Quantcast

വികസനത്തിൻ്റെ മലപ്പുറം മോഡലും പത്തനംതിട്ട മാതൃകയും; രണ്ട് മെഡിക്കൽ കോളേജുകൾ പിറവിയെടുത്ത കഥ

'പത്തനംതിട്ടയിലെ 'ഭാവനാസമ്പന്നരല്ലാത്ത' രാഷ്ട്രീയക്കാരും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും നിലവിലുള്ള ഹോസ്പിറ്റലിൻ്റെ ബോർഡ് ഇളക്കിമാറ്റുന്നതിനെ പറ്റിയോ ജനകീയ പിരിവിനെക്കുറിച്ചോ ആലോചിച്ചില്ല'

MediaOne Logo

ബഷീർ തൃപ്പനച്ചി

  • Updated:

    2021-07-07 12:18:29.0

Published:

7 July 2021 10:13 AM GMT

വികസനത്തിൻ്റെ മലപ്പുറം മോഡലും പത്തനംതിട്ട മാതൃകയും; രണ്ട് മെഡിക്കൽ കോളേജുകൾ പിറവിയെടുത്ത കഥ
X

2011 ലെ യുഡിഎഫ് മന്ത്രിസഭ രണ്ട് ജില്ലകൾക്ക് മെഡിക്കൽ കോളേജ് അനുവദിച്ചു. 45 ലക്ഷത്തിലേറെ ജനസംഖ്യയുള്ള മലപ്പുറം ജില്ലക്കും 12 ലക്ഷം ജനസംഖ്യയുള്ള പത്തനംതിട്ട ജില്ലക്കമായിരുന്നുവത്. പ്രഖ്യാപനങ്ങളെല്ലാം കഴിഞ്ഞ് വർഷങ്ങളെടുത്ത ശേഷമാണ് പത്തനംത്തിട്ട ജില്ലയിലെ കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമായത്. എന്നാൽ പ്രഖ്യാപനം നടന്ന് ഒരു വർഷത്തിനകം തന്നെ മലപ്പുറം ജില്ലയിൽ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കി ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടി കേരളത്തെ ഞെട്ടിച്ചു.സംഭവം നിസ്സാരം. മഞ്ചേരിയിൽ നിലവിലുണ്ടായിരുന്ന ജില്ലാ ജനറൽ ആശുപത്രിയുടെ നെയിംബോർഡ് മാറ്റി പകരം മെഡിക്കൽ കോളേജ് എന്ന ബോർഡ് സ്ഥാപിച്ചു.അതോടെ മലപ്പുറം ജില്ലക്ക് മെഡിക്കൽ കോളേജ് സംഭാവന ചെയ്തതിൻ്റെ വീര രാഷ്ട്രീയ ഗാഥകൾ മലപ്പുറത്തെ നാട്ടിലെങ്ങും പാട്ടായി. ആ പാട്ടിൻ്റെ പശ്ചാത്തലത്തിൽ പുതിയ മെഡിക്കൽ കോളേജിന് ഒരു പുതിയ കെട്ടിടമൊരുക്കുവാനുള്ള ജനകീയ പിരിവ് കൂടി വർണ്ണശബളിമയോടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. 100 രൂപ മുതൽ 50 ലക്ഷം വരെ മലപ്പുറം ജില്ലയിലെ ഉദാരമതികൾ മെഡിക്കൽ കോളേജിനായി കയ്യഴിഞ്ഞ് സംഭാവന ചെയ്തു. അതോടെ പുതിയ ബിൽഡിംഗിനുള്ള കാശായി. മഹത്തായ മലപ്പുറം മോഡൽ വികസനത്തെ അന്നത്തെ മുഖ്യമന്ത്രിയടക്കം മലപ്പുറത്തെത്തി മുക്തകണ്ഠം പ്രശംസിച്ചു.പത്രമാധ്യമങ്ങളും ചാനലുകളുമെല്ലാമത് വാർത്തയാക്കി മലപ്പുറം മോഡൽ വികസനത്തെ ആവോളം പുകഴ്ത്തി.

