Quantcast
MediaOne Logo

പി.എ നാസിമുദ്ദീന്‍

Published: 6 March 2022 9:10 AM GMT

വിജയൻ മാഷ് എന്ന സൂഫി

'ബഷീറിനെ പറ്റി പറഞ്ഞപ്പോൾ എം.എൻ വിജയൻ വികാരാധീനനായി'

വിജയൻ മാഷ് എന്ന സൂഫി
X
Listen to this Article

മലയാളത്തിന്റെ മഹാ മനീഷിയായിരുന്ന വിജയൻമാഷെക്കുറിച്ച് വായനക്കാരോട് അധികം പറയേണ്ടതില്ല. തത്വ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, രാഷ്ട്രീയം, സാഹിത്യം എന്നിങ്ങനെ എല്ലാ മാനവിക വിഷയങ്ങളിലും അഗാധമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സാമ്രാജ്യത്വം ജനങ്ങളിലേക്ക് നുഴഞ്ഞു കേറുന്നതിനെ പറ്റി മനഃശാസ്ത്രപരമായ ഉൾകാഴ്ചയോടെ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ മലയാളിയുടെ മനസ്സിനെ മാറ്റി മറിച്ചു. കേസരി ബാലകൃഷ്ണപ്പിള്ളയും എം.ഗോവിന്ദനും പോലെ മലയാള സാഹിത്യത്തിന്റെ നെടുംതൂണായി വർത്തിച്ചയാൾ. ചെറിയ പ്രായത്തിൽ മഹാകവി വൈലോപ്പിളളിക്ക് അവതാരിക എഴുതി കൊടുത്ത് അന്നത്തെ സാഹിത്യത്തിന് അജ്ഞാതമായ, മനഃശാസ്ത്ര പരിപ്രേക്ഷ്യത്താൽ എല്ലാവരേയും ഞെട്ടിച്ചയാൾ. അപാരമായ ധിഷണയും ഉൾകാഴ്ച്ചയും കൊണ്ട് അദ്ദേഹത്തിന് ചുറ്റും ഒരു അസാധാരണ പരിവേഷം തളം കെട്ടി നിന്നു.

അത്തരം ഒരാൾ അന്ന് താമസിച്ചിരുന്ന തലശ്ശേരി ധർമ്മടത്തു നിന്ന് തന്റെ ജന്മനാടായ കൊടുങ്ങല്ലൂരിലേക്ക് തിരിച്ചു വരുന്നു എന്നറിഞ്ഞപ്പോൾ ഞങ്ങൾ കൊടുങ്ങല്ലൂരിലെ വായനക്കാരായ ചെറുപ്പക്കാർക്ക് മനസ്സ് തുടികൊട്ടി. കൊടുങ്ങല്ലൂരിലെ മേത്തല എന്ന എന്റെ ഗ്രാമത്തിൽ നിന്ന് മാഷുടെ വീട് സ്ഥിതി ചെയ്യുന്ന കോതപറമ്പിലേക്ക് വെറും ഇരുപത് മിനിറ്റു മാത്രം. ഒരു ദിവസം അതിയായ ആരാധനയോടെ, ആ കാംക്ഷയോടെ മാഷുടെ വീട്ടിലെത്തി. മാഷ് അകത്തിരുന്ന് കഞ്ഞി കുടിക്കുകയായിരുന്നു. ബെല്ലടിച്ചപ്പോൾ പുറത്തിരിക്കാൻ പറഞ്ഞു. പിന്നെ കഞ്ഞി കുടിക്കാൻ ക്ഷണിച്ചു. കഞ്ഞി കുടി കഴിഞ്ഞ് മാഷ് പുറത്തേക്ക് വന്നു. വലിയ ബുദ്ധ ശിരസ്സ്. അതിൽ സ്നേഹം പ്രസരിക്കുന്ന ശാന്തമായ വലിയ കണ്ണുകൾ. ഉയർന്ന നാസിക. മൊത്തം ഒരു സൂഫിയുടെ ഭാവവും. അന്ന് തീക്ഷ്ണമായ വായനയിലും ചിന്തകളിലും മുഴുകി പലതരം കൺഫ്യൂഷനിൽപെട്ട, അലച്ചിലുകാരനായ എനിക്ക് മാഷ് ഒരു ഒൗഷധം ആകുമെന്നാണ് കരുതിയത്. പക്ഷേ, പലതരം യുക്തികളിലൂടെ, തർക്കശാസ്ത്രത്തിൽ ഇതുവരെ കാണാത്ത സമീകരണങ്ങളിലൂടെ എന്റെ ബുദ്ധിയെ ഒന്നുകൂടി ഉദ്ദീപിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.





