Quantcast

തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമെന്ന് റിമ കല്ലിങ്കല്‍; വിയോജിപ്പുമായി സിനിമാ താരങ്ങള്‍ 

MediaOne Logo

Web Desk

  • Published:

    14 May 2019 12:35 PM GMT

തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമെന്ന് റിമ കല്ലിങ്കല്‍; വിയോജിപ്പുമായി സിനിമാ താരങ്ങള്‍ 
X

തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന് നടി റിമ കല്ലിങ്കല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തൃശ്ശൂര്‍ പൂരത്തിലെ സ്ത്രീഅവഗണന ചൂണ്ടികാണിച്ച് സംസാരിച്ചത്.

‘തൃശ്ശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. ഭയങ്കര കഷ്ടമാണത്. വിദേശത്തൊക്കെ വലിയ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണോ, പെണ്ണുങ്ങളും വരുന്നില്ലേ? അതുപോലെ നമുക്കിവിടെ തുടങ്ങാം. ഒരു പ്രശ്‌നമുണ്ട്. തിരക്കു കാരണമാണ് സ്ത്രീകളില്‍ പലരും പോകേണ്ടെന്നു തീരുമാനിക്കുന്നത്. എങ്കിലും അമ്പലങ്ങളിലാണെങ്കിലും മറ്റ് പൊതു സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചു ചേരുമ്പോഴല്ലേ രസം? അപ്പോഴല്ലേ ഒരുമയുള്ളൂ? ആണുങ്ങള്‍ മാത്രം പോയിട്ടെന്തു കാര്യം? ആഘോഷത്തില്‍ എല്ലാവരും ഒന്നിക്കുക എന്നത് നടക്കുന്നില്ലിവിടെ. കാരണം ആണുങ്ങള്‍ മാത്രമാണ് വരുന്നത്.’; റിമ പറഞ്ഞു.

അതെ സമയം റിമയുടെ പ്രതികരണത്തോട് വിയോജിപ്പുമായി സിനിമയില്‍ നിന്ന് തന്നെ താരങ്ങള്‍ രംഗത്ത് വന്നു. നടന്‍ ഹരീഷ് പേരടിയും നടി മായ മേനോനുമാണ് റിമക്കെതിരെ കടുത്ത വിയോജിപ്പുമായി ഫേസ്ബുക്കിലൂടെ രംഗത്ത് വന്നത്. തൃശൂര്‍ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റിമ പറഞ്ഞതിനോട് താന്‍ പൂര്‍ണമായും യോജിക്കുന്നില്ലെന്നും എന്നാല്‍ ഇതുപോലൊരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും റിമയ്ക്കുണ്ടെന്നും ഹരീഷ് വ്യക്തമാക്കി. റിമയുടെ പരാമര്‍ശത്തെ തുടർന്ന് നടിക്കെതിരെ അസഭ്യം പറയുന്നവരെയും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി വിമര്‍ശിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്

തൃശൂർ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റിമ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നില്ല... പക്ഷെ അങ്ങനെ ഒരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ കുട്ടിക്കുണ്ട് ... ആ അഭിപ്രായത്തോടുള്ള വിമർശനങ്ങൾ മാന്യമായ ഭാഷയിൽ രേഖപ്പെടുത്താം... വേണമെങ്കിൽ കളിയാക്കാം (ട്രോളാം) ... പക്ഷെ ഇങ്ങിനെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാരാണ് തന്നത് ...

സ്പീഡ് കൂടിയാൽ, സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ, പൊതുസ്ഥലത്ത് പുകവലിച്ചാൽ എല്ലാം നിയമം മുന്നിൽ വന്ന് നിൽക്കുന്ന ഒരു നാട്ടിൽ, സോഷ്യൽ മീഡിയയിലെ ഒരു പെൺകുട്ടിക്ക് നേരെയുള്ള തെറി വിളി അവസാനിപ്പിച്ചേപറ്റു...ഒരു ഇടതു പക്ഷ സർക്കാറിന് അതിൽ ക്യത്യമായ ഉത്തരവാദിത്വമുണ്ട്... ഞാൻ പലപ്പോഴും കളിയാക്കിയിട്ടുണ്ടെങ്കിലും അവളെന്റെ അനിയത്തിക്കുട്ടി തന്നെയാണ്...

സഹപ്രവര്‍ത്തകയാണെങ്കിലും ഇത് പോലെയുള്ള പൊട്ടത്തരം പറഞ്ഞാല്‍ കേട്ടുകൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നടി മായ മേനോന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പൂരത്തില്‍ പങ്കെടുപ്പിക്കാതെ സ്ത്രീകളെ ആരും തടഞ്ഞിട്ടില്ലെന്നും ഒരിക്കലും പൂരത്തിന് പോയിട്ടില്ലെന്നാണ് റിമയുടെ പ്രസ്താവനയില്‍നിന്ന് മനസ്സിലാകുന്നതെന്നും മായ കുറിപ്പില്‍ ആരോപിച്ചു.

മായാ മേനോന്റെ കുറിപ്പ്

സഹപ്രവർത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാൽ കേട്ടു കൊണ്ട് നിൽക്കുവാൻ ബുദ്ധിമുട്ടുണ്ട്.... നിങ്ങൾ ശരിയായ ഒരു തൃശൂർകാരിയാണെങ്കിൽ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നു.... കാരണം, അവിടെ എത്ര പുരുഷന്മാർ വരുന്നുണ്ടോ അത്രയും സ്ത്രീകളും വരാറുണ്ടെന്നതും, അവിടെ പോകാത്ത സ്ത്രീകൾ തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മാത്രം പോകാത്തത് മാത്രമായിരിക്കും... അല്ലാതെ അവിടെ ഒരു സ്ത്രീയെയും ആരും തടഞ്ഞിട്ടില്ല മാത്രവുമല്ല, നിങ്ങൾ ഒരിക്കലും അവിടെ പോയിട്ടില്ല എന്നും ഇത് കൊണ്ട് മനസ്സിലാക്കുന്നു...!! -മായ മേനോൻ.

TAGS :

Next Story