മലപ്പുറത്തെ പച്ചമനുഷ്യർക്കെല്ലാം രോമാഞ്ചമുണ്ടായി. ഈ മലപ്പുറം മോഡൽ വികസനം ഞങ്ങൾ നെഞ്ചിലേറ്റിയിരിക്കുന്നൂവെന്നവർ പ്രതിജ്ഞയെടുത്തു.അങ്ങനെ സംസ്ഥാന ജില്ലാ ഭരണകൂടങ്ങൾ മലപ്പുറത്തെ അടിസ്ഥാന വികസനങ്ങൾക്കായി പിന്നെയും പിന്നെയും സർക്കാർ വിലാസം ജനകീയ പിരിവുകൾ തുടർന്നു കൊണ്ടേയിരുന്നു. ഈ കോവിഡ് പ്രതിസന്ധി കാലത്ത് 'പ്രാണവായുവിന് ' വേണ്ടിപോലും അത് തുടരുന്നു.മലപ്പുറത്തിൻ്റെ ഉദാരതയുടെ മഹത്വം വീണ്ടും വീണ്ടും ഇവിടത്തെ ജില്ലാ കലക്ടർമാർ സോഷ്യൽ മീഡിയാ പേജുകളിൽ വിളംബരം ചെയ്തുക്കൊണ്ടേയിരിക്കുന്നു.

മലപ്പുറം കഥകൾ വിട്ട് നമുക്ക് പത്തനംത്തിട്ടയിലേക്ക് വരാം. മലപ്പുറം ജില്ലക്കൊപ്പം പത്തനംത്തിട്ടക്കും ഒരു മെഡിക്കൽ കോളേജ് അനുവദിച്ചിരുന്നുവല്ലോ.ആ ജില്ലയിൽ ഈ മലപ്പുറം മോഡലൊന്നും നടന്നില്ല. അവിടത്തെ 'ഭാവനാസമ്പന്നരല്ലാത്ത'രാഷ്ട്രീയക്കാരും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും നിലവിലുള്ള ഹോസ്പിറ്റലിൻ്റെ ബോർഡ് ഇളക്കിമാറ്റുന്നതിനെ പറ്റിയോ ജനകീയ പിരിവിനെക്കുറിച്ചോ ആലോചിച്ചില്ല. ഒരു വർഷത്തിനകം മെഡിക്കൽ കോളേജ് യഥാർഥ്യമാക്കി ജനങ്ങളെ ഞെട്ടിപ്പിക്കാനും അവർ തയ്യാറായില്ല.അവരാദ്യം സംസ്ഥാന സർക്കാരിനെ കൊണ്ട് ഗവൺമെൻ്റിന് കീഴിലുള്ള 50 ഏക്കർ ഭൂമി ഹോസ്പിറ്റലിനായി ജില്ലയിൽ കണ്ടെത്തിപ്പിച്ചു. സർക്കാറിൻ്റെ തന്നെ വ്യത്യസ്ത വകുപ്പുകൾക്ക് കീഴിലുള്ള കോന്നിയിലെ 50 ഏക്കർ ഭൂമി ഇതിനായി ഒരുമിപ്പിച്ച് മെഡിക്കൽ കോളേജിനായി രജിസ്റ്റര്‍ ചെയ്യിപ്പിച്ചു.അങ്ങനെ കണ്ടെത്തിയ സ്ഥലത്തേക്ക് ഗതാഗതസൗകര്യം പരിമിതമായിരുന്നു. അതിനാൽ നിർദ്ദിഷ്ട മെഡിക്കൽ കോളേജ് ഭൂമിയിലേക്ക് രണ്ടു വരി പാത സർക്കാറിനെ കൊണ്ട് നിർമ്മിപ്പിച്ചു. തുടർന്ന് പത്തനംത്തിട്ട മെഡിക്കൽ കോളേജ് അനുവദിച്ച യു.ഡി.എഫ് സർക്കാർ അതിൻ്റെ പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾക്കും മറ്റുമായി 110 കോടി രൂപ വകയിരുത്തി. അങ്ങനെ അനുവദിച്ച ഗവൺമെൻ്റ് ഫണ്ടുമായി 50 ഏക്കർ സർക്കാർ സ്ഥലത്ത് കോന്നി മെഡിക്കൽ കോളേജിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.