ഒരിക്കൽ അദ്ദേഹം പറഞ്ഞു. ലോകത്ത് 'ആക്സിഡന്റ് ' എന്ന ഒന്നില്ല. എല്ലാം മുമ്പ് നിർണ്ണയിക്കപ്പെട്ടതാണ്. ഒരു കാർ ആക്സിഡന്റ് നടന്നാൽ അത് റോഡ് പണിത കോൺട്രാക്റ്ററുടെ പണിക്കേട് മുമ്പേ ഉണ്ടായത് കൊണ്ടാകും. അല്ലെങ്കിൽ ഡ്രൈവ് ചെയ്തവന്റെ മുമ്പേ ഉണ്ടായിരുന്ന പരിചയക്കുറവ് കൊണ്ടാകാം. യാദൃശ്ചികത എന്ന ഒന്നില്ല.

ഞാൻ ആകെ കൺഫ്യൂഷനായി. പിന്നീട് ഒരിക്കൽ പറഞ്ഞു. ലോകത്ത് മറവി എന്ന ഒരു പ്രതിഭാസം നിലനിൽക്കുന്നില്ല. മനുഷ്യർക്ക് മറവി ഉണ്ടെന്ന് പറയുന്നത് വെറുതെയാണ്. ഒരു തടവുപുള്ളിയെ ഒരു പ്രത്യേക ദിവസം തൂക്കിക്കൊല്ലാൻ തീരുമാനിച്ചാൽ അയാൾ മറക്കുമോ? ഇല്ല. ഒരിക്കലും മറക്കില്ല. അതിനാൽ മറവി എന്നത് നിലനിൽക്കുന്നില്ല. പോരേ പൂരം! ചിന്തിച്ച് ചിന്തിച്ച് എന്റെ തല കടന്നൽ കൂടുപോലെ ഇളകി. ഇടക്ക് പരിചിതരായ സാഹിത്യകാരന്മാരെ പറ്റിയുള്ള ഓർമകൾ പങ്കുവെക്കും. കൂടുതലും പഴയ സാഹിത്യകാരന്മാരെയാണ് പറ്റിയാണ് പറയാറ്.

ബഷീറിനെയായിരുന്നു കൂടുതൽ ഇഷ്ടം. ബഷീറിനെ പറ്റി പറയുമ്പോൾ കണ്ണുകൾ സ്നേഹം കൊണ്ട് തിളങ്ങും.





ഒരു ദിവസം എറണാകുളം ലോഡ്ജിന്റെ വരാന്തയിൽ ബഷീറിനെ മാഷ് കണ്ട കാഴ്ച വിവരിച്ചു. അവിടെയാണ് താമസം. ഉച്ചയൂണു വാങ്ങാനായി എവിടെ നിന്നോ ഒളിച്ചോടി അവിടെ കറങ്ങി നടക്കുന്ന പട്ടിണി പാവമായ തമിഴ് പയ്യന്റെ കയ്യിൽ ഒരണ കൊടുക്കും. ഒരണ കൊടുത്താൽ പകർച്ച എന്നു പറയുന്ന വലിയ ഊണ് കിട്ടും. തമിഴ് പയ്യൻ അത് വാങ്ങിവരും. രണ്ടുപേരും ഇലയിട്ട് വരാന്തയിൽ ഇരുന്ന് ഉണ്ണും. അപ്പോൾ ഒരു പട്ടി അങ്ങോട്ട് വരും. അതിന് കൊടുക്കാനുള്ള ചോറ് തികയില്ല. അതിനാൽ ഒരു ഗ്ലാസ്സ് വെള്ളം അതിന്റെ മുകളിൽ കൊണ്ടു വെക്കും. ഇത് പറയുമ്പോൾ മാഷുടെ കണ്ണുകളിൽ അശ്രു കണങ്ങൾ പൊടിയും. ഒരിക്കൽ ഞാൻ ചോദിച്ചു. ബഷീറിന് യഥാർഥത്തിൽ ഭ്രാന്തുണ്ടായിരുന്നുവോ? ആൽക്കഹോളിക് പോയ്സൺ ആയിരുന്നു എന്നാണല്ലോ മൂപ്പർ ഓർമക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.വിജയൻ മാഷ് അർഥഗർഭമായ് ചിരിച്ചു. ഗൂഢമായ സത്യം ഒളിച്ചു വെച്ച ചിരി.

