MediaOne Logo

പി.എ നാസിമുദ്ദീന്‍

Published: 8 May 2022 10:18 AM GMT

നാരായണൻകുട്ടി: അപമൃതു ആയ എന്റെ കൗമാര ഗുരു

അയഞ്ഞ കുപ്പായവും, കട്ടിചില്ലിന്റെ കണ്ണടയും ഉറക്കെയുള്ള സംസാരവും ദുർബലമായ ശരീരവും ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു

നാരായണൻകുട്ടി:  അപമൃതു ആയ എന്റെ കൗമാര ഗുരു
X

ദൈനംദിനജീവിതത്തിൽ നാം ഇടപഴകുന്ന ആളുകളുടെ മുഖങ്ങളേക്കാൾ നമ്മുടെ മനസ്സിൽ പതിറ്റാണ്ടുകൾക്കു മുൻപ് മരിച്ചവരുടെ മുഖങ്ങൾ സജീവമായി നിലനിൽക്കാറുണ്ട്. നിഷ്കളങ്കമായ സ്നേഹം കൊണ്ട്, കാന്തികമായ വ്യക്തിത്വം കൊണ്ട് ആജീവാനന്തം അവർ നമ്മളിൽ ജീവിക്കുന്നു. എനിക്ക് അത്തരം ഒരാളാണ്...

ദൈനംദിനജീവിതത്തിൽ നാം ഇടപഴകുന്ന ആളുകളുടെ മുഖങ്ങളേക്കാൾ നമ്മുടെ മനസ്സിൽ പതിറ്റാണ്ടുകൾക്കു മുൻപ് മരിച്ചവരുടെ മുഖങ്ങൾ സജീവമായി നിലനിൽക്കാറുണ്ട്. നിഷ്കളങ്കമായ സ്നേഹം കൊണ്ട്, കാന്തികമായ വ്യക്തിത്വം കൊണ്ട് ആജീവാനന്തം അവർ നമ്മളിൽ ജീവിക്കുന്നു. എനിക്ക് അത്തരം ഒരാളാണ് കൊടുങ്ങല്ലൂർക്കാരനായ വെള്ളാപ്പിള്ളിൽ നരായണൻ കുട്ടി. അദ്ദേഹം ആഴമേറിയ വായനക്കാരനും മൗലികതയുള്ള ചിന്തകനും ആയിരുന്നു.1990-ൽ വർക്കലയിലെ അമൃതാന്ദമയി മഠം സന്ദർശിച്ച്, അവിടെ നിന്ന് പോലീസ് സ്റ്റേഷനിലേക്കും തുടർന്ന് മനോരോഗാ ശുപത്രിയിലേക്കും കൈമാറ്റം ചെയ്യപ്പെട്ട്, മനോരോഗാശുപത്രിയിൽ മരണപ്പെടുകയായിരുന്നു. ആ അതിധിഷണ ശാലിയുടെ ഓർമകൾ നിലനിർത്തുന്ന സ്മരണികകളോ അനുസ്മരണങ്ങളോ ഇന്നില്ല. അതിധിഷണശാലിയായിട്ടും തന്റെ ആശയങ്ങൾ പുസ്തകരൂപത്തിൽ ആക്കാനോ, തന്റെ സർഗാന്മകത സമൂഹത്തിൽ പ്രകാശിപ്പിക്കാനോ, അദ്ദേഹം വൈമുഖ്യം കാട്ടിയതും പിൻതലമുറക്ക് അദ്ദേഹത്തെ അപ്രാപ്യനാക്കി.

എഴുപതുകളിലെ അത്യന്താധുനിക സാഹിത്യത്തിന് സഹജമായി ഉണ്ടായിരുന്ന നിഷേധസ്വഭാവം ജീവിതത്തിൽ മുഴുക്കെ നിലനിർത്തിയിരുന്ന ഒരാളായിരുന്നു നാരായണൻ കുട്ടി. ഒരു അധികാരവ്യവസ്‌ഥക്കും വിധേയപ്പെടാതെ സമൂഹത്തിന്റെ പെരുവഴികളിൽ നിന്നും അദ്ദേഹം മാറിനടന്നിരുന്നതിനാൽ ശരാശരിക്കാർക്ക്‌ വിചിത്രസ്വാഭാവിയോ, അനേകം വ്യത്യസ്തതകൾ ഉള്ളയാളോ ആയിരുന്നു. അദ്ദേഹത്തോടുള്ള ശരാശരി ക്കാരുടെ മനോഭാവത്തെ അദ്ദേഹവും അവഗണിച്ചു.

