Quantcast
MediaOne Logo

റീന വി.ആർ

Published: 1 Feb 2025 4:36 PM IST

പരീക്ഷാപ്പേടിയിൽ അടിതെറ്റുന്ന കുട്ടികളും രക്ഷിതാക്കളും; സമ്മർദം അതിജീവിക്കാം, അനായാസം

പരീക്ഷാ സമ്മർദ്ദത്തിന്റെ കാരണങ്ങൾ മനസ്സിലാക്കുകയും അതിനെ ഫലപ്രദമായി നേരിടാനുള്ള മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നത് കുട്ടികളുടെയും മാതാപിതാക്കളുടെയും ക്ഷേമത്തിന് അനിവാര്യമാണ്

പരീക്ഷാപ്പേടിയിൽ അടിതെറ്റുന്ന കുട്ടികളും രക്ഷിതാക്കളും; സമ്മർദം അതിജീവിക്കാം, അനായാസം
X

പത്താം ക്ലാസ് വിദ്യാർഥിയായ മകൻ നിഹാലിന്റെ ഉന്നത വിജയം സ്വപ്നം കാണുന്ന അമ്മയാണ് അധ്യാപികയായ സീമ. മകന്റെ പരീക്ഷാ വിജയം സീമയുടെ സ്വപ്നം മാത്രമല്ല, ഉത്തരവാദിത്തവുമാണെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു. അതിനാൽ ഓരോ പരീക്ഷയ്ക്കുമുമ്പും സീമ ഏറെ ഉത്കണ്ഠയിലാകും. നിഹാൽ പഠിക്കുന്ന സമയങ്ങളിൽ അമ്മ പതിവായി ഇടപെടാറുണ്ട്. അവൻ ശരിയായി പഠിക്കുകയാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് അടുക്കളയിൽ നിന്ന് പലതവണ അവനരികിൽ എത്തും. എന്നാൽ, നിഹാലിന് അമ്മ പഠിപ്പിക്കുന്നതിനോടോ പഠനം നിരീക്ഷിക്കുന്നതിനോടോ ഒട്ടും താത്പര്യമില്ല. മകൻ ഇടയ്ക്കിടെ മൊബൈൽ ഉപയോഗിക്കുന്നതും അലസത കാണിക്കുന്നതും സീമയെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. മൊബൈൽ ഉപയോഗം പലപ്പോഴും മണിക്കൂറുകൾ നീളുമ്പോൾ അമ്മയും മകനും തമ്മിൽ വാക്കുതർക്കമാകും.

സീമയുടെ അമിത പ്രതീക്ഷകൾ നിഹാലിനെ സമ്മർദ്ദത്തിലാക്കി. അവനിൽ ആത്മവിശ്വാസം കുറയുകയും പരീക്ഷാഭയം വർദ്ധിക്കുകയും ചെയ്തു. അമിത സമ്മർദ്ദം മൂലം ഉറക്കക്കുറവ്, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വന്നു. പഠനത്തിൽ താത്പര്യം നഷ്ടപ്പെടുകയും ചെയ്തു. ഇക്കാര്യങ്ങൾ അമ്മയെയും ബാധിച്ചു. അമിതമായ ഉത്കണ്ഠ അമ്മയെ നിത്യേനയുള്ള വിഷാദത്തിലേക്കും പരാതികളിലേക്കും തള്ളിവിട്ടു.

അന്തിമമായി, ഈ മാനസിക സംഘർഷങ്ങൾ കുടുംബ ജീവിതത്തെ തന്നെ ബാധിച്ചപ്പോഴാണ് അവർ സഹായം തേടിയെത്തിയത്. അപ്പോഴേക്കും പരീക്ഷകൾ അവന് ഭയമായും പതിയെ അത് വെറുപ്പായും മാറിയിരുന്നു.

ഇവിടെ നിഹാലിനോട് തുറന്ന് സംസാരിക്കുകയും അവന്റെ കഴിവുകൾക്കനുസരിച്ച് പ്രതീക്ഷകൾ വെക്കുകയും ഓരോ ചെറിയ ഇംപ്രൂവ്മെന്റിലും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിൽ പരീക്ഷകളെ അവൻ ഭയപ്പെടില്ലായിരുന്നു. കാര്യക്ഷമമായ പഠനത്തിന് സമാധാനപൂർണ്ണമായ അന്തരീക്ഷമാണ് ആദ്യം വേണ്ടത്. പരീക്ഷകൾ ഓരോ വിദ്യാർത്ഥിയുടെ ജീവിതത്തിലും പ്രധാന ഘടകമാണ്. എന്നാൽ, പരീക്ഷാസമ്മർദ്ദം കുട്ടികളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഇത് മാതാപിതാക്കളിലും കടുത്ത മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നു.




