Quantcast
MediaOne Logo

Web Desk

Published: 8 April 2024 3:35 PM GMT

പാർട്ടിയിൽ സ്ഥാനമില്ലെന്ന് തിരിച്ചറിഞ്ഞവരാണ് കോൺ​ഗ്രസ് വിടുന്നത്; രാഷ്ട്രീയ എതിരാളികളെ ഇതുപോലെ വേട്ടയാടിയ ചരിത്രം ഇന്ത്യയിലില്ല: ‍‍ഡി.കെ ശിവകുമാർ

കൊച്ചിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ ശിവകുമാർ മീഡിയവൺ പ്രതിനിധി എം.കെ ഷുക്കൂറിന് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം.

DK Shivakumar interview with MK Shukoor
X

കൊച്ചി: പാർട്ടിയിൽ സ്ഥാനമില്ലെന്ന് തിരിച്ചറിഞ്ഞവരാണ് കോൺ​ഗ്രസ് വിടുന്നതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. അവർ പാർട്ടിക്ക് വേണ്ടി ഒന്നും ചെയ്യാത്തവരാണ്. പ്രവർത്തകരെ അംഗീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അവരെ ജനങ്ങളും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ ശിവകുമാർ മീഡിയവൺ പ്രതിനിധി എം.കെ ഷുക്കൂറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. അഭിമുഖത്തിന്റെ പൂർണരൂപം.

ചോദ്യം : ആലപ്പുഴയിലും എറണാകുളത്തും താങ്കൾ പ്രചാരണം നടത്തി, എന്ത് തോന്നുന്നു?

രാജ്യത്തിന് കേരളത്തെക്കുറിച്ച് അഭിമാനമാണ്. നല്ല ബുദ്ധിയുള്ളവരാണ് മലയാളികൾ . ഏറ്റവും മതേതര നിലപാടുള്ളവർ. അവർ വദ്യാസമ്പന്നരാണ്. കഴിഞ്ഞ തവണ അവർ 19 സീറ്റ് യു.ഡി.എഫിന് നൽകി. ഇത്തവണ 20 സീറ്റും നൽകും. ഞാൻ നല്ല തിരക്കിലാണ്. മീഡിയാവണിന് മാത്രമാണ് ഇന്ന് ഞാൻ അഭിമുഖം കൊടുക്കുന്നത്.

ചോദ്യം : വിയോജിപ്പുള്ളവരെയും പ്രതിപക്ഷത്തുള്ളവരെയും ബി.ജെ.പി സർക്കാർ അടിച്ചമർത്തുന്നു. രാജ്യത്തേയും കർണാടകയിലേയും സ്ഥിതി എന്താണ് ?

തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ബി.ജെ.പിക്ക് ഉറപ്പായിട്ടുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷത്തുള്ള നേതാക്കളെ അവർ തടവിലിടുന്നത്. ബി.ജെ.പി ശക്തരാണെങ്കിൽ എല്ലാവർക്കും മത്സരിക്കാനുള്ള അവസരം ഉണ്ടാകുമായിരുന്നു. ബി.ജെ.പി ഭരണഘടന അട്ടിമറിക്കുകയാണ്. അവരുടെ കയ്യിൽ ഒരു വാഷിങ് മെഷീനുണ്ട്. പാർട്ടിയിൽ ചേർന്നാൽ അവരെ അതുകൊണ്ട് ക്ലീനാക്കും.

ചോദ്യം : കേരളത്തിൽ സി.പി.എമ്മിന്റെ പ്രധാന പ്രചാരണം കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേരുന്നതാണ്.

അങ്ങനെ ചേർന്ന ആരുടെയെങ്കിലും പേര് പറയൂ?

കെ. കരുണാകരൻറെ മകൾ പദ്മജ വേണുഗോപാൽ

പാർട്ടിയിൽ സ്ഥാനമില്ലെന്ന് തിരിച്ചറിഞ്ഞവരാണ് കോൺഗ്രസ് വിടുന്നത്. അവർ പാർട്ടിക്ക് വേണ്ടി ഒന്നും ചെയ്യാത്തവരാണ്. പ്രവർത്തകരെ അംഗീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അവരെ ജനങ്ങളും അംഗീകരിക്കും.

ചോദ്യം : അരവിന്ദ് കെജ് രിവാളും ഹേമന്ദ് സോറനും അടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ ജയിലിലാണ്. താങ്കൾക്ക് എന്താണ് പറയാനുള്ളത്?