അയഞ്ഞ കുപ്പായവും, കട്ടിചില്ലിന്റെ കണ്ണടയും ഉറക്കെയുള്ള സംസാരവും ദുർബലമായ ശരീരവും ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. ധിഷണാപരമായ വ്യാപാരങ്ങളിലായിരുന്നു അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നത്.

80 കളുടെ മധ്യത്തിനു തൊട്ട്മുൻപ് ടി.എൻ ജോയിയുടെ സൂര്യകാന്തി എന്ന ലെൻഡിങ്ങ് ലൈബ്രറിയിൽ വെച്ചാണ് ഞാൻ നാരായണൻ കുട്ടിയെ ആദ്യ മായി കാണുന്നതും പരിചയിക്കുന്നതും. ടി.എൻ ജോയിയെ പരാമർശിക്കാതെ നാരായണൻ കുട്ടിയുടെ ഓർമകൾ വീണ്ടെടുക്കുക അസാധ്യം
 


( ടി. എൻ ജോയ് മുപ്പതു വർഷം കഴിഞ്ഞ് നജ്മൽ ബാബു എന്ന പേരിൽ ഇസ് ലാം മതം സ്വീകരിച്ചു. ഈ സംഭവങ്ങൾ നടക്കുമ്പോൾ അദ്ദേഹത്തിനുണ്ടായിരുന്ന പേരാണ് ഈ കുറിപ്പിൽ ഉപയോഗിക്കുന്നത് ) ഞാൻ അന്ന് പത്താം ക്ലാസ്സ്‌ വിദ്യാർഥിയാണ്. പഠനത്തേക്കാളും പഠനേതരമായ വായനയിലും സ്വതന്ത്ര ചിന്തയിലും മുഴുകിയിരുന്ന ഞാൻ പത്താം ക്ലാസ്സ്‌ പരീക്ഷഎഴുതാതെ ആയപ്പോൾ ടി.എൻ ജോയ് സൂര്യകാന്തിയിൽ വെച്ച് സുഹൃത്തുക്കളെ കൊണ്ട് ട്യൂഷൻ എടുപ്പിച്ച് പരീക്ഷക്ക്‌ ഇരുത്തുകയായിരുന്നു. അന്ന് ഇംഗ്ലീഷ് വിഷയം പറഞ്ഞു തന്നത് നാരായണൻ കുട്ടിയായിരുന്നു. വെറുമൊരു ലെൻഡിങ്ങ് ലൈബ്രറി ആയിരുന്നില്ല സൂര്യകാന്തി. അന്നത്തെ വിപ്ലവകാരികളുടെയും കലാകാരന്മാരുടെയും സങ്കേതം ആയിരുന്നു. തീഷ്ണമായ വായനക്കാർ ആയിരുന്നു അവിടെ ഒത്തുചേർന്നിരുന്നത്. സജീവമായ ചർച്ചകളും അവിടെ നടന്നിരുന്നു സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബി രാജീവൻ എന്നിവരൊക്കെ അവിടെ നിത്യം വരാറുണ്ടായിരിന്നു. ടി.എൻ ജോയിയുടെ താമസവും അവിടെ യായിരുന്നു.ഏറ്റവും 'അഡ്വവാൻസ് ' ആയ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇറങ്ങിയിരുന്ന പുസ്തകങ്ങൾ നിരത്തിയ റാക്കുകൾക്കിടയിൽ ചാരു കസേരയിൽ ജോയി കിടക്കുന്നത് എനിക്ക് ഇപ്പോൾ മന: ക്കണ്ണിൽ കാണാം

സൗഹൃദത്തിന്റെ ഉത്സവക്കാലം ആയിരുന്നു സൂര്യകാന്തിക്കാലം. ജോയിയുടെ ആന്മസുഹൃത്തുക്കളായ എ.കെ മുഹമ്മദലി, . ഹുസൈൻ. ...കെ.ആർ ശശി, കൃഷ്ണകുമാർ എന്നിവരൊക്ക അവിടെ ഉണ്ടാകും. ഈ സൗഹൃദവലയത്തിൽ എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു നാരായണൻ കുട്ടി. കെ. വേണു തന്റെ ആന്മകഥയിൽ (സമകാലിക മലയാളം ) ഈ കൂട്ടായ്മയെ അനുസ്മരിക്കുന്നുണ്ട്. അന്നത്തെ കേരളത്തിലെ പല സാഹിത്യകാരന്മാരെക്കാളും സാംസ്‌കാരിക നായകരേക്കാളും ധിഷണാപരമായി മുൻപിലായിരുന്നു ഈ ഗ്രൂപ്പ് എന്ന് എടുത്തുപറയുന്നുണ്ട്. എന്നാൽ, തങ്ങളുടെ ബുദ്ധിപരമായ സിദ്ധികളെ സമൂഹ്യമദ്ധ്യത്തിലേക്ക് കൊണ്ടുവരാനുള്ള ഇച്ചാശക്തി അവർ കാണിച്ചില്ല. അതിനാൽ അവരുടെ സർഗാത്മകശേഷി അവരിൽ മാത്രം ഒതുങ്ങി നിന്നു.

