Quantcast
MediaOne Logo

പ്രമോദ് രാമന്‍

Published: 24 April 2022 9:01 AM GMT

എ.പ്രമോദ് പ്രമോദ് രാമനായ കഥ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

ഏഷ്യാനെറ്റ് ന്യൂസിലും ഇന്ത്യാവിഷനിലും പ്രവര്‍ത്തിക്കുന്ന കാലത്തും എന്റെ ബൈലൈന്‍ എ.പ്രമോദ് എന്നുതന്നെ ആയിരുന്നു

എ.പ്രമോദ് പ്രമോദ് രാമനായ കഥ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!
X
Listen to this Article

കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രയില്‍ എനിക്ക് നല്ലൊരു കൂട്ടുകിട്ടി. രാവിലെ 6ന് പുറപ്പെട്ട എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ആലുവയില്‍ നിന്ന് കയറി തൊട്ടടുത്ത സീറ്റില്‍ വന്ന് ഇരുന്ന യുവാവിനെ ചെറിയ മുഖപരിചയം തോന്നി. അയാളാകട്ടെ, സാധാരണയില്‍ കൂടുതലുള്ള ലഗേജുകള്‍ ഒതുക്കിവച്ച ശേഷം കിടന്നുറക്കമായി. പത്രം വായിച്ചും ചാനലുകളുടെ യൂ ട്യൂബ് ഒരുവട്ടം നോക്കിയും ഞാന്‍ തിരിച്ചെത്തിയപ്പോഴേക്ക് അയാളുണര്‍ന്നു.

അപ്പോഴാണ് എനിക്ക് ബള്‍ബ് കത്തിയത്.

'ഇടുക്കി ഗോള്‍ഡില്‍ അഭിനയിച്ച കുട്ടിയല്ലേ?', ഞാന്‍ ചോദിച്ചു.

അവന്‍ ചിരിച്ചു. അവനെന്ന് വിളിക്കാവുന്നവിധം ചെറുപ്പമായി അയാളെനിക്ക് അപ്പോഴേക്ക്.

'സാറിനെ എനിക്കും മനസ്സിലായി', അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ആ സിനിമയില്‍ നടന്‍ രവീന്ദ്രന്റെ കൗമാരം അഭിനയച്ചത് അവനാണ്. ഇപ്പോള്‍ ആഷിഖ് അബുവിന്റെ പുതിയ ചിത്രത്തില്‍ സംവിധാന സഹായി ആകാന്‍ തലശ്ശേരിയിലേക്കാണ് യാത്ര.

ഇടുക്കി ഗോള്‍ഡിനെക്കുറിച്ചും ആഷിഖിന്റെ മറ്റു സിനിമകളെക്കുറിച്ചുമെല്ലാം കുറച്ചുനേരം സംസാരിച്ചശേഷമാണ് ഞാന്‍ പേരുചോദിച്ചത്.

'ഇന്ത്യന്‍', അവന്‍ പറഞ്ഞു. ഞാന്‍ അന്തിച്ചുപോയി.

'അതെന്താ അങ്ങനൊരു പേര്?'

'അച്ഛന്‍ ഉലകനായകന്‍ കമലഹാസന്റെ ആരാധകനാണ്. ജാതിയും മതവുമൊന്നും അച്ഛന് വേണ്ട. ഇന്ത്യന്‍ എന്ന സങ്കല്‍പമാണ് അച്ഛന് ഏറ്റവും പ്രധാനം. അങ്ങനെ അതുണ്ടായി', അവന്‍ ചിരി വിടാതെ പറഞ്ഞു.

തിരക്കഥാകൃത്തായ ബാബു പള്ളാശേരിയുടെ മകനാണ് ഇന്ത്യന്‍. വേറെ വിളിപ്പേരോ ഓമനപ്പേരോ അവനില്ല. അച്ഛന്റെ പേരില്‍ നിന്നുള്ള പി.ബി ആണ് ഇനീഷ്യല്‍. എനിക്ക് വളരെ കൗതുകം തോന്നി.


