Quantcast
MediaOne Logo

നയതന്ത്ര

Published: 16 Jun 2022 5:34 AM GMT

വെറുപ്പും കറുപ്പും അറപ്പും

മുമ്പ് വാളുകള്‍ക്ക് മുന്നിലൂടെ ഇരട്ടച്ചങ്കനായി നടന്നുപോയ നേതാവായിരുന്നു വിജയന്‍ മിന്നല്‍ പിണറായി. പക്ഷെ, ഇപ്പോള്‍ വാക്കുകള്‍ക്ക് മുന്നില്‍ പകച്ചുപോകുന്നത് പോലെ. കോട്ടയത്ത് ഏതായാലും 340 അംഗ പൊലീസ് സുരക്ഷയെ സാക്ഷി നിറുത്തി പ്രതിഷേധക്കാരെ ബാരിക്കേഡിലൊതുക്കി നിര്‍ത്തിയും യാത്രക്കാരെ രണ്ടരമണിക്കൂറോളം തടഞ്ഞുവെച്ചും മുഖ്യമന്ത്രി ഇപ്രകാരം സുധീരം പ്രഖ്യാപിച്ചു. ഇളക്കിക്കളയാമെന്ന് വിചാരിച്ചാല്‍ അതിന് വേറേ ആളെ നോക്കണം. | പൊളിറ്റിക്കല്‍ പാര്‍ലര്‍

വെറുപ്പും കറുപ്പും അറപ്പും
X
Listen to this Article

വര്‍ഗീയ വിദ്വേഷത്തിന്റെ കൊടിവാഹകരായ ബി.ജെ.പി നേതാക്കള്‍ ഇത്തവണ പ്രവാചകനെ നിന്ദിച്ചുകൊണ്ട് അവരുടെ തനിസ്വാഭാവം കാണിച്ചു. യു.എന്‍ അടക്കം ലോകം മുഴുവന്‍ അതിനെതിരായി പ്രതിഷേധിച്ചു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം സാമൂഹ്യമാധ്യമങ്ങളില്‍ മുഴങ്ങി. ദോഹയില്‍ ഉപരാഷ്ട്രപതിക്ക് നല്‍കാനിരുന്ന അത്താഴവിരുന്ന് അവസാനനിമിഷം റദ്ദാക്കപ്പെട്ടു. പ്രതിഷേധം കടുത്തപ്പോള്‍ നബിനിന്ദ നടത്തിയവരെ പാര്‍ട്ടി തള്ളിപ്പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ മുഖം മിനുക്കിയെടുക്കാനുള്ള മേക്കപ്പുമായി മോദിയും അമിത്ഷയും രംഗത്തിറങ്ങി. പക്ഷെ, ഒരു സംസ്ഥാനത്ത് മാത്രം, നബിനിന്ദയില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരേ വെടിവെപ്പും അറസ്റ്റും അരങ്ങേറി. ബുള്‍ഡോസര്‍ കൊണ്ടു വന്ന് പ്രതിഷേധക്കാരുടെ വീടുകള്‍ അടിച്ചുപൊളിച്ചു. അതിനു നേതൃത്വം നല്‍കിയ ഭരണാധികാരിയുടെ പേരെന്താണെന്നറിയോ. യോഗി. യോഗിയെന്നാല്‍ ധ്യാനനിരതനായ സന്ന്യാസിയെന്നാണത്രെ അര്‍ഥം. ഉള്ളില്‍ ചിരി വരുന്നുണ്ടാകുമല്ലേ. ഇതൊക്കെ എങ്ങിനെ ശരിയാകുമെന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങളുയരുന്ന സംസ്ഥാനത്തിന് നല്‍കിയിരിക്കുന്ന പേരാണ് ഉത്തര്‍പ്രദേശ്.


