Quantcast

നോവ് പടര്‍ത്തി ബേസിലിന്റെ ബച്ചു

കടലോരവും പ്രവാസലോകവും പശ്ചാത്തലമാകുന്ന, മനസില്‍ നോവുണര്‍ത്തുന്ന ചിത്രമാണ് നവാഗതനായ മുഹാസിന്റെ കഠിന കഠോരമീ അണ്ഡകടാഹം. കേന്ദ്രകഥാപാത്രമായ ബച്ചുവായെത്തുന്ന ബേസില്‍, നടനെന്ന നിലയില്‍ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്.

MediaOne Logo
നോവ് പടര്‍ത്തി ബേസിലിന്റെ ബച്ചു
X

പേരിലെ വാക്കുകളുടെ കടുകടുത്ത കാഠിന്യം കൊണ്ട്, പ്രമേയം അല്‍പം തമാശ ചായ്‌വിലുള്ളതായിരിക്കുമെന്ന മുന്‍ധാരണകള്‍ 'കഠിന കഠോരമീ അണ്ഡകടാഹത്തി'നുണ്ടായിരുന്നു. എന്നാല്‍, ഈ വാക്കുകളുടെ അക്ഷരാര്‍ത്ഥത്തിലുള്ള ആവിഷ്‌കരണമാണ് ഈ സിനിമ. ഉള്ളം നീറ്റുന്ന വേദനയാണ് ചിത്രം.

കൊവിഡ് കാലത്തെ സാധാരണക്കാരന്റെ നിസഹായവസ്ഥകളിലൂന്നിയാണ് സംവിധായകന്‍ മുഹാസിന്‍ തന്റെ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. കോഴിക്കോടിന്റെ കടലോരജീവിതങ്ങളുടെയും പ്രവാസലോകത്തിന്റെയും പശ്ചാത്തലത്തിലാണ് കഥ പറച്ചില്‍. കഥാപാത്രങ്ങളെ അറിയാനും മനസിലാക്കാനും അവരോടൊപ്പം യാത്ര ചെയ്യാനും സാധിക്കും വിധം, സ്വാഭാവികതയോടെ സന്ദര്‍ഭങ്ങളെ ഒരുക്കാന്‍ മുഹാസിന് കഴിഞ്ഞിട്ടുണ്ട്. നവാഗതന്റെ ഉള്‍ക്കിടിലം ഒരു സീനില്‍ പോലും കാണാനാകില്ല. വളരെ വേദന നിറഞ്ഞ ജീവിതാനുഭവങ്ങള്‍ക്കിടയില്‍ ആര്‍ഭാടമില്ലാത്ത ചില നുറുങ്ങു തമാശകള്‍ കൂടി സിനിമയിലുണ്ട്.

പുഴു, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശക്തമായ തിരക്കഥയൊരുക്കിയ ഹര്‍ഷദ് ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല. ബച്ചുവെന്ന കേന്ദ്ര കഥാപാത്രമായ ചെറുപ്പക്കാരനെയും, കുടുംബവും അതിനകത്തെ ബന്ധങ്ങളും സൗഹൃദവും നാട്ടുകാരും ബിസിനസുമെല്ലാം ചേര്‍ന്ന അയാളുടെ ലോകത്തെയും, സ്വാഭാവിക ഒഴുക്കോടെ തിരക്കഥയിലെത്തുന്നു. കഠിന കഠോരത്തിന്റെ ആത്മാവായി മാറുന്നത് ഈ എഴുത്താണ്.


