Quantcast
MediaOne Logo

Web Desk

Published: 13 Feb 2025 4:17 PM IST

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മതജീവിതവും; മതേതര ആശങ്കകളും

മതപരമായ ചടങ്ങുകൾക്കും പ്രചാരണങ്ങൾക്കും ഐഎഎസ് ഉദ്യോഗസ്ഥർ പ്രാധാന്യം കൊടുക്കുന്നതിനെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മതജീവിതവും; മതേതര ആശങ്കകളും
X

കാശി വിശ്വനാഥ് ക്ഷേത്രത്തിലെത്തിയ ഐഎഎസ് പ്രൊബേഷണറി ഓഫീസർമാരുടെ സംഘം

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ബാച്ചിലെ 17 പ്രൊബേഷനറി ഉദ്യോഗസ്ഥര്‍ അടുത്തിടെയാണ് കാശിവിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചത്. ക്ഷേത്ര പ്രവര്‍ത്തനങ്ങളും ആചാരങ്ങളുമൊക്കെ മനസിലാക്കാനായിരുന്നു ആ സന്ദര്‍ശനം എന്നാണ് വിശദീകരിക്കപ്പെട്ടത്. ക്ഷേത്രത്തിൽ പ്രാർഥിച്ചും ദൈവാനുഗ്രഹം തേടിയുമായിരുന്നു പഠനം തുടങ്ങിയത്. ക്ഷേത്ര ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായും ഡെപ്യൂട്ടി കളക്ടറുമായും സംവദിച്ചുവെന്നാണ് പുറത്തുവന്ന വിശദീകരണം.

പുറമെ നിന്ന് നോക്കിയാല്‍ പ്രശ്നങ്ങളൊന്നും കാണില്ലെങ്കിലും ഇന്ത്യപോലെ ഒരു മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ രാജ്യത്ത്, ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ട ഉദ്യോഗസ്ഥര്‍ ഒരു വിഭാഗത്തിന്റെ മതചടങ്ങുകളില്‍ മാത്രമായി താത്പര്യം കാണിക്കുന്നത് ശരിയാണോ എന്നാണ് ഉയരുന്നൊരു വിമര്‍ശനം. ഇതോടൊപ്പം ഐഎഎസ് ഉദ്യോഗസ്ഥരുടെ ഭരണഘടനാപരവും നിയമപരവുമായ ബാധ്യതകളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് കൂടി ആ സന്ദര്‍ശനം വഴിയൊരുക്കിയിട്ടുണ്ട്.

നിഷ്പക്ഷപമായി ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റണ്ട ഐഎഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മതപരമായ ഇടപെടലുകള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വിമര്‍ശനം. അടുത്തിടെ രാജ്യത്ത് ഉദ്യോഗസ്ഥ തലത്തില്‍ കാണപ്പെടുന്ന ഇത്തരം പ്രവണതകള്‍ ചൂണ്ടിക്കാട്ടുകയാണ് 'സബരംഗ് ഇന്ത്യ'(SabrangIndia) എന്ന ഓൺലൈൻ മാധ്യമം. ഉദ്യോഗസ്ഥര്‍ മതപരമായ ചടങ്ങുകള്‍ക്കും പ്രചാരണങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നതിനെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങള്‍

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മതേതരത്വത്തില്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടവരാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍. ഭരണഘടനയുടെ ആർട്ടിക്കിൾ 25മുതല്‍ 28 വരെ മതസ്വാതന്ത്ര്യത്തിന്റെ ചട്ടക്കൂടുകളെ സംബന്ധിച്ചാണ് വ്യക്തമാക്കുന്നത്.

അതായത്, ഏതെങ്കിലും പ്രത്യേക വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്നും അംഗീകരിക്കുന്നതിൽ നിന്നും ഭരണകൂടത്തെ വ്യക്തമായി തന്നെ വിലക്കുന്നുണ്ട്. ഇതിന് പുറമെ 1968ലെ ആൾ ഇന്ത്യ സർവീസ് ചട്ടപ്രകാരം പ്രത്യേകിച്ച് റൂൾ 5(1) പറയുന്നത്, ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയവും മതപരവുമായ നിഷ്പക്ഷത പുലര്‍ത്തണമെന്നാണ്.

ഏതെങ്കിലും മതപരമായ പ്രത്യയശാസ്ത്രവുമായി യോജിച്ചുപോകുന്നതായി വ്യാഖ്യാനിക്കാവുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പറയുന്നുണ്ട്. ഇങ്ങനെ ചട്ടങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരിക്കെ ഈ ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്ഷേത്ര സന്ദർശനം ശരിയായ നടപടിയായിരുന്നോ?

മതം പറഞ്ഞ് ഐഎഎസ് ഉദ്യോഗസ്ഥർ; രാജ്യത്ത് വളർന്ന് വരുന്ന ട്രെൻഡോ?

മതത്തിന്റെ പേരിൽ സംഘടിച്ചും ഒരു വിഭാഗത്തെ മുറിപ്പെടുത്തിയുമുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ സമീപകാല ഇടപെടലുകള്‍ വിവരിക്കുകയാണ് 'സബരംഗ് ഇന്ത്യ'.

1.ബാബരി മസ്ജിദിന്റെ ധ്വംസനവും ഐഎഎസ് ഉദ്യോഗസ്ഥരും

1992ൽ ബാബരി മസ്ജിദ് തകർത്തതിനുശേഷം, മതപരമായ കാര്യങ്ങളിൽ ഉദ്യോഗസസ്ഥരുടെ ഇടപെടലിൽ പ്രകടമായ മാറ്റം തന്നെ ഉണ്ടായിട്ടുണ്ട്. ബാബരി മസ്ജിദ് തകർത്തത് ആഘോഷിച്ചിരുന്നതായി 1992 ബാച്ചിലെ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അടുത്തിടെ സമ്മതിച്ചിരുന്നു.

വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ തന്റെ പ്രവൃത്തിയെ നായീകരിക്കുകയും ചെയ്തു അദ്ദേഹം. അതായത് ഇങ്ങനെയൊക്കെ ചെയ്യുന്നത് പ്രശ്നമല്ലെന്ന തലത്തിലേക്ക് ഉദ്യോഗസ്ഥര്‍ എത്തുന്നു. ഇതിനെ ഗുരുതരമായ പ്രശ്നമായാണ് വിലയിരുത്തുന്നത്.

2.‘സർക്കാർ ഉദ്യോഗസ്ഥർക്ക് ആർഎസ്എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാം’: നിരോധനം നീക്കിയ കേന്ദ്ര നടപടി

സർക്കാർ ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആർഎസ്എസ്) പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനു വർഷങ്ങളായുണ്ടായിരുന്ന നിരോധനം കേന്ദ്ര സർക്കാർ നീക്കിയത് 2023ലായിരുന്നു.

ഭരണഘടനയുമായി ഒരു നിലക്കും പൊരുത്തപ്പെടാത്ത ആശയങ്ങളാണ് ആര്‍എസ്എസിന്റേത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വവും എല്ലാവരെയും ഉള്‍കൊള്ളുന്ന ആശയങ്ങളൊന്നും ആര്‍എസ്എസിനില്ല. ഇങ്ങനെയൊരു സംഘടനയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നിഷ്‌പക്ഷത പാലിക്കാനാകുമോ.

3. കേരളത്തിലെ മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം

ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനാണ് കേരള വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്‌ണനെ സസ്പെന്‍ഡ് ചെയ്തിരുന്നത്. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പ്. സംഭവം വന്‍ വിവാദമാകുകയും ചെയ്തു. ഗ്രൂപ്പിനെക്കുറിച്ച് ഉദ്യോഗസ്ഥരിൽ പലരും ആശങ്കയറിയിച്ചിരുന്നു.

എന്നാല്‍ ഫോൺ ആരോ ഹാക്ക് ചെയ്തുവെന്നാണ് കെ. ഗോപാലകൃഷ്‌ണന്‍ വാദിച്ചിരുന്നത്. എന്നാൽ ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്ന് വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ പൊലീസിനെ അറിയിച്ചു. സർക്കാറിന്റെ അനുമതിയില്ലാതെ ഐപിഎസ് ഉദ്യോഗസ്ഥനായ എം.ആർ അജിത്കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതും കേരളത്തില്‍ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.

4.തമിഴ്നാട്ടിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ മതപ്രബോധനം

1990 ബാച്ച് ഉദ്യോഗസ്ഥനായ തമിഴ്‌നാട് ഐഎഎസ് ഉദ്യോഗസ്ഥൻ, സി.ഉമാശങ്കറിനെ മതപ്രബോധനത്തിൽ ഏർപ്പെടുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ വിലക്കിയിരുന്നു. ഭരണഘടന പ്രകാരം തന്റെ വിശ്വാസം പ്രചരിപ്പിക്കാൻ അനുവദിക്കുന്നുവെന്ന് വാദിച്ചുകൊണ്ടാണ് ഹിന്ദുമതം വിട്ട്, സുവിശേഷ പ്രഭാഷകനായ അദ്ദേഹം മതപ്രബോധനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.

ടിഎൻ ഉമാശങ്കർ

എന്നാൽ, ഉമാശങ്കറിന്റേത് 1968ലെ അഖിലേന്ത്യാ സർവീസസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സിവിൽ ഉദ്യോഗസ്ഥർ മതപരമായ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കണമെന്നും തമിഴ്‌നാട് സർക്കാർ മുന്നറിയിപ്പ് നൽകി. ഇതിനെ സാധൂകരിക്കും വിധമായിരുന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിശദീകരണവും. സിവിൽ സർവീസുകാർക്ക് പരസ്യമായി മതം പറയാനാകില്ലെന്നും ഒന്നുകിൽ രാജിവെക്കുകയോ അല്ലെങ്കില്‍ സർവീസ് ചട്ടങ്ങൾ പാലിക്കുകയോ ചെയ്യണമെന്നായിരുന്നു മുൻ ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടത്.

മുന്നോട്ട് പോകേണ്ടത് ഭരണഘടന ഉയർത്തിപ്പിടിച്ച്

എല്ലാവിധ സംസ്‌കാരങ്ങളോടും മതാചാരങ്ങളോടും ഒരേനിലപാട് സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയേണ്ടതുണ്ട്. മതാചാരങ്ങളിൽ പങ്കെടുത്ത് മറ്റുള്ളവരിൽ സംശയം ഉണ്ടാക്കുന്നതിന് പകരം ഭരണപരമായ ഉത്തരവാദിത്തങ്ങൾക്കാണ് പ്രാധാന്യംകൊടുക്കേണ്ടത്. മതേതര തത്വങ്ങൾ പാലിച്ചും ഭരണഘടന ഉയർത്തിപ്പിടിച്ചുമാണ് തങ്ങളുടെ പ്രവർത്തനമെന്ന് അവർ ഉറപ്പുവരുത്തണം. രാഷ്ട്രീയം ഉൾപ്പടെ എല്ലാത്തരം ഇടപെടലുകളിൽ നിന്ന് ഒഴിഞ്ഞുമാറുകയും വേണം.

TAGS :