കുട്ടികളുടെ വിജയം മാതാപിതാക്കളുടെ പ്രാപ്തിയുടെ അളവുകോലായാണ് സമൂഹം കാണുന്നത്. ഉയർന്ന മാർക്കുകൾ മാത്രമേ ഉന്നത പദവിയും ബഹുമാനവും ഉറപ്പാക്കൂ എന്ന കാഴ്ചപ്പാട് മാതാപിതാക്കളിൽ അനാവശ്യ ഭയം വിതയ്ക്കുന്നു. ട്യൂഷൻ ഫീസുകളും കോച്ചിംഗ് ക്ലാസുകളും ഉൾപ്പടെ മികച്ച വിദ്യാഭ്യാസത്തിന് വേണ്ടി രക്ഷിതാക്കൾ വൻതുക ചെലവഴിക്കുന്നു. എന്നാൽ അതിന്റെ ഫലപ്രാപ്തി അവരിൽ നിരന്തരമായ ആകാംക്ഷയുണ്ടാക്കുന്നു. തങ്ങൾക്ക് നേടാനാകാത്ത സ്വപ്നങ്ങൾ കുട്ടികൾ പൂർത്തിയാക്കുമെന്നാണ് രക്ഷിതാക്കൾ പ്രതീക്ഷിക്കുന്നത്. ഇത് തെറ്റായ പ്രതീക്ഷയാണ്. നല്ല മാർക്ക് ഇല്ലെങ്കിൽ ഭാവിയില്ല എന്ന ഭയം കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കും. മാതാപിതാക്കൾ തമ്മിലുള്ള പഠനവുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നത കുടുംബ സമാധാനവും തകർക്കും. ഇത്തരം സമ്മർദ്ദങ്ങൾ പലപ്പോഴും ഉല്ക്കണ്ഠ, ഉറക്കക്കുറവ്, ബന്ധങ്ങളിൽ സംഘർഷം എന്നിവയ്ക്കാണ് വഴിയൊരുക്കുക. പരീക്ഷാ സമ്മർദ്ദത്തിന്റെ കാരണങ്ങൾ മനസ്സിലാക്കുകയും അതിനെ ഫലപ്രദമായി നേരിടാനുള്ള മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നത് കുട്ടികളുടെയും മാതാപിതാക്കളുടെയും ക്ഷേമത്തിന് അനിവാര്യമാണ്.

കുട്ടികളിലെ പരീക്ഷാ സമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്

1. അക്കാദമിക് സമ്മർദ്ദം – മികച്ച പ്രകടനമെന്ന പ്രതീക്ഷ വലിയ സമ്മർദ്ദം നൽകുന്നു. ഇത് മറ്റുള്ളവർ സൃഷ്ടിച്ച പ്രതീക്ഷയായാലും സ്വയം ഉണ്ടാക്കിയതായാലും ഫലം ഒന്നുതന്നെ.

2. പരാജയ ഭയം – മോശം പ്രകടനം മാതാപിതാക്കളുടെ നിരാശക്കും കൂട്ടുകാരുടെ വിമർശനത്തിനും കാരണമാകുമെന്ന ഭയം കുട്ടികളെ കൂടുതൽ മാനസിക സമ്മർദ്ദത്തിലാകുന്നു.

3. വ്യത്യസ്തമായ ഷെഡ്യൂൾ – സ്കൂൾ, ട്യൂഷൻ, ഹോംസ്റ്റഡി എന്നിവയിലൂടെ വിശ്രമത്തിന് ഇടയില്ലാത്ത അവസ്ഥ സമ്മർദ്ദം കൂട്ടും.

4. യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ – കുട്ടികളുടെ കഴിവുകൾ കണക്കാക്കാതെ അമിത വിജയ പ്രതീക്ഷകൾ വെക്കുന്നത് അവരെ മാനസികമായി തളർത്തും.

മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കുട്ടികളിൽ പലതരത്തിൽ പ്രകടമാകാറുണ്ട്. അവ തലവേദന, ഛർദ്ദി, ക്ഷീണം പോലുള്ള ശാരീരിക ലക്ഷണങ്ങൾ ആകാം.

