MediaOne Logo

പി.എ നാസിമുദ്ദീന്‍

Published: 17 April 2022 10:09 AM GMT

പ്രഫ. കെ എ സിദ്ദിഖ് ഹസൻ: ഭാവിയുടെ പ്രചോദനവും വെളിച്ചവും

പ്രഫ.  കെ എ സിദ്ദിഖ് ഹസൻ: ഭാവിയുടെ പ്രചോദനവും വെളിച്ചവും
X

പ്രഫ. കെ.എ സിദ്ദിഖ് ഹസൻ നമ്മെ പിരിഞ്ഞു പോയിട്ട് ഈ കഴിഞ്ഞ ഏപ്രിൽ ആറിന് ഒരു വർഷം തികഞ്ഞു. ഒരു പ്രസ്ഥാന നായകൻ എന്നതിലുപരി സാമൂഹ്യ - സാംസ്‌കാരിക മേഖലകളിലേക്ക് കൂടി വ്യാപരിച്ച ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ ചിന്തകളിലും പെരുമാറ്റങ്ങളിലും ഉണ്ടായിരുന്ന ജനാധിപത്യപരവും...

പ്രഫ. കെ.എ സിദ്ദിഖ് ഹസൻ നമ്മെ പിരിഞ്ഞു പോയിട്ട് ഈ കഴിഞ്ഞ ഏപ്രിൽ ആറിന് ഒരു വർഷം തികഞ്ഞു. ഒരു പ്രസ്ഥാന നായകൻ എന്നതിലുപരി സാമൂഹ്യ - സാംസ്‌കാരിക മേഖലകളിലേക്ക് കൂടി വ്യാപരിച്ച ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ ചിന്തകളിലും പെരുമാറ്റങ്ങളിലും ഉണ്ടായിരുന്ന ജനാധിപത്യപരവും ബഹുസ്വരുവുമായ നിലപാട് മൂലം ബഹുലമായ മേഖലകളിൽ അദ്ദേഹത്തിന് കൈയ്യൊപ്പ് ചാർത്താനായി. താൻ ജീവിച്ചിരുന്നപ്പോൾ ഇടപെട്ടിരുന്ന എല്ലാവരുടെയും മനസ്സിൽ പ്രിയപ്പെട്ട ഓർമയായ് അദ്ദേഹം ഇപ്പോഴും നിലകൊള്ളുന്നു.

പ്രഫ. സിദ്ദിഖ് ഹസനെ പറ്റി ചിന്തിക്കുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിൽ പ്രത്യക്ഷപ്പെടാറുള്ള വെളുത്ത താടിയും സ്നേഹവും അനുകമ്പയും സ്ഫുരിക്കുന്ന കണ്ണുകളുമുള്ള ദൈവ സുഗന്ധമുള്ള ആത്മീ യ പുരുഷനാണ് മനസ്സിൽ വരാറ്. ജീവിത നിഴൽപ്പാടുകൾ, തേന്മാവ്, പഴം മുതലായ കഥകളിൽ ഈ കാരുണ്യസ്വരൂപത്തെ നമുക്ക് കാണാം.


നമ്മുടെ സമൂഹം പഴയതിനേക്കാൾ ഒരുപാട് രീതിയിൽ മുന്നോട്ട് പോയിട്ടുണ്ട്. സമൂഹത്തിന്റെ പൊതുവിജ്ഞാനവും സാക്ഷരതയും ഉയർന്നതാണ്. നമുക്ക് ഏവർക്കും ആവശ്യത്തിൽ കൂടുതൽ ബുദ്ധിയും സാമർഥ്യവും ഉണ്ട്. ടെക്‌നോളജിയും മറ്റ് ആധുനിക സൗകര്യങ്ങളും നമ്മെ വേഗമുള്ളവരും കഴിവുറ്റവരുമാക്കിയിരിക്കുന്നു. എന്നാൽ, ബുദ്ധിശക്തിയും സാമർഥ്യവും മുഖ്യഘടകങ്ങളാകുന്ന സമൂഹത്തിൽ സ്നേഹവും സഹാനുഭൂതിയും കുറഞ്ഞുകൊണ്ടിരിക്കുകയാണോ?

വാസ്തവത്തിൽ നുണ സത്യത്തേക്കാൾ പ്രാമുഖ്യം നേടുന്ന കാലത്ത് സ്നേഹവും കാരുണ്യവും ഒരു കടങ്കഥയായ് അവശേഷിക്കും. വ്യാജ നിർമിതികൾ പരന്നൊഴുകുന്ന സത്യാനന്തര കാലത്ത് സമൂഹത്തെ നയിക്കേണ്ട നേതാക്കളും രാഷ്ട്ര പുരുഷന്മാരും മികച്ച അഭിനേതാക്കളാകുന്നു. വസ്തുതകളേക്കാൾ വികാരങ്ങളും ബഹുസ്വരതയെക്കാൾ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുന്ന മിഥ്യകളുമാണ് അരങ്ങു നിറക്കുന്നത്. സമ്പത്ത് എല്ലാത്തിനെയും നിർണയിക്കുന്ന ഏക മാനദണ്ഡമാകുന്നു. കുടുംബം തൊട്ട് ഭരണകൂടം വരെ അതിന്റെ സ്വാധീനത്തിലാകുന്നു.

