Quantcast
MediaOne Logo

പി.എ നാസിമുദ്ദീന്‍

Published: 22 March 2022 7:33 AM GMT

ലൈലാത്ത.... നാട്ടറിവിൽ ഒരു ജീവിതം

ഐശ്വര്യവും കാന്തിയും കൊണ്ട് അവരുടെ മുഖം ആ പ്രായത്തിലും വെട്ടിത്തിളങ്ങിയിരുന്നു

ലൈലാത്ത.... നാട്ടറിവിൽ ഒരു ജീവിതം
X
Listen to this Article

ലൈലാത്തയെ പറ്റിയുള്ള ഈ കുറിപ്പ് മാസങ്ങൾക്ക് മുമ്പ് എഴുതി പൂർത്തിയാക്കാനാവാതെ എന്റെ ഫയലുകൾക്കിടയിൽ ഉപേക്ഷിച്ചതാണ്. കഴിഞ്ഞ ആഴ്ച നാട്ടിൽ നിന്നും അനിയത്തിയുടെ വിളിവന്നു.

"നമ്മുടെ ലൈലാത്ത ഇന്ന് രാവിലെ മരിച്ചു. ആശുപത്രിയിൽ പോകുംവഴി ഓട്ടോയിൽവെച്ച്.....ഹാർട്ട് അറ്റാക്ക് ആയിരുന്നു."

ഇപ്പോൾ ഞാനീ കുറിപ്പെഴുതുന്നു!

കുട്ടിക്കാലത്തുനിന്ന് നിർഗമിക്കുന്ന, വെള്ളത്തിൽ അഴുകാനിട്ട തെങ്ങിൻ തൊണ്ടുകളുടെയും ഓലകളുടെയും മണത്തോടൊപ്പം ലൈലാത്തയെ കുറിച്ചുള്ള ഓർമകളും എന്നിലേക്ക് അരിച്ചു കയറുന്നു. പണ്ട് പണ്ട് ഓരോ ഗ്രാമങ്ങളിലും ഒരുപാട് ഒാലപ്പുരകൾ ഉണ്ടായിരുന്നു. കല്ലുകൾ മണ്ണിൽ പാകി അതിന്മേൽ ചാണകം മെഴുകി തെങ്ങിൻ തൂണുകളും അടക്കാവരികളും കൊണ്ട്, പണിത ഓലമേഞ്ഞ ആ കൂരകളിൽ മേശകളോ കസേരകളോ കാണില്ല. അകത്ത് മുറികളിൽ ഇരുട്ട് പതിഞ്ഞു കിടക്കും. പായകളായിരുന്നു ഇരിക്കാനും കിടക്കാനും... ബാറ്ററികൾ ഇട്ട റേഡിയോയിൽ നിന്നും സദാസമയം ചലച്ചിത്രഗാനങ്ങൾ പുറത്തേക്കൊഴുകും. അതായിരുന്നു വലിയ ഒരേയൊരു ആഡംബര വസ്തു.

നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് കുട്ടികൾ പഠിക്കുന്നത്. അവരുടെ പുസ്തകങ്ങൾ വെക്കാൻ അകത്തെ മുറികളിൽ പലകകൾ കെട്ടിയുണ്ടാക്കിയ റാക്കുകൾ ഉണ്ടായിരുന്നു. വിശപ്പായിരുന്നു അന്ന് ഏവർക്കും വളരെ പരിചിതം. മൂന്നുനേരം മുട്ടിച്ചു പോകുക എന്നത് ഒരു സ്വപ്നം തന്നെയായിരുന്നു. ഇത്തരമൊരു ഓലക്കുടിലായിരുന്നു ലൈലാത്തയുടേത്. അതിന്റെ മുറ്റത്തിരുന്ന് തൊണ്ട് തല്ലിയും ഓല മെടഞ്ഞും, പശുക്കളെ വളർത്തി പാൽ വിറ്റും അവർ നാല് പെൺകുട്ടികളെ വളർത്തി. ലൈലാത്തയുടെ കെട്ടിയോൻ ജബ്ബാറിന് കൂലിപ്പണിയായിരുന്നു. അയാളുടെ കാലിൽ ഒരു ചെറിയ മുടന്ത് ഉണ്ടായിരുന്നു. അത് മുണ്ടിട്ട് മറക്കാൻ സദാ ശ്രമിച്ചിട്ടും പുറത്തേക്ക് കാണുമായിരുന്നു. മുടന്ത് മൂലം കഠിനാധ്വാനം അയാൾക്ക് വിഷമകരമായിരുന്നു. വറുതിയാകുമ്പോൾ കഞ്ഞിവെപ്പ് ബുദ്ധിമുട്ടാകും. അപ്പോൾ വീട്ടുമുറ്റത്തെ കറുമൂസ കായകൾ വേവിച്ച് മക്കൾക്ക് കൊടുക്കും. വൈകുന്നേരം കാപ്പിക്ക് പകരം ചൂടുവെള്ളവും ഒരു കഷണം ശർക്കരയും അവരുടെ കയ്യിൽ കൊടുക്കും.

മഴക്കാലമാകുമ്പോൾ ഓലപ്പുര ചോർന്ന് കിടക്കാൻ ബുദ്ധിമുട്ടാകും. അപ്പോൾ പുതപ്പും പായയുമായി ലൈലാത്തയും മക്കളും എന്റെ വീട്ടിലേക്ക് വരും. രാത്രി വരുമ്പോൾ വീട്ടിൽനിന്ന് കൊടുക്കുന്ന അത്താഴം എത്ര നിർബന്ധിച്ചാലും അവർ കഴിക്കില്ല. ജബ്ബാർ മാത്രം നനഞ്ഞൊലിച്ചാണെങ്കിലും പുരയിൽ തങ്ങും.

പണി ചെയ്യാതെ ഒരു നേരവും ഞാൻ ലൈലാത്തയെ കണ്ടിട്ടില്ല. കൂലിക്ക് അയൽപക്കങ്ങളിലെ ഓല മെടഞ്ഞു കൊടുക്കും. വീട്ടിലെ പശുക്കളെ തീറ്റിക്കാൻ പറമ്പിലേക്ക് ഇറങ്ങും. വീടുകളിൽനിന്നും പഴയ കഞ്ഞിവെള്ളം ശേഖരിച്ച് വീട്ടിലെ പശുക്കൾക്ക് കൊടുക്കും. കൈതോല കീറി ഉണക്കി തഴയാക്കി പായ നെയ്യും. അത് ദൂരെയുള്ള ചന്തയിൽ കൊണ്ട് പോയി വിൽക്കും. അങ്ങനെ പകുതി പട്ടിണിയുമായി മൂന്ന് മക്കളെയും പഠിപ്പിച്ചു. പ്ലസ് ടു കഴിഞ്ഞ് കെട്ടിച്ചയച്ചു. ഇളയവൾ മാത്രം മുകളിലേക്ക് പിടിച്ചു കേറി.



