Quantcast
MediaOne Logo

മുസ്തഫ ദേശമംഗലം

Published: 31 Jan 2023 6:50 AM GMT

ചരിത്രം ഇറ്റ്‍ഫോക്കിനെ തിരിഞ്ഞു നോക്കുമ്പോള്‍....

ആദ്യം ഓര്‍മിക്കപ്പെടുന്നത് നടനും സംഘാടകനും ഇറ്റ്‌ഫോക്കിനു തുടക്കവും കുറിച്ച നടന്‍ മുരളിയെയാണ്

ചരിത്രം ഇറ്റ്‍ഫോക്കിനെ തിരിഞ്ഞു നോക്കുമ്പോള്‍....
X

തിയറ്റര്‍ എപ്പോഴും ഓരോ മനുഷ്യനെയും കേന്ദ്രീകരിച്ചുള്ളതാണല്ലോ? രണ്ടു വര്‍ഷം അന്തര്‍ദേശീയ നാടകോത്സവത്തിനു തിരശീല ഉയര്‍ന്നില്ല എങ്കിലും ഒരു വ്യാഴവട്ടത്തിലേക്ക് കടക്കുന്ന ഇറ്റ്‌ഫോക്ക് അതിന്റെ പതിമൂന്നാമത് എഡിഷനിലേക്ക് എത്തുമ്പോള്‍ തിരിഞ്ഞു നോക്കുന്ന ചില മുഖങ്ങളുണ്ട്. അന്വേഷിക്കുന്ന ചില സാന്നിധ്യങ്ങളുണ്ട്.

ആദ്യം ഓര്‍മിക്കപ്പെടുന്നത് നടനും സംഘാടകനും ഇറ്റ്‌ഫോക്കിനു തുടക്കവും കുറിച്ച നടന്‍ മുരളിയെയാണ്. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു കേരളത്തിന് മാത്രമായുള്ള ഒരു അന്തര്‍ദേശീയ നാടകോത്സവം എന്നത്. ഇറ്റ്‌ഫോക്ക് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് മുരളിയോടൊപ്പം ഉണ്ടായിരുന്ന എം.എ ബേബിയുടെ പിന്തുണ ഓര്‍മിക്കപ്പെടേണ്ടതാണ്. ആദ്യ ഇറ്റ്‌ഫോക്കിന്‍റെ ആലോചനകളിലും എഴുത്തുജോലികളിലും സജീവമായി ഉണ്ടായിരുന്നത് കെ.എം രാഘവന്‍ നമ്പ്യാര്‍, പ്രൊഫസര്‍ അലിയാര്‍, പ്രൊഫസര്‍ പി. ഗംഗാധരന്‍ എന്നിവരെയും തുടര്‍ന്ന് ഒന്നാം എഡിഷന്റെ നടത്തിപ്പിനായി മുന്നോട്ട് വന്ന പ്രഭാകരന്‍ പഴശ്ശി, ജെ. ശൈലജ, ജോര്‍ജ് എസ്. പോള്‍, ധനഞ്ജയന്‍ മച്ചിങ്ങല്‍, സിയാവുദ്ധീന്‍, പി.എസ് ഇക്ബാല്‍