എല്ലാം ചരക്കായി മാറുന്ന സമൂഹത്തിൽ പ്രയോജന വാദത്തിൽ പൊതിഞ്ഞാണ് എല്ലാം പ്രത്യക്ഷമാകുന്നത്.

ഇത്തരം ഒരു സന്ദർഭത്തിലാണ് ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് സഹജീവികളെ സ്നേഹിക്കുകയും കാരുണ്യത്തെ ഏറ്റവും ഉയർന്ന മൂല്യമായി കാണുകയും ചെയ്തിരുന്ന നമുക്കൊപ്പം ജീവിച്ചിരുന്ന മനുഷ്യരിലേക്ക് നാം കണ്ണുയർത്തുന്നത്. അവരുടെ ജീവിതം നമുക്ക് പ്രചോദനവും വെളിച്ചവും ആയിത്തീരുന്നത്.

പ്രഫ. സിദ്ദീഖ് ഹസന്റെ ജീവിതം അത്തരത്തിലൊന്നായിരുന്നു. എല്ലാം വ്യവസ്ഥാപിത തത്വങ്ങൾക്കുമപ്പുറം മനുഷ്യരെ അഗാധമായി സ്നേഹിക്കുകയും അവർക്ക് അത്താണിയായ് മാറുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതം ഈ കാലത്ത് ഒരു സന്ദേശം തന്നെയായി മാറുന്നു.

കുട്ടിക്കാലത്ത് സ്‌കൂളിൽ പോകുമ്പോൾ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടുകാർ കൊടുക്കുന്ന പൈസ യാചകർക്ക് നൽകി വൈകുന്നേരം വരെ വിശന്ന് ക്ലാസ്സിലിരുന്ന ഒരു വിദ്യാർഥിയായിരുന്നു അദ്ദേഹം.

റംസാൻ കാലത്ത് ദില്ലിയിൽ ഒരു ചെറിയ കഷ്ണം ചപ്പാത്തി കൊണ്ട് നോമ്പ് തുറക്കുന്നവരുടെ ദൈന്യമായ അവസ്ഥ ഉള്ളിൽ തറച്ചപ്പോൾ വിഷൻ എന്ന സമുദായോദ്ധാരണത്തിനുള്ള പദ്ധതികൾ നടപ്പാക്കി.

അദ്ദേഹം നിര്യാതനായ ദിവസം ഒരു പ്രസ്ഥാന പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ട അനുഭവം ഹൃദയസ്പർശിയായിരുന്നു. ഈ പ്രവർത്തകൻ ഇമാമായി പ്രവർത്തിച്ചിരുന്ന തെക്കൻ ജില്ലയിലെ പള്ളിയിൽ ഒരു ദിവസം സുബ്ഹി ബാങ്ക് കൊടുക്കാൻ പോയപ്പോൾ പള്ളിയിലെ ഹൗളിനരികിൽ ഒരാൾ കിടന്നുറങ്ങുന്നു. അജ്ഞാത ഭിക്ഷുവിനെ പോലെ കണ്ട ആ അപരിചിതനെ തട്ടിയുണർത്താൻ നോക്കും നേരം മറ്റൊരാൾ ഇത് നമ്മുടെ അമീറായ സിദ്ദിഖ് ഹസൻ സാഹിബല്ലേ എന്ന സംശയം പ്രകടിപ്പിച്ചു. ഉണർത്തി വിവരം ചോദിച്ചപ്പോൾ തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയിൽ രാത്രി ബസ്സ് കിട്ടാതായപ്പോൾ ബസ് സ്റ്റാൻഡിൽ നിന്ന് നേരെ ഉറങ്ങാൻ ഇങ്ങോട്ട് എത്തിയതായിരുന്നു അദ്ദേഹം. ഒരു ലോഡ്ജ് മുറിയെടുത്ത് അതിന്റെ പണം പ്രസ്ഥാനത്തിന്റെ വകയിൽ നിന്ന് ചിലവാക്കുന്നത് അദ്ദേഹത്തിന് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. എനിക്ക് ഒന്നും വേണ്ട നീ മാത്രം മതി എന്ന് ദൈവത്തോട് പറഞ്ഞ ഒരു യഥാർഥ ദൈവദാസന്‌ മാത്രമേ ഇങ്ങനെ പള്ളിയുടെ ഹൗളിനരികിലെ സ്ഥലം തന്റെ കിടപ്പാടം ആക്കാൻ കഴിയൂ.കയ്യടക്കവും കണിശതയുമുള്ള ഒരു പ്രസ്ഥാനത്തിന്റെ സാരഥിയായിരിക്കെ എല്ലാ വ്യവസ്ഥകൾക്കപ്പുറമുള്ള വിശാലമായ മാനവികത ആയിരുന്നു അദ്ദേഹത്തിന്റെ ലോക ബോധം. തികച്ചും ജനാധിപത്യപരവും ബഹുസ്വരവുമായിരുന്നു ഈ ബോധം. സർഗാത്മകവും ചലനാത്മകവുമായ ഈ ബോധത്തിന് ഒരു കള്ളിയിലും ഒതുങ്ങി നിൽക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ, സാമ്പ്രദായിക പണ്ഡിതന്മാർക്കും സമുദായ നേതാക്കൾക്കും സാധ്യമാകാത്ത സൗന്ദര്യവും സർഗാത്മകതയും അദ്ദേഹത്തിന്റെ കർമങ്ങൾക്കുണ്ടായിരുന്നു. ഒരു പക്ഷെ റൂമിയുടെ ഈ വരികൾ പറയും പോലെ