ഇക്കാര്യം ഞാനിന്ന് പറഞ്ഞുതുടങ്ങുന്നത് പേരിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ഒരു പോരില്‍ എന്നെ നിരന്തരം വലിച്ചിഴയ്ക്കുന്ന ഒരു സാഹചര്യം വിശദീകരിക്കാനാണ്. സത്യത്തില്‍ ഞാന്‍ എന്ന വ്യക്തിയെക്കുറിച്ച് ഇവിടെയെഴുതാന്‍ താല്‍പര്യമുണ്ടായിട്ടല്ല. പക്ഷേ ഇതില്‍ ഞാനെന്ന വ്യക്തിയുടെ പ്രശ്നത്തേക്കാളുപരിയായ ചില പൊതുവിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ മാധ്യമപ്രവര്‍ത്തകരില്‍ കുറേ പേരെങ്കിലും നേരിടുന്ന നെയിം ഷെയിമിങ്ങിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

എന്റെ പേര് പ്രമോദ് രാമന്‍ എന്നാണ്. ഔദ്യോഗികരേഖകളില്‍ പക്ഷേ പേര് പ്രമോദ്.എ എന്നാണ്. എസ്.എസ്.എല്‍.സി തൊട്ട് ഇങ്ങോട്ടുള്ള വിദ്യാഭ്യാസ രേഖകളിലെല്ലാം പ്രമോദ്.എ ആണ്. എന്നാല്‍ പത്രത്തില്‍ ചേര്‍ന്നപ്പോള്‍ അത് എ.പ്രമോദ് ആയി. 'ദേശാഭിമാനി'യുടെ ശൈലി അനുസരിച്ച് പേരിന് ശേഷമാണ് ഇനീഷ്യല്‍. അതിനാല്‍ ഔദ്യോഗികമായി അവിടെ ചേരുന്നതിന് മുന്‍പ് പത്രത്തിന്റെ വാരാന്തപ്പതിപ്പിനു വേണ്ടി ഫീച്ചറുകളും ലേഖനങ്ങളും എഴുതിയപ്പോള്‍ മുതല്‍ തന്നെ ആ പേരാണ് അവര്‍ നല്‍കിയത്. അവര്‍ മാത്രമല്ല പല പത്രങ്ങളും ആ ശൈലിയാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയനേതാക്കളുടെ ഉള്‍പ്പെടെ പേരുകള്‍ ആ ശൈലീപ്രകാരമാണ് പത്രങ്ങള്‍ നല്‍കുന്നത്. ഇനീഷ്യല്‍ ശരിക്കും ഇംഗ്ലീഷില്‍ ലാസ്റ്റ് നെയിം അഥവാ സര്‍ നെയിം ആണ്. ആളുകള്‍ അത് പലമട്ടില്‍ സ്വീകരിക്കാറുണ്ട്. പിതാവിന്റെയോ മാതാവിന്റെയോ പേരുകളുടെ ആദ്യ അക്ഷരം, അല്ലെങ്കില്‍ വീടിന്റെയോ തറവാടിന്റെയോ നാടിന്റെയോ എന്തിന് കാഴ്ചപ്പാടിന്റെയോ ഒക്കെ പേരുകള്‍ രണ്ടാം പേരായി സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ സവര്‍ണ ജാതിപ്പേര് ലാസ്റ്റ് നെയിമായി നല്‍കുന്നത് ഏറ്റവും പുതിയ കാലത്ത് എതിര്‍ക്കപ്പെടുന്നുണ്ടല്ലോ. ആ രാഷ്ട്രീയബോധം പക്ഷേ രണ്ടുപതിറ്റാണ്ടിനുള്ളില്‍ മാത്രം വളര്‍ന്നതാണ്. പട്ടം താണുപിള്ളയുടെയോ കെ.പി.കേശവമേനോന്റെയോ ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റേയോ ഇ.കെ.നായനാരുടെയോ കാലത്ത് അതില്ല. നവോത്ഥാനം ചിഹ്നശാസ്ത്രത്തെ ഉള്‍ക്കൊണ്ടത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണെന്നു പറയാം.

