Quantcast
MediaOne Logo

പി.എ നാസിമുദ്ദീന്‍

Published: 23 April 2022 4:45 PM GMT

മാനസികാരോഗ്യ കേന്ദ്രത്തിലെ മറക്കാനാവാത്ത ഓർമകൾ

വിശപ്പിന്റെയും അനാഥത്വത്തിന്റെയും നാളുകളിൽ സാന്ത്വനമായി വന്നുചേർന്ന ചില സഹായഹസ്തങ്ങളെക്കുറിച്ച്

മാനസികാരോഗ്യ കേന്ദ്രത്തിലെ മറക്കാനാവാത്ത ഓർമകൾ
X
Listen to this Article

ജീവിതത്തിൽ എല്ലാം ഇരുളിൽ ആകുമ്പോൾ, എല്ലാ സാധ്യതകളും അറ്റു പോകുമ്പോൾ നാമറിയാതെ ആരോ നമ്മുടെ തുണക്ക് എത്തുന്നു. ഒരിക്കലും കണ്ടു പരിചയമില്ലാത്തവർ. അവർ യാതനകളിൽ നിന്നും രക്ഷപ്പെടുത്തി പ്രത്യാശയുടെ നാമ്പുകൾ വീണ്ടും കുരുപ്പിക്കുന്നു.. അത്ഭുതം എന്നോ അസാധാരണം എന്നോ പറയാവുന്ന ഇത്തരം അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്.

25 കൊല്ലം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാനസികാരോഗ്യ കേന്ദ്രമായ ബാംഗ്ലൂർ നിംഹാൻസിലെ അന്തേവാസി ആയിരുന്നു ഞാൻ. വിശപ്പിന്റെയും അനാഥത്വത്തിന്റെയും ആ നാളുകളിൽ സാന്ത്വനമായി വന്നുചേർന്ന ചില സഹായഹസ്തങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്.

പഠിപ്പിലും അക്കാദമിക വിഷയങ്ങളിലും ഹൈസ്കൂൾ ക്ലാസുകളിൽ മുമ്പനായിരുന്ന ഞാൻ അതെല്ലാം നഷ്ടപ്പെടുത്തി വീട്ടുകാർക്കും നാട്ടുകാർക്കും അപരിചിതത്വം തോന്നുന്ന ഒരാളായി പരിണമിച്ചിട്ട് നാളുകളേറെയായി. ആഴമേറിയ വായന കൊണ്ടും താത്വിക ചിന്തകൾ കൊണ്ടും തല തളർന്ന് വ്യവഹാരിക ലോകത്ത് ഒരു വലിയ 'പിശക് ' ആയി ഞാൻ വർത്തിച്ചു. ഭാവനയുടെയും സ്വപ്ന ലോകത്തിന്റെ അഭൗമ ലോകം സാധാരണ ജീവിതത്തിൽ നിന്ന് എന്നെ അകറ്റി കൊണ്ടുപോവുകയും കടുത്ത ആശയക്കുഴപ്പങ്ങൾ കൊണ്ട് വിഷാദരോഗത്തിലാഴ്ത്തുകയും ചെയ്തു.


അല്പം ആശ്വാസത്തിനായി ഞാൻ എത്തിച്ചേർന്ന മന:ശാസ്ത്രജ്ഞരും മനോരോഗവിദഗ്ധരും എന്റെ ചിന്താ ലോകത്തിന്റെ അതുല്യതകൾ മനസ്സിലാക്കാതെ, മാരകമായ ഗുളികകൾ കൊണ്ടും ഇഞ്ചക്ഷനുകൾ കൊണ്ടും അവസ്ഥയെ ഒന്നുകൂടെ താറുമാറാക്കി.

അപ്പോഴാണ് ഒരു കൂട്ടുകാരൻ പറഞ്ഞത് ഡോക്ടർ അരുൺ കിഷോർ എന്ന സൈക്യാട്രിസ്റ്റ് കേരളവർമ കോളജിനരികിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അയാൾക്ക് നിംഹാൻസുമായി ഇപ്പോഴും ബന്ധമുണ്ട്. അയാൾക്ക് നിന്റെ ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് തരാനാകും. നിന്റെ അഭൗമമായ ചിന്തകൾ നിലനിർത്തിക്കൊണ്ടുതന്നെ നോർമൽ ആയ ജീവിതം നയിക്കാനുള്ള വഴി അയാൾ പറഞ്ഞു തരും.

