Quantcast
MediaOne Logo

പി.എ നാസിമുദ്ദീന്‍

Published: 1 April 2022 9:38 AM GMT

നജ്മൽ ബാബു: തെറ്റായ കാലത്ത് ശരിയായ കാര്യങ്ങൾ പറഞ്ഞയാൾ

നജ്മൽ ബാബു ഒട്ടേറെ വ്യത്യസ്തതകൾ ഉള്ളയാളായിരുന്നു. ഒരു സൂഫി പോലെയോ, സെൻഗുരു പോലെയോ അദ്ദേഹം ജീവിച്ചു.

നജ്മൽ ബാബു: തെറ്റായ കാലത്ത് ശരിയായ കാര്യങ്ങൾ പറഞ്ഞയാൾ
X
Listen to this Article

മരിക്കുന്നതിന് ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ടി.എൻ ജോയ് എന്ന മുൻ നക്സലൈറ്റ് നേതാവ് ഫേസ്ബുക്കിൽ താൻ നജ്മൽ ബാബു എന്ന പേരിൽ ഇസ്‌ലാം മതം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അടുത്ത സുഹൃത്തുക്കൾക്കും അദ്ദേഹത്തെ അറിയാവുന്നവർക്കും ഇത് അത്ഭുതവും അൽപം നടുക്കവും ഉണ്ടാക്കി. വ്യവസ്ഥാപിത മതങ്ങളെ പഴഞ്ചനും യാഥാസ്ഥിതികവും അന്ധവിശ്വാസങ്ങൾ നിറഞ്ഞതും ആയിട്ടാണ് പുരോഗമനവാദികൾ കാണുന്നത്. കേരളത്തിലെ ബൗദ്ധിക മേഖലയിലെ എണ്ണപ്പെട്ട ഒരാൾ, എഴുപതുകളിൽ നക്സലൈറ്റ് പ്രസ്ഥാനത്തെ കരുപ്പിടിപ്പിച്ച ഒരാൾ, ഉത്തരാധുനിക ചിന്തകൾ പുലർത്തുന്ന ഒരാൾ ഇത്തരം മതങ്ങളിൽ ഒന്നിലേക്ക് മാറുന്നത് പലർക്കും ഉൾക്കൊള്ളാനായില്ല. അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് അന്ന് ഫേസ്ബുക്കിൽ എഴുതി; 'ജോയിച്ചേട്ടന്റെ ഒരു പുതിയ തമാശ'. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് മാത്രമല്ല ഏവർക്കും ഇതിനോട് സമരസപ്പെടാൻ കുറച്ച് സമയം എടുത്തു.

നക്സലൈറ്റുകളുടെ മലക്കം മറിച്ചിലുകൾ മുൻപും നമ്മുടെ നാട്ടിൽ ശ്രദ്ധ പിടിച്ചെടുത്തിട്ടുണ്ട്. ഫിലിപ്പ് എം. പ്രസാദ് സായിബാബയുടെ ശിഷ്യനായതും വെള്ളത്തൂവൽ സ്റ്റീഫൻ സുവിശേഷ പ്രവർത്തകൻ ആയതും പലരും സിനിമക്കാരും വൻ മുതലാളിമാരുമായതും മലയാളികൾ കണ്ടതാണ്. അതൊക്കെ അവരുടെ തികച്ചും സ്വകാര്യവും വ്യക്തിപരവുമായ സ്വത്വ പ്രശ്നങ്ങളാൽ തീരുമാനിക്കപ്പെട്ടതുമായിരുന്നു. എന്നാൽ, നേരെ മറിച്ച് ടി.എൻ ജോയിയുടെ നജ്മൽ ബാബു എന്ന പേരിലുള്ള മതം മാറ്റം തികച്ചും രാഷ്ട്രീയപരവും സാമൂഹികവുമായ തീരുമാനമായിരുന്നു, ഇന്ത്യയിൽ വളർന്നുകൊണ്ടിരുന്ന ഫാസിസത്തിനെതിരെയുള്ള ശക്തമായ ഒരു പ്രതികരണമായിരുന്നു. മതമാറ്റത്തിന് മുൻപുതന്നെ തന്റെ നിലപാടുകൾ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഇടതുപക്ഷക്കാരിലും ഉൽപതിഷ്ണുക്കൾ എന്ന് പറയുന്നവരിലും വളർന്നു വന്നിരുന്ന 'ഇസ്ലാമോഫോബിയ'യും ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരേപോലെ കണ്ടുള്ള 'വഴുതിമാറലും' അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മതംമാറ്റത്തിന് കുറച്ചുനാൾ മുമ്പ് തന്റെ ജന്മനാടായ കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയിലെ ഇമാമിന് കൈമാറിയ കത്തിൽ ഇങ്ങനെ പറഞ്ഞു: "മൗലവി, ഏതു മതത്തിൽ ജനിക്കുക എന്നത് നമുക്ക് തെരഞ്ഞെടുക്കാനാകില്ലല്ലോ? പക്ഷേ, ജീവിച്ചിരിക്കുമ്പോഴും ജീവിതാനന്തരവും നമുക്കതിന് കഴിയും. നിങ്ങളുടെ പള്ളിയിൽ മരണാനന്തരം അന്തിയുറങ്ങാൻ എനിക്ക് ഒരു സ്ഥലം വേണം".


