പറന്നെത്തുമോ മലയാളത്തിലേക്ക് സുവര്‍ണ ചകോരം

രണ്ട് മലയാള സിനിമകളാണ് ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിലുള്ളത്.

MediaOne Logo

റോഷിന്‍ രാഘവന്‍

  • Updated:

    2018-12-12 05:03:16.0

Published:

12 Dec 2018 5:03 AM GMT

പറന്നെത്തുമോ മലയാളത്തിലേക്ക് സുവര്‍ണ ചകോരം
X

സുവർണ്ണ ചകോരം... കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച സിനിമക്ക് ലഭിക്കുന്ന പുരസ്കാരം. ലോകത്തിന്റെ പല കോണുകളിൽ നിന്നും തങ്ങളുടെ സിനിമകളുമായി ഐ.എഫ്.എഫ്.കെയിലെത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകർ ഒരിക്കലെങ്കിലും ഈ സ്വർണ്ണ ചെമ്പോത്തിനെ ആഗ്രഹിക്കാതിരുന്നിട്ടുണ്ടാവില്ല. എന്നാൽ ചരിത്രം പരിശോധിക്കുമ്പോൾ വലിയ വൈരുധ്യമാണ് ഐ.എഫ്.എഫ്.കെ കാണിച്ച് തരുന്നത്. മേളയിൽ മത്സരവിഭാഗങ്ങൾ വന്ന് തുടങ്ങിയത് 1999ലാണ്. അന്ന് ഫ്ലവർ ഓഫ് ഷാങ്കായ് നേടിയ സുവർണ്ണ ചകോരം പിന്നീടങ്ങോട്ട് ഒരു പാട് രാജ്യങ്ങളിലേക്ക് പറന്നുയർന്നു. എന്നാൽ ഒരേയൊരു തവണ മാത്രമാണ് മലയാളത്തിന് സുവർണ്ണ ചകോരം ലഭിച്ചിട്ടുള്ളത്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ നേട്ടം കൈവരിച്ചു. എന്നാൽ ഈ വർഷം രണ്ട് മലയാള സിനിമകൾ ഒറ്റാൽ നേടിയ ചരിത്രത്തിലേക്ക് ചേർന്ന് നിൽക്കാൻ കാത്തിരിക്കുകയാണ്.

രണ്ട് മലയാള സിനിമകളാണ് ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിലുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ, സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയ. മത്സരവിഭാഗത്തിലുള്ള മറ്റ് അന്യഭാഷ ചിത്രങ്ങൾക്കെല്ലാം വലിയ വെല്ലുവിളിയാണ് ഈ രണ്ട് സിനിമകളും ഉയർത്തുന്നത്. അത് അവ ചർച്ച ചെയ്യുന്ന രാഷ്ട്രീയവും കൂടി പരിഗണിച്ചാണ്. മത്സര വിഭാഗത്തിൽ മലയാളത്തിന്റെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്ന ഈ രണ്ട് സിനിമകളിലെ സൂക്ഷ്മ രാഷ്ട്രീയ വശങ്ങൾ പരിശോധനക്കെടുക്കേണ്ടതുണ്ട്.

സുഡാനി ഫ്രം നൈജീരിയ

ആദ്യം സുഡാനി ഫ്രം നൈജീരിയയിൽ നിന്ന് തുടങ്ങാം. വളരെ സാർവ്വ ലൗകികമായ ഒരു വിഷയത്തെ നന്മയുടെ മേമ്പൊടിയോടെ ചെറിയൊരു ക്യാൻവാസിൽ വരച്ചിടുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. ലോകത്ത് നടന്ന് വരുന്ന അഭയാർഥി പ്രശ്നങ്ങൾ പോലുള്ള വലിയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിലും അതിന്റെ ഭാരം സാധാരണ പ്രേക്ഷരിൽ ഏൽപ്പിക്കാതെ മലപ്പുറത്തെ ഫുട്ബോൾ ഭ്രമത്തിലൂടെയും സ്നേഹത്തിലൂടെയും പറഞ്ഞ് പോകുന്ന രീതിയാണ് സംവിധായകൻ സക്കരിയ സ്വീകരിച്ചിരിക്കുന്നത്.

