Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 28 Jun 2022 12:17 PM GMT

മഹാരാജാസ് കോളജില്‍

കോളജില്‍ ഞങ്ങളെ പിന്തുടരുന്ന പെണ്‍കുട്ടികളുമായി ഞങ്ങള്‍ സൗഹൃദത്തിലായി. അവരില്‍ ശോഭ എന്ന് പേരുള്ള ഒരു പെണ്‍കുട്ടിക്ക് എന്നോട് താല്‍പര്യം ഉണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. എന്നാല്‍ നീറുന്ന ജീവിത പ്രശ്‌നങ്ങള്‍ എന്നെ പിന്നോട്ട് വലിച്ചു. വൈഡ് ആംഗിള്‍ ഭാഗം - 09

മഹാരാജാസ് കോളജില്‍
X
Listen to this Article

നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മാതാപിതാക്കള്‍ക്ക് വളരെ സന്തോഷമായി. സിനിമ ഉപേക്ഷിച്ചല്ലോ എന്ന സന്തോഷമായിരുന്നു ഉമ്മക്ക്. പക്ഷെ, ബാപ്പയോട് ഞാന്‍ പറഞ്ഞു, ഞാന്‍ സിനിമ ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയാക്കാര്‍ പറയുന്നതുപോലെ ' കൂടുതല്‍ കരുത്തോടെ തിരിച്ചുവരാന്‍ വേണ്ടിയുള്ള ഒരു അര്‍ധവിരാമം മാത്രമാണിത്.' മദിരാശിയിലെ സ്റ്റുഡിയോയിലെ സഹപ്രവര്‍ത്തകരായ മറ്റ് കാമറ അസ്സിസ്റ്റന്റുമാര്‍ക്കിടയില്‍ പ്രീഡിഗ്രിക്കാരനായ എനിക്കുണ്ടായിരുന്ന ''നിലയും വിലയും'', ഒരു ഡിഗ്രി കൂടി എടുക്കണം എന്ന ആഗ്രഹത്തിന് ആക്കം കൂട്ടി. പിന്നെ, പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാനും ഡിഗ്രി ആവശ്യമാണല്ലോ. ഞാന്‍ പിതാവിനോട് ആദ്യമേ പറഞ്ഞു, പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പ് ആയിരുന്നെങ്കിലും ഇനി ഞാന്‍ അങ്ങോട്ടില്ല. ബി.എക്ക് ഹിസ്റ്ററിയോ എക്കണോമിക്‌സോ മതി.

എനിക്ക് എറണാകുളം മഹാരാജാസ് കോളേജില്‍ ബി.എക്ക് അഡ്മിഷന്‍ കിട്ടി. എന്റെ ജീവിതത്തില്‍ അതുവരെ ഇല്ലാത്ത അനുഭവങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറക്കുകയായിരുന്നു മഹാരാജാസിന്റെ കൂറ്റന്‍ കവാടങ്ങള്‍. അതുവരെ പഠിച്ചത് മുഴുവനും ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളില്‍ ആയിരുന്നു. ആദ്യമായാണ് ഒരു ആണ്‍-പെണ്‍ സഹവിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുന്നത്. അത് കൊണ്ട് തന്നെ അല്‍പം നെഞ്ചിടിപ്പോടെയാണ് കോളജിലേക്ക് പ്രവേശിച്ചത്. പൊതുവേ നാണം കുണുങ്ങി ആയിരുന്ന ഞാന്‍, എന്റെ സഹോദരിമാരുമായിട്ടല്ലാതെ മറ്റു പെണ്‍കുട്ടികളുമായിട്ടൊന്നും അടുത്തിടപഴകിയിരുന്നില്ല. വാസ്തവത്തില്‍ എനിക്ക് അന്യ പെണ്‍കുട്ടികളോട് സംസാരിക്കാന്‍ തന്നെ ഭയം ആയിരുന്നു. അടുത്ത ബന്ധുക്കളായ പെണ്‍കുട്ടികളോട് പോലും ഞാന്‍ അധികം സംസാരിക്കാറില്ല.


