Quantcast

‘ഞാൻ മേനോനല്ല, കൂലിപ്പണിക്കാരനാ, ഉയർന്ന ജാതിക്കാരനല്ല... ചങ്കു പറിഞ്ഞിരിക്കുകയാ ടീമേ’; നടന്‍ ബിനീഷ് ബാസ്റ്റിനെ വേദിയില്‍ വിലക്കി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍- വീഡിയോ

MediaOne Logo

Web Desk

  • Published:

    31 Oct 2019 5:53 PM GMT

‘ഞാൻ മേനോനല്ല,  കൂലിപ്പണിക്കാരനാ, ഉയർന്ന  ജാതിക്കാരനല്ല... ചങ്കു പറിഞ്ഞിരിക്കുകയാ ടീമേ’; നടന്‍ ബിനീഷ് ബാസ്റ്റിനെ വേദിയില്‍ വിലക്കി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍- വീഡിയോ
X

നടന്‍ ബിനീഷ് ബാസ്റ്റിനെ വേദിയില്‍ വിലക്കി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കാന്‍ എത്തിയ നടനെയാണ് പരിപാടിയിലെ തന്നെ മറ്റൊരു മുഖ്യാതിഥിയായ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വേദിയില്‍ കയറരുതെന്ന് ആവശ്യപ്പെട്ടത്. ‘ഇയാൾ വേദിയിലുണ്ടെങ്കിൽ ഞാൻ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരുമൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ എനിക്ക് പറ്റില്ല’ എന്നിങ്ങനെ സംവിധായകൻ അനിൽ രാധാകൃഷ്ണമേനോന്‍ പറഞ്ഞതായി നടന്‍ ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു. ഇക്കാര്യം നടന്‍ ബിനീഷ് ബാസ്റ്റിന് മുന്നില്‍ വെച്ച സംഘാടക സമിതി പരിപാടിയില്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ പ്രസംഗത്തിന് ശേഷം പങ്കെടുത്താല്‍ മതി എന്ന ആവശ്യം പറഞ്ഞു. ഇതിന് വിസ്സമ്മതിച്ച താരം പിന്നീട് വേദിയില്‍ വരികയും സ്റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ശേഷം ബിനീഷ് നടത്തിയ പ്രസംഗത്തിന് വലിയ കരഘോഷമാണ് വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചത്.

ബിനീഷിന്റെ വാക്കുകളിലേക്ക്....

എന്നെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളാണ് ഇവിടെയുള്ളതെന്ന് എനിക്കറിയാം. എന്റെ ജീവിതത്തിലെ ഏറ്റവും ഇന്‍സല്‍ട്ടഡായ ദിവസമാണ് ഇന്ന്. എനിക്ക് 35 വയസ്സായി, എന്നെ ഗസ്റ്റായി വിളിച്ചിട്ട് വന്നതാണ്. ചെയര്‍മാന്‍ എന്നെ വിളിച്ചിട്ട് വന്നതാണ്. എന്റെ സ്വന്തം വണ്ടീല് വന്നതാണ്. ശരിക്കും ഒരു മണിക്കൂര്‍ മുന്നേ നിങ്ങളുടെ ചെയര്‍മാന്‍ എന്റെ റൂമില്‍ വന്ന് പറഞ്ഞ്. വേറെ ഗസ്റ്റായിട്ടുള്ളത് അനില്‍ ഏട്ടനാണുള്ളതെന്ന്. അനിലേട്ടന് സാധാരണക്കാരനായ എന്നെ ഗസ്റ്റായി വിളിച്ചത് ഇഷ്ടായിട്ടില്ല, അവനോട് ഇങ്ങോട്ട് വരരുത്, അവനുണ്ടെങ്കില്‍ സ്റ്റേജിലേക്ക് കയറില്ല, അവന്‍ എന്റെ പടത്തില്‍ ചാന്‍സ് ചോദിച്ച ആളാണെന്ന്. ഞാൻ മേനോനല്ല, ദേശീയ അവാര്‍ഡ് വാങ്ങിയിട്ടില്ല, എന്റെ ലൈഫിലെ ഏറ്റവും സങ്കടള്ള ദിവസമാണ്. ഇങ്ങനൊന്നും ഒരു വ്യക്തിയോടും കാണിക്കാന്‍ പാടില്ല. ഒരു കൂലിപ്പണിക്കാരനാ. ടൈല്‍സ് പണിക്കാരനാണ്, പത്തമ്പത് പടങ്ങള്‍ ചെയ്തിട്ട്, വിജയ് സാറുടെ തെറിയിലൂടെ ഇത്തിരി സ്ഥാനകയറ്റം കിട്ടിയ ആളാണ്. ആദ്യായിട്ടല്ല കോളജ് ഡേക്ക് പോകുന്നത്. 220 ഓളം കോളജുകളില്‍ ഗസ്റ്റായി പോയിട്ടുണ്ട്. ഇന്ന് എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിവസമാണ്.

ഞാന്‍ വിദ്യാഭ്യാസമില്ലാത്തവനായത് കൊണ്ട് എഴുതി കൊണ്ടുവന്നിട്ടുണ്ട്, അത് വായിക്കാം

മതമല്ല മതമല്ല പ്രശ്നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം
ഏത് മതക്കാരനാണെന്നല്ല പ്രശ്നം എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്. ഞാനും മനുഷ്യനാണ്.

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ പരിപാടിക്ക് എസ്എഫ്ഐ യൂണിയനാണ് തന്നെ അതിഥിയായി ക്ഷണിച്ചതെന്ന് ബിനീഷ് പറയുന്നു. പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ ബിനീഷിനെ തടയുന്നതും പൊലീസിനെ പിടിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോയും ഇതേ സമയം പുറത്തുവന്നിട്ടുണ്ട്. മൈക്ക് നല്‍കാന്‍ തയ്യാറാകാത്ത സംഘാടകര്‍ക്ക് മുന്നില്‍ വികാരാധീനനായാണ് താരം സംസാരിച്ചത്. അതെ സമയം സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലും അദ്ദേഹത്തിന്റെ തന്നെ ഔദ്യോഗിക പേജിലും ഉയരുന്നത്. സംവിധായകന്റെ വിവേചനം അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിഭാഗം പേരുടെയും വിമര്‍ശനം. സംവിധായകന്റെ അടുത്ത ചിത്രം ബഹിഷ്ക്കരിക്കാനും പ്രേക്ഷകരുടെ ആഹ്വാനമുണ്ട്. ഖമറുന്നീസ-14/24/130 എന്നതാണ് അനില്‍ രാധാകൃഷ്ണ മേനോന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

TAGS :

Next Story