കൊവിഡ് കാലത്തെ വിവിധ നിയന്ത്രണങ്ങള്‍ സാധാരണക്കാരന്റെ ജീവിതത്തെ ശ്വാസം മുട്ടിക്കുന്ന കാഴ്ചയിലേക്കാണ് ചിത്രം പലപ്പോഴും കണ്ണ് തിരിക്കുന്നത്. നിയന്ത്രണത്തിന്റെ ആവശ്യകത കാണിക്കുന്നുണ്ടെങ്കിലും, ആരോഗ്യമേഖലയും പൊലീസും നടപ്പാക്കുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളെയും ചിത്രം വിമര്‍ശനാത്മകമായാണ് സമീപിക്കുന്നത്. ഇത് അല്‍പം കടന്നു പോയില്ലേ എന്ന് ഇടക്ക് തോന്നിയിരുന്നു.

എന്നാല്‍ അപ്പോഴും, കൊവിഡ് കാലം സൃഷ്ടിച്ച വ്യഥകളെ ഏറ്റവും അടുത്ത് നിന്ന് കാണിച്ചുതന്ന മലയാള ചിത്രമെന്ന നിലയില്‍ കഠിന കഠോരം പരാജയപ്പെടുന്നില്ല. പല സിനിമകളും വ്യക്തികേന്ദ്രീകൃതമായും ക്വാറന്റൈന്‍ അനുഭവങ്ങളിലൂന്നിയും കൊവിഡിനെ നേരത്തെ തന്നെ മലയാളസിനിമയില്‍ രേഖപ്പെടുത്തിയെങ്കിലും, കഠിന കഠോരം കുറച്ചുകൂടി ആഴത്തിലേക്ക് ഊളിയിടുകയാണ്. സാമ്പത്തികമായും സാമൂഹ്യമായും കൊറോണയുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഇവിടെ വ്യക്തമാണ്, കേരളത്തിലെ ഒട്ടുമിക്ക മനുഷ്യരും അനുഭവിച്ചവയാണ്.

മാത്രമല്ല, ബച്ചുവിന്റെ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്നതുകൊണ്ട് തന്നെ, കൊവിഡ് കാലത്തെ രേഖപ്പെടുത്താനായുള്ള വെപ്രാളവും ഏച്ചുകൂട്ടലുകളും ചിത്രത്തിലില്ല. കൊവിഡിന്റെ പശ്ചാത്തലം ഇല്ലായിരുന്നില്ലെങ്കിലും ബച്ചുവിന്റെ ജീവിതം ഹര്‍ഷദും മുഹാസിനും ഇതേ ആവിഷ്‌കാരഭംഗിയോടെ തന്നെ അവതരിപ്പിക്കുമായിരുന്നു.


ചിത്രത്തില്‍ ബുഷറ എന്ന കഥാപാത്രത്തിലൂടെ സ്ത്രീകള്‍ക്ക് വിവാഹത്തിന് ശേഷം അനുഭവിക്കേണ്ടി വരുന്ന പല തരത്തിലുള്ള വിവേചനങ്ങളെയും നിയന്ത്രണങ്ങളെയും അതിനോടുള്ള അവരുടെ മറുപടിയെയും ചിത്രം കാണിക്കുന്നുണ്ട്. അധികം ചര്‍ച്ചയാകാത്ത ഒരു വിഷയത്തെ കുറിച്ചാണ് ചിത്രം ഇവിടെ സംസാരിക്കുന്നത്. വലിയ വാചകങ്ങളിലൂടെയല്ലാതെ വരുന്ന ഈ സീനുകള്‍ മനസില്‍ തട്ടിനില്‍ക്കും. ആണഹങ്കാരവും അതിന് സമൂഹവും കുടുംബവ്യവസ്ഥകളും നല്‍കുന്ന അംഗീകാരവും കൂടി ഒപ്പം പരാമര്‍ശിക്കപ്പെടുന്നുണ്ട്.

ബച്ചുവും അസിയും, കമറുവും അസ്‌നക്കയും എന്നിങ്ങനെ രണ്ട് സൗഹൃദങ്ങള്‍ ചിത്രത്തിലുണ്ട്. ഏറ്റവും ഊഷ്മളമായ കാഴ്ചകളാണിത്. സുഹൃദ് ബന്ധത്തിലെ മനസിലാക്കലുകളെ ഏറ്റവും സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നു. മരണം മനുഷ്യരെ ഒന്നിപ്പിക്കുന്ന, മറ്റെല്ലാം മറന്ന് പരസ്പരം താങ്ങാകാന്‍ പ്രേരിപ്പിക്കുന്ന ഘടകമായി മാറുന്നതും ചിത്രത്തിലുണ്ട്.

ബച്ചുവായെത്തുന്ന ബേസില്‍ നടനെന്ന നിലയില്‍ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. ബിസിനസുകാരനായി ജീവിച്ച് കാണിച്ച്, താന്‍ ഏറെ സ്‌നേഹിക്കുന്ന, തന്നെ ഏറെ സ്‌നേഹിക്കുന്ന കുടുംബത്തിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാനാണ് ബച്ചു ശ്രമിക്കുന്നത്. ഗള്‍ഫിലേക്ക് ജോലിക്ക് പോകില്ലെന്ന തീരുമാനവും തുടര്‍ പരാജയങ്ങളും ബച്ചുവിനെ കടുത്ത സമ്മര്‍ദത്തിലാക്കുമ്പോള്‍, സ്വന്തം ഇഷ്ടങ്ങള്‍ക്കും തന്റെ സൗകര്യങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്ന സ്വാര്‍ത്ഥനായി മാറുന്നുണ്ട് ഇയാള്‍. ദേഷ്യവും സങ്കടവും അമര്‍ഷവും സ്വാര്‍ത്ഥതയും നഷ്ടബോധവും സ്‌നേഹവുമെല്ലാം നിറഞ്ഞ സാധാരണക്കാരില്‍ സാധാരണക്കാരനായ ബച്ചുവിനെ ബേസില്‍ അതിഗംഭീരമാക്കിയിട്ടുണ്ട്. ഈ പെര്‍ഫോമന്‍സിലൂടെ നടനെന്ന നിലയില്‍ അനന്തമായ സാധ്യതകളാണ് തന്നിലുള്ളതെന്ന് ഉറക്കെ പറയുകയാണ് അദ്ദേഹം.


സ്വാതിദാസ് പ്രഭുവിന്റെ അസി, ഷിബ്‌ല ഫറയുടെ ബുഷറ, ബിനു പപ്പുവിന്റെ അളിയന്‍, ഇന്ദ്രന്‍സിന്റെ അസ്‌നിക്ക, ജാഫര്‍ ഇടുക്കിയുടെ ഇസ്മായിലിക്ക, സുധീഷിന്റെ വിജയേട്ടന്‍ എന്ന് തുടങ്ങി സ്‌ക്രീനില്‍ വരുന്നവരെല്ലാം തങ്ങളുടെ ഭാഗങ്ങള്‍ സുന്ദരമായി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലെ ഏറ്റവും പ്രധാന കഥാപാത്രങ്ങളിലൊന്നായ ഉമ്മ വേഷം ശ്രീജ രവിയില്‍ അലിഞ്ഞു ചേര്‍ന്നിരുന്നില്ല. പ്രണയം മുതല്‍ കടുത്ത നഷ്ടബോധവും നിസഹായവസ്ഥയും ചില മുറുക്കന്‍ ഡയലോഗുകളും വരെ വരുന്ന ഈ ഉമ്മ കഥാപാത്രം, അല്‍പം കൂടി മികച്ച പെര്‍ഫോമന്‍സായിരുന്നെങ്കില്‍, കഠിന കരോരത്തിലെ സ്റ്റാര്‍ പെര്‍ഫോമറാകുമായിരുന്നു.

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ മുഖം ഒരിക്കലും കാണിക്കാതെയിരിക്കാനുള്ള ഹര്‍ഷദിന്റെയും മുഹാസിന്റെയും തീരുമാനം, പ്രേക്ഷകമനസില്‍ ആ മനുഷ്യനെ അനന്തകാലത്തേക്ക് കുറിച്ചിടുമെന്ന് ഉറപ്പാണ്. ആ കഥാപാത്രത്തിന് എന്ത് സംഭവിക്കുമെന്ന് വളരെ പ്രെഡിക്ടബിളായിരുന്നെങ്കില്‍ പോലും ആ മുഖമില്ലാത്ത മനുഷ്യനെ മറക്കാനാകില്ല ആര്‍ക്കും.

ഗോവിന്ദ് വസന്ത ഒരുക്കിയിരിക്കുന്ന പാട്ടുകളും മുഹ് സിന്‍ പരാരിയും ഷര്‍ഫുവും ഉമ്പാച്ചിയും ചേര്‍ന്നെഴുതിയ വരികളും സിനിമയുടെ ആസ്വദനത്തിന് പൂര്‍ണത നല്‍കുന്നുണ്ട്. കണ്ണീരിന് പോലും ഒരു കോഴിക്കോടന്‍ നനവ് പകരാന്‍ ഈ പാട്ടുകള്‍ക്ക് കഴിയുന്നുണ്ട്. അര്‍ജുന്‍ സേതുവിന്റെയും എസ്. മുന്ദോളിന്റെയും ക്യാമറ സിനിമയുടെ സ്വാഭാവിക കഥ പറച്ചിലിലെ അവിഭാജ്യഘടകങ്ങളാണ്. ക്യാമറയുടെ സാന്നിധ്യത്തെ പറ്റി ഒരിക്കല്‍ പോലും ചിന്തിക്കാന്‍ ഇട നല്‍കാത്തവിധമാണ് ഇവരുടെ വര്‍ക്ക്.


ക്യാമറക്ക് പുറകിലും മുമ്പിലും ഒരുപോലെ നിലവാരം കാത്തുസൂക്ഷിക്കാന്‍ കഠിന കഠോരത്തിനാകുന്നുണ്ടെങ്കിലും, മെലോഡ്രാമയിലേക്കുള്ള ചില വഴുക്കലുകള്‍ കൂടി ചിത്രത്തിലുണ്ട്. അത്തരം നിരവധി രംഗങ്ങളെ സംവിധായകനും അഭിനേതാക്കളും ചേര്‍ന്ന് രക്ഷപ്പെടുത്തുന്നുണ്ട്. എന്നാല്‍ ബച്ചുവിന്റെ വേദനകളുടെ വിവിധ തലങ്ങള്‍ കാണിച്ചു തരുന്നതിനിടയില്‍ പലതും ആവര്‍ത്തിക്കപ്പെടുന്നതാണ് ചിത്രത്തില്‍ കല്ലുകടിയാകുന്നത്. പ്രേക്ഷകര്‍ക്ക് ആ സങ്കടത്തിന്റെ ആഴം ബോധ്യപ്പെട്ട ശേഷം വീണ്ടും സ്ലോ മോഷനിലും ചെറിയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയിലും ആവര്‍ത്തനം ആവശ്യമില്ലായിരുന്നു. ചിത്രം പലപ്പോഴും വളരെ പ്രെഡിക്ടബളായ ട്രാക്കില്‍ നീങ്ങുന്നതാണ് മറ്റൊരു വെല്ലുവിളി.

ഇത്തരം ചെറിയ ചില ഏരിയകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, കഠിന കഠോരമീ അണ്ഡകടാഹം മികച്ച സിനിമാനുഭവം സമ്മാനിക്കുന്നുണ്ട്. ഒരിക്കലെങ്കിലും കണ്ണുനിറയാതെ കണ്ടുതീര്‍ക്കാനാകില്ല ഈ ചിത്രം. ആ കണ്ണീരിന്റെ നോവിനൊപ്പം മനുഷ്യത്വമുള്ള ഒപ്പം നില്‍ക്കലുകളുടെ നനുത്ത ഒരു ചിരി കൂടി പ്രേക്ഷകമനസില്‍ അവശേഷിക്കും.

TAGS :

Next Story