രാഷ്ട്രീയ എതിരാളികളെ ഇതുപോലെ വേട്ടയാടിയ ചരിത്രം ഇന്ത്യയിലില്ല. കെജ് രിവാൾ, ഹേമന്ദ് സോറൻ, തൃണമൂൽ നേതാക്കളെല്ലാം വേട്ടയാടപ്പെടുകയാണ്. അവർക്കെതിരായ കുറ്റപത്രം എവിടെ? ഒരു തെളിവുമില്ലാതെ ഒരു രൂപയുടെ അഴിമതി പോലും കണ്ടെത്താതെ എങ്ങനെ ആളുകളെ ജയിലിലിടും ? ദൗർഭാഗ്യകരമാണത്. ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ കളങ്കമാണത്. പി.എം.എൽ.എ നിയമം ഞങ്ങൾ പുനപ്പരിശോധിക്കും.

ചോദ്യം: പ്രചാരണത്തിനുള്ള പണത്തിനായി കോൺഗ്രസ് ബുദ്ധിമുട്ടുന്നു. കേരളത്തിൽ ജനങ്ങളിൽ നിന്ന് പിരിക്കുകയാണ്. കർണാടകയിലും പ്രതിസന്ധിയുണ്ടോ?

തീർച്ചയായും. പണമില്ലാതെ ഞങ്ങളും ബുദ്ധിമുട്ടുകയാണ്. ഞങ്ങളുടെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. നമുക്ക് നോക്കാം.

ചോദ്യം : ഓപറേഷൻ താമര ഇപ്പോഴും സജീവമാണ്. കർണാടക സർക്കാരിന് ഭീഷണിയുണ്ടോ?

കൂറുമാറ്റിക്കാൻ ബി.ജെ.പി പരമാവധി ശ്രമിക്കുന്നുണ്ട്. അവർക്ക് ഒന്നും ചെയ്യാനാവില്ല. ഒരു കോൺഗ്രസ് എം.എൽ.എയെ പോലും അവർക്ക് കിട്ടില്ല.

ചോദ്യം : അഞ്ചു വർഷം തികക്കുമോ?

അഞ്ചല്ല, പത്ത് വർഷം പൂർത്തിയാക്കും.

ചോദ്യം : കോൺഗ്രസിനെ പാകിസ്താനുമായും തീവ്രവാദവുമായും ഉപമിച്ചാണ് ബിജെപി പ്രചാരണം

ജനങ്ങൾക്കിടയിൽ വിഭജനമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വർഗീയ വികാരമുണ്ടാക്കുകയാണ് ലക്ഷ്യം. ഭരണഘടനയുടെ മൂല്യം അവർക്കറിയില്ല.അവരെടുത്ത പ്രതിജ്ഞയുടെ അർഥം അവർ മറന്നു പോയി.

ചോദ്യം : കോൺഗ്രസ് പ്രകടന പത്രികയിൽ പൗരത്വ നിയമത്തെ കുറിച്ച് പറയുന്നില്ല

സി.എ.എയെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. അതിനെതിരെ പോരാടുന്നു. സി.എ.എ റദ്ദാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ വികസനത്തിനായി പ്രവർത്തിക്കുന്നു. വികാരപരമായല്ല കോൺഗ്രസ് കാര്യങ്ങളെ കാണുന്നത്. പൗരൻമാരുടെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചക്കാണ് ശ്രമിക്കുന്നത്. ജനങ്ങൾ സാമ്പത്തിക പുരോഗതി നേടണം. വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കണം. ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കണം.

ചോദ്യം : ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിലുണ്ട്. കേരളത്തിലും കർണാടകത്തിലും ഇതു സംബന്ധിച്ച ആശയക്കുഴപ്പമുണ്ടോ?

സാമൂഹികവും സാമ്പത്തികവുമായ പ്രശ്നം പരിഹരിക്കാനാണ് ജാതി സെൻസസ്. അർഹമായ വിഹിതം എല്ലാവർക്കും കിട്ടണം. ഇക്കാര്യത്തിൽ പാർട്ടിക്ക് ആശയക്കുഴപ്പമില്ല. എല്ലാവരെയും ജനസംഖ്യാനുപാതികമായി തുല്യമായി പരിഗണിക്കും.

ചോദ്യം : കർണാടകയിൽ കോൺഗ്രസിന് എത്ര സീറ്റ് ലഭിക്കും ?

20 ൽ കൂടുതൽ സീറ്റ് ലഭിക്കും

ചോദ്യം : തെലങ്കാന, ആന്ധ്രപ്രദേശ്?

തെലങ്കാനയിൽ പത്തിലധികം സീറ്റ് കിട്ടും. ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണി സർക്കാറുണ്ടാക്കും.

TAGS :