വൈകാതെ നിയമസഭ ഇലക്ഷൻ വന്നു. സർക്കാർ മാറി. എല്ലാം ശരിയാക്കാൻ എൽഡിഎഫ് അധികാരത്തിൽ എത്തി. കോന്നി മെഡിക്കൽ കോളേജിൻ്റെ വികസനപദ്ധതികൾ അവരും ശരിയായിത്തന്നെ തുടർന്നു.കിഫ്ബി വഴി എൽഡിഎഫ് സർക്കാർ 315 കോടി രൂപ കോന്നി മെഡിക്കൽ കോളേജിൻ്റെ നിർമാണപ്രവർത്തനങ്ങൾക്കായി അനുവദിച്ചു. തകൃതിയായി പണികൾ മുന്നോട്ടു പോയി. എല്ലാവിധ ക്ലാസ് റൂം സൗകര്യങ്ങളോടെയും ഒന്നരലക്ഷം സ്ക്വയർഫീറ്റുള്ള മെഡിക്കൽ കോളേജ് ബിൽഡിംഗും അഞ്ചുനില ഹോസ്പിറ്റൽ ബിൽഡിംഗും ആവശ്യമായ സൗകര്യങ്ങളോടെയും സംവിധാനങ്ങളോടെയും ഒന്നാം ഘട്ടത്തിൽ തന്നെ പൂർത്തീകരിച്ചു. ഇങ്ങനെ 500 കോടി രൂപ സർക്കാർ ചിലവഴിച്ചപ്പോൾ 2020 ൽ കോന്നി മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമായി.കോവിഡ്പ്രതിസന്ധി കത്തിനിന്ന 2020 സെപ്റ്റംബറിൽ കോന്നി മെഡിക്കൽ കോളേജ് മുഖ്യമന്ത്രി പിണറായി വിജയൻ പത്തനംത്തിട്ട ജില്ലയിലെ ജനങ്ങൾക്കായി സമർപ്പിക്കുകയും ചെയ്തു. 50 ഏക്കർ ഭൂമിയുള്ളതിനാൽ ഇനിയും ഓരോ വർഷത്തെയും ബജറ്റിൽ കോന്നി മെഡിക്കൽ കോളേജിന് ഫണ്ട് അനുവദിച്ചു കൊണ്ടേയിരിക്കും. പുതിയ ബിൽഡിംഗുകളും ക്ലാസ് റൂം സൗകര്യങ്ങളും മറ്റു ആധുനിക ചികിത്സാ സംവിധാനങ്ങളും എല്ലാം കോന്നി മെഡിക്കൽ കോളേജിൽ വന്നു കൊണ്ടേയിരിക്കും.

മലപ്പുറത്തെ മഞ്ചേരി മെഡിക്കൽ കോളേജ് ബോർഡ് മാറ്റി ഉടനടി യാഥാർഥ്യമാക്കിയപ്പോൾ അതുവരെ ഉണ്ടായിരുന്ന ജില്ലാ ജനറൽ ഹോസ്പിൽ സൗകര്യങ്ങളും ജില്ലയിലെ ജനങ്ങൾക്ക് നഷ്ടപ്പെട്ടു. ഒരുവിധ വിദഗ്ധ ചികിത്സാ സൗകര്യവും ഇതുവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ സ്ഥാപിതമായിട്ടുമില്ല.ഇപ്പോഴും സർക്കാർ വിലാസം വിദഗ്ധ ചികിത്സയ്ക്ക് മലപ്പുറം ജില്ലക്കാർ കോഴിക്കോട് മെഡിക്കൽ കോളേജിനെ തന്നെ ആശ്രയിക്കണം .ഹോസ്പ്പിറ്റലിന് ഭൂമി കുറവായതിനാലും സ്ഥലപരിമിതിയുള്ളതിനാലും ഇനി വലിയൊരു വികസന സാധ്യതയും ഇവിടെ കുറവാണ്. രണ്ടു ജില്ലകളിലെയും ജില്ലാ ഭരണകൂടവും രാഷ്ട്രീയ പ്രതിനിധികളും ഒരേ ആവശ്യത്തെ രണ്ട് രീതിയിൽ സമീപിച്ചതിൻ്റെയും സംസ്ഥാന ഭരണകൂടം രണ്ടുനിലക്കവരെ പരിഗണിച്ചതിൻ്റയും വർത്തമാനമാണ് മഞ്ചേരി മെഡിക്കൽ കോളേജും കോന്നി മെഡിക്കൽ കോളേജിൻ്റെയും ചരിത്രം വ്യക്തമാക്കുന്നതെന്ന് ചുരുക്കം.

TAGS :

Next Story