നൈജീരിയയിലെ അഭയാർത്ഥി ക്യാമ്പിൽ ജീവിക്കുന്ന സാമുവൽ കുടുംബത്തിന് വേണ്ടിയാണ് ഫുട്ബോൾ കളിക്കാനായി കേരളത്തിലെത്തുന്നത്. മലപ്പുറത്തെ സെവൻസ് ടൂർണ്ണമെന്റുകളിലെ സജീവ സാന്നിധ്യങ്ങളായ ആഫ്രിക്കൻ താരങ്ങൾക്കിടയിൽ നിന്നുള്ള ഒരു കളിക്കാരനിൽ നിന്നും സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയം റോഹിങ്ക്യകളിലേക്കും ആഫ്രിക്കൻ അഭയാർത്ഥികളിലേക്കുമെല്ലാം ചെന്നെത്തുന്നു. വിഷയത്തിന്റെ തീക്ഷ്ണത മറ്റ് പല സാമൂഹിക പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടാനുള്ള സുതാര്യത സംവിധായകന് നൽകുകയും ചെയ്യുന്നു.

അതിൽ പ്രധാനപ്പെട്ടത് സിനിമ നടത്തിയ പൊളിച്ചെഴുത്തുകളാണ്. വിത്ത് വിതച്ചാൽ വർഗീയത മാത്രം വിളയുന്ന ജില്ലയാണ് മലപ്പുറം എന്ന മുഖ്യധാര പുറംമോടി സങ്കൽപ്പങ്ങളെ സുഡാനി ഫ്രം നൈജീരിയ തച്ചുടക്കുന്നു. മറ്റേത് നാട്ടിലേതും പോലെ മനുഷ്യന്റെ വൈകാരികതക്ക് വലിയ മൂല്യം കൽപ്പിക്കുന്ന പ്രദേശമാണ് മലപ്പുറം എന്ന് സിനിമ പറയാതെ പറയുന്നു. ഇത് സാധ്യമാകുന്നത് സെവൻസ് കളിക്കാനായി സ്വന്തം നാട്ടിലെത്തിയ ഒരു ആഫ്രിക്കക്കാരനെ പരിചരിക്കുന്ന മജീദിലൂടെയും പുറം നാട്ടുകരാന് വേണ്ടി പ്രാർത്ഥിക്കുന്ന ഉമ്മമാരിലൂടെയും നാട്ടുകാരിലൂടെയുമെല്ലാമാണ്. അതിൽ സംവിധായകൻ വിജയിക്കുക തന്നെ ചെയ്തു.

ഇനി ഉമ്മമാരുടെ പ്രാർത്ഥനയിലേക്ക്. മലയാള സിനിമ പണ്ട് മുതലേ ശീലിച്ച് വരുന്ന പ്രാർത്ഥന നിലപാടുകളും സവർണ്ണ മേധാവിത്വവും ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നു. മുസ്‍ലിം വിഭാഗത്തിൽ പെട്ട ഇക്കാമാർക്ക് മലയാള സിനിമ നൽകിയ സ്ഥിരം വേഷ വിധാനങ്ങളിൽ നിന്നും മാറി ചിന്തിക്കാനും സിനിമ മറന്നില്ല. ചുരുക്കത്തിൽ സാർവ്വലൗകികമായ ഒരു ചിന്താഗതിയിലേക്കാണ് സുഡാനി രാഷ്ട്രീയം പറഞ്ഞ് കൊണ്ട് വിരൽ ചൂണ്ടുന്നത്. ലോകത്ത് എവിടെ ജീവിക്കുന്ന മനുഷ്യനായാലും മാനുഷിക മൂല്യങ്ങൾ ഒന്നായിരിക്കുമെന്ന പ്രപഞ്ച സത്യമാണത്. പ്രശസ്ത എഴുത്തുകാരൻ എൻ.എസ് മാധവൻ പറഞ്ഞത് പോലെ ഈ സിനിമയെ രണ്ട് രീതിയിൽ സംബോധന ചെയ്യാം.. സുഡാനി ഫ്രം നൈജീരിയ അഥവ മനുഷ്യൻ ഫ്രം ഭൂമി.

ഈ.മ.യൗ

ഈ.മ.യൗ വ്യത്യസ്തമാവുന്നത് അതിന്റെ പ്രമേയത്തിലൂടെയും ആഖ്യാന രീതിയിലൂടെയുമാണ്. ക്രിസ്ത്യൻ വിഭാഗക്കാരുടെ മരണ അറിയിപ്പ് പത്രികയിൽ മുകളിൽ എഴുതുന്ന വാചകമാണ് ഈ.മ.യൗ (ഈശോ മറിയം യൗസേപ്പേ). മരണശേഷം ചെവിയിൽ ഓതിക്കൊടുക്കുന്ന വാചകവും ഇത് തന്നെ. മനുഷ്യാ, നീ മണ്ണാകുന്നു... മണ്ണിലേക്ക് മടങ്ങുകയും ചെയ്യും എന്നർത്ഥം. പ്രത്യക്ഷത്തിൽ കടൽകര നിവാസിയായ ഒരു വ്യക്തിയുടെ മരണത്തെ ചുറ്റിപ്പറ്റി സംഭവിക്കുന്ന കഥയാണെങ്കിലും ചിത്രം പരോക്ഷമായി ചോദിക്കുന്ന പല ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. മരണത്തിന്റെ മറവിൽ ജീവിതത്തോട് ഉന്നയിക്കുന്ന ചോദ്യങ്ങളിലൂടെയുള്ള യാത്രയാണ് ഈ.മ.യൗ.