അങ്ങിനെ ഡോക്ടർ അരുൺ കിഷോറിനെ ഞാൻ പോയി കണ്ടു. എന്റെ മാനസികപ്രശ്നങ്ങൾ പറഞ്ഞു. അന്ന് ഒരു കൂട്ടുകാരനെ കൊണ്ട് എന്റെ കവിതകൾ ഭംഗിയുള്ള കയ്യക്ഷരത്തിൽ ഒരു നോട്ട് പുസ്തകത്തിൽ പകർത്തിച്ചു വെച്ചിരുന്നു. ഒരു ആർട്ടിസ്റ്റ് ആയിരുന്നു ആ കൂട്ടുകാരൻ. ഞാൻ പത്താം വയസ്സ് തൊട്ട് എഴുതിയ കവിതകൾ ഒന്നും നഷ്ടപ്പെടാതെ അതിലുണ്ടായിരുന്നു. ഡോക്ടർ അതിലെ ഒരു കവിത വായിച്ചു, അതിലെ വരികളെ പറ്റി ചോദ്യങ്ങൾ ചോദിച്ചു. എന്റെ നോർമാലിറ്റിയെ ചെക്ക് ചെയ്യാനാകും! പിന്നീട് ആ ബുക്ക് എനിക്ക് തിരിച്ചു തന്നു . അന്ന് ആ കവിതകൾ ഒരു കയ്യെഴുത്ത് മാസികയിൽ പോലും വെളിച്ചം കണ്ടിരുന്നില്ല. (ആ പുസ്തകം രണ്ടുവർഷം കഴിഞ്ഞ് പ്രമുഖ കവി കെ.ജി ശങ്കരപ്പിള്ളയുടെ കയ്യിൽ എത്തിച്ചേരുകയും അദ്ദേഹം അത് പ്രധാന മാസികകളിലൂടെ പുറത്തുകൊണ്ടുവരികയും ഉണ്ടായി. അതിൽ പലതും കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ പാഠ്യപദ്ധതികളിൽ ഉണ്ട്)

അരുൺ കിഷോർ എനിക്ക് ബാംഗ്ലൂർ നിംഹാൻസിലേക്ക് ഒരു കത്ത് തന്നു. ഡോക്ടർ രഘുറാം എന്ന ലോകത്തിലെ തന്നെ പ്രഗത്ഭനായ സൈക്യാട്രിസ്റ്റ്നായിരുന്നു ആ കത്ത്. അദ്ദേഹം നിംഹാൻസിലെ ഡിപ്പാർട്ട് മെന്റ് തലവൻ ആയിരുന്നു. ആ കത്തിൽ അരുൺ കിഷോർ ഈ വരുന്നയാൾ മൗലികമായ ചിന്തകളുള്ള കഴിവുള്ള ഒരാളാണെന്നും ഇയാളുടെ ചിന്താ പ്രശ്നങ്ങൾ പരിഹരിക്കണം എന്നും എഴുതിയിരുന്നു.

എന്റെ ഒരു ബന്ധു അപ്പോൾ ബാംഗ്ലൂരിൽ ഉണ്ടായിരുന്നു. മൊയ്തുണ്ണി എന്നായിരുന്നു അയാളുടെ പേര്. ഞാൻ അയാൾക്ക് എല്ലാം വിശദീകരിച്ച് ഒരു കത്തെഴുതി. എന്റെ ഭാവിയിൽ അയാൾക്ക് താൽപര്യമുണ്ടായിരുന്നു.അയാളുടെ അനിയൻ റഫീഖ് അടുത്ത ആഴ്ച ബാംഗ്ലൂരിലേക്ക് വരുമെന്നും അയാളോടൊപ്പം വരാനും മൊയ്തുണ്ണി എനിക്കെഴുതി. പിറ്റേ ആഴ്ച റഫീക്കും ഞാനും ബാംഗ്ലൂരിലേക്ക് തിരിച്ചു. 50 രൂപ വീട്ടുകാർ തന്നു. എന്റെ കയ്യിലെ ആകെ പണം അത് മാത്രമായിരുന്നു.