അതു തന്നെയുമല്ല സമൂഹത്തിനു കുറുകെ സഞ്ചരിച്ച് അഥവാ, മുഖ്യധാരയിൽ നിന്നും വേർപ്പെട്ട് പ്രത്യേക ഗ്രൂപ്പായി നില കൊണ്ടിരുന്നതിനാൽ പലരും കടുത്ത സ്‌ട്രെസ്സും വിഷാദവും അനുഭവിച്ചിരുന്നു. ആശ്വാസത്തിനായ് മനോരോഗ വിദഗ്ധരെ കാണുകയും ചെയ്തിരുന്നു. തൃശൂരുള്ള സൈക്യാട്രിസ്റ്റിനെയാണ് നാരായണൻ കുട്ടി കണ്ടിരുന്നത്. ടി.എൻ ജോയ് മുൻ നക്സ ലൈറ്റ് ആയതിനാലും കമ്മ്യൂണിസം അന്ന് ശക്തമായതിനാലും സൂര്യ

കാന്തിക്കാരുടെ പ്രത്യയശാസ്ത്രം കമ്മ്യൂണിസം ആയിരുന്നു എന്നു തന്നെ പറയാം. എന്നാൽ, നാരായണൻ കുട്ടി മാത്രം കമ്മ്യൂണിസ്റ്റ് വിരുദ്ധനായ് നിലകൊണ്ടു. അസ്തിത്വ വാദം അവങ്ഗാർഡിസം എന്നിവ ആയിരുന്നു നാരായണ കുട്ടിയുടെ ഇഷ്ട ആശയംസംഹിതകൾ.

കൊടുങ്ങല്ലൂരിലെ അറിയപ്പെടുന്ന സമ്പന്ന കുടുംബത്തിലെ അം ഗമായിരുന്നു. മാർക്സിസ്റ്റ്‌ ചിന്തകനും അനേകം ഗ്രന്ഥങ്ങൾ രചിച്ചയാളുമായ വി അരവിന്ദാഷൻ അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ആയിരുന്നു. തൃശൂർ കേരളവർമ കോളജിൽ പ്രൊഫസർ ആയിരുന്നു അദ്ദേഹം. ഗോപൻ എന്നു പേരായ മറ്റൊരു ഇളയ സഹോദരൻ കൂടി നാരായണൻ കുട്ടിക്ക് ഉണ്ടായിരുന്നു. അദ്ദേഹവും കോളജ് അധ്യാപകൻ ആയിരുന്നു. അത്യാധുനിക സാഹിത്യത്തിന്റെ വക്താക്കളായി അന്ന് സാഹിത്യ രംഗത്ത് പരിലസിച്ചിരുന്നവർ ഏറെ പേരും തങ്ങൾ പറയുന്ന ആശയങ്ങളും അവരുടെ ജീവിതവും രണ്ടു തട്ടാക്കുന്നതിൽ വിജയിച്ചവർ ആയിരുന്നു. ജീവിതത്തിന്റെ സുഖ സൗകര്യങ്ങൾ അവർ കൈവെടിഞ്ഞിരുന്നില്ല. എന്നാൽ, നാരായൻകുട്ടി മുഖംമോടികൾ ധരിക്കാത്ത ഒരു പച്ചമനുഷ്യ ൻ ആയിരുന്നു. എല്ലാ വ്യവസ്ഥാപിതത്വങ്ങളോടും കലാഹിച്ചിരുന്നതിനാൽ ജീവിതനേട്ടങ്ങൾ അദ്ദേഹത്തിന് അപ്രാപ്യമായി.