പെണ്‍കുട്ടികള്‍ പൊതുവേ ലജ്ജാശീലരും സൗമ്യ ഭാവം ഉള്ളവരും ആണെന്നാണ് എന്റെ ധാരണ. എന്നാല്‍, എന്റെ ധാരണകളെ മുഴുവന്‍ തകിടം മറിക്കുന്ന അനുഭവമാണ് ആദ്യ ദിവസം തന്നെ കോളജിലുണ്ടായത്. ഞാന്‍ കോളജിലെ വരാന്തയിലൂടെ ക്ലാസ് അന്വേഷിച്ചു നടക്കുമ്പോള്‍ പെട്ടെന്ന് ഒരു കൂട്ടം പെണ്‍കുട്ടികള്‍ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ ഒരു തൂണിനു പിന്നില്‍ മറഞ്ഞു നില്‍ക്കുകയായിരുന്നു എന്ന് തോന്നുന്നു. എല്ലാവരും കൂടി ' ഠോ ' എന്ന് അട്ടഹസിച്ചു കൊണ്ടാണ് എന്റെ മുന്നിലേക്ക് ചാടി വീണത്. ഞാന്‍ ഞെട്ടി പിന്മാറി. സീനിയര്‍ പെണ്കുട്ടികള്‍ ആണെന്ന് തോന്നുന്നു. എന്റെ ഭയന്ന മുഖം കണ്ടു അവര്‍ പൊട്ടിച്ചിരിച്ചു. ഞാന്‍ ആകെ പതറിപ്പോയി. ഞാന്‍ മുന്നോട്ടു നടക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ എന്റെ വഴി തടഞ്ഞു നിന്നു. പിന്നെ കൂട്ടത്തില്‍ അല്‍പം തടിയുള്ള പെണ്‍കുട്ടി ചോദിച്ചു '' നസീം എന്ത് ചെയ്യുന്നു ?'' എനിക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍ വായും പൊളിച്ചു നിന്നപ്പോള്‍ അവള്‍ ചോദ്യം ആവര്‍ത്തിച്ചു- ' നസീം ഇപ്പൊ എവിടെയാണ് ?''

എനിക്ക് ആകെ അറിയാവുന്ന നസീം എന്റെ ഒരു സുഹൃത്തായ നസീം ആണ്. പക്ഷെ, അവനെ ഇവര്‍ എങ്ങിനെ അറിയും എന്ന് എനിക്ക് മനസ്സിലായില്ല. അവന്‍ മഹാരാജാസില്‍ പഠിച്ചിട്ടില്ല. ഏതായാലും ഞാന്‍ മറുപടി പറഞ്ഞു ' അവന് തേവര കോളേജില്‍ ബി.എസ്സ്.സി.ക്ക് ചേര്‍ന്നു. സ്‌ഫോടകാത്മകമായ ഒരു നിശബ്ദതയായിരുന്നു പെണ്‍കുട്ടികളുടെ ആദ്യ പ്രതികരണം. അവര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി. പിന്നെ ബോംബ് പൊട്ടുന്നത് പോലുള്ള ഒരു കൂട്ടച്ചിരിയായിരുന്നു. തമാശ എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ നിന്ന് വിയര്‍ത്തു. അപ്പോള്‍ ഒരു പെണ്‍കുട്ടി പറഞ്ഞു-

''നസീം ആണല്ല, പെണ്ണാണ്. നസീം ചിദ''.

''ഞങ്ങള് ചോദിച്ചത് നസീം ചിദയുടെ കാര്യമാണ്, യാക്കൂബിന്റെ ഭാര്യ'' മറ്റൊരു പെണ്‍കുട്ടി പറഞ്ഞു.