നജ്മൽ ബാബു ഒട്ടേറെ വ്യത്യസ്തതകൾ ഉള്ളയാളായിരുന്നു. ഒരു സൂഫി പോലെയോ, സെൻഗുരു പോലെയോ അദ്ദേഹം ജീവിച്ചു. അദ്ദേഹം ജീവിച്ച കാലത്തെ ചെറിയ മനുഷ്യർക്ക് അദ്ദേഹത്തിന്റെ പ്രവചനാതീതമായ സർഗശേഷിയും ധൈഷണികതയും കൊണ്ട് ഉളവായ അസാധാരണതകളെ ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ഇടതുചിന്തയും യുക്തിവാദവും ഉൾക്കൊണ്ട അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളാകട്ടെ ആ ആശയസംഹിതകളാൽ ഒട്ടേറെ മുൻവിധികളുള്ളവരായിരുന്നു. അതിനാൽ തന്റെ അവസാന നാളുകളിൽ ഒരുപാട് അവഗണനയും പുച്ഛവും ഏറ്റുവാങ്ങേണ്ടിവന്നു. അദ്ദേഹം മുൻപ് പറഞ്ഞ ഖബറടക്കം നടത്തിക്കൊടുക്കാൻ സുഹൃത്തുക്കളടക്കം തയ്യാറായില്ല. തന്നെയുമല്ല പലരും ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ തീരുമാനത്തെ എതിർക്കുകയും ചെയ്തു. നജ്മൽ ബാബു മുന്നോട്ടുവെച്ച സൂക്ഷ്മ രാഷ്ട്രീയത്തിന്റെ സങ്കീർണതകളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയാത്തവിധം സങ്കുചിതമായിരുന്നു അവരുടെ മനസ്സ്. കാലത്തിന്റെ ചുമരെഴുത്തുകൾ വേണ്ടവിധം വായിക്കാൻ അവർക്കായില്ല. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിനും മരണത്തിനും ഒരു ദുരന്തച്ഛായ നൽകി. മരണശേഷവും ഒരു പ്രഹേളിക പോലെ അദ്ദേഹത്തിന്റെ കറകളഞ്ഞ മനുഷ്യസ്നേഹവും ചടുലമായ സർഗശേഷിയും പലരെയും വേട്ടയാടുന്നത് അതുകൊണ്ടാണ്.