മാധ്യമപ്രവര്‍ത്തകര്‍ സ്വയം അണിയുന്ന പേരിനെ ബൈലൈന്‍ എന്നാണ് വിളിച്ചുപോന്നിട്ടുള്ളത്. ഏഷ്യാനെറ്റ് ന്യൂസിലും ഇന്ത്യാവിഷനിലും പ്രവര്‍ത്തിക്കുന്ന കാലത്തും എന്റെ ബൈലൈന്‍ എ.പ്രമോദ് എന്നുതന്നെ ആയിരുന്നു. 2006ല്‍ മനോരമ ന്യൂസില്‍ ചേര്‍ന്നപ്പോള്‍ അവിടുത്തെ ശൈലി, കഴിയുന്നതും ട്വിന്‍ നെയിം ആണെന്നുവന്നു. രണ്ട് പേരുകളുള്ള ബൈലൈന്‍ ഞാനും സ്വീകരിച്ചു. അതാണ് പ്രമോദ് രാമന്‍. ഏത് പേരും സ്വീകരിക്കാന്‍ മനോരമ ന്യൂസില്‍ ഒരു തടസ്സവും ഇല്ലായിരുന്നു. ചോയ്സ് എന്റേതു തന്നെയായിരുന്നു.


എന്നാല്‍ കഥയെഴുതിത്തുടങ്ങുന്ന കാലത്ത് ഞാന്‍ മറ്റൊരു പ്രശ്നം നേരിട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് എന്റെ ആദ്യകഥയായ 'സപുംസകരുടെ പത്ത് പടവുകള്‍' പ്രസിദ്ധീകരിച്ചത്. മനോരമയില്‍ ജോലിചെയ്യുന്പോള്‍ മറ്റൊരു പ്രസിദ്ധീകരണത്തില്‍ എഴുതുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. അതിനാല്‍ അല്‍പം നാമപ്രച്ഛന്നനാകാന്‍ തീരുമാനിച്ചു. പ്രമോദ്.ആര്‍ എന്നപേരിലാണ് ആദ്യകഥ പ്രസിദ്ധീകരിച്ചത്. രണ്ടാമത്തെയും മൂന്നാമത്തേയും കഥകള്‍ ഇതേനിലയില്‍ വന്നപ്പോഴേക്ക് ഈ കഥാകൃത്ത് ആരാണെന്ന ചോദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് വന്നു. അന്ന് പത്രാധിപരായിരുന്ന എന്റെ സുഹൃത്ത് കമല്‍ റാം സജീവിന്റെ അഭിപ്രായത്തില്‍ പ്രമോദ്.ആര്‍ പ്രമോദ് രാമനാണെന്ന് ആളുകള്‍ക്ക് മനസ്സിലായി. അതിനാല്‍ തുടര്‍ന്നങ്ങോട്ടുള്ള കഥകള്‍ പ്രമോദ് രാമന്‍ എന്ന പേരില്‍ തന്നെയാണ് അച്ചടിച്ചുവന്നത്.

പറഞ്ഞുവന്നത്, പേരുകള്‍ ഓരോ വ്യക്തിയുടെയും സ്വാതന്ത്യമാണ്. ഔദ്യോഗികമായി പേര് മാറ്റണമെങ്കില്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യണമെന്നത് അടക്കം ചില നിബന്ധനകള്‍ ഉണ്ട്. അതല്ലാതെ, മാധ്യമപ്രവര്‍ത്തകനെന്ന നിലയ്ക്ക് സ്വയം അറിയിക്കാനോ സാഹിത്യമുള്‍പ്പെടെ എഴുത്ത് നടത്താനോ അവനവന് ഇഷ്ടമുള്ള പേര് സ്വീകരിക്കുന്നതിന് ഇന്നാട്ടില്‍ ഒരു തടസ്സവുമില്ല. അതുകൊണ്ടാണല്ലോ ഉറൂബും വിലാസിനിയും , ഒക്കെ നമുക്ക് ഉണ്ടായത്. ചിലരാകട്ടെ, ജനങ്ങളുടെ അംഗീകാരത്തോടെ അങ്ങനെയുളള പേരുകളിലേക്ക് വീണു. തകഴിയും നെടുമുടിയും അഴീക്കോടുമൊക്കെ സ്ഥലപ്പേരുകള്‍ മാത്രമല്ലാതായത് ആ നിലയ്ക്കാണ്. മകന് ഇന്ത്യന്‍ എന്ന പേരു നല്‍കുന്ന മാതാപിതാക്കളെയും ഒരുപക്ഷേ മാതാപിതാക്കള്‍ ഇട്ടപേരിനോട് ഇഷ്ടമില്ലാതെ സ്വയം പേര് തെരഞ്ഞെടുക്കുന്ന മക്കളേയും നമ്മള്‍ ഒരുപോലെ ബഹുമാനിക്കേണ്ടത് ഇതെല്ലാം വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളുമായി ബന്ധപ്പെട്ട സ്വതന്ത്ര മേഖലയായതുകൊണ്ടാണ്.

