Quantcast

കൂടെപ്പോരും കൂടെ

മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ സിനിമകളുടെ സംവിധായിക എന്ന നിലയില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ അഞ്ജലി മേനോന്‍, കൂടെയിലൂടെ താന്‍ നല്ല സിനിമയുടെ കൂടെയാണെന്ന് വീണ്ടും സാക്ഷ്യപ്പെടുത്തുകയാണ്.

MediaOne Logo
കൂടെപ്പോരും കൂടെ
X

അതിവൈകാരികതയാലും ക്ലീഷെകളാലും വഴിതെറ്റാന്‍ സാധ്യതയുണ്ടായിരുന്ന പ്രമേയത്തെ സംവിധാന മികവിനാല്‍ മികവുറ്റതാക്കി വീണ്ടും അഞ്ജലി മേനോന്‍ മാജിക്. പൃഥ്വിരാജ്, നസ്രിയ, പാര്‍വതി മുതല്‍ ബ്രൌണിയെന്ന പട്ടിയുടെ വരെ അഭിനയ സാധ്യത പ്രമേയത്തിന് അനുയോജ്യമായ വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ അഞ്ജലിക്ക് കഴിഞ്ഞിട്ടുണ്ട്. ഇടവേള കരിയറിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് തകര്‍പ്പന്‍ തിരിച്ചുവരവാണ് നസ്രിയ നടത്തിയത്. പൃഥ്വിയെ പതിവ് മാനറിസങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ താനുദ്ദേശിച്ച ജോഷ്വയാക്കി മാറ്റാന്‍ അഞ്ജലിക്ക് കഴിഞ്ഞു. പാര്‍വതി പതിവുപോലെ കഥാപാത്രത്തിന്‍റെ ആഴം ഉള്‍ക്കൊണ്ട് കഥാപാത്രമായി ജീവിച്ചു.

മഞ്ചാടിക്കുരു മുതലിങ്ങോട്ട് ബന്ധങ്ങളുടെ ഇഴയടുപ്പവും തീവ്രതയുമാണ് അഞ്ജലി മേനോന്‍ ചിത്രങ്ങളുടെ പ്രമേയം. ബാംഗ്ലൂര്‍ ഡെയ്സ് പുറത്തുവന്ന് നാല് വര്‍ഷത്തിന് ശേഷമാണ് അഞ്ജലി കൂടെയുമായി എത്തുന്നത്. ബന്ധങ്ങളിലെ വൈകാരികതയ്ക്ക് ഉപരി സങ്കീര്‍ണതകളിലാണ് കൂടെയുടെ ഫോക്കസ്. ആ സങ്കീര്‍ണതയെ ഇഴപിരിച്ചെടുക്കുകയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായിക. സഹോദരങ്ങള്‍ക്കിടയിലെ അടുപ്പം, മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമിടയിലെ അകലം, കാമുകീ കാമുകന്മാര്‍ക്കിടയിലെ സ്നേഹം, അധ്യാപക വിദ്യാര്‍ഥി ബന്ധം എന്നിങ്ങനെ പല അടരുകളുള്ള ബന്ധങ്ങള്‍ കൂടെയിലുണ്ട്. നെടുങ്കന്‍ ഡയലോഗുകളില്ലാതെ കഥാസന്ദര്‍ഭങ്ങളിലൂടെ, കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകളിലൂടെ സംവദിക്കാന്‍ ശ്രമിച്ചു എന്നതിനാലാണ് കൂടെ കൂടുതല്‍ ഹൃദയസ്പര്‍ശിയായത്.