ഉത്കണ്ഠ, അസഹിഷ്ണുത, വിഷാദം, ദേഷ്യം, പഠനത്തിൽ നിന്നുള്ള പിൻവാങ്ങൽ പോലുള്ള വൈകാരിക പ്രശ്നങ്ങളുമാകാം. സമ്മർദ്ദത്തെ തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കാരണം മാർക്കുകളിലെ കുറവ്, കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങൾ, കൂട്ടുകാരുമായുള്ള അകലം,സമ്മർദ്ദം താങ്ങാനാകാതേയുള്ള വീടുവിട്ടുപോക്ക്, ആത്മഹത്യാചിന്തകൾ തുടങ്ങിയ അപകടകരമായ പ്രവണതകളും വിരളമല്ല.

കുട്ടികളുടെ മാനസിക സമ്മർദം ഒഴിവാക്കാൻ മാതാപിതാക്കൾക്ക് പിന്തുടരാവുന്ന മാർഗങ്ങൾ.

1. ഫലത്തെക്കാൾ പരിശ്രമത്തെ പ്രോത്സാഹിപ്പിക്കുക – കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, അവരുടെ പ്രയത്നത്തെ വിലമതിക്കുക.

2. പഠനത്തേക്കാൾ അറിവിന് പ്രാധാന്യം നൽകുക – കുട്ടികൾ പഠനം ആസ്വദിക്കേണ്ടതാണ്, ഭയപ്പെടേണ്ടതല്ല. നല്ല മാർക്കുകൾ അല്ല നല്ല ഭാവിയുടെ അളവുകോൽ എന്ന് തിരിച്ചറിയുക.

3. കുട്ടികൾക്ക് വിശ്രമത്തിനും വിനോദത്തിനും സമയമൊരുക്കുക – പഠനത്തിനിടയിൽ ചെറിയ ഇടവേളകൾ നൽകുന്നത് അവരെ ഉണർവ്വോടെ പഠിക്കാൻ പ്രേരിപ്പിക്കും.

4. കുടുംബാന്തരീക്ഷം സമ്മർദ്ദമില്ലാത്തതാക്കുക – മാതാപിതാക്കൾ തങ്ങളുടേതായ സമ്മർദ്ദം കുട്ടികളിൽ പകർന്നുകൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.

5. കുറഞ്ഞത് 7–8 മണിക്കൂർ ഉറക്കം ഉറപ്പാക്കുക – ഉറക്കക്കുറവ് സമ്മർദ്ദം വർദ്ധിപ്പിക്കുകയും ഏകാഗ്രത കുറയ്ക്കുകയും ചെയ്യും.

6. ശിക്ഷ വേണ്ട, മാർഗനിർദ്ദേശം മതി – പഠനത്തിലോ മറ്റോ തെറ്റുകൾ സംഭവിച്ചാൽ ശിക്ഷിക്കുന്ന രീതി ഒഴിവാക്കണം. തെറ്റുപറ്റുക പഠനത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കണം.

7. കുട്ടികളുമായി തുറന്നു സംവദിക്കുക – അവരുടെ ഭയങ്ങളും ആശങ്കകളും മനസ്സിലാക്കുകയും അവ ഇല്ലാതാക്കാൻ വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്യുക.

8. പ്രൊഫഷണൽ സഹായം - ആവശ്യമായ സന്ദർഭങ്ങളിൽ മടികൂടടാതെ പ്രൊഫഷണൽ സഹായം തേടുക. ചില ഘട്ടങ്ങളിൽ കൗൺസിലിംഗോ മറ്റ് സൈക്കോളജിക്കൽ സഹായങ്ങളോ ആവിശ്യമായി വന്നേക്കാം.




കുട്ടികൾക്ക് പരീക്ഷാ സമ്മർദ്ദം കുറയ്ക്കാൻ സ്വീകരിക്കാവുന്ന മാർഗങ്ങൾ

1. ദിവസവും പാലിക്കാവുന്ന പഠന സമയക്രമം തയ്യാറാക്കുക. വിശ്രമ ഇടവേളകളോടെ പഠനം ക്രമീകരിക്കുക.

2. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. സമീകൃത ഭക്ഷണം, വെള്ളം, വ്യായാമം എന്നിവ നിർബന്ധമാക്കുക.

3. ദീർഘനേരം തുടർച്ചയായി പഠിക്കുന്നത് ഒഴിവാക്കുക. പഠനത്തിനിടയിൽ ഇടക്കിടെ ഇടവേളകൾ എടുക്കണം. ഇത് മുഴുവൻ സമയവും സ്ഥിരതയുള്ള പഠനത്തിന് വഴിയൊരുക്കും.

