അറബി സാഹിത്യത്തിൻ്റെ ഇടം
പ്രധാനമായും നാല് സാഹിത്യ പ്രസ്ഥാനങ്ങളാണ് ആധുനിക അറബി കവിതയെ രൂപപ്പെടുത്തിയത്.

ആധുനിക അറബി സാഹിത്യത്തിലെ സമകാലിക പ്രവണതകളും നവോഥാന പ്രസ്ഥാനങ്ങളും മനസിലാക്കാൻ അറബി സാഹിത്യത്തിന്റെ വളർച്ചയും വികാസവും നൂറ്റാണ്ടുകളായി അതിനുണ്ടായ ചരിത്രപരമായ പല കാര്യങ്ങളും മാറ്റങ്ങളും അറബ് ലോകത്തെ ആത്മീയവും രാഷ്ട്രീയവുമായ ഉണർവുകളും മനസിലാക്കണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ രൂപപ്പെട്ട സാഹിത്യ നവോഥാനത്തിന് (നഹ്ദ) പ്രധാനമായും മൂന്ന് ഘടകങ്ങളാണ് അടിത്തറ പാകിയത്. ഇതിൽ ആദ്യത്തേത് വിവിധ അറബ് രാജ്യങ്ങളിലും ഉടലെടുത്ത മതപരമായ പരിസരങ്ങളിലായിരുന്നു.
നജ്ദിലെ മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ നവോഥാനവും ഉത്തരാഫ്രിക്കയിലെ സനൂസി പ്രസ്ഥാനവും സുഡാനിലെ മഹ്ദി പ്രസ്ഥാനവും അവസാനം ഈജിപ്തിലെയും മറ്റും മതസാഹിത്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ പ്രസ്ഥാനങ്ങൾ സാഹിത്യത്തെ നിലവിലുണ്ടായിരുന്ന കെട്ടുകാഴ്ചകളിൽ നിന്നും അമിതമായ അലങ്കാരങ്ങളിൽ നിന്നും മോചിപ്പിക്കുകയും ആശയത്തിന് പ്രാധാന്യം നൽകുന്ന ലളിതമായ ശൈലിയിലേക്ക് നയിക്കുകയും ചെയ്തു. രണ്ടാമത്തെ ഘടകം പാശ്ചാത്യ ലോകവുമായുള്ള സമ്പർക്കമായിരുന്നു. വിവർത്തനം, വിദ്യാഭ്യാസം, അച്ചടി ശാലകളുടെ സ്ഥാപനം, പത്രപ്രവർത്തനം എന്നിവ വഴി ബാഹ്യലോകത്തെ നോവൽ, ചെറുകഥ, നാടകം തുടങ്ങിയ പുതിയ പാശ്ചാത്യ സാഹിത്യ രൂപങ്ങൾ അറബിയിലേക്ക് കടന്നുവന്നു. മൂന്നാമതായി, ഓറിയന്റലിസ്റ്റ് പഠനങ്ങൾ അറബി പൈതൃക ഗ്രന്ഥങ്ങൾ വീണ്ടെടുക്കാനും പഴയകാല സാഹിത്യ മേന്മകളെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് നൽകാനും വലിയ പങ്ക് വഹിച്ചു.
കവിതയുടെ മേഖലയിൽ ഈ കാലഘട്ടം വലിയ വിപ്ലവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പ്രധാനമായും നാല് സാഹിത്യ പ്രസ്ഥാനങ്ങളാണ് (Schools of Thoughts) ആധുനിക അറബി കവിതയെ രൂപപ്പെടുത്തിയത്. അവയെ ചുരുക്കി പറയാൻ ഇടം (IDAM) എന്ന ഷോർട്ട് ഫോം ഉപയോഗപ്പെടുത്താറുണ്ട്. ഇഹ്‌യാഅ്, ദീവാൻ, അപ്പോളോ, മഹ്ജർ എന്നിവയാണവ.
ആധുനിക അറബി കവിതയുടെ പരിണാമത്തെ പ്രതൃക്ഷീകരിക്കുന്ന ആ നാല് പ്രധാന കാവ്യപ്രസ്ഥാനങ്ങളെയും അവയുടെ മാതൃകകളിലൂടെയും താഴെ ക്രമമായി വിശദീകരിക്കുന്നു.
1. ഇഹ്‌യാഅ് (നിയോ-ക്ലാസിസിസം)
ആധുനിക അറബി കവിതയുടെ പുനർജന്മം എന്നറിയപ്പെടുന്ന ഇഹ്‌യാഅ് പ്രസ്ഥാനം പുരാതന ഖസീദകളുടെ ഗാംഭീര്യം വീണ്ടെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ പ്രസ്ഥാനത്തിലെ നായകനായ അഹ്മദ് ശൗഖിയുടെ കവിതകൾ ഇതിന് ഉത്തമ ഉദാഹരണമാണ്. പ്രവാചക കീർത്തനമായ 'നഹ്ജുൽ ബുർദ'യിൽ അദ്ദേഹം പാടുന്നു: 'റീമുൻ അലൽ ഖാഇ ബൈനൽ ബാനി വൽ അലമി, അഹല്ല സഫ്ക ദമീ ഫീ അശ്ഹുരിൽ ഹുറുമി (താഴ്വരയിലെ മരങ്ങൾക്കിടയിലെ ആ മാനിണ, പവിത്ര മാസങ്ങളിൽ എന്റെ രക്തം ചിന്തുന്നത് അനുവദനീയമാക്കിയിരിക്കുന്നു)'. ക്ലാസിക്കൽ കവിതകളുടെ അതേ വൃത്തവും പ്രാസവും ക്ലാസിക്കൽ പദസമ്പത്തും നിലനിർത്തിക്കൊണ്ട് പുതിയൊരു കാവ്യസംസ്കാരം രൂപപ്പെടുത്താൻ ഇവർക്ക് കഴിഞ്ഞു. പ്രണയത്തിലൂടെ ആരംഭിച്ച് ലക്ഷ്യത്തിലേക്ക് നീങ്ങുന്ന പഴയ രീതിയെ ആധുനിക പ്രമേയങ്ങളുമായി ഇവർ കൂട്ടിയിണക്കി.
2. ദീവാൻ (The Diwan School)
രണ്ടാമത്തെ പ്രസ്ഥാനമായ ദീവാൻ, കവിതയിൽ വൈയക്തിക ചിന്തകൾക്കും ബുദ്ധിക്കും മുൻഗണന നൽകി. അബ്ബാസ് മഹ്മൂദ് അഖ്ഖാദിന്റെ വരികൾ ഈ മാറ്റം വ്യക്തമാക്കുന്നു: "അശ്ശിഅ്റു മിൻ നഫ്‌സിഹി ലാ മിൻ ഖദീമിഹി, വശ്ശിഅ്റു വജ്ദുമ്മിൻ ഖൽബിൻ വമിൻ ഫിക്രി"
(കവിത അതിന്റെ ആത്മാവിൽ നിന്നാണ് വരേണ്ടത്, അല്ലാതെ പുരാതന മാതൃകകളിൽ നിന്നല്ല; ഹൃദയത്തിൽ നിന്നും ചിന്തയിൽ നിന്നും ഉദിക്കുന്ന വികാരമാണത്). വെറും വാക്കുകളുടെ അലങ്കാരത്തേക്കാൾ കവിയുടെ വ്യക്തിത്വവും ചിന്തയും കവിതയിൽ പ്രതിഫലിക്കണമെന്ന ദീവാൻ പ്രസ്ഥാനത്തിന്റെ കാർക്കശ്യബുദ്ധിയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
3. അപ്പോളോ (The Apollo School)
അപ്പോളോ പ്രസ്ഥാനമാകട്ടെ, കവിതയിൽ റൊമാന്റിസിസത്തിന്റെയും പ്രകൃതിയുടെയും പുതിയൊരു ലോകം തുറന്നു. ഈ പ്രസ്ഥാനത്തിലെ കരുത്തനായ അബുൽ ഖാസിം അശ്ശാബ്ബിയുടെ വരികൾ ലോകപ്രശസ്തമാണ്: "ഇദ ശ്ശഅ്ബു യൗമൻ അറാദൽ ഹയാ, ഫലാ ബുദ്ദ അൻ യസ്തജീബൽ ഖദർ" (ഒരു ജനത ജീവിതം ആഗ്രഹിച്ചു കഴിഞ്ഞാൽ, വിധിക്ക് അവർക്ക് വഴങ്ങിക്കൊടുക്കാതിരിക്കാൻ കഴിയില്ല). അടിച്ചമർത്തപ്പെട്ടവരുടെ ആവേശവും പ്രകൃതിയുടെ ലയവും ഒരേപോലെ ആവാഹിച്ച അപ്പോളോ കവികൾ, വികാരങ്ങളെ തീവ്രമായി അവതരിപ്പിക്കാൻ ലളിതമായ പദങ്ങൾ ഉപയോഗിച്ചു. കവിത എന്നത് ആത്മാവിന്റെ സംഗീതമാണെന്ന് ഇവർ ലോകത്തിന് കാണിച്ചുകൊടുത്തു.
4. മഹ്ജർ (Emigrant Literature)
വിപ്രവാസത്തിന്റെ നോവും ആത്മീയതയുടെ ആഴവും പ്രകടമാക്കിയ മഹ്ജർ സാഹിത്യം കവിതയുടെ ഘടനയിൽ തന്നെ വലിയ വിപ്ലവം സൃഷ്ടിച്ചു. ജിബ്രാൻ ഖലീൽ ജിബ്രാന്റെ 'അൽ-മവാഖിബ്' എന്ന പ്രശസ്തമായ കവിത ഇതിന് ഉദാഹരണമാണ്: "അഅ്തിനീ അന്നായ വഗന്നി, ഫൽഗിനാ സിർറുൽ വുജൂദ്" (എനിക്ക് ആ പുല്ലാങ്കുഴൽ തരൂ, നീ പാടൂ; പാട്ടിലാണ് പ്രപഞ്ചത്തിന്റെ രഹസ്യം അടങ്ങിയിരിക്കുന്നത്). പ്രകൃതിയിലേക്കുള്ള മടക്കവും മനുഷ്യത്വത്തിന്റെ മഹത്വവും വിളിച്ചോതുന്ന മഹ്ജർ കവിതകൾ പരമ്പരാഗതമായ കാവ്യനിയമങ്ങളെയും വൃത്തങ്ങളെയും പലപ്പോഴും മറികടന്നു. ലളിതമായ ഭാഷയും ആഴത്തിലുള്ള ദാർശനിക ചിന്തകളും സമന്വയിപ്പിച്ച് അറബി കവിതയെ അവർ ആഗോളതലത്തിലേക്ക് ഉയർത്തി.
ചുരുക്കത്തിൽ, ഇഹ്‌യാഅ് പ്രസ്ഥാനം ഭാഷയുടെ അടിത്തറ ഭദ്രമാക്കിയപ്പോൾ ദീവാൻ അതിൽ ചിന്തയുടെ ഗൗരവം ചേർത്തു. അപ്പോളോ പ്രസ്ഥാനം കവിതയ്ക്ക് വൈകാരികമായ ആർദ്രത നൽകിയ. മഹ്ജർ അതിനെ ആത്മീയവും ദാർശനികവുമായ തലങ്ങളിലേക്ക് നയിച്ചു. ഈ നാല് പ്രസ്ഥാനങ്ങളും അവയുടെ കവിതാ മാതൃകകളും ആധുനിക അറബി സാഹിത്യത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പാരമ്പര്യത്തെ നിരാകരിക്കാതെ തന്നെ ആധുനികതയുടെ പുതുമകളെ സ്വീകരിച്ച ഈ രീതിയാണ് അറബി കവിതയെയും ഗദ്യ സാഹിത്യത്തെയും ഇന്നും ലോകാടിസ്ഥാനത്തിൽ സജീവമായി നിലനിർത്തുന്നത്.
