭാഗമാണ്.

നൂറ്റിമൂന്നാം ഭേദഗതി എന്ന കാർപെറ്റ് ബോംബ്

ഇപ്രകാരം നിരവധി പരിമിതികളോടെ വേച്ച് നടന്നിരുന്ന സംവരണമെന്ന സാമൂഹ്യനീതി സംവിധാനത്തെ അടിയോടെ തകർത്ത് കളയുന്ന കാർപറ്റ് ബോംബായാണ് 2019 ജനുവരിയിൽ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി വഴി നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന സവർണ സംവരണം വരുന്നത്. അഞ്ച് വർഷത്തെ മോദി ഭരണം സവർണ ഹിന്ദുത്വത്തിന് അനുകൂലമായി സൃഷ്ടിച്ച രാഷ്ട്രീയ സാഹചര്യത്തിന്‍റെ ബലത്തിൽ ഒറ്റപ്പെട്ട എതിർപ്പുകൾ മാത്രമാണ് അതിനെതിരിൽ ഉയർന്നത്. ഉന്നത ജാതി പ്രിവിലേജുകളെ സംരക്ഷിക്കുന്ന കാര്യത്തിൽ എത്ര ഒത്തൊരുമയാണ് രാജ്യത്തെ മുഖ്യധാരാ രാഷട്രീയ പാർട്ടികൾ കാണിക്കുക എന്നതിന്‍റെ തെളിവായി ഈ നിയമം. എണ്ണത്തിൽ കുറവാണെങ്കിലും മുവായിരം കൊല്ലത്തെ ജാതി വ്യവസ്ഥ സവർണ ഹിന്ദുത്വത്തിന് പതിച്ച് നൽകിയ പ്രിവിലേജുകളെ താലോലിക്കുന്നതാണ് സവർണരുടെയും അവരോട് വിധേയത്വം പുലർത്തുന്ന പിന്നാക്കരുടെയും വോട്ട് നേടാനുള്ള എളുപ്പവഴി എന്ന് കണ്ട കോൺഗ്രസും ഇടതുപക്ഷവും ഒരു പ്രതിപക്ഷ ശബ്ദം പോലുമുയർത്തിയില്ല. ഇതിന്റെ തുടർച്ചയെന്നോണം, നേരത്തെ തന്നെ സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിച്ച് കൊണ്ടിരുന്ന സി.പി.എം വർധിതാവേശത്തോടെ സവർണ സംവരണം നടപ്പിലാക്കുന്നതിൻ്റെ കാഴ്ചകൾ കേരളീയ സമൂഹം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

അധികാര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭീമമായ ഭാഗവും ജാതിപ്രിവിലേജുകളുടെയോ കൊളോണിയൽ ദാസ്യത്തിന്‍റെയോ ഗുണഫലമെന്നോണം നേരത്തെ തന്നെ കൈയടക്കി വെച്ചിരിക്കുന്ന വിഭാഗങ്ങൾ പരിമിതമായ സാമൂഹ്യ വിഭവങ്ങൾ കൊള്ളയടിക്കുകയാണ് പുതിയ സവർണ സംവരണത്തിലൂടെ. നേരത്തെ മുസ്‍ലിംകളാദി പിന്നാക്ക വിഭാഗങ്ങളുടെ ബാക്ക് ലോഗ് നികത്തുന്നതിന് ഭരണഘടന അനുവദിക്കുന്നില്ലെന്ന കാരണം പറഞ്ഞിരുന്നവരാണ് സംഘ്പരിവാറിനൊപ്പം ഒന്നിച്ച് കൈപൊക്കി വിദ്യാഭ്യാസ തൊഴിലിടങ്ങൾ സവർണർക്ക് ഇഷ്ടദാനം നൽകുന്നത്.