ഞാൻ അദ്ദേഹത്തെ കാണുന്നതും പരിചയപ്പെടുന്നതും എന്റെ എസ്.എസ്.എൽ.സി സമയത്താണ്. നന്നായി പഠിച്ചിരുന്ന, ശാസ്ത്ര പരീക്ഷണങ്ങളിൽ അവാർഡ് വാങ്ങിച്ചിരുന്ന ഞാൻ, എസ്.എസ്.എൽ.സി സമയമായപ്പോഴേക്കും തീക്ഷ്ണമായ വായനയിലും ചിന്തയിലും മുഴുകി പഠിപ്പ് ഉഴപ്പുന്നത് അദ്ദേഹം അറിഞ്ഞു. നാട്ടിലെ ചെറിയ സ്പന്ദനങ്ങൾ പോലും അദ്ദേഹം അറിഞ്ഞിരുന്നു. അടിയന്തരാവസ്ഥയിലെ മിസ തടവ് കഴിഞ്ഞ് കൊടുങ്ങല്ലൂരിൽ സൂര്യകാന്തി എന്ന പേരിൽ ലെൻഡിങ് ലൈബ്രറി നടത്തുകയായിരുന്നു അദ്ദേഹം അപ്പോൾ.

അടിയന്തരാവസ്ഥക്ക് ശേഷം പാർട്ടിയോട് അദ്ദേഹം വിട പറഞ്ഞിരുന്നു. വെറുമൊരു ലൈബ്രറി ആയിരുന്നില്ല സൂര്യകാന്തി, സജീവമായ വായനയുടെയും ചർച്ചകളുടെയും ഇടമായിരുന്നു. അദ്ദേഹത്തിന്റെ താമസവും അവിടെയായിരുന്നു. പരീക്ഷാ വേളയിൽ അദ്ദേഹം സുഹൃത്തുക്കളെകൊണ്ട് സൂര്യകാന്തിയിൽ വെച്ച് എനിക്ക് ട്യൂഷൻ എടുപ്പിച്ച് പരീക്ഷക്ക് തയ്യാറാക്കി. സുഹൃത്തുക്കളിലൊരാൾ എന്നെ ഹൈസ്കൂളിൽ പഠിപ്പിച്ച അധ്യാപകൻ തന്നെയായിരുന്നു; അദ്ദേഹത്തോടൊപ്പം മിസ തടവ് അനുഭവിച്ച കെ.എച്ച് ഹുസൈൻ. മറ്റൊരാൾ പിന്നീട് എന്നെ ഏറെ സ്വാധീനിച്ച എ.കെ മുഹമ്മദലി ആയിരുന്നു. സൂര്യകാന്തിയിൽ ലോകത്ത് അന്ന് ഇറങ്ങുന്ന ഏറ്റവും പുതിയ പുസ്തകങ്ങൾ എത്തിയിരുന്നു. നജ്മലിന്റെ സുഹൃത്തുക്കളായ സച്ചിദാനന്ദൻ, ബി. രാജീവൻ, മൈത്രേയൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരൊക്കെ അവിടെ എപ്പോഴും വരുമായിരുന്നു.

ഉത്തരാധുനികതയും സൈബർ സ്പേസും ജനിച്ചിട്ടില്ലാത്ത ആ നാളിൽ അസ്തിത്വ വാദവും തീവ്ര കമ്യൂണിസവുമായിരുന്നു സാഹിത്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്നിരുന്നത്. സൂര്യകാന്തിയിലെ സുഹൃദ് വലയം തീക്ഷ്ണമായ വായനയിലും സ്വതന്ത്ര ചിന്തകളിലും മുഴുകി സമൂഹത്തിൽ നിന്നും വേർപെട്ട് ഒരു 'പ്രത്യേക ഗ്രൂപ്പ്' ആയി വർത്തിച്ചിരുന്നു. സമൂഹത്തിന് കുറുകെ സഞ്ചരിച്ചിരുന്നതിനാൽ ചിലർക്ക് മനസ്സിനു താളം തെറ്റി. എന്നാൽ, ഈ ഗ്രൂപ്പിന്റെ ആചാര്യനായ നജ്മൽ ബാബു മാത്രം അത്ഭുതകരമായ ഇച്ഛാശക്തികൊണ്ട് അനിഷേധ്യനായി നിലകൊണ്ടു.

(തുടരും )

TAGS :