അപ്പോഴാണ് ഞാന്‍ യാക്കൂബിന്റെയും നസീം ചിദയുടെയും പ്രേമ കഥയെക്കുറിച്ച് ഓര്‍ത്തത്. യാക്കൂബ് എന്റെ സീനിയറും എന്റെ സമുദായക്കാരനും നാട്ടുകാരനുമാണ്. പക്ഷെ, അദ്ദേഹവുമായി എനിക്ക് വല്യ അടുപ്പം ഒന്നുമില്ല. നസീം ഉത്തരേന്ത്യക്കാരിയാണ്. യാക്കൂബ് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നസീം എം.എ.യ്ക്ക് പഠിക്കുന്നു. അവര്‍ പ്രേമത്തിലാവുകയും, രണ്ടു പേരുടെയും വിദ്യാഭ്യാസം കഴിഞ്ഞതോടെ വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം കഴിക്കുകയും ചെയ്തു, ഇതൊക്കെ കഴിഞ്ഞ കൊല്ലം നടന്ന കാര്യങ്ങളാണ്. കോളേജില്‍ അവരുടെ പ്രേമം വളരെ പ്രസിദ്ധമായിരുന്നുവത്രേ. പക്ഷെ, ഇതെല്ലാം എന്നോട് ചോദിക്കാനുള്ള കാരണം ഞാന്‍ പിന്നീടാണറിഞ്ഞത്. എന്നെ കണ്ടപ്പോള്‍ യാക്കൂബിന്റെ അനിയന്‍ ആണെന്ന് തോന്നിയത്രേ. ഏതായാലും പെണ്‍കുട്ടികളുടെ ആ റാഗിംഗ് എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. പിന്നെ ഞാന്‍ കോളേജില്‍ ഒറ്റയ്ക്ക് നടക്കാതെയായി. വളരെ വേഗം തന്നെ ഞാന്‍ സുഹൃത്തുക്കളെ സമ്പാദിച്ചു. എനിക്ക് നേരത്തെ പരിചയമുള്ള എന്റെ നാടുകാരായ രണ്ടു മൂന്നു പേര്‍ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു. അബ്ദുല്‍ റഹിമാന്‍, റഷീദ്, നന്ദകുമാര്‍ എന്നീ മട്ടാഞ്ചേരിക്കാരും ചേരാനെല്ലൂര്‍ക്കാരന്‍ രവിയും, പിന്നെ വേറെ ക്ലാസ്സില്‍ ആണെങ്കിലും, ''ഹൈജാക്കേഴ്‌സ്'' എന്ന ബാന്‍ഡ് ഗ്രൂപ്പിലെ ഗിറ്റാറിസ്റ്റ് രവി എന്ന എന്റെ പഴയ സുഹൃത്തും ഒന്നാം വര്‍ഷക്കാരില്‍ ഉണ്ടായിരുന്നു. മട്ടാഞ്ചേരിയില്‍ നിന്ന് ധാരാളം വിദ്യാര്‍ഥികള്‍ മഹാരാജാസ് കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു. ബോട്ടില്‍ യാത്ര അപ്പോഴും വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായിരുന്നെങ്കിലും, കൂടുതല്‍ പേരും ബസ്സിലാണ് യാത്ര ചെയ്യുന്നത്. ബോട്ട് ജെട്ടി അകലെയാണ് എന്നതു മാത്രമല്ല കാരണം. മഹാരാജാസിലേയും സെന്റ് തെരെസാസിലെയും പെണ്‍കുട്ടികള്‍ കൂടുതലും യാത്ര ചെയ്യുന്നത് ബസ്സിലാണ് എന്നതും ഒരു കാരണമായിരുന്നു.