പത്താം ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ കോളജിൽ ചേർന്നതിൽ പിന്നെ അദ്ദേഹത്തെ പലയിടത്തും കണ്ടു മുട്ടും. കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ വിശാലമായ അങ്കണത്തിൽ, അമ്പല നടയിലെ ഫോർട്ട് സ്റ്റുഡിയോയിൽ, ചിലപ്പോൾ ആൽത്തറയിലിരുന്ന് ഞങ്ങൾ സംസാരിക്കും. കാസൻസാക്കിനെ പറ്റി, ഒ.വി വിജയനെ പറ്റി, ജീൻ പോൾ സാർത്രിനെ പറ്റി അദ്ദേഹം വാചാലനാകും, മറ്റു ചിലപ്പോൾ കൊടുങ്ങല്ലൂർ ടൗണിലെ വഴികളിൽ അയഞ്ഞ ഷർട്ടും കട്ടിഗ്ലാസ്സുവെച്ച കണ്ണടയുമായ് നടന്നു പോകുന്നത് കാണാം. ഞങ്ങൾ കണ്ടുമുട്ടിയാൽ യാത്രോദ്ദേശ്യം മറന്ന് ചായക്കടയിലേക്കോ ആൽത്തറയിലേക്കോ നടക്കും. പിന്നെ നിർത്താതെ തന്റെ തത്വാന്വേഷണങ്ങക്കുറിച്ചും, സാഹിത്യാസ്വാദന ങ്ങളെക്കുറിച്ചും വിവരിക്കും. വല്ലാത്ത ആത്മഹർഷം അതുകേൾക്കുമ്പോൾ ഞാനന്ന് അനുഭവിച്ചിരുന്നു.

വിപുലമായ സാഹിത്യസമ്പർക്കങ്ങൾ അന്ന് നാരായണൻ കുട്ടിക്ക് ഉണ്ടായിരുന്നു. മേതിൽ രാധാകൃഷ്ണനും കാക്കനാടനുമൊക്കെ അദ്ദേഹത്തെ അന്വേഷി ച്ചു കൊടുങ്ങല്ലൂരിൽ വരുമായിരുന്നു. മാടമ്പ് കുഞ്ഞിക്കുട്ടനുമായി തീവ്രമായ ആത്മബന്ധം ഉണ്ടായിരുന്നു.

സൂര്യകാന്തിയിലെ ചങ്ങാതികൂട്ടം, സ്വന്തം ആദർശലോകത്തിൽ മുഴുകി, കാലത്തിനു മുൻപേ പറന്നിരുന്ന പക്ഷികളായിരുന്നുവെന്ന് പറഞ്ഞുവല്ലോ. തൊഴിൽ, വിവാഹം മുതലായ കാര്യങ്ങളിൽ അവരിൽ ചിലരെല്ലാം ആഭിമുഖ്യം കാണിച്ചില്ല. എന്നാൽ, നാരായണൻ കുട്ടിയാകട്ടെ ട്യുട്ടോറിയലുകളിൽ പഠിപ്പിച്ച് ഉപജീവനത്തിനുള്ള വക കണ്ടെത്തിയിരുന്നു. ഇംഗ്ലീഷ് അധ്യാപകൻ എന്ന നിലയിൽ നല്ല പേരും സമ്പാദിച്ചിരുന്നു. പിന്നീട് പി.എസ്.സി എഴുതി ഗവണ്മന്റ് സർവീസിൽ ക്ലർക്കായി കേറി . അതിനു ശേഷം സിംപതി എന്ന യുവതിയെ മിശ്രിത വിവാഹം ചെയ്തു. കൊടുങ്ങല്ലൂർ ഒ.കെ ഹാളിൽ വിവാഹത്തിന്റെ റിസപ്ഷനിൽ പങ്കെടുത്തത് ഞാൻ ഓർക്കുന്നു. സി. അച്യുതമേനോൻ അടക്കമുള്ള പ്രമുഖരായ പലരും അന്ന് ചടങ്ങിൽ പങ്കെടുത്തിരുന്നു.

പിന്നീട് കുറെ നാൾ നാരായണൻകുട്ടി എന്റെ സമ്പർക്കത്തിലില്ലാതെയായി. ഇടക്ക് അപ്രത്യക്ഷമാകലും നിരന്തരയാത്രയും അദ്ദേഹത്തിന്റെ സ്വഭാവമായതിനാൽ അത് അത്ര ഗൗനിച്ചില്ല. പിന്നീട് കുറെ മാസങ്ങൾ കഴിഞ്ഞ് ഞാൻ കൊടുങ്ങല്ലൂർ ആൽത്തറയിൽ ഇരിക്കുമ്പോൾ ഒരു സുഹൃത്ത് എന്നെ കണ്ട് അടുത്തേക്ക് വന്നു. നീ വിഷമിക്കരുതെന്ന് പറഞ്ഞ് വിഷാദത്തോടെ നടന്ന സാഭവങ്ങൾ വിവരിച്ചു. അവൻ പറഞ്ഞതിങ്ങനെ