ഈ കോലാഹലങ്ങള്‍ക്കിടയിലാണ് സ്വപ്ന സുരേഷ് ബിരിയാണി ചെമ്പുമായി രംഗത്തവതരിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ പാടുപെട്ട് രഹസ്യമായി പറഞ്ഞ മൊഴി, പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിസ്തരിച്ചു പരസ്യമാക്കി. കേരളത്തില്‍ നിന്നും ദുബൈയിലേക്ക് കറന്‍സി കടത്തിയെന്നായിരുന്നു ആരോപണം. യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ലക്ഷകണക്കിന് പ്രവാസികള്‍ കേരളത്തിലേക്ക് കടത്തുന്ന കറന്‍സിയിലൂടെയാണ് കേരളസമ്പദ് വ്യവസ്ഥ കഞ്ഞി കുടിച്ച് പോകാറുള്ളത്. ഇതിനിടിയിലെവിടെയാണ് ഗള്‍ഫിലേക്ക് കറന്‍സി കടത്താനുള്ള സമയം. കോണ്‍സുലേറ്റില്‍ നിന്നും ഇടക്കിടക്ക് ലോഹബിരിയാണി കൊണ്ടുപോകാറുണ്ടെന്നും ആരോപണമുയര്‍ന്നു. തൊട്ടുടനെ ലീഗുകാര്‍ ബിരിയാണിയുണ്ടാക്കിയും കോണ്‍ഗ്രസുകാര്‍ ബിരിയാണിചെമ്പ് തലയിലേന്തിയും തെരുവിലിറങ്ങി. ഓരോരുത്തരും അവരവര്‍ക്ക് യോജിച്ച പണിയാണല്ലോ നിര്‍വഹിക്കുക. പറയുന്നതില്‍ വല്ല തലയും വാലുമുണ്ടോയെന്ന് ആരും ആലോചിച്ചിട്ടില്ല.

സരിതയും സ്വപ്നയും കേരളത്തിലെ രണ്ടു പ്രധാനപ്പെട്ട ബ്രാന്റുകളാണ്. ഒന്ന് വലതുപക്ഷത്തിന്റെയും മറ്റൊന്ന് ഇടതുപക്ഷത്തിന്റെയും താരങ്ങളുമാണ്. ആ അര്‍ഥത്തില്‍ അവര്‍ കേരളത്തില്‍ പ്രസിദ്ധരുമാണ്. വായില്‍ വിദ്വേഷം മാത്രമുള്ള പൂഞ്ഞാറിലെ പുലി പോലും ഇവരിലൊരാളെ വിളിക്കുന്നത് ചക്കരപ്പെണ്ണേയെന്നാണ്. സ്വപ്ന ഇന്ന് ആരോപണം ഉന്നയിക്കുമ്പോള്‍ പണ്ടത്തെ സരിതയേയാണ് പാര്‍ലറിലുള്ളവര്‍ക്ക് ഓര്‍മ വരുന്നത്. അന്ന് സെക്രട്ടറിയേറ്റില്‍ ഇടതുപക്ഷം നടത്തിയ ഭരണസ്തംഭന സമരം കേരളം മറന്നിട്ടില്ല. കേരളമുഖ്യന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കല്ലേറ് വരേ അരങ്ങേറി. ചരിത്രം ഇപ്പോള്‍ തിരിച്ചാവര്‍ത്തിക്കുകയാണെന്ന് മാത്രം. മാറ്റത്തിന് മാത്രമാണ് മാറ്റമില്ലാത്തതെന്ന് മാര്‍ക്സും ഏംഗല്‍സും പഠിപ്പിച്ചത് ഓര്‍മയിലുണ്ടായിരിക്കുമല്ലോ.

സ്വപ്ന ആരോപണമുന്നയിച്ചതിന് പിന്നാലെ അവരുടെ ഫ്ളാറ്റില്‍ നിന്നും സുഹൃത്തായ സരിത്തിനെ സിനിമാസ്റ്റൈലില്‍ വിജിലന്‍സ്, വേഷം മാറിവന്ന് കിഡ്നാപ്പ് ചെയ്തതെന്തായാലും ശരിയായില്ല. അരോപണമുന്നയിച്ച സ്വപ്നക്കെതിരെ ഡോക്ടറാണെങ്കിലും പാവവും ശുദ്ധനുമായ കെ.ടി ജലീലിനെ മുന്നില്‍ നിറുത്തി കേസെടുത്തതും അല്‍പ്പം കടന്നകയ്യായി പോയി. ആര്‍ക്കൊക്കെയോ യെന്തോയൊക്കെയോ ഒളിപ്പിക്കാനുണ്ടെന്ന് വ്യക്തമാക്കുന്ന ശരീരഭാഷയിലാണ് പാര്‍ട്ടി നേതാക്കള്‍ പ്രതികരിക്കുന്നത്. ഇങ്ങിനെയൊക്ക ചെയ്യാന്‍ കേരളമെന്താ യോഗിസ്ഥാനാണോയന്നാണ് കാനത്തിനെ പോലെയുള്ള ഇടതുനേതാക്കള്‍ അല്‍പം നീരസത്തോടെ ചോദിക്കുന്നത്. ഗുജറാത്തില്‍ പോയി കഷ്ടപ്പെട്ട് ഭരണപരിഷ്‌ക്കാരങ്ങള്‍ പഠിച്ചത് എന്തായാലും മുതലാകുന്നുണ്ട്.

ഇതിനിടയിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി കണ്ണൂരിലേക്ക് പ്രജകളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി യാത്ര പോകാന്‍ തീരുമാനിച്ചത്. ജനാധിപത്യ രാജ്യത്തിലെ നേതാവിനെയോ തൊഴിലാളി പാര്‍ട്ടിയുടെ തലവനേയോ അല്ല ആ യാത്രയില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞത്. മറിച്ച് ഒരു പട്ടാഭിഷേകമായിരുന്നു ഇവിടെ സംഭവിച്ചത്. മുമ്പ് വാളുകള്‍ക്ക് മുന്നിലൂടെ ഇരട്ടച്ചങ്കനായി നടന്നുപോയ നേതാവായിരുന്നു വിജയന്‍ മിന്നല്‍ പിണറായി. പക്ഷെ, ഇപ്പോള്‍ വാക്കുകള്‍ക്ക് മുന്നില്‍ പകച്ചുപോകുന്നത് പോലെ. കോട്ടയത്ത് ഏതായാലും 340 അംഗ പൊലീസ് സുരക്ഷയെ സാക്ഷി നിറുത്തി പ്രതിഷേധക്കാരെ ബാരിക്കേഡിലൊതുക്കി നിര്‍ത്തിയും യാത്രക്കാരെ രണ്ടരമണിക്കൂറോളം തടഞ്ഞുവെച്ചും മുഖ്യമന്ത്രി ഇപ്രകാരം സുധീരം പ്രഖ്യാപിച്ചു. ഇളക്കിക്കളയാമെന്ന് വിചാരിച്ചാല്‍ അതിന് വേറേ ആളെ നോക്കണം. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും ഇങ്ങോട്ട് ഏശില്ല. അതൊക്കെയങ്ങ് കയ്യില്‍ വെച്ചാല്‍ മതി. മുഖ്യമന്ത്രിയുടെ ഈ പിപ്പിടി കണ്ട് പാര്‍ലറിലിരുന്ന് നയതന്ത്ര കുലുങ്ങിച്ചിരിക്കാതെ പിന്നെന്തുചെയ്യും.

അതിനിടയില്‍ വേറൊരു സംഭവമുണ്ടായി. മുഖ്യന്റെ പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിക്കാന്‍ മുഖ്യമന്ത്രിയുടെ പൊലീസ് ആരെയും അനുവദിച്ചില്ല. എറണാകുളത്ത് എത്തിയപ്പോള്‍ ട്രാന്‍സ് ജെന്‍ഡര്‍മാരുടെ കറുത്തവസ്ത്രത്തോടും പൊലീസ് കയര്‍ത്തു. ആരുടേയും അടിവസ്ത്രം പരിശോധിക്കാതിരുന്നത് ഭാഗ്യമെന്നേ പറയേണ്ടൂ. തിരിച്ചു തിരുവനന്തപുരത്ത് ഗ്രന്ഥശാല സംഘത്തിന്റെ ഉദ്ഘാടന ചടങ്ങിലെത്തിയപ്പോള്‍, കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്നും ആരേയും വഴി തടയില്ലെന്നും മുഖ്യന്‍ ഉറക്കെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ തെരുവുകളില്‍ നടന്നതൊന്നും അദ്ധേഹത്തെ ആരും അറിയിച്ചില്ലെന്ന് തോന്നുന്നു.

ഇപ്പോള്‍ വിമാനത്തിലെ കശപിശയും നാട്ടിലെ അക്രമങ്ങളുമാണ് പുതിയ ചര്‍ച്ചാവിഷയം. വിമാനത്തിലിരുന്ന് പ്രതിഷേധം പ്രതിഷേധം എന്ന് വിളിച്ച് പറഞ്ഞ യുവാക്കളെ, ഇടതുമുന്നണി കണ്‍വീനര്‍ തള്ളിതാഴെയിട്ട് കടത്തനാടന്‍ കളരിയിലെ ചേകവരായി. കയ്യൂക്കിന്റെ ഭാഷയുമായി ഇരുകൂട്ടരും കച്ച മുറുക്കുന്നതിനിടയില്‍ പതിവു പോലെ പ്രതിഷേധവുമായി കാനം എത്തിയിട്ടുണ്ട്. പക്ഷെ, കാനത്തിന്റെ രോഷം എത്ര സമയം വരേ കാണും എന്ന കാത്തിരിപ്പോടെ പാര്‍ലറില്‍ നിന്നും വിട പറയട്ടെ.

വര: അബ്ദുല്‍ ബാസിത്

TAGS :