ജബ്ബാർ കൂലിപ്പണിക്ക് പോകുമ്പോൾ വീട്ടിലെ മുഴുവൻ ഉത്തരവാദിത്വവും ലൈലാത്തയുടെ കൈകളിലായിരുന്നു. പാലിന്റെ വരുമാനം, പായയിൽ നിന്നുള്ള വരുമാനം അങ്ങനെ പലതരം വരുമാനങ്ങളിലൂടെ ഓലപ്പുരയുടെ സ്ഥാനത്ത് ഭിത്തികൾ തേച്ചിട്ടില്ലാത്ത ഒരു കല്ല് പുര കെട്ടിയുയർത്താൻ അവർക്കായി. ഇതിനിടെ ജബ്ബാറിന് അർബുദ രോഗം പിടിപെട്ടു. കുറേ ദിവസം തിരുവനന്തപുരം ആർ.സി.സിയിൽ ആയിരുന്നു. ലൈലാത്ത അയാളെ കണ്ണിലെ കൃഷ്ണമണി പോലെ കരുതി ശുശ്രൂഷിച്ചെങ്കിലും മടങ്ങിയെത്തിയ അയാൾ രണ്ടുമാസം കഴിഞ്ഞ് മരിച്ചു. ഇതിനിടയിൽ ഇളയമകൾ എൻട്രൻസ് പരീക്ഷ എഴുതി മെഡിസിന് ചേർന്നു. മകളുടെ പഠിപ്പ് മുന്നോട്ടു കൊണ്ടുപോകാൻ അവർ പലരുടേയും കാലു പിടിച്ചു. സാമ്പത്തിക പരാധീനതകളോട് കൂടിത്തന്നെ ഓരോ വർഷവും പിന്നിട്ട് അവൾ ഡോക്ടറായി നല്ല നിലയിൽ പ്രാക്ടീസ് ആരംഭിച്ചു.

ഇളയ മകളുടെ സ്വഭാവവും സൗന്ദര്യവും ഉദ്യോഗവും ഒക്കെ കണ്ട് നാട്ടിലെ അതിധനികനായ ഒരാളുടെ മകൻ അവളെ വിവാഹം കഴിച്ചു. സൽസ്വഭാവിയും വിനയവാനുമായ അയാൾക്ക് പണത്തിന് ഒട്ടും പഞ്ഞമുണ്ടായില്ല. അയാളും ഡോക്ടറും ലൈലാത്തയും ഒരുമിച്ചാണ് താമസിക്കുന്നത്. പഴയ കല്ലു വീടിന് പകരം അവിടെ വലിയ ഒരു സൗധം ഉയർന്നുകഴിഞ്ഞു. അതിന്റെ ഇറയത്ത് എല്ലാ ദിവസവും രാവിലെ ഖുർആൻ ഓതുന്ന അവരെ കാണാം.

ഈ വയസ്സ് കാലത്തും അവർക്ക് പണി ചെയ്യാതെ കുത്തിയിരിക്കാനാകില്ല. കോഴി വളർത്തലും പശു വളർത്തലും ഇപ്പോഴും അവരുടെ മുൻകൈയിൽ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ അവരുടെ വീട്ടിലും പോയിരുന്നു. ഞങ്ങൾ കുറെ നേരം കുശലം പറഞ്ഞു. എനിക്ക് അവർ നല്ല ഒന്നാന്തരം പാൽചായ കാച്ചിത്തന്നു. അപ്പോൾ പഴയ കാര്യങ്ങൾ ഒരു ചലച്ചിത്രത്തിലെന്നപോലെ എന്റെ മനസ്സിലൂടെ കടന്നുപോയി. ഐശ്വര്യവും കാന്തിയും കൊണ്ട് അവരുടെ മുഖം ആ പ്രായത്തിലും വെട്ടിത്തിളങ്ങിയിരുന്നു.

ഞാൻ യാത്ര പറയുമ്പോൾ അവർ മുറ്റം വരെ വന്നു. ഇനി എന്നാണ് നാട്ടിൽ വരിക എന്ന് ചോദിച്ചു.

കഴിഞ്ഞയാഴ്ച ലൈലാത്ത മരിച്ച വിവരം അറിയിച്ച് ഫോൺ വന്നെങ്കിലും വിഷാദവും വേദനയും മനസ്സിൽ തളം കെട്ടിയതിനാൽ അവസാനമായി അവരെ കാണാൻ പോകാൻ മനസ്സനുവദിച്ചില്ല. ഇപ്പോൾ ഞാൻ ഈ കുറിപ്പ് പൂർത്തിയാക്കുന്നു. ഇത് കൈയിൽ പിടിച്ച് ആ കൈകളോടെ അവരുടെ ആത്മാവിന് നിത്യശാന്തി നൽകാൻ ദൈവത്തോട് പ്രാർഥിക്കുന്നു.

TAGS :