"നമ്മുടെ നാരായണൻകുട്ടി മരിച്ചു. തിരുവനന്തപുരത്തെ ക്രിമിറ്റോറിയത്തിൽ സംസ്കരിച്ചു. വർക്കലയിലെ അമൃതാനന്ദമയി മഠത്തിൽ എന്തോ വാക്കുതർക്കമുണ്ടാ യതിനാൽ അവർ മർദ്ദിച്ച് പൊലീസിനെ ഏൽപിച്ചു. പൊലീസ് അവരുടെ മർദ്ദനവും നടത്തി മനോരോഗാശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അവിടെ വെച്ചാണ് മരണ മണഞ്ഞത്."

ഞാനാകെ സ്തംഭിച്ചു പോയി. എനിക്ക് കരച്ചിൽ അടക്കാനായില്ല. ടി.എൻ ജോയിയുടെ നേതൃത്വത്തിൽ നാരായണ യണൻകുട്ടിയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജനകിയ കമ്മിറ്റി രൂപീകരിക്കുകയും സാംസ്കാരിക നായകർ പങ്കെടുത്ത ഒട്ടേറെ പൊതുയോഗങ്ങൾ കൊടുങ്ങല്ലൂരിൽ നടക്കുകയും ചെയ്തു. അന്നത്തെ നായനാർ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടെങ്കിലും അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുകയാണുണ്ടായത്

പിന്നീട് നാരായണൻകുട്ടി കൊടുങ്ങല്ലൂർക്കാരുടെ ഓർമയിലേക്ക് സജീവമായി തിരിച്ചുവന്നത് 2013 ൽ സത് നം സിങ് എന്ന ഇരുപത്തിനാലുകാരനായ ബീഹാറി യുവാവ് ഇതേ രീതിയിൽ പേരുർകട മനോരോഗാശുപത്രിയിൽ മരണമടഞ്ഞപ്പോഴാ യിരുന്നു. ആത്മീയാന്വേഷകനായ ഈ യുവാവിനെ വള്ളിക്കാവിലെ അമൃതാനന്ദമയിമഠത്തിൽ വെച്ച് ഭീകരവാദി എന്ന് സംശയിച്ച് പൊലീസിനെ ഏൽപിക്കുകയും പോലീസ് മർദ്ദനത്തിനു ശേഷം പേരൂർകട മനോരോഗാശുപത്രിയിൽ പ്രവേശിപിക്കുകയും അവിടെ വെച്ച് ശിരസ്സിനേറ്റ പരിക്കുമൂലം മരണമടയുകയാണ് ഉണ്ടായത്. സത് നം സിങ് പൊലീസ് സ്റ്റേഷനിൽ ആയപ്പോൾ അദ്ദേഹത്തിന്റെ ബന്ധു (അയാൾ ആജ്തക്ക് എന്ന മാധ്യമത്തിന്റെ റിപ്പോർട്ടർ കൂടി യായിരുന്നു ) കേരളത്തിൽ എത്തി സത് നാം സിങ്ങുമായി ബന്ധപ്പെടാൻ ശ്രമിക്കയുണ്ടായി. നിഷ്ഫലമായിരുന്നു പക്ഷേ ആ ശ്രമം ടി.എൻ ജോയിയുടെ നേതൃത്വത്തിൽ നാരായണൻ കുട്ടി --സത് നാം സിങ് ഡിഫൻസ് കമ്മിറ്റിയുണ്ടാക്കി പ്രക്ഷോഭ പരിപാടികൾ നടത്തുകയുണ്ടായി. അവർ സത് നാം സിങ്ങിന്റെ ഗയയിലുള്ള വീട് സന്ദർശിക്കുകയും ഭരണകൂടത്തിൽ അന്വേഷണത്തിനായി സമ്മർദ്ദം ചെലത്തുകയും ചെയ്തു. സത് നാം സിങ്ങിന്റെ പിതാവ് തന്നെ കേരളത്തിൽ എത്തി ഈ പ്രക്ഷോഭ പരിപാടികളിൽ പങ്കാളിയാകുകയും ചെയ്തു. ആ ശ്രമങ്ങളും നിഷ്ഫലമാകുകയാണ് ഉണ്ടായത്.


TAGS :