ആത്മീയതയിൽ വകഭേദങ്ങളോ

അക്കമിടാളുകളോ ഇല്ല

ആത്മീയതയിൽ

വ്യക്തിഭേദങ്ങളോ ഇല്ല

എല്ലാ മതങ്ങളും ഊന്നി പറഞ്ഞത് നന്മയും ധാർമികതയുമാണ്. മത ഗ്രന്ഥങ്ങളിൽ ഒരിടത്തും മനുഷ്യന്റെ ബുദ്ധിയെയോ, ശക്തിയേയോ സാമർഥ്യത്തെയോ വാഴ്ത്തുന്നില്ല. മനഃശുദ്ധിയുള്ളവൻ ദൈവത്തെ കാണും എന്ന ക്രിസ്തുവിന്റെ വാക്യം മനുഷ്യന്റെ ഏറ്റവും പരമമായ സത്ഗുണം മനഃശുദ്ധിയാണെന്ന് പറയുന്നു.

എന്നാൽ, കുടിലരായ സാമ്രാജ്യത്വ ശക്തികളും അധികാരത്തിനുവേണ്ടി മതത്തെ ദുർവ്യയം ചെയ്ത് ചോരക്കളം സൃഷ്ടിക്കുന്ന വംശീയവാദികളും കളങ്കപ്പെടുത്തിയ ഒരു ലോകത്താണ് നാം ഇപ്പോൾ പുലരുന്നത്. മനുഷ്യ ചരിത്രത്തിൽ മുൻപില്ലാത്തവിധം മതവിഭാഗീയത ദുരിതങ്ങൾ വിതക്കുന്നു. സാമ്രാജ്യത്തോടും ഫാസിസത്തോടും തോളുരുമ്മി നിൽക്കുന്ന ഈ പൈശാചികതക്ക് സമാന്തരമായി കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പാതയിലൂടെ മനുഷ്യരുടെ പുരോഗതിക്ക് നവോർജം നൽകുന്ന മതത്തിന്റെ മറ്റൊരു ധാരയും നിലനിക്കുന്നു ണ്ട്.. മനുഷ്യ സേവയെ ദൈവാരാധനയായി കാണുകയും പീഡിതരോടും പാവങ്ങളോടും ചേർന്നുള്ള നിൽപ്പാണ് യഥാർഥ ദൈവേച് ഞ എന്ന് കരുതുകയും ചെയ്യുന്ന ഈ ധാര ചരിത്രത്തിലൂടെ നിശബ്ദം ഒഴുകുന്നുണ്ട്.

റൂമി,ഫരീരുദ്ദീൻ അത്താർ, കബീർ, ഗുരുനാനാക്ക്, മദർ തെരേസ, ഫാദർ ഡാവിയൻ തുടങ്ങി മഹാത്മാ ഗാന്ധിയിലും അംബേദ്കറിലൂടെയും തുടങ്ങുന്ന ഈ ധാരയുടെ ചൈതന്യം സിദ്ദിഖ് ഹസന്റെ ജീവിതത്തിൽ കാണാം. ഭൗതികതെയും അധികാരത്തെയും ചെറുക്കുന്ന ഈ മഹാസ്നേഹത്തിന്റെ മതാത്മീയത ആസുരമായ പുതിയ ലോകക്രമത്തിന്റെ രോഗങ്ങൾക്കുള്ള മരുന്നാണ്. അങ്ങിനയാണ് പ്രഫ. സിദ്ധിഖ് ഹസ്സൻ മരണ ശേഷവും നമ്മുടെ ജീവിതത്തിൽ ഇടപെടുകയും ഭാവിയുടെ പ്രചോദനവും വെളിച്ചവുമായി തീരുന്നതും.

TAGS :