Quantcast

'ട്വിറ്റര്‍ വാണ് വിജയ്'; 2020ല്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്ത ട്വീറ്റ് വിജയ്‍യുടേത്!

തമിഴ്നാട് നെയ്‍വേലിയില്‍ മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നും നിറയെ ആരാധകര്‍ക്കൊപ്പം ചിരിച്ചുകൊണ്ടുള്ള സെല്‍ഫിയാണ് വിജയ്‍യുടേതായി പുറത്തുവന്നത്.

MediaOne Logo

  • Published:

    8 Dec 2020 7:28 AM GMT

ട്വിറ്റര്‍ വാണ് വിജയ്; 2020ല്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്ത ട്വീറ്റ് വിജയ്‍യുടേത്!
X

ആരാധകര്‍ക്ക് നന്ദി അറിയിച്ച് തമിഴ് താരം വിജയ്‍ പങ്കുവെച്ച ‘കൂള്‍’ സെല്‍ഫി 2020ല്‍ ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്ത ചിത്രമായി തെരഞ്ഞെടുത്തു. ട്വിറ്ററിന്‍റെ വര്‍ഷാവസാന റീകാപ്പ് 2020യിലാണ് ട്വിറ്റര്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ലഭിച്ച ചിത്രം പ്രഖ്യാപിച്ചത്. തമിഴ്നാട് നെയ്‍വേലിയില്‍ മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നും നിറയെ ആരാധകര്‍ക്കൊപ്പം ചിരിച്ചുകൊണ്ടുള്ള സെല്‍ഫിയാണ് വിജയ്‍യുടേതായി പുറത്തുവന്നത്. ഈ ചിത്രമാണ് ട്വിറ്ററിലെ ഏറ്റവും ജനകീയ ചിത്രമായി തെരെഞ്ഞെടുത്തത്. വിജയ്‍യുടെ വീട്ടിലെ ഇന്‍കം ടാക്സ് റെയ്ഡിന് തൊട്ടുപിന്നാലെയാണ് താരത്തിന്‍റെതായി ആദ്യമായി ഒരു ഫോട്ടോ പുറത്തുവന്നത്. ഒരു ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം റീ ട്വീറ്റുകളാണ് ചിത്രം നേടിയത്. ഫെബ്രുവരി 10നാണ് വിജയ് ചിത്രം പങ്കുവെച്ചത്.

നെയ്‍വേലിയിലെ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാനിരുന്നത് വിജയ് ആരാധകര്‍ കൂട്ടത്തോടെ ചെറുത്തു തോല്‍പ്പിച്ചിരുന്നു. അതിന് ശേഷം താരത്തിന്‍റേതായി ഒരു വീഡിയോയും പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് വിജയ് വാനിന് മുകളില്‍ കയറി നിന്ന് ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തത്. ഈ ഒരു സെല്‍ഫിയാണ് വിജയ് പിന്നീട് ട്വിറ്ററില്‍ പങ്കുവെച്ചത്.

ആദായനികുതി വകുപ്പിന്‍റെ 30 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് വിജയ് മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ മടങ്ങിയെത്തിയത്. വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് പിന്നീട് വാര്‍ത്താകുറിപ്പും പുറത്തിറക്കി.

വിജയ്‍യുടെ ഈ റീ ട്വീറ്റ് നേട്ടം വലിയ ആഘോഷമാക്കിയിരിക്കുകയാണ് താരത്തിന്‍റെ ആരാധകര്‍. ട്വിറ്ററില്‍ വലിയ ക്യാംപെയിന് തന്നെ ആരാധകര്‍ തുടക്കമിട്ടു കഴിഞ്ഞു.

അതെ സമയം, ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച ചിത്രമായി വിരാട് കോഹ്‍ലി പങ്കുവെച്ച അനുഷ്ക ശര്‍മ്മയുമൊരുമിച്ചുള്ള ചിത്രം തെരഞ്ഞെടുത്തു. നിറവയറോടെയുള്ള അനുഷ്കക്ക് കൂടെ കോഹ്‍ലി നില്‍ക്കുന്ന ഫോട്ടോയാണ് ഇത്. ആറ് ലക്ഷത്തിന് മുകളിലാണ് ചിത്രത്തിന് ലൈക്ക് ലഭിച്ചത്.

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് കോവിഡാണെന്ന് സ്ഥിരീകരിച്ച ട്വീറ്റാണ് ഏറ്റവും കൂടുതല്‍ എടുത്തുദ്ധരിച്ച(Most Quoted) ചിത്രമായി തെരഞ്ഞെടുത്തത്.

പ്രധാനമന്ത്രി മോദി ഔദ്യോഗിക വസതിയില്‍ വെച്ച് വിളക്ക് കത്തിക്കുന്ന ചിത്രം ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്ത രാഷ്ട്രീയ ചിത്രമായും ട്വിറ്റര്‍ ഇന്ത്യ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയോട് നന്ദി അറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ ട്വീറ്റ് ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ലഭിച്ച കായിക ട്വീറ്റായി മാറുകയും ചെയ്തു.

#COVID-19 ആണ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഹാഷ് ടാഗ്. #IPL2020 കായിക വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഹാഷ് ടാഗായി. സുശാന്ത് സിംഗ് രാജ്പുത്, ഹാഥ്റാസ് കേസുകളാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ട്വിറ്റര്‍ വിഷയങ്ങള്‍.

TAGS :

Next Story