സാമ്പത്തിക പ്രാരാബ്ധങ്ങള്‍ കാരണം 15ആം വയസ്സില്‍ വീട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പറിച്ചുനടപ്പെട്ട പൃഥ്വി രാജിന്‍റെ ജോഷ്വ നാട്ടിലേക്ക് തിരിച്ചുവരുന്നിടത്താണ് കൂടെ തുടങ്ങുന്നത്. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമുള്ള പറിച്ചുനടലിന് ശേഷം ഉള്ളില്‍ നിറഞ്ഞ നിര്‍മമതയും ശൂന്യതയും പേറിയാണ് അയാളുടെ തിരിച്ചുവരവ്. ഒപ്പം അടുത്ത ബന്ധു കുഞ്ഞു ജോഷ്വയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന പരോക്ഷ സൂചന നല്‍കുന്നതിലൂടെ ആ കഥാപാത്രം അനുഭവിക്കുന്ന അരക്ഷിതത്വത്തിന്റെ ആഴം എത്രയെന്ന് വ്യക്തമാകുന്നു. ജോഷ്വയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഓഫീസില്‍ നിന്നല്ലാതെ മറ്റൊരു ഫോണ്‍ കോളും വരാനില്ലാത്ത വിധം ഒറ്റപ്പെട്ട ജീവിതമായിരുന്നു അയാളുടേത്. അയാളുടെ സ്വയം നവീകരണത്തിന്‍റെ, സ്നേഹത്തണലിലേക്കുള്ള തിരിച്ചുപോക്കിന്‍റെ കഥയാണ് കൂടെ. അത്തരമൊരു തിരിച്ചറിവിലേക്ക് അയാള്‍ക്ക് വഴിതെളിക്കുന്നത് 15 വയസ്സിന് ഇളയ കുഞ്ഞനിയത്തിയായ ജെനിയാണ് (നസ്രിയ).

പ്രസരിപ്പും കുട്ടിത്തവും കുറുമ്പുമൊക്കെയുള്ള ജെനിയെന്ന കഥാപാത്രം നസ്രിയയുടെ കയ്യില്‍ ഭദ്രമാണ്. യൂത്തിന്റെ പള്‍സ് അറിഞ്ഞ്, യൂത്തിന് താദാത്മ്യപ്പെടാന്‍ കഴിയുന്ന വിധത്തിലാണ് ജെനിയുടെ പാത്രസൃഷ്ടി. പച്ച നിറത്തിലുള്ള വാനിലിരുന്നാണ് അവള്‍ തന്റെ ചേട്ടനെ സ്നേഹത്തിന്‍റെ ഊഷ്മളതയിലേക്ക് കൈ പിടിക്കുന്നത്. അവിടെയിരുന്നാണ് ബന്ധങ്ങളെ കടമകള്‍ നിറവേറ്റി സങ്കീര്‍ണമാക്കാതെ സ്നേഹത്താല്‍ ലളിതമാക്കാന്‍ അവള്‍ ചേട്ടനോട് പറയുന്നത്. ജെനിയെ കൊണ്ട് താത്വിക ഡയലോഗുകള്‍ പറയിച്ച് ബോറടിപ്പിക്കുന്നില്ല അഞ്ജലി മേനോന്‍. പകരം പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണ് ഇഷ്ടമെന്നാ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിട്ടുള്ളെ പോലുള്ള യൂത്തിന് ഇഷ്ടമാകുന്ന തരത്തിലുള്ള സംഭാഷണങ്ങളാണ് ജെനിക്കായി എഴുതിയത്.

ഫാന്റസിയെന്ന് വിളിക്കാവുന്ന, ജെനിക്കും ജോഷ്വക്കുമിടയിലെ ഉള്ളില്‍തൊടുന്ന ബന്ധത്തിലാണ് കൂടെയുടെ ഫോക്കസ്. ജെനിയെ ചറപറാന്ന് വര്‍ത്തമാനം പറയാന്‍ വിട്ട്, ജോഷ്വയുടെ വൈകാരിക സംഘര്‍ഷങ്ങള്‍ പറഞ്ഞ് ഫലിപ്പിക്കാതെ അനുഭവിപ്പിച്ചാണ് സിനിമ മുന്നേറുന്നത്. സിനിമയുടെ ക്രാഫ്റ്റ് അറിയുന്ന സംവിധായിക പൃഥ്വിയെന്ന നടന്‍റെ കഴിവുകള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയാണിവിടെ. കൂടെ ബ്രൌണിയെന്ന പട്ടിയും ഇന്‍ ടു ദ വൈല്‍ഡിലെ വാനിനെ ഓര്‍മിപ്പിക്കുന്ന പച്ച വാനും. വാനിലെ യാത്രയിലും കഥാസന്ദര്‍ഭത്തിന് അനുയോജ്യമായ പ്രകൃതിഭംഗി മാത്രമേ ക്യാമറ ഒപ്പിയെടുക്കുന്നുള്ളൂ എന്നത് ലിറ്റില്‍ സ്വയമ്പ് എന്ന ഛായാഗ്രാഹകന്‍റെ കയ്യടക്കം വ്യക്തമാക്കുന്നു. ജോഷ്വയുടെ ആന്തരിക സംഘര്‍ഷങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത് എന്നിരിക്കെ സന്ദര്‍ഭത്തിന് ചേരാത്ത പ്രകൃതിഭംഗിയിലേക്ക് ക്യാമറ തിരിക്കുന്നില്ല.