എന്റെ ബന്ധു ദരിദ്രനും പാവത്താനും ആയിരുന്നു. ബാംഗ്ലൂരിൽ പെട്ടിക്കട നടത്തുകയായിരുന്നു അയാൾ. പിറ്റേന്ന് മൊയ്തുണ്ണിയും ഞാനും നിംഹാൻസിലേക്ക് പുറപ്പെട്ടു. ഞങ്ങൾ ഡോക്ടർ രഘുറാമിന്റെ കൺസൾട്ടേഷൻ റൂമിലെത്തി. അദ്ദേഹം കുറച്ചുനാളത്തേക്ക് എന്നെ അഡ്മിറ്റ് ചെയ്തു.

ഒരു തുറന്ന വാർഡിലായിരുന്നു അഡ്മിഷ ൻ. രാവിലെ പ്രാതലിന് ഇഡലിയോ ദോശയോ ഉണ്ടാകും. അതിനൊപ്പം വെള്ളം പോലുള്ള സാമ്പാർ. ഉച്ചക്ക് പച്ചരിയുടെ ചോറ്. അതിനും വെള്ളം പോലെ ഒഴുകുന്ന സാമ്പാർ. രാത്രിയിലും അതുതന്നെ. പിന്നെ പുല്ലു കൊണ്ടുള്ള കഞ്ഞി. നിംഹാൻസിലെ വാർഡർമാരും അറ്റൻഡർമാരും ഉപദ്രവിക്കുമായിരുന്നു. അവരിൽ നിന്നും എനിക്ക് തട്ടും മുട്ടും കിട്ടുക പതിവായിരുന്നു. അവിടുത്തെ അറ്റൻഡർമാർക്കും നഴ്‌സുമാർക്കും മലയാളികളെ വലിയ ദേഷ്യമായിരുന്നു. അതുകൊണ്ട് എന്റെ പ്ലേറ്റിൽ അവർ കുറച്ച് ഭക്ഷണം മാത്രം തോണ്ടി വെക്കും. അതിനിടയിൽ മൊയ്തുണ്ണി നാട്ടിൽ പോയി. അതോടെ ഞാൻ ആകെ ഒറ്റപ്പെട്ടു. ചെറിയ ഗുളിക പോലുള്ള ഭക്ഷണവും കഴിച്ചു കൊണ്ട് നിലനിൽക്കാൻ പ്രയാസമായി.

ആ സ്റ്റാർഹോട്ടലിൽ മുതലാളി എനിക്ക് കാഷ്യർ ജോലി തന്നു. രാവിലെ ഞാൻ നിംഹാൻസിൽ നിന്ന് പോകും. രാത്രി തിരിച്ചുവരും

അങ്ങനെയാണ് ബാംഗ്ലൂരിൽ ഒരു ജോലി നേടാൻ ശ്രമിച്ചത്. ആശുപത്രിയിലെ ഒരു മലയാളി സുഹൃത്തിൽ നിന്ന് ബസ്സ് കാശ് സംഘടിപ്പിച്ച് പല ഹോട്ടലിലും ഞാൻ ജോലി തേടി ഇറങ്ങി. നിരാശയായിരുന്നു ഫലം. പലരും ആവശ്യം പറയും മുൻപേ കന്നടയിലോ ഹിന്ദിയിലോ സ്ഥലംവിട്ടോ എന്ന് പറയും. ഒരു ദിവസം ലാൽബാഗിനടുത്തുള്ള ഒരു പെട്ടിക്കടക്കരികിൽ നിരത്തിയിട്ട ബെഞ്ചുകളിൽ ഒന്നിൽ ഞാൻ ഇരിക്കുകയായിരുന്നു. പാളത്താർ ധരിച്ച ഒരു കറുത്ത മനുഷ്യൻ അങ്ങോട്ട് കടന്നു വന്നു. അയാൾ ചിരിച്ചു കൊണ്ട് എന്നോട് കന്നടയിൽ എന്തോ ചോദിച്ചു. പിന്നീട് ചായക്കടക്കാരനോട് ഭക്ഷണം ഓർഡർ ചെയ്ത് അപ്രത്യക്ഷനായി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആ മനുഷ്യൻ ആരാണെന്ന് ഞാൻ അത്ഭുതം കൂറി.

വീണ്ടും ഞാൻ ജോലി അന്വേഷിച്ച് ബാംഗ്ലൂരിലെ തെരുവുകളിൽ നടന്നു. ആയിടക്കാണ് തൊട്ടടുത്ത രോഗിയുടെ കൂടെ നിൽക്കുന്നയാൾ അയാൾക്ക് ശിവാജി നഗറിലെ കോഹിന്നൂർ എന്ന സ്റ്റാർഹോട്ടലിലെ ഓവർസിയറെ പരിചയമുണ്ടെന്ന് പറഞ്ഞത്'. 'അയാൾക്ക്‌ വല്ലതും ചെയ്യാനാകുമോ എന്ന് നോക്കാം' എന്ന് പറഞ്ഞ് ആ ഓവർസിയർക്ക് ഫോൺ ചെയ്തു. ഓവർസിയർ ഞങ്ങളോട് പിറ്റേന്ന് ഹോട്ടലിലേക്ക് ചെല്ലാൻ പറഞ്ഞു.

ഞങ്ങൾ പിറ്റേന്ന് ശിവാജി നഗറിലെ കോഹിന്നൂർ ഹോട്ടലിലെത്തി. ഓവർസിയറു മായി എന്റെ സുഹൃത്ത് കുറെ സംസാരിച്ചു. അയാൾ മുതലാളിയുടെ മുറിയിലേക്ക് കേറി പോയി. മുതലാളി എന്നെ വിളിപ്പിച്ചു. മുതലാളി ചെറുപ്പമാണ്. ഫരീദ് എന്നാണ് പേര്. അയാൾ എന്റെ വിഷമതകൾ എല്ലാം ക്ഷമയോടെ കേട്ടു. പെട്ടെന്ന് ഒരു ചോദ്യം.

'നാസിമുദ്ദീൻ ഒരു കവിത ചൊല്ലുമോ' ഞാൻ ചൊല്ലി എന്റെ കവിതകൾ... മാർത്തോമാ നഗറിലെ പ്രതിമകൾ... അതൊന്നും അന്ന് വെളിച്ചം കണ്ടിട്ടില്ല.

ആ സ്റ്റാർഹോട്ടലിൽ മുതലാളി എനിക്ക് കാഷ്യർ ജോലി തന്നു. രാവിലെ ഞാൻ നിംഹാൻസിൽ നിന്ന് പോകും. രാത്രി തിരിച്ചുവരും. ഡോക്ടർ രഘുറാമും മുതലാളിയുടെ ഫോൺ നമ്പർ വാങ്ങി അദ്ദേഹവുമായി സംസാരിച്ചു. അങ്ങനെ പട്ടിണി തൽക്കാലം മാറി.

പിന്നീട് ഞാൻ നിംഹാൻസിൽ നിന്ന് ഹോട്ടലിലേക്ക് തന്നെ താമസം മാറ്റി. കോഹിനൂർ ഹോട്ടലിലെ ജോലിയും താമസവും എനിക്കിഷ്ടമായിരുന്നു. പക്ഷേ, നാട്ടിലേക്ക് തിരിച്ചു പോകേണ്ട ഒരു അത്യാവശ്യം വന്നതിനാൽ തിരിച്ചുപോന്നു. നിംഹാൻസിലെ താമാസക്കാലം ജീവിതത്തിൽ എന്നെ പലതും പഠിപ്പിച്ച ഒരു കറുത്ത അധ്യായമായിരുന്നു. എന്നാൽ, ഒരു സർവകലാശാലയിൽ നിന്ന് കിട്ടുന്നതിനേക്കാൾ എത്ര വലിയ അറിവുകളാ ണ് അവിടെ നിന്നും കിട്ടിയത്. ഇന്നും ആ കാലത്തെ ഓർമകൾ നീരാളിക്കൈകൾ പോലെ എന്നെ പിടികൂടുന്നു.

അതിനൊപ്പം യാദൃശ്ചികമായി എത്തിയ സഹായ ഹസ്തങ്ങളെയും നന്ദിയോടെ ഞാൻ ഓർക്കുന്നു.

TAGS :