മാഷ് ഒരു സൂഫിയായിരുന്നു. സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെട്ടവരെയും പാവപ്പെട്ടവരെയുമെല്ലാം അദ്ദേഹം കൂടുതൽ സ്നേഹിച്ചു. കള്ളന്മാരെയും മദ്യപന്മാരെയും ഉയർത്തി കാണിച്ച് എഴുതിയ ആളാണല്ലോ അദ്ദേഹം. കൊടുങ്ങല്ലൂരിൽ ആരു വന്ന് വിളിച്ചാലും പ്രസംഗിക്കാൻ പോകും. കൊച്ചു കുട്ടികളുടെ മീറ്റിങ്ങിനുവരെ ഉദ്ഘാടകനായി പോകും. വലിപ്പ, ചെറുപ്പ വ്യത്യാസമില്ലാതെ ആരെയും കാണാൻ കഴിയുമായിരുന്നു. ഇന്റർവ്യൂ ആർക്കും കൊടുക്കും. പ്രസിദ്ധീകരിക്കും മുമ്പ് പരിശോധിക്കണമെന്നില്ല. എല്ലാറ്റിനോടും അദ്ദേഹം നിർമ്മമമായ ഒരു മനോഭാവം പുലർത്തി. സാക്ഷാൽ സൂഫി ഭാവം!





എന്റെ ആദ്യ കവിതാ സമാഹാരത്തിന് മുഖവുര എഴുതിയത് മാഷായിരുന്നു. വളരെ ഉയർത്തിയാണ് എഴുതിയത്. എഴുതിയ കടലാസ്സു കൈയിൽ തന്നപ്പോൾ ഞാൻ ചോദിച്ചു. "ഇത്രക്കുണ്ടോ എന്റെ കവിത?". അപ്പോഴും നിഷ്കളങ്കമായ അതേ ചിരി.

ഒരു ദിവസം എവിടെയോ കറങ്ങി കിടന്നുറങ്ങി ഞാൻ രാവിലെ മാഷുടെ വീട്ടിലെത്തി. ഭക്ഷണം കഴിക്കാൻ കാശുണ്ടായില്ല. ചെന്നപാടെ പത്തു രൂപ ചോദിച്ചു. അദ്ദേഹം അകത്തു പോയി കുറേ ചെറിയ നോട്ടുകെട്ടുകൾ കൊണ്ടുവന്ന് എനിക്ക് തന്നു. ഞാനത് കീശയിൽ നിക്ഷേപിച്ചു സംസാരത്തിൽ മുഴുകി. വിശപ്പ് വളരെ കുഴക്കിയതിനാൽ സംസാരം അധികം നീണ്ടു പോയില്ല. പുറത്തിറങ്ങി ഞാൻ ഒരു ഹോട്ടലിലെത്തി. കീശയിലെ കാശ് പുറത്തേക്കെടുത്തു എണ്ണി നോക്കി. കൃത്യം അഞ്ഞൂറ് രൂപ. സ്നേഹത്തിന്റെ രണ്ടിറ്റു കണ്ണീരോടു കൂടിയല്ലാതെ അദ്ദേഹത്തെ ഒരിക്കലും സ്മരിക്കാനാകില്ല. അദ്ദേഹം അസാധാരണ പ്രതിഭാശാലി മാത്രമായിരുന്നില്ല, സൂഫി തുല്യനായ കറകളഞ്ഞ നല്ല മനുഷ്യൻ കൂടിയായിരുന്നു. അദ്ദേഹം എഴുതിയ പതിനായിര കണക്ക് പേജ് വരുന്ന പുസ്തക താളുകൾ ഇപ്പോഴും നമ്മുടെ സംസ്ക്കാരത്തിൽ നിലനിൽക്കുന്നു. ആ താളുകൾ കാലം കഴിഞ്ഞു പോയാലും അനശ്വരമായി തന്നെ നില കൊള്ളും.


TAGS :