ജീവിച്ചിരിക്കുമ്പോൽ ആർക്കും വേണ്ടാത്തവരെ മരണശേഷം സന്തോഷപ്പെടുത്താനും നല്ലത് പറയാനും തുനിഞ്ഞിറങ്ങുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. അതുപോലുള്ള കഥാപാത്രങ്ങൾക്ക് ഒരു ഇരുട്ടടി ആദ്യമേ ഈ.മ.യൗ നൽകുന്നു. ചിത്രം ആരംഭിക്കുന്നത് തന്നെ കറിവക്കാനായി വാങ്ങിയ താറാവിനെയും പിടിച്ച ബസിൽ ഇരിക്കുന്ന വാവച്ചൻ മേസ്തിരിയെ കാണിച്ചാണ്. കൊന്ന് തിന്നാൻ കയ്യിൽ പിടിച്ച താറാവിനൊപ്പം വാവച്ചനും മരിക്കുന്നു. ഏത് ജീവനായാലും അതിനുള്ള മൂല്യങ്ങൾ ഒന്നാണെന്ന തിരിച്ചറിവ് ഇതിലൂടെ ലളിതമായ രീതിയിൽ പറയാൻ ലിജോ ജോസ് പെല്ലിശ്ശേരി എന്ന മാന്ത്രിക സംവിധായകന് സാധിച്ചു.

പിന്നീട് ഈ.മ.യൗ ചർച്ച ചെയ്യുന്നത് നിസ്സഹായതയും അതുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളുമാണ്. മുഖ്യധാരക്ക് വേണമെന്ന് തോനുന്നവന് പള്ളി സെമിത്തേരിയും വേണ്ടാത്തവന് തെമ്മാടിക്കുഴിയും എന്ന രാഷ്ട്രീയത്തെയും സിനിമ ചോദ്യം ചെയ്യുന്നു. മറ്റ് മാർഗ്ഗങ്ങളില്ലാതെ അപ്പനെ സ്വന്തം വീട്ടുവളപ്പിൽ അടക്കം ചെയ്യുന്ന ഈശി നിസ്സഹായതയുടെ അങ്ങേ അറ്റം കാണിച്ച് തരുന്നു. തെമ്മാടിക്കുഴിയിൽ അടക്കം ചെയ്യ്ത ആത്മാവിന് കറുത്ത വസ്ത്രം ധരിപ്പിച്ചും പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തയാൾക്ക് വെളുത്ത വേഷവും നൽകിക്കൊണ്ട് സ്വർഗ്ഗം, നരകം എന്നീ വിശ്വാസങ്ങൾക്കു മേൽ വലിയ ചോദ്യങ്ങളുയർത്താനും സിനിമ ശ്രദ്ധിച്ചു. രണ്ട് തോണികളും വരുന്നു. അത് എവിടേക്ക്, ആര്, ആരെക്കൂട്ടി എന്നിങ്ങനെ ചിത്രം ചോദ്യങ്ങൾ ബാക്കി വയ്ക്കുന്ന ചോദ്യങ്ങൾ പലതാണ്.

ഏറ്റവും വലിയ വിഷയം വാവച്ചൻ മേസ്തിരിയുടെ മരണവുമായി ബന്ധപ്പെട്ടാണ്. കൈനകരിയിൽ പണ്ട് നടന്ന ചാരായ ദുരന്തത്തെയും ഈ.മ.യൗ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി മരണത്തെയും പല തലത്തിലും കൂട്ടി വായിക്കാൻ സാധിക്കുന്നു.

മാജിദ് മജീദിയടങ്ങുന്ന ജൂറി എന്ത് തീരുമാനിക്കുമെന്ന് അറിയില്ലെങ്കിലും മലയാളി പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണെന്ന് ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ‍ഡയറക്ടർ ബീനാ പോൾ തന്നെ പറഞ്ഞിരുന്നു. ഇത്തവണ സുവർണ്ണ ചകോരം മലയാളത്തിന് ലഭിക്കുമോ എന്നറിയാൻ സമാപന രാവ് വരെ കാത്തിരിക്കണം.

TAGS :

Next Story