ഇതെല്ലാം യാഥാര്‍ഥ്യമായി നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് എ.പ്രമോദില്‍ നിന്ന് ഞാന്‍ പ്രമോദ് രാമന്‍ എന്ന പേരിലേക്ക് മാറിയതിനെ അങ്ങേയറ്റം ദുരുപദിഷ്ടമായ വ്യാഖ്യാനങ്ങള്‍ ചമച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ആ പേരിലേക്ക് ഞാനെത്തി 17 വര്‍ഷത്തിനുശേഷവും അതില്‍ കുറവില്ല. ഈയിടെപോലും എന്റെ പേരിലെ രാമന്‍ ബ്രാഹ്മണ ജാതിയാണ് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ ചിലരുടേതായി കണ്ടു.

എ.പ്രമോദ് പ്രമോദ് രാമനായതിന്റെ കഥകേട്ടാല്‍ നിങ്ങള്‍ ഞെട്ടും എന്നമട്ടില്‍ ആദ്യകാലത്ത് ഇത് പ്രസംഗിച്ചുനടന്നവരില്‍ ഒരു പ്രമുഖ'നിരീക്ഷകനും' ഉണ്ട്. അദ്ദേഹമാകട്ടെ ദീര്‍ഘകാലം തൂലികാനാമത്തില്‍ കോളമെഴുതിയ ആളാണെന്നും ഓര്‍ക്കണം. എന്റെ പേരിലെ രാമന്‍ പിതാവിന്റെ നാമത്തിന്റെ ചുരുക്കമാണ്. ആര്‍.കുഞ്ഞിരാമന്‍ എന്നതില്‍ നിന്നാണ് അത് വന്നത്. അത് ഈ മനുഷ്യരെ ഇത്രയും അസ്വസ്ഥരാക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. മനോരമ ന്യൂസില്‍ വച്ച് ഈ പേര് സ്വീകരിക്കുമ്പോള്‍ അതെന്റെ ചോയ്സ് മാത്രമായിരുന്നു. സമാനമായി ട്വിന്‍ നെയിം സ്വീകരിക്കാന്‍ അവിടെ എല്ലാവര്‍ക്കും അവസരം നല്‍കിയിരുന്നു. ജാതിയോ മതമോ വെളിപ്പെടുത്തുന്ന നിലയില്‍ ആയിരിക്കണം ആ പേരെന്ന് ഒരിക്കലും മനോരമ ആവശ്യപ്പെട്ടിട്ടില്ല. ആരെങ്കിലും ജാതിപ്പേര് രണ്ടാംപേരായി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് ആ വ്യക്തിയുടെ മാത്രം ചോയ്സ് ആയിരുന്നു. ഞാന്‍ സ്വീകരിച്ച പേരുകൊണ്ട് എന്തെങ്കിലും അനധികൃത നേട്ടം എനിക്കുണ്ടായിട്ടുമില്ല. രാമന്‍ ഒരു ജാതിപ്പേരല്ല. രാമായണത്തിലെ ഒരു കഥാപാത്രത്തിന്റെ പേരാണത്. രാമായണം നല്ല കഥയാണ്.

സാഹിത്യകാരര്‍ക്കോ രാഷ്ട്രീയനേതാക്കള്‍ക്കോ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ പേരിന്റെ പേരില്‍ ഒരു പ്രശ്നവുമില്ല. മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ പേര് വക്രീകരിച്ച് വഷളത്തരം പറഞ്ഞാല്‍ മതിയെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടായിപ്പോയി നാട്ടില്‍. ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഗൗരവതരമായ വിമര്‍ശനം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന സമയത്ത് ഈ നെയിം ഷെയിമിങ്ങും അതിന്റെ തുടര്‍ച്ചയായി വരുന്ന വിലകുറഞ്ഞ അഭിസംബോധനകളും കുലാളനകളും വലിയ നിരാശയാണ് നല്‍കുന്നത്. ഈ വിഭാഗം ആളുകളോട് കുട്ടികളുടെ ഭാഷയില്‍ ഒരു മറുപടി പറഞ്ഞുനിര്‍ത്താം.

ഷെയിം ഷെയിം...

TAGS :