ജോഷ്വക്കും സോഫിയയ്ക്കുമിടയിലെ (പാര്‍വതി) പ്രണയവും ജോഷ്വക്ക് ഫുട്ബോള്‍ കോച്ചിനോടുള്ള (അതുല്‍ കുല്‍ക്കര്‍ണി) ബഹുമാനം കലര്‍ന്ന സ്നേഹവും മാതാപിതാക്കളോടുള്ള (രഞ്ജിത്ത്, മാല പാര്‍വതി) അകല്‍ച്ചയുമെല്ലാം കേന്ദ്ര പ്രമേയത്തെ ചുറ്റിയാണ് അവതരിപ്പിച്ചത്. മുഖ്യ കഥാപാത്രം അല്ലാതിരുന്നിട്ടും സ്വാഭാവിക അഭിനയത്തിലൂടെ പാര്‍വതിയുടെ സോഫി ഉള്ളില്‍ തൊടുന്നു. പൌളി വിത്സണ്‍, നിലമ്പൂര്‍ ആയിഷ, റോഷന്‍ മാത്യു, വിനോദ് കോവൂര്‍ എന്നിങ്ങനെ ഓരോ കഥാപാത്രത്തെയും ഹൃദയസ്പര്‍ശിയായ വിധത്തില്‍ അവതരിപ്പിക്കാന്‍ അഞ്ജലി ശ്രമിച്ചിട്ടുണ്ട്. ജോഷ്വ, സോഫി തുടങ്ങിയവരുടെ കുട്ടിക്കാലം അവതരിപ്പിച്ചവരുടെ തെരഞ്ഞെടുപ്പും കിറുകൃത്യമായിരുന്നു.

അതേസമയം തന്നെ ഉപകഥകള്‍ അവതരിപ്പിച്ചപ്പോള്‍ അല്‍പം കൂടി എഡിറ്റിങ് ആവാമായിരുന്നു. പക്ക കൊമേഴ്സ്യല്‍ സിനിമ ആസ്വദിക്കാന്‍ വരുന്നവര്‍ക്ക് പരത്തിപ്പറച്ചില്‍ ഇഴച്ചിലായി അനുഭവപ്പെട്ടേക്കാം. ജോഷ്വ കുട്ടിക്കാലത്ത് ഇടപെട്ട കഥാപാത്രങ്ങളെ പരമാവധി വിശദമായി തന്നെ അവതരിപ്പിച്ചപ്പോഴും അയാളെ ചൂഷണം ചെയ്ത അമ്മാവനെന്ത് സംഭവിച്ചുവെന്ന് പിന്നീട് കാണിക്കാതിരുന്നത് പോരായ്മയാണ്. കൊമേഴ്സ്യല്‍ സിനിമകളുടെ പതിവ് ശൈലിയിലുള്ള ഫീല്‍ ഗുഡ് അന്ത്യവും പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ കഴിയും വിധമാണ്.

കഥാവികസനത്തിന്‍റെ ഓരോ ഘട്ടത്തിലും പ്രേക്ഷകരുടെ വൈകാരികാവസ്ഥകളെ താന്‍ ഉദ്ദേശിച്ച വിധത്തില്‍ വഴിതിരിച്ചുവിടുന്നുണ്ട് അഞ്ജലി മേനോന്‍. അതിവൈകാരികതയിലേക്ക് കൂപ്പുകുത്തുമായിരുന്ന ആദ്യ സീനുകളിലൊന്നില്‍ 'ഡാഡി മമ്മി വീട്ടിലില്ല' എന്ന കുട്ടിയുടെ പാട്ടിലൂടെയാണ് തിയേറ്ററില്‍ ചിരി പടര്‍ത്തുന്നത്. ഉസ്താദ് ഹോട്ടലിന്‍റെ തിരക്കഥാകൃത്തെന്ന നിലയില്‍, മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ സിനിമകളുടെ സംവിധായിക എന്ന നിലയില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ അഞ്ജലി മേനോന്‍, കൂടെയിലൂടെ താന്‍ നല്ല സിനിമയുടെ കൂടെയാണെന്ന് വീണ്ടും സാക്ഷ്യപ്പെടുത്തുകയാണ്.

TAGS :

Next Story