Quantcast

നർത്തകി കനക് റെലെ അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിനു പുറത്ത് മോഹിനിയാട്ടം ജനകീയമാക്കിയ കലാകാരി

മുംബൈയിലായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Updated:

    2023-02-22 10:29:36.0

Published:

22 Feb 2023 10:13 AM GMT

dancer Kanak Rele death
X

കനക് റെലെ

മുംബൈ: പ്രശസ്ത നർത്തകി കനക് റെലെ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. 85 വയസ്സായിരുന്നു.

മുംബൈ കേന്ദ്രമാക്കിയുളള നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്‍റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്തകലാ മഹാവിദ്യാലയയുടെ പ്രിൻസിപ്പലുമായിരുന്നു. കേരളത്തിന് പുറത്ത് മോഹിനിയാട്ടം ജനകീയമാക്കിയതിൽ കനക് റെലെ മുഖ്യ പങ്കുവഹിച്ചു.

1937 ജൂൺ 11ന് ഗുജറാത്തിലാണ് കനക് റെലെ ജനിച്ചത്. കനക് റെലെ ബാല്യകാലം കൂടുതലും ചെലവഴിച്ചത് കൊൽക്കത്തയിലെ ശാന്തിനികേതനിലായിരുന്നു. നൃത്തരൂപങ്ങള്‍ പരിചയപ്പെടുന്നതും ഇക്കാലത്താണ്. ഏഴാം വയസ്സു മുതല്‍ കനക് കഥകളി അഭ്യസിച്ചിരുന്നു. എന്നാല്‍ മോഹിനിയാട്ടം പഠിക്കുന്നത് 28ആം വയസ്സിലാണ്. നിയമ പഠനത്തിനു ശേഷം മുംബൈ സർവകലാശാലയിൽ നിന്ന് മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി നേടി. മോഹിനിയാട്ടം കൂടുതലായി പഠിക്കാന്‍ 1967ല്‍ കേരളത്തിലെത്തുകയും ചെയ്തു. ഇന്ത്യയിലും വിദേശത്തും ഒട്ടേറെ വേദികളിൽ നൃത്തം അവതരിപ്പിച്ചു കനക് റെലെ.

സംസ്ഥാന സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ ഗുരു ഗോപിനാഥ് നടനഗ്രാമം പുരസ്കാര ജേതാവാണ്. ശാസ്ത്രീയ നൃത്തരംഗത്തെ സംഭാവനകൾ മുൻനിർത്തി രാജ്യം പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഗുജറാത്ത് സര്‍ക്കാരിന്‍റെ ഗൗരവ് പുരസ്‌കാര്‍, മധ്യപ്രദേശ് സര്‍ക്കാരിന്‍റെ കാളിദാസ സമ്മാനം, സംഗീതനാടക അക്കാദമി അവാര്‍ഡ്, എം.എസ് സുബ്ബലക്ഷ്മി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചു. മോഹിനിയാട്ടം- ദ ലിറിക്കല്‍ ഡാന്‍സ്, ഭാവനിരൂപണ, എ ഹാന്‍ഡ്ബുക്ക് ഓഫ് ഇന്ത്യന്‍ ഡാന്‍സ് ടെര്‍മിനോളജി തുടങ്ങിയ പുസ്തകങ്ങളെഴുതി. കനക് റെലെയുടെ പുസ്തകങ്ങൾ കലാമണ്ഡലം ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിൽ പാഠ്യപദ്ധതിയുടെ ഭാഗമാണ്. യതീന്ദ്ര റെലെ ആണ് ഭര്‍ത്താവ്. രാഹുല്‍ മകന്‍.

Summary- Classical dance legend Kanak Rele passed away on February 22, 2023. The Mohiniyattam exponent, who was awarded the first Guru Gopinath National Puraskaram of the Government of Kerala, died at the age of 85 in Mumbai.

TAGS :

Next Story