ഗെയിൽ ഓംവെത്: ഭാവിയിലേക്കുള്ള പ്രജ്ഞയും കരുണയും

സമതയുടേയും കരുണയുടേയും മൂർത്തീരൂപമായ പ്രജ്ഞാപാരമിതയായ ആ സാമൂഹ്യവിമർശകയെ നാം അറിയുക, ആദരാഭിവാദ്യം ചെയ്യുക.

MediaOne Logo

ഡോ. അജയ്‌ശേഖർ

  • Updated:

    2021-08-25 10:56:49.0

Published:

25 Aug 2021 10:56 AM GMT

ഗെയിൽ ഓംവെത്: ഭാവിയിലേക്കുള്ള പ്രജ്ഞയും കരുണയും
X

ഇന്ത്യൻ സമൂഹത്തേയും സംസ്‌കാരചരിത്രത്തേയും കുറിച്ചു തന്റെ ജീവിതം മുഴുവനുപയോഗിച്ച് ആഴത്തിൽ അക്കാദമികമായി പഠിക്കുകയും ഇന്ത്യയിൽ ജീവിച്ചു കൊണ്ട് വിമർശനീതിബോധത്തോടെ നിർഭയമായി ഇന്ത്യയെ കുറിച്ചെഴുതുകയും ചെയ്ത അപൂർവം വനിതകളിലൊരാളാണ് ഗെയിൽ ഓംവെത് (1941-2021). ഇന്ത്യയിലെ അടിസ്ഥാന ജനതയുടെ സാമൂഹ്യ ജനായത്ത പ്രസ്ഥാനങ്ങളെ കുറിച്ചു പഠിച്ചെഴുതിയ എലീനർ സെല്യോട്ട് ആണ് സമാനയായ മറ്റൊരു ധീര അമേരിക്കൻ വനിത (1926-2016). 2021 ആഗസ്ത് 25 ന് പുലർച്ചയിൽ 81 വയസ്സിലാണ് ഭാരത് പടൻകറുടെ ഭാര്യയായി, ഇന്ത്യക്കാരിയായി മാറിയ ദലിത് ബഹുജന പ്രസ്ഥാനത്തിന്റെ സൈദ്ധാന്തികയും ഗ്രന്ഥകാരിയുമായ ഗെയിൽ വിടവാങ്ങിയത്. വർത്തമാന ഇന്ത്യനവസ്ഥയിൽ വലിയ നഷ്ടമാണ് ജനായത്ത മനുഷ്യാവകാശ പ്രസ്ഥാനങ്ങൾക്കു വന്നു ഭവിച്ചിരിക്കുന്നത്.

തന്‍റെ ജന്മനാടായ അമേരിക്കയിൽ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചു കൊണ്ടാണ് അവർവിദ്യാർഥി ജീവിതം തുടങ്ങിയത്. ഗവേഷണ പഠനത്തിനായി ഇന്ത്യയിലെ അബ്രാഹ്‌മണ പ്രസ്ഥാനത്തെയും പടിഞ്ഞാറൻ ഇന്ത്യയിൽ മഹാത്മാ ഫൂലേ നടത്തിയ ബഹുജന സമരങ്ങളേയും കുറിച്ചു പഠിക്കാനാണ് ഇന്ത്യയിലേക്കുവന്നത്. സാമൂഹ്യ പ്രക്ഷോഭക ഇന്ദുത്തായി പടൻകറും മകൻ ഭരത് പടൻകറുമായി പരിചയത്തിലാവുകയും ഭരതുമായുള്ള വിവാഹബന്ധത്തിലേക്കു കടക്കുകയും ചെയ്തു. ജ്ഞാനോദയ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന അംബേദ്കറുടെ പുതിയ ജീവചരിത്രം മുതൽ പ്രബുദ്ധമായ ഇന്ത്യയുടെ ജാതിവിരുദ്ധ ബ്രാഹ്‌മണ്യ വിരുദ്ധ ചരിത്ര വംശാവലികളേയെല്ലാം കുറിച്ച്എഴുതുകയും തന്റെ ലളിതമായ സാമൂഹ്യശാസ്ത്ര പുസ്തകങ്ങളിലൂടെ പുതുതലമുറയിലേക്കും യുവഗവേഷകരിലേക്കും പകരുകയും ചെയ്ത മാനവികതയുടെ വെളിച്ചമായ ധീരവനിതയാണവർ. സമതയുടേയും കരുണയുടേയും മൂർത്തീരൂപമായ പ്രജ്ഞാപാരമിതയായ ആ സാമൂഹ്യവിമർശകയെ നാം അറിയുക, ആദരാഭിവാദ്യം ചെയ്യുക.എഴുത്തിലൂടെയുള്ള പരിവർത്തന രാഷ്ട്രീയം മാത്രമല്ല, നിരവധി ബഹുജന സമരങ്ങളിലും ഭാഗഭാക്കായിരുന്നു. കൊയ്‌ന അണക്കെട്ടിനെതിരായ സമരം മുതൽ ശ്രമിക്മുക്തിദളിന്റെ രൂപീകരണം വരെ അവർ നിർണായക പങ്കുവഹിച്ചു. ദലിതരുടേയും ആദിവാസികളുടേയും പ്രാന്തീകൃത ജനങ്ങളുടേയും ബഹുജന സ്ത്രീകളുടേയും പ്രക്ഷോഭങ്ങളിൽ അവരോടൊപ്പം ചേർന്നു. ഇന്ത്യയിലെമ്പാടും പുതുസാമൂഹ്യ ജനായത്ത പ്രസ്ഥാനങ്ങളെ ത്വരിപ്പിച്ചത് ഗെയിലും ഗോപാൽഗുരുവും ഐലയ്യയുമടക്കമുള്ള ദലിത് ബഹുജന ചിന്തകരും എഴുത്തുകാരുമാണ്. മണ്ഡലനന്തര ഇന്ത്യയിൽ ഒരു ജനായത്ത ചേരിയെ ഉരുവംകൊള്ളിച്ചത് ഗെയിലിനെ പോലുള്ളവരുടെ എഴുത്തുകളും ഭാഷണങ്ങളുമാണ്. ദേശീയവാദപരവും ബ്രാഹ്‌മണികവുമായിരുന്ന ഇന്ത്യൻ സാമൂഹ്യ, മാധ്യമ, അക്കാദമിക വ്യവഹാരങ്ങളെ ദലിത് ബഹുജനോന്മുഖമായി മാറ്റിയെഴുതാൻ ഈ അമേരിക്കൻ വനിതയുടെ എഴുത്തുകളും ഭാഷണങ്ങളും കാരണമായി.

ന്യൂസോഷ്യൽ മൂവ്‌മെന്റ് ഇൻ ഇന്ത്യ, വി വിൽ സ്മാഷ്ദിസ്പ്രിസൺ, അണ്ടർസ്റ്റാൻഡിങ്ങ് കാസ്റ്റ്, ദലിത് അൻഡ് ദ ഡിമോക്രാറ്റിക് റെവല്യൂഷൻ, ദലിത് വിഷൻസ്, ബുദ്ധിസം ഇൻ ഇന്ത്യ, സീക്കിങ് ബെഗംപുര എന്നിവയാണ് ഓംവെതിന്റെ ഇതര പ്രധാന രചനകൾ. ഇന്ത്യൻ ഭരണകൂടവും കേന്ദ്ര അക്കാദമികളും അവരെ അറിയുകയോ ആദരിക്കുകയോ ചെയ്തിട്ടില്ല എന്നതു വ്യക്തമാണ്. ജനങ്ങളുടെ നിരവധിയായ പുരസ്‌കാരങ്ങളും അനുമോദനങ്ങളും അവരെ തേടിയെത്തി. വൈകിയെങ്കിലും സാവിത്രീബായ് ഫൂലേയുടെ പേരിലുള്ള പൂനേ സർവകലാശാലയിൽ ഫൂലേ-അംബേദ്കർ ചെയറിലും നെഹ്‌റു മെമോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിലും വിശിഷ്ടാംഗത്വം നൽകുകയുണ്ടായി. കോപ്പൻഹേഗനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ സ്റ്റഡീസടക്കമുള്ള വിദേശസർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായും ലോകം അവരുടെ സേവനവും നൈതികവിജ്ഞാനവും ഉപയോഗിച്ചിട്ടുണ്ട്.

ഗെയിൽ ഓംവെതും ഭരത് പടൻകറും

താനിന്ത്യയിലെത്തിയ അടിയന്തരാവസ്ഥയുടെ 1970 കൾ മുതൽ 1990 കളിലെ മണ്ഡൽ കാലവും ഹൈന്ദവദേശീയതയുടെ സംസ്‌കാരദേശീയവാദ വർത്തമാന കാലവും വരെ ഇന്ത്യയിൽ സാമൂഹ്യ ജനായത്തത്തിനും മനുഷ്യാവകാശങ്ങൾക്കുംഅടിസ്ഥാന ജനതയുടെ ജനായത്തപരമായ പ്രാതിനിധ്യത്തിനും വേണ്ടിയാണ് ഓംവെത് എഴുതിയതും പറഞ്ഞതും. അടിസ്ഥാന ജനായത്തത്തിനു വേണ്ടിയുള്ള പ്രാതിനിധ്യവാദത്തെ ''പ്രതിനിധാന വായനയായി'' അപരവൽക്കരിക്കുന്ന താർക്കിക ബ്രാഹ്‌മണിക ക്ഷുദ്രതയുടെ കേരളത്തിലാണ് ഗെയിലിന്റെ രചനകൾ ഇന്നേറ്റവും പ്രസക്തമായിരിക്കുന്നത്. മണ്ഡൽ വിരുദ്ധ സമരങ്ങളെ ജനായത്ത വിരുദ്ധമായ ദ്വിജലഹളയായാണ് ഗെയിൽ അടയാളപ്പെടുത്തിയത്. ഭരണഘടനാ അട്ടിമറി നടത്തി അമിതാധികാരവും അമിത പ്രാതിനിധ്യവും കുത്തകയും കയ്യാളിയ 2018 ലെ ശബരിമല ശൂദ്രലഹളയുടെ അനന്തരം ഈ വീക്ഷണത്തിന്റെ നിർണായകതയേറുന്നു.

ഫൂലേസത്യശോധക സമാജത്തിലൂടെ ബഹുജന സമുദായമായി വിശദീകരിച്ച അടിത്തട്ടിലുള്ള ശൂദ്രാദിശൂദ്രരും സ്ത്രീകളും കർഷകത്തൊഴിലാളികളും കൂലിവേലക്കാരുമടങ്ങുന്ന വർഗ ബഹുജന സമൂഹങ്ങളെയാണ് അവർ സംബോധന ചെയ്തത്. അംബേദ്കറുടെ ക്ലാസ് റാഡിക്കലിസത്തേക്കുറിച്ചും നവജനായത്ത ജാതിവിരുദ്ധ രാഷ്ട്രീയത്തേക്കുറിച്ചും രാഷ്ട്രീയ മീമാംസയുടെ തെളിച്ചത്തോടെ എഴുതിയതതും ചരിത്രവൽക്കരിച്ചതും ഗെയിലാണ്. സാമൂഹ്യശാസ്ത്രത്തെ ജനായത്തപരമായ വിമോചന മാറ്റമായി ആധുനിക ഇന്ത്യയിൽ മാറ്റിയത് ഗെയിലാണ്.

തെന്നിന്ത്യയേയും തമിളകത്തേയുംകുറിച്ചു പഠിക്കാനും എഴുതാനും അവർ താൽപ്പര്യംകാട്ടി. ആധുനിക ഇന്ത്യയിലെ നവബുദ്ധവാദ പ്രസ്ഥാനത്തിനു തുടക്കമിട്ട അയ്യോതിതാസ പണ്ഡിതരേക്കുറിച്ചും നാരായണഗുരുവിനേക്കുറിച്ചുംസഹോദരനയ്യപ്പനെ കുറിച്ചുംതന്റെബുദ്ധിസം ഇൻ ഇന്ത്യ: ചലഞ്ചിങ്ങ് ബ്രാഹ്‌മണിസം ആൻഡ് കാസ്റ്റ്എന്ന രചനയിൽഅവരെഴുതി. 2012 ൽ കോഴിക്കോട്ടെ അതർ ബുക്‌സ് പുറത്തിറക്കിയ ലേഖകന്റെ സഹോദരൻ അയ്യപ്പൻ: റ്റുവേഡ്‌സ് എ ഡിമോക്രാറ്റിക് ഫ്യൂച്ചർ എന്ന പുസ്തകത്തിന് ആമുഖമെഴുതാനും അവർ ആർജവം കാട്ടി. കേരളമടക്കമുള്ള ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ ജാതിവിരുദ്ധവും വർണാശ്രമ വിരുദ്ധവുമായ പ്രതിരോധ പ്രസ്ഥാനങ്ങളേയും നവോത്ഥാന ബഹുജന സമരപരമ്പരകളേയും കുറിച്ച് ജീവിതാന്ത്യം വരെ അറിയാനും സൈദ്ധാന്തിക വിമർശരാഷ്ട്രീയ ജാഗ്രതയോടെ ആഴത്തിലെഴുതാനും ഗെയിൽ ശ്രദ്ധപുലർത്തി. തികച്ചും പ്രജ്ഞയിലും കരുണയിലും മൈത്രിയിലും അടിയുറച്ച ജീവിതവഴിയും നൈതികസഭ്യതയുമാണ് ഈ വലിയ സാമൂഹ്യശാസ്ത്രകാരിയും വിമർശഎഴുത്തുകാരിയും സാമൂഹ്യ പരിവർത്തന കർതൃത്വവും ഭാവിയിലേക്കു സംഭാവന ചെയ്യുന്നത്. സൂക്ഷ്മരാഷ്ട്രീയ ബോധമുള്ള അവരുടെ സാമൂഹ്യവിമർശ പ്രയോഗത്തെ സമഗ്രാധിപത്യകാലത്ത് മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് വെല്ലുവിളി.

ഡോ. അജയ്‌ശേഖർ
ഇംഗ്ലീഷ്‌വിഭാഗം, കാലടി സംസ്‌കൃതസർവകലാശാല

പുത്തൻകേരളം, കേരള നവോത്ഥാനം, നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും, ഡോ. ബി. ആർ. അംബേദ്കർ, സോഹോരൻ അയ്യപ്പൻ, റെപ്രസന്റിങ്ങ് ദ മാർജിൻ എന്നിവയാണ് പ്രധാന രചനകൾ.

TAGS :

Next Story