കോളജിലെ പെണ്‍കുട്ടികളുടെ കോമണ്‍ റൂമിന് (വിശ്രമ സ്ഥലം) മുന്നിലൂടെ ഒരു പ്രദക്ഷിണം നടത്തിയിട്ടേ ആണ്‍്കുട്ടികള്‍ ക്ലാസ്സുകളില്‍ കയറിയിരുന്നുള്ളൂ. അത് ക്ലാസ്സില്‍ കയറുന്നവരുടെ കാര്യം. ക്ലാസ്സില്‍ കയറാത്തവര്‍ രണ്ടു മൂന്നു പ്രാവശ്യം പ്രദക്ഷിണം വെച്ചതിനു ശേഷം കോളജിനു പുറത്തുള്ള റോഡ് വക്കിലെ അരമതിലില്‍ പോയിരിക്കും. പെണ്‍കുട്ടികളും ഒട്ടും മോശമായിരുന്നില്ല. ആണ്‍കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അവരും ക്ലാസ്സില്‍ കയറാതെ കോമണ്‍ റൂമിന് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുമായിരുന്നു. കൂട്ടം തെറ്റി മേയാതെ, ഞാന്‍ എപ്പോഴും കൂട്ടുകാരുടെ കൂടെ മാത്രമേ നടക്കാറുള്ളൂ. ആദ്യ ദിവസം എന്നെ റാഗ് ചെയ്ത പെണ്‍കുട്ടികളുടെ സംഘം സ്ഥിരമായി ഞങ്ങളെ പിന്തുടരുകയോ, അല്ലെങ്കില്‍ ഞങ്ങളുടെ എതിര്‍ദിശയിലൂടെ വന്ന് ഞങ്ങളെ കടന്നു പോവുകയോ ചെയ്യും. അപ്പോള്‍ അവര്‍ ചില കമന്റ് പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. ഇത് ഒരു സ്ഥിരം പരിപാടി ആയിരുന്നു. എന്തിനാണ് അവര്‍ ഞങ്ങളെ ഇങ്ങനെ പിന്തുടരുന്നത് എന്ന് മനസ്സിലായില്ല. അവരില്‍ ആര്‍ക്കോ, ഞങ്ങളില്‍ ആരോടോ പ്രത്യേക താല്‍പര്യം ഉണ്ടെന്നു തോന്നി. പക്ഷെ, ആര്‍ക്ക്, ആരോടാണ് താല്‍പര്യം എന്ന് മനസ്സിലായില്ല. ഏതായാലും കോളജ് ജീവിതം ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.

എന്നാല്‍, കോളജ് വിട്ടു വീട്ടില്‍ എത്തിയാല്‍ അവിടെ തികച്ചും വ്യത്യസ്തമായ ഒരു ലോകമായിരുന്നു. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി വീണ്ടും കൂപ്പു കുത്തുകയായിരുന്നു. വീട്ടിലെ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. കോണ്ട്രാക്റ്റ് ബിസിനസ്സില്‍ വലിയ പരിചയം ഇല്ലാതിരുന്ന എന്റെ പിതാവ്, പരിചയമുള്ള ഒരാളെ വര്‍കിംങ് പാര്‍ട്ണര്‍ ആയി എടുത്തിരുന്നു. ക്രമേണ പിതാവ് അയാളെ വിശ്വസിച്ച് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ അയാളെ ഏല്‍പിച്ചു. എന്നാല്‍, അയാള്‍ രഹസ്യമായി ഞങ്ങളെ ചതിക്കുകയാരുന്നു. സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡ്, എഫ്.എ.സി.ടി. എന്നിവയുടെ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്റ്റ് ആയിരുന്നു ഞങ്ങള്‍ക്ക്. പാര്‍ട്ണര്‍ സാമ്പത്തിക തിരിമറി മാത്രമല്ല നടത്തിയത്, കോണ്‍ട്രാക്റ്റിലെ നിബന്ധനകള്‍ എന്റെ പിതാവറിയാതെ ലംഘിച്ചു കൊണ്ട് അയാള്‍ ഞങ്ങള്‍ക്ക് കോണ്‍ട്രാക്റ്റ് നഷ്ടപ്പെടാനും ഭീമമായ പിഴ അടപ്പിക്കാനുമുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കി. അങ്ങിനെ പിഴ അടക്കാനും കടങ്ങള്‍ വീട്ടാനുമായി ഞങ്ങള്‍ക്ക്, താമസിക്കുന്ന വീട് ഉള്‍പ്പടെ സ്വത്തുക്കള്‍ എല്ലാം വില്‍ക്കേണ്ടി വന്നു. ഞങ്ങള്‍ വാടക വീട്ടിലേക്കു താമസം മാറി. സാമ്പത്തികമായ ഈ തകര്‍ച്ച എന്റെ പിതാവിനെ മാനസികമായും തകര്‍ത്തു. സ്വന്തം സഹോദരനെപ്പോലെ വിശ്വസിച്ച പാര്‍ട്ണര്‍ ഇത്ര കൊടിയ വഞ്ചന കാണിച്ചത് അദ്ദേഹത്തിന് സഹിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഒരിക്കലും അദ്ദേഹത്തിന് തന്റെ ആരോഗ്യവും സാമ്പത്തിക സ്ഥിരതയും വീണ്ടെടുക്കുവാനോ, മറ്റൊരു ബിസിനസ് ആരംഭിക്കാനോ കഴിഞ്ഞില്ല.

എന്റെ കുടുംബത്തിലെ പ്രശ്‌നങ്ങളോ പ്രാരബ്ധങ്ങളോ എന്റെ കൂട്ടുകാര്‍ക്കു അറിയില്ലായിരുന്നു. ഞാന്‍ എല്ലാം അവരില്‍ നിന്ന് മറച്ചു വെച്ചു. ഞാന്‍ അന്ന് രണ്ടു ധ്രൂവങ്ങളിലാണ് ജീവിച്ചിരുന്നത്. കോളജിലെ അന്തരീക്ഷത്തെ വൈക്കം മുഹമ്മദ് ബഷീറിന്റെ ശൈലി കടമെടുത്താല്‍ ഇങ്ങനെ വിവരിക്കാം. ''ജീവിതം യൗവ്വന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായ കാലഘട്ടം''. എന്നാല്‍ വീട്ടിലെത്തിയാലോ പ്രാരാബ്ധങ്ങളുടെ പടുകുഴിയില്‍! ഈ വൈരുധ്യങ്ങളിലൂടെ ജീവിതം മുന്നോട്ടു നീങ്ങി. കോളേജില്‍ ഞങ്ങളെ പിന്തുടരുന്ന പെണ്‍കുട്ടികളുമായി ഞങ്ങള്‍ സൗഹൃദത്തിലായി. അവരില്‍ ശോഭ എന്ന് പേരുള്ള ഒരു പെണ്‍കുട്ടിക്ക് എന്നോട് താല്‍പര്യം ഉണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. എന്നാല്‍ നീറുന്ന ജീവിത പ്രശ്‌നങ്ങള്‍ എന്നെ പിന്നോട്ട് വലിച്ചു. പക്ഷെ, എന്റെ സുഹൃത്തുക്കള്‍ അവളോട് സംസാരിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്ത് കൊണ്ടിരുന്നു. ശോഭ വളരെ ബുദ്ധിമതിയായ ഒരു പെണ്‍കുട്ടി ആയിരുന്നു. അവളോട് സംസാരിക്കാന്‍ ഇഷ്ടമായിരുന്നെങ്കിലും പ്രേമവും വിവാഹവും ഒന്നും എന്റെ സങ്കല്‍പത്തില്‍ ഉണ്ടായിരുന്നില്ല. ശോഭ നല്ലൊരു വായനക്കാരി ആയിരുന്നു. അവളാണ് എന്നെ P.G. Wodehouse എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തിയത്. ആംഗലേയ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ ഹാസ്യ സാഹിത്യകാരനായിരുന്നു. അദ്ദേഹം. ആദ്യമായി അവള്‍ എനിക്കെന്റെ ജന്മദിനത്തില്‍ P.G. Wodehouse ന്റെ ഒരു പുസ്തകം സമ്മാനമായി തന്നു. പിന്നീട് അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങള്‍ വായിക്കാന്‍ തന്നു. അതോടെ ഞാന്‍ അദ്ദേഹത്തിന്റെ ഒരു ആരാധകനായി മാറി. ഞാന്‍ ലൈബ്രറികള്‍ തോറും കയറിയിറങ്ങി അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും വായിച്ചു തീര്‍ത്തു. ഇപ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ പഴയ പുസ്തകങ്ങള്‍ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു. പില്‍ക്കാലത്ത് എന്റെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനും, എഴുതാനുള്ള അഭിവാഞ്ച എന്നില്‍ ഉണര്‍ത്താനും പി.ജി വോഡ്ഹൗസ് വളരെ സഹായിച്ചിട്ടുണ്ട്.


ക്രമേണ എന്റെ നാണവും പേടിയും ഒക്കെ മാറി. ഞാനും കൂട്ടുകാരും കോളേജില്‍ വളരെ ജനപ്രിയരായ ഒരു സംഘമായി മാറി. ഞങ്ങളില്‍ ചിലര്‍ ഒരു വിധം പാട്ട് പടുന്നവരായിരുന്നു. പലപ്പോഴും ഞങ്ങള്‍ ക്ലാസ് കട്ട് ചെയ്ത് ചവിട്ടുപടിയില്‍ ഇരുന്നു പാട്ടു പാടുമായിരുന്നു. സംഘത്തിലെ പ്രധാന ഗായകനും ഡ്രമ്മറും ഞാനായിരുന്നു. ജനല്‍ ചില്ലിലാണ് ഞാന് താളം പിടിക്കുക. ഞങ്ങളുടെ പാട്ട് കേള്‍ക്കാന്‍ വിദ്യാര്‍ഥികള്‍ എപ്പോഴും ഞങ്ങള്‍ക്ക് ചുറ്റും കൂടും.

ഒരു ദിവസം ഞാന്‍ ' മേരെ സപ്‌നോ കി റാണി കബ് ആയേഗി തു' എന്ന ഹിന്ദി ഗാനം പാടിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ വിരലുകള്‍ ജനലിലെ ചില്ലില്‍ ചടുലമായി താളം അടിക്കുന്നുണ്ടായിരുന്നു. താഴത്തെ പടികളില്‍ ഇരിക്കുന്ന എന്റെ സുഹൃത്തുക്കള്‍, ഇടയ്ക്കിടെ കോറസ് പാടും. ശ്രോതാക്കളായി, ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം, മുകളില്‍ ബാല്‍ക്കണിയിലും താഴെ വരാന്തയിലും കൂടി നില്‍ക്കുന്നുണ്ടായിരുന്നു. ഞാനായിരുന്നു താരം. ഞാന്‍ കണ്ണടച്ച് നല്ല ആവേശത്തില്‍ പാടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ആരോ മൃദുവായി എന്റെ ചുമലില്‍ തട്ടി. പാട്ടു നിര്‍ത്താതെ തന്നെ ഞാന്‍ കണ്ണ് തുറന്നു. കോളജ് മുഴുവന്‍ പെട്ടെന്ന് ശൂന്യമായതു പോലെ.. എന്റെ ചുറ്റുമുണ്ടായിരുന്ന ആള്‍ക്കൂട്ടം അപ്രത്യക്ഷമായിരിക്കുന്നു. എന്റെ ചുമലില്‍ തട്ടി എന്നെ അഭിനന്ദിച്ചത് ആരാണെന്നു ഞാന്‍ തിരിഞ്ഞു നോക്കി.

ഞാന്‍ ഞെട്ടിപ്പോയി 'പ്രിന്‍സിപ്പല്‍! '



ആദം അയ്യുബ്

TAGS :