4. ശ്വാസ വ്യായാമം, മെഡിറ്റേഷൻ എന്നിവ പരീക്ഷിക്കാം. മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനുമുള്ള നല്ല മാർഗങ്ങളാണിത്.

രക്ഷിതാക്കളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ രക്ഷിതാക്കൾക്ക് പിന്തുടരാവുന്ന ചില നിർദേശങ്ങൾ

1. കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുക. അവരെ അവരുടെ ആത്മവിശ്വാസം കുറയ്ക്കുന്ന വിധത്തിൽ അമിത സമ്മർദ്ദത്തിലാക്കരുത്.

2. അന്യന്റെ കുട്ടികളുമായുള്ള താരതമ്യം ഒഴിവാക്കുക. ഓരോ കുട്ടിയും വ്യത്യസ്തമാണ്, അവരുടേതായ കഴിവുകൾ മനസ്സിലാക്കുക.

3. കുടുംബത്തിൽ ബന്ധം മെച്ചപ്പെടുത്തുക. പരീക്ഷയെ വീട്ടിലെ പ്രധാന ചർച്ചാ വിഷയമാക്കാതെ, സന്തോഷകരമായ അനുഭവങ്ങൾ പങ്കിടുക.

4. സ്വന്തം ഉത്കണ്ഠ നിയന്ത്രിക്കുക. മാതാപിതാക്കൾ അവരുടെ സമ്മർദ്ദം കുട്ടികളിലേക്ക് എത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

5. നഷ്ടപ്പെട്ട സ്വപ്നങ്ങൾ കുട്ടികൾ വഴി പൂരിപ്പിക്കാൻ ശ്രമിക്കരുത്. കുട്ടികൾക്ക് അവരുടെ ആഗ്രഹങ്ങളനുസരിച്ച് മുന്നേറാൻ കൂട്ടാവുക.

6. ആവശ്യമായാൽ പ്രൊഫഷണൽ സഹായം തേടുക. ഉത്കണ്ഠ അതിരുകടക്കുമ്പോൾ കൗൺസിലിംഗോ മറ്റോ സ്വീകരിക്കുക.

സമ്മർദ്ദമില്ലാത്ത പരീക്ഷാ കാലത്തിനായി രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് ശ്രമിക്കണം. കുട്ടികൾക്ക് പഠന സൗഹാർദാന്തരീക്ഷം സൃഷ്ടിക്കുക. ശബ്ദമില്ലാത്ത, ശരിയായ വായുവും വെളിച്ചവുമുള്ള പഠനസ്ഥലം തെരഞ്ഞെടുക്കാൻ അവരെ സഹായിക്കണം. ചെറിയ നേട്ടങ്ങളെ

ആഘോഷിക്കുകയും കുട്ടികളുടെ ഓരോ മുന്നേറ്റത്തെയും പ്രശംസിക്കുകയും ചെയ്യണം. കൂട്ടായ പഠനം കുട്ടികൾക്ക് കൂടുതൽ ആനന്ദകരമായിരിക്കും. അത് ഫലപ്രദമായി നിർവഹിക്കുന്നുവെങ്കിൽ പ്രോത്സാഹിപ്പിക്കണം. കുടുംബസംഗമങ്ങളും ഔട്ടിങ്ങുകളും പരീക്ഷാകാലത്തും പ്ലാൻ ചെയ്യണം. വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യം ഉറപ്പാക്കാനും സമ്മർദം കുറയ്ക്കാനും ഇത് സഹായിക്കും.

പരീക്ഷാ സമ്മർദ്ദം സ്വാഭാവികമാണെങ്കിലും അതിനെ സംയമനത്തോടെ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. തുറന്ന സംവാദം, യാഥാർത്ഥ്യ ബോധത്തോടെയുള്ള പ്രതീക്ഷകൾ, ആരോഗ്യകരമായ സമീപനങ്ങൾ എന്നിവയിലൂടെ ഈ ഘട്ടം വിജയകരമായി കടന്നുപോകാനാകും. ശരിയായ പിന്തുണയും മാനസിക ശക്തിയും ഉണ്ടായാൽ, പരീക്ഷകൾ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന അവസരമാക്കി മാറ്റാനാകും.

റീന വി.ആർ
സൈക്കോളജിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്
ദ ഇൻസൈറ്റ് സെന്റർ
തിരുവനന്തപുരം

TAGS :