ഇടതുസർക്കാരിന്റെ അമിതാവേശം

മുന്നാക്ക വോട്ടുബാങ്കിന്‍റെ ഏകീകരണം മുന്നിൽ കണ്ടുകൊണ്ടാണോ സവർണ സംവരണത്തിലെ അമിതാവേശം എന്ന് വ്യക്തമാക്കേണ്ടത് സി.പി.എം സർക്കാരാണ്. വിചിത്രമായ വേഗതയിലാണ് വിഷയത്തിൽ കേരള സർക്കാരിന്‍റെ നടപടികളുണ്ടായത്. നേരത്തെ സുപ്രീംകോടതി സംവരണത്തിന് 50% പരിധി നിശ്ചയിച്ച സമയത്ത് അത് 69% ആക്കാൻ ഭരണഘടന ഭേദഗതി ചെയ്യിച്ച രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ച തമിഴ്നാട് ഇപ്പോൾ സവർണ സംവരണ പ്രശ്നത്തിലും കീഴടങ്ങാൻ തയ്യാറല്ലെന്ന നിലപാടിൽ നിൽക്കുമ്പോഴാണ് ഇവിടെ ഇടതു സർക്കാരിൻ്റെ വളയമില്ലാ ചാട്ടം. സവർണ ദരിദ്രർക്ക് പരമാവധി 10% സംവരണം എന്ന് കേന്ദ്ര നിയമം പറയുന്നിടത്ത് പത്ത് ശതമാനത്തിൽ നിന്നാണ് കേരളത്തിന്‍റെ തുടക്കം തന്നെ.

മണ്ഡൽ നിർദേശങ്ങളെ തുടർന്ന പിന്നാക്ക സംവരണത്തിന് 1992 മുതൽ ഇന്ന് വരെ കേന്ദ്രമാനദണ്ഡം പരിഗണിച്ച് വരുന്ന സംസ്ഥാനത്ത്, സവർണ സംവരണത്തിനായി ശശിധരൻ നായർ കമ്മറ്റിയെ വെച്ച് പ്രത്യേകമായ ഉദാരതകൾ കോരിച്ചൊരിയുകയാണ് കേരളാസർക്കാർ. 2019 ജനുവരിയിലെ കേന്ദ്ര ഉത്തരവ് പ്രകാരം നാല് സെന്‍റ് (200 സ്ക്വയർ യാർഡ്) റസിഡൻഷ്യൽ ഏരിയയാണ് മുനിസിപ്പൽ ഇതര പ്രദേശത്തെ പരിധി. എന്നാൽ കേരളാ സർക്കാർ അംഗീകരിച്ച നായർ കമ്മറ്റിയുടെ ശുപാർശ പ്രകാരം പഞ്ചായത്തിൽ അത് രണ്ടര ഏക്കറും മുനിസിപ്പാലിറ്റിയിൽ 75 സെൻറും കോർപ്പറേഷനിൽ 50 സെൻ്റും വരെയുള്ളവരാണ് സവർണദരിദ്രൻ. അതായത് കൊച്ചിയിലും കോഴിക്കോട്ടുമൊക്കെ 50 സെൻ്റ് സ്ഥലമുള്ള ദരിദ്രൻ!

മെറിറ്റ് വാദം നാട് വിടുന്നു

മെറിറ്റും ഗുണമേൻമയും രാഷ്ട്രീയ നേട്ടങ്ങൾക്കായി മാറ്റിവെക്കുകയും അതുവഴി രാഷട്ര പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നു എന്നതുമായിരുന്നു ഇക്കാലമത്രയും സംവരണത്തിനെതിരെ ഉന്നയിക്കപ്പെട്ടിരുന്ന പ്രധാന പരാതി. ഏത് ഓഫീസിൻ്റെയും കഴിവു കുറവ് അവിടുത്തെ ദലിത് പിന്നാക്ക ഉദ്യോഗസ്ഥരിലേക്ക് ചേർത്ത് കെട്ടപ്പെടുക എന്നത് നമ്മുടെ പൊതു രീതിയായി അംഗീകരിക്കപ്പെട്ടിരുന്നു താനും. അതേസമയം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി തകരുന്ന മെറിറ്റിനെ കുറിച്ച കൂട്ടക്കരച്ചിലുകളില്ലാതെ അൽഭുതകരമാം വിധം സൃഷ്ടിക്കപ്പെട്ട സവർണ സംവരണ ക്വാട്ട നടത്തുന്ന മെറിറ്റ് അട്ടിമറി അതിഭീകരമാണ്. അതറിയാൻ കേരളത്തിൽ ഏറ്റവും കടുത്ത മത്സരം നിലനിൽക്കുന്ന സർക്കാർ മെഡിക്കൽ കോളജുകളിലെ 2019ലെ MBBS അഡ്മിഷനിലെ ലാസ്റ്റ് റാങ്കിൻ്റെ വിഭാഗം തിരിച്ചുള്ള പട്ടിക (പട്ടിക 1) നോക്കിയാൽ മതി.

കാലങ്ങളായി പിന്നാക്ക സംവരണം അനുഭവിച്ചു വരുന്ന ഈഴവ, മുസ്‍ലിം, പിന്നാക്ക ഹിന്ദു, ലത്തീൻ, ധീവര, വിശ്വകർമ, പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങളെക്കാൾ വളരെ താഴെ റാങ്ക് വാങ്ങുന്ന സവർണരാണ് മികച്ച കോളജുകളിൽ സൗജന്യ ഫീസിലെ സീറ്റുകൾ തരപ്പെടുത്തുന്നത് എന്ന് പട്ടിക ശ്രദ്ധിച്ചാൽ മനസ്സിലാകും. സംവരണ ക്വാട്ടയിൽ വരുന്ന ഈഴവ മുസ്‍ലിം വിഭാഗങ്ങളുടെ റാങ്കുകൾ ജനറൽ ക്വാട്ടയുടെ ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ സവർണ സംവരണം വഴി വന്നവരുടെ റാങ്കുകൾ ശ്രദ്ധിക്കൂ. മാത്രമല്ല, ഈഴവ, മുസ്‍ലിം, പിന്നാക്ക ഹിന്ദു, ലത്തീൻ, വിശ്വകർമ വിഭാഗങ്ങളുടെ മൊത്തം ഗവൺമെൻ്റ് മെഡിക്കൽ കോളജുകളിലെ അവസാന റാങ്കിനെക്കാൾ പിന്നാക്കമുള്ള 3008 റാങ്കുള്ള സവർണന് മികച്ച കോളജുകളിലൊന്നായ തിരുവനന്തപുരത്ത് അഡ്മിഷൻ കിട്ടുന്നു. ഈഴവ, മുസ്ലിം, പിന്നാക്ക ഹിന്ദു, ലത്തീൻ, വിശ്വകർമ, ധീവര, പിന്നാക്ക കൃസ്ത്യൻ വിഭാഗങ്ങളുടെ അവസാന റാങ്കുകൾ യഥാക്രമം 1654, 1417, 1771, 1943, 2002, 4906, 4000 എന്നിവയാകുമ്പോൾ സോഷ്യൽ പ്രിവിലജുള്ള സവർണന് അത് 8416 ആകുന്നു. എങ്ങനെയുണ്ട് മെറിറ്റ്?

എങ്ങനെയാണ് 130 സീറ്റ് 2020ലും സവർണർക്ക് മാത്രമായി കേരളത്തിലെ MBBS സീറ്റുകളിൽ മാറ്റിവെച്ചത് എന്ന് സർക്കാർ വിശദീകരിക്കുന്നില്ല. മൊത്തം ഗവൺമെന്‍റ് മെഡിക്കൽ കോളജുകളിലുള്ള 1300 സീറ്റിൻ്റെ 10% സൂപ്പർ ന്യൂമറിറ്റായി അനുവദിച്ചത് കൊണ്ടാണ് ഇത് എന്ന് വിശ്വസിപ്പിക്കാനാണ് ശ്രമം. അങ്ങനെയെങ്കിൽ ഈഴവന്‍റെ 9%, മുസ്‍ലിമിൻ്റെ 8%, പിന്നാക്ക ഹിന്ദുവിനും ലത്തീൻ-ആംഗ്ലോ വിഭാഗങ്ങൾക്കുമുള്ള 3% വീതം, ധീവര-വിശ്വകർമ അവാന്തര വിഭാഗങ്ങൾക്കുള്ള 2% വീതം ഇവയൊക്കെ 1300ൻ്റെ ശതമാനമായിക്കണക്കാക്കി സീറ്റുകൾ നൽകിയിട്ടുണ്ടോ? ഇല്ല. 1300ൽ നിന്ന് അഖിലേന്ത്യാ ക്വോട്ടകളിൽ പോകേണ്ട 15%ന് മുകളിൽ സീറ്റുകൾ മാറ്റിവെച്ചാണ് പിന്നാക്കക്കാരന്‍റെ സീറ്റുകൾ കണക്കാക്കുന്നത്. സവർണനും പിന്നാക്കക്കാരനും ക്വാട്ട കണക്കാക്കുന്നേടത്ത് രണ്ട് മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നത് വ്യക്തമായ ജാതിവെറിയാണ്. അല്ലെങ്കിൽ സർക്കാർ ഈ വ്യത്യാസത്തിൻ്റെ കാരണം വ്യക്തമാക്കട്ടെ.

ഇപ്രാവശ്യത്തെ എഞ്ചിനീയറിങ് പ്രവേശനത്തിൻ്റെ രണ്ടാം അലോട്മെൻ്റ് സീറ്റ് കൊള്ളയുടെ മറ്റൊരു രംഗം കാണിക്കുന്നുണ്ട്. ഇപ്രാവശ്യം ഏറെ ആവശ്യക്കാരുള്ള കംപ്യൂട്ടർ സയൻസ് ബ്രാഞ്ചിന് മുൻനിര കോളജായ തിരുവനന്തപുരം സി.ഇ.ട്ടിയിൽ അവസാന റാങ്കുകളിങ്ങനെയാണ്:

ജനറൽ: 247, ഈഴവ: 413, പിന്നാക്കഹിന്ദു: 503, സവർണൻ (EW): 632. അതേ ബ്രാഞ്ചിന് കൊല്ലം ടി.കെ.എമ്മിലെ സ്ഥിതിയാകട്ടെ ജനറൽ: 508, ഈഴവ: 763, പിന്നാക്ക ഹിന്ദു: 594, സവർണൻ (EW): 1223 എന്നാണ്.

സവർണരിലെ പട്ടികജാതിക്കാരോടടുത്ത റാങ്കുള്ള ആളുകൾ സീറ്റുകൾ കരസ്ഥമാക്കുന്നതിൻ്റെ കാരണമറിയാൻ ജനറൽ ക്വാട്ടയിലെ സീറ്റുകൾ ആരാണ് നേടുന്നത് എന്ന് പരിശോധിച്ചാൽ മതി. ന്യൂനപക്ഷം വരുന്ന സവർണ വിഭാഗങ്ങളിൽപെട്ട ഒരു വിധം മെറിറ്റുള്ള ആളുകളെയൊക്കെ ജനറൽ ക്വാട്ടയിലെ സീറ്റുകൾ വഴി തന്നെ കയറുന്നുണ്ട്. അതും പോരാഞ്ഞ് വിദ്യാഭ്യാസ ഉദ്യോഗങ്ങളിലെ സവർണ ആധിപത്യം ഉറപ്പിച്ചു നിർത്താനാണ് മത്സര പരീക്ഷകളിൽ ഏറെ പിന്നാക്കം നിൽക്കുന്ന സവർണരെ കൊണ്ട് സർക്കാർ സർവീസും വിദ്യാഭ്യാസ സ്ഥാപനങ്ങളും കുത്തി നിറക്കുന്ന ഇടത് സർക്കാർ പരിപാടി.

ഉദ്യോഗത്തിനും ചട്ട ഭേദഗതി വരുമ്പോൾ

ഏറ്റവും അവസാനമായി പി.എസ്.സി നിയമനങ്ങളിൽ സവർണ സംവരണത്തിനായി ചട്ടഭേദഗതി വരുത്തിയിരിക്കുന്നു. 9, 19, 29......... ടേണുകളിലാണത്രെ സവർണ സംവരണം. പൊതുവായി പറഞ്ഞാൽ ഇരട്ടയക്ക ടേണുകൾ സംവരണക്കാർക്കു മാത്രവും ഒറ്റയക്ക ടേണുകൾ (1, 3,5,......, 15, 17 ) സംവരണക്കാരടക്കം എല്ലാവർക്കുമുള്ള ജനറലുമായിരുന്നു. ഇതിൽ 9ൻ്റെ ടേണുകൾ സവർണർക്ക് മാത്രം നീക്കി വെക്കുമ്പോൾ 100 നിയമനങ്ങളിൽ പിന്നാക്കക്കാർക്ക് നിയമനം ലഭിക്കാവുന്ന 10 സീറ്റുകൾ കുറവ് വരുന്നു. സംവരണ വിഭാഗങ്ങൾക്ക് 50% ജനറൽ ക്വാട്ടയിൽ കൂടി മത്സരിക്കാൻ പറ്റിയിരുന്നിടത്ത് ഇനി 40 %ത്തിലേ മത്സരിക്കാൻ പറ്റൂ എന്ന് പറയുന്നത് ഒരു കുറവല്ലേ? എന്നിട്ടും സവർണർക്ക് കൊടുത്ത 10% ജനറൽ ക്വാട്ടയിൽ നിന്നാണെന്നും അതിനാൽ സംവരണ സമുദായങ്ങളെ ബാധിക്കുകയില്ലെന്നും പറഞ്ഞ് ആരെയാണ് സർക്കാർ വിഢിയാക്കാൻ ശ്രമിക്കുന്നത്?

20ൻ്റെ യൂണിറ്റുകളാക്കി റൊട്ടേഷൻ നടത്തി മെറിറ്റിനർഹരായ പരമാവധി പിന്നാക്കക്കാരെ സംവരണ ക്വാട്ടയിലൊതുക്കി നടത്തിയ ജാതിക്കളികളുടെ കൂടി ബാക്കി പത്രമാണല്ലോ ഇപ്പോഴും പരിഹരിക്കാത്ത ബാക്ക്ലോഗ് പ്രശ്നം. പുതിയ കവർന്നെടുക്കൽ കൂടി വരുന്നതോടെ അധികാരവും വിദ്യാഭ്യാസവും പ്രിവിലേജ്ഡ് ജാതികളുടെത് മാത്രമാവും. ഇവയെ ചെറുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് കേരളം കാണിക്കേണ്ടത്. പരിമിതമായ സാമൂഹ്യ വിഭവങ്ങളും അധികാരസ്ഥാനങ്ങളും ജനസംഖ്യാനുപാതികമായി വിഭജിക്കപ്പെടുമ്പോഴേ സാമൂഹ്യനീതി യാഥാർത്യമാവൂ എന്ന ബോധ്യവും, ചില പ്രിവിലജ്ഡ് വിഭാഗങ്ങൾക്ക് വകവെച്ച് കൊടുക്കുന്ന അനർഹമായ പങ്ക് ജൻമിത്തം തിരികെ സ്ഥാപിക്കാനുള്ള ശ്രമമാണെന്ന് വിളിച്ച്പറയാനുള്ള ധൈര്യവും കൊണ്ടേ ഇനി നമുക്ക് മുന്നോട്ടു നീങ്ങാനാവൂ.

TAGS :

Next Story