Quantcast

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

പാമ്പ് കടിയേറ്റ് ആദ്യത്തെ ഒന്നര മിനുറ്റിനുള്ളില്‍ പ്രാഥമിക ശുശ്രൂഷ നടത്തിയാലേ പ്രതീക്ഷിച്ച ഫലം ലഭിക്കൂ...

MediaOne Logo

Web Desk

  • Published:

    22 Feb 2020 9:12 AM GMT

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?
X

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷക്ക് വളരെ പ്രാധാന്യമുണ്ട്. ഇതേക്കുറിച്ച് പ്രാഥമിക ധാരണയുണ്ടാക്കുന്നത് ജീവിതത്തില്‍ അത്തരം സാഹചര്യം നേരിടേണ്ടി വന്നാല്‍ ഫലപ്രദമായി നേരിടാന്‍ സഹായിക്കും. ശരീരത്തില്‍ വ്യാപിക്കുന്ന വിഷത്തിന്റെ അളവു പരമാവധി കുറയ്ക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം.

കടിയേറ്റാല്‍ ഒന്നരമിനിറ്റിനുള്ളില്‍ പ്രാഥമിക ശുശ്രൂഷ ചെയ്യണം. കടിയേറ്റ സ്ഥലം ശുദ്ധജലത്തില്‍ വൃത്തിയായി കഴുകുകയാണ് വേണ്ടത്. ഇതിനായി സോപ്പും ഉപയോഗിക്കാം. കടിയേറ്റ മുറിവിലൂടെ രക്തം പുറത്തേക്ക് ഞെക്കിക്കളയുക. എന്നുകരുതി മുറിവു കീറാന്‍ പാടില്ല. ബ്ലേഡ് പോലെ മൂര്‍ച്ചയേറിയ വസ്തുക്കളുപയോഗിച്ച് മുറിവ് വലുതാക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കും. രക്തത്തെ ബാധിക്കുന്ന വിഷമുള്ള പാമ്പുകടി എല്‍ക്കുന്നത് രക്തം കട്ട പിടിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തും. ഭീമമായ രക്തനഷ്ടമായിരിക്കും ഫലം.

ये भी पà¥�ें- ഇഞ്ചി ഇവരുടെ ശരീരത്തില്‍ വിഷം പോലെ പ്രവര്‍ത്തിക്കും

'ടൂര്‍ണിക്കെ' എന്നാണ് പാമ്പ് കടിയേറ്റാല്‍ കെട്ടിടുന്ന രീതിക്ക് പറയുന്നത്. കടിയേറ്റതിന്റെ രണ്ടോ മൂന്നോ സെന്റീ മീറ്റര്‍ മുകള്‍ ഭാഗത്തായി കെട്ടുന്നതാണിത്. ഇത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യാറുണ്ട്.

കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. കടുംകെട്ടിട്ടു വയ്ക്കുന്നത് ഗുണത്തേക്കാളുപരി ദോഷമാണ് ചെയ്യുക. കെട്ടിനിടയില്‍കൂടി ഒരു തീപ്പെട്ടിക്കൊള്ളി കടത്താനുള്ള ഇടം വേണം. ഇല്ലെങ്കില്‍ രക്തസ്രാവം നിലയ്ക്കും. ഈ കെട്ട് പത്തു മിനിറ്റിനുള്ളില്‍ അഴിച്ചു കെട്ടുകയും വേണം. കടിയേറ്റ് ഒരു മണിക്കൂറിലേറെ കെട്ട് നിലനിര്‍ത്തുകയുമരുത്. പേശികള്‍ക്കു നാശം സംഭവിക്കുന്നത് ഒഴിവാക്കാനാണിത്.

കടി കൊണ്ടയാള്‍ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. മുറിവേറ്റ ഭാഗത്ത് പൊള്ളിക്കുന്നതും അപകടകരമായ പ്രവണതയാണ്. രോഗിയുടെ മാനസിക ധൈര്യം വളരെ പ്രധാനമാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രതിവിധികളില്‍ പ്രധാനം. കടിയേറ്റ ആള്‍ പരിഭ്രമിക്കുന്നതും ഭയപ്പെടുന്നതും ഒഴിവാക്കുക എന്നതാണു ഏറ്റവും പ്രധാനപ്പെട്ട പ്രഥമശുശ്രൂഷ. കടിച്ചത് ഏതു പാമ്പാണ് എന്നു മനസ്സിലാക്കാന്‍ സാധിച്ചാല്‍ ചികില്‍സയ്ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാം.

കടിയേറ്റാല്‍ ആറു മണിക്കൂറിനുള്ളിലെങ്കിലും പ്രതിവിഷം നല്‍കിയിരിക്കണം. ശരീരത്തിലെ വിഷത്തിന്റെ അളവിനനുസരിച്ചു നല്‍കുന്ന പ്രതിവിഷത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും. 20 മില്ലി ലിറ്റര്‍ പ്രതിവിഷമാണ് ആദ്യഡോസായി കടിയേറ്റ ആള്‍ക്കു കുത്തിവയ്ക്കുന്നത്. വിഷബാധയുടെ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ രണ്ടു മണിക്കൂറിനു ശേഷം വീണ്ടും പ്രതിവിഷം നല്‍കും. ഇതു കൊണ്ടും കുറവുണ്ടാകുന്നില്ലെങ്കില്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകും വരെ ആറു മണിക്കൂര്‍ ഇടവിട്ടു തുടര്‍ച്ചയായി പ്രതിവിഷം നല്‍കുന്നു. ചികിത്സാ രീതികള്‍ സാധാരണഗതിയില്‍ പത്തു ദിവസം വരെ നീളാം. ആദ്യ ദിനങ്ങളില്‍ സാധാരണ തിളപ്പിച്ചാറ്റിയ വെള്ളം, ഗ്ലൂക്കോസ് വെള്ളം, കഞ്ഞിവെള്ളം എന്നിവ കൊടുക്കാം. തുടര്‍ന്ന് സാധാരണ ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങാം.

വിഷബാധയേറ്റയാള്‍ മദ്യപിക്കുകയോ, പുക വലിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യാന്‍ പാടില്ല. മദ്യവും പുകയിലയിലെ നിക്കോട്ടിന്‍ എന്ന വസ്തുവും രക്തക്കുഴലുകളെ വികസിപ്പിച്ചു വിഷം വളരെ പെട്ടെന്ന് രക്തത്തില്‍ കലരാന്‍ കാരണമാകും. ചില ഭക്ഷ്യവസ്തുക്കളിലെ ഘടകങ്ങള്‍(ഉദാഹരണത്തിന് ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീന്‍) ഇതേ പോലെ പ്രവര്‍ത്തിക്കും.

മുറിവില്‍ നിന്നും രക്തം വായ കൊണ്ട് വലിച്ചെടുത്ത് തുപ്പിക്കളയാന്‍ ശ്രമിക്കരുത്. വിഷം വലിച്ചെടുക്കുന്ന വ്യക്തിക്ക് വിഷബാധ ഏല്‍ക്കാം. മുറിവില്‍ ഐസ് ഉപയോഗിക്കാന്‍ പാടില്ല/ തീ കൊണ്ട് പൊള്ളലേല്‍പ്പിക്കാന്‍ പാടില്ല. ഇവയൊന്നും തന്നെ വിഷബാധയെ തടയില്ല. ദോഷഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂ.

കടപ്പാട്: ഡോ. എ.എം. നായക് പാപ്പിനിശ്ശേരി (റിട്ട. മെഡിക്കല്‍ ഓഫിസര്‍), ഡോ. പി. എം. ഗോപിനാഥ് (മെഡിക്കല്‍ ഓഫീസര്‍, വിഷ ചികിത്സാ കേന്ദ്രം പാപ്പിനിശ്ശേരി, കണ്ണൂര്‍)

TAGS :

Next Story