Quantcast

ഉലകനായകന് 63

MediaOne Logo

Jaisy

  • Published:

    5 May 2018 8:00 PM GMT

ഉലകനായകന് 63
X

ഉലകനായകന് 63

1954 നവംബര്‍ 7നാണ് അഭിഭാഷകനായ ടി.ശ്രീനിവാസന്റെയും രാജലക്ഷ്മി അമ്മാളുടേയും മകനായി കമലഹാസന്‍ ജനിച്ചത്

വെള്ളിത്തിരയില്‍ അയാള്‍ വെറുമൊരു നായകന്‍ മാത്രമായിരുന്നില്ല. ഗായകനും, പാട്ടെഴുത്തുകാരനും കൊറിയോഗ്രാഫറും നിര്‍മ്മാതാവും സംവിധായകനും ഒക്കെയായിരുന്നു. സിനിമയില്‍ അയാള്‍ കൈ വയ്ക്കാത്ത മേഖലകളുണ്ടായിരുന്നില്ല. കടന്നുചെന്ന മേഖലകളിലെല്ലാം അയാള്‍ തന്റെ പകരം വയ്ക്കാനാവാത്ത പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തി. സെല്ലുലോയ്ഡില്‍ മിന്നിത്തിളങ്ങിയ അയാള്‍ക്ക് ഇന്ത്യന്‍ സിനിമാ ലോകം ഒരു പേരിട്ടു ഉലകനായകന്‍. ആറാം വയസില്‍ തുടങ്ങിയ തന്റെ അഭിനയ യാത്ര ഈ 63ാം വയസിലും ഉലകനായകന്‍ തുടരുകയാണ്. 63ാം വയസിലും ആ യാത്രക്ക് വേഗം ഒട്ടും കുറഞ്ഞിട്ടില്ല, തിളക്കം മങ്ങിയിട്ടില്ല.

1954 നവംബര്‍ 7നാണ് അഭിഭാഷകനായ ടി.ശ്രീനിവാസന്റെയും രാജലക്ഷ്മി അമ്മാളുടേയും മകനായി കമലഹാസന്‍ ജനിച്ചത്. 1960ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു കമലിന്റെ സിനിമാ പ്രവേശം. ജമിനി ഗണേശനും സാവിത്രിയുമായിരുന്നു നായികാനായകന്മാര്‍. കമലിന്റെ പ്രതിഭ തെളിയിക്കാന്‍ ഈ ഒരു ചിത്രം മാത്രം മതിയായിരുന്നു. കളത്തൂര്‍ കണ്ണമ്മയിലെ അഭിനയത്തിലൂടെ ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം കമലഹാസന്‍ കരസ്ഥമാക്കി. തുടര്‍ന്ന് മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലും കമല്‍ ബാലതാരമായി പ്രത്യക്ഷപ്പെട്ടു. 1970ല്‍ സഹനടനായിട്ടായിരുന്നു കമല്‍ രണ്ടാം വരവ് നടത്തിയത്. കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങള്‍ ആയിരുന്നു കമല്‍ നായകനായി അഭിനയിച്ച ആദ്യ ചിത്രം. രജനീകാന്തും ഈ ചിത്രത്തിലുണ്ടായിരുന്നു. അപൂര്‍വ്വ രാഗങ്ങളിലെ അഭിനയത്തിന് ഫിലിം ഫെയര്‍ പുരസ്കാരവും കമലിന് ലഭിച്ചു. 1974ല്‍ പുറത്തിറങ്ങിയ കന്യാകുമാരി എന്ന മലയാള ചിത്രത്തിലും കമല്‍ തന്നെയായിരുന്നു നായകന്‍. റീത്താ ഭാദുരി ആയിരുന്നു നായിക. കന്യാകുമാരിയിലെ അഭിനയത്തിലൂടെയാണ് പ്രാദേശിക ഭാഷയിലുള്ള ആദ്യത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് കമലിന് ലഭിക്കുന്നത്.

കെ.ബാലചന്ദറിന്റെ ചിത്രങ്ങളിലൂടെയായിരുന്നു കമല്‍ എന്ന അഭിനയ പ്രതിഭയെ ലോകം അറിയുന്നത്. മന്മദ ലീല, ഒരു ഊതാപ്പൂ കണ്‍സിലമിട്ടു ഗിരാദു എന്നിവയെല്ലാം ജനപ്രീതി നേടിയ ചിത്രങ്ങളായിരുന്നു. കഥാപാത്രം മികച്ചതാക്കാന്‍ വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ കമല്‍ തയ്യാറായിരുന്നു. അതായിരുന്നു കമലിലെ അഭിനേതാവിന്റെ വിജയവും. 1977ല്‍ പുറത്തിറങ്ങിയ അവര്‍കള്‍ എന്ന ചിത്രത്തിന് വേണ്ടി വിഡംബനം എന്ന കല കമല്‍ അഭ്യസിച്ചു. അപൂര്‍വ്വ രാഗങ്ങള്‍ക്ക് വേണ്ടി മൃദംഗം പഠിച്ചു. രജനീകാന്തിനും ശ്രീദേവിക്കുമൊപ്പം അഭിനയിച്ച പതിനാറ് വയതിനിലെ 1979ലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. വ്യത്യസ്തയായിരുന്നു കമല്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ സവിശേഷത. കമലിന്റെ കഥാപാത്രങ്ങളെ നോക്കിയാല്‍ മനസിലാകും ഒരു കടുകു മണിയുടെ സാദ്യശ്യം പോലും മറ്റ് കഥാപാത്രങ്ങളുമായി ഉണ്ടാകില്ല. സികപ്പ് റോജാക്കളില്‍ മാനസിക വൈകല്യമുള്ള കൊലയാളിയുടെ വേഷമായിരുന്നു കമലിന്. സാഗരസംഗമത്തില്‍ നര്‍ത്തകനായി. അപൂര്‍വ്വ സഹോദരങ്ങളില്‍ കള്ളനും കോമാളിയുമായി. അവ്വൈ ഷണ്മുഖിയില്‍ സ്ത്രീയായി... വൈവിധ്യങ്ങളിലൂടെ കമല്‍ പ്രേക്ഷകരെ അതിശയിപ്പിച്ചു കൊണ്ടിരുന്നു.

ദക്ഷിണേന്ത്യയുടെ സ്വന്തം നടനായിരുന്നു കമല്‍. തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും മലയാളത്തിലുമെല്ലാം കമല്‍ അഭിനയിക്കുക മാത്രമായിരുന്നില്ല, അഭിനയ മികവിലൂടെ അവരുടെ മനസ് കീഴടക്കുകയും ചെയ്തു. മമ്മൂട്ടിയേയും മോഹന്‍ലാലിനെയും പോലെ തന്നെയായിരുന്നു മലയാളത്തിന് കമലും. കമല്‍ ചിത്രങ്ങള്‍ക്ക് വമ്പന്‍ സ്വീകരണമാണ് കേരളത്തില്‍ ലഭിക്കാറുള്ളത്. ഇതിനിടയില്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും കമല്‍ പലവട്ടം നേടി. നായകന്‍, തേവര്‍മകന്‍, ഇന്ത്യന്‍, ഗുണ, മൈക്കിള്‍ മദന കാമരാജന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. സംവിധാനരംഗത്തും കമല്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഹേ റാം എന്ന സിനിമ ഇന്ത്യയില്‍ പരാജയമായിരുന്നെങ്കിലും ലോകശ്രദ്ധ നേടിയിരുന്നു. 2008ല്‍ റിലീസ് ചെയ്ത ദശാവതാരത്തില്‍ പത്ത് വേഷങ്ങളിലെത്തിയാണ് കമലഹാസന്‍ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയത്.

ആറാം വയസ്സിൽ അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം കമലിന് ലഭിച്ചു. നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അർഹനായിട്ടുണ്ട്. മികച്ച വിദേശ ഭാഷാ ചിത്രങ്ങൾക്കായുള്ള അക്കാദമി അവാർഡിനു വേണ്ടി സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കമലഹാസൻ അഭിനയിച്ച ചിത്രങ്ങളാണ്. കമലഹാസന്റെ ചലച്ചിത്രനിർമ്മാണ കമ്പനി ആയ രാജ് കമൽ ഇന്റർനാഷണൽ ആണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും നിർമ്മാതാക്കൾ. 1990-ൽ ഇന്ത്യൻ സിനിമാ ലോകത്തിനു കമലഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിക്കുകയുണ്ടായി. സത്യഭാമ സർവ്വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം ചില കലാകാരന്മാരിൽ ഒരാളാണ് കമലഹാസൻ.

1978ല്‍ വാണി ഗണപതിയെ വിവാഹം കഴിച്ച കമല്‍ പിന്നീട് വിവാഹമോചനം നേടി. പിന്നീട് സിനിമാതാരം കൂടിയായ സരികയെ ജീവിതപങ്കാളിയാക്കി. സരിക-കമല്‍ ദമ്പതികളില്‍ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ എന്നീ മക്കളുമുണ്ടായി. 2002ല്‍ വിവാഹമോചിതനായ കമല്‍ പിന്നീട് നടി ഗൌതമിയെ ജീവിതസഖിയാക്കി. ആ ബന്ധവും വേര്‍പിരിയലില്‍ കലാശിച്ചു. ശ്രുതി ഹാസന്‍ ബോളിവുഡിലടക്കം തിരക്കേറിയ അഭിനേത്രിയാണ്.

കമലിന്റെ രാഷ്ട്രീയ പ്രവേശമാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച. പിറന്നാളിനൊപ്പം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവും ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് കമല്‍ അറിയിച്ചു. രാഷ്ട്രീയ പ്രവേശത്തിന്റെ ആദ്യപടിയായി വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടുത്തി മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറക്കും. ജനങ്ങളുമായി സംവദിക്കാനാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നത്.

(ചിത്രങ്ങള്‍ക്ക് കടപ്പാട്:ഫേസ്ബുക്ക്,ഗൂഗിള്‍,യു ട്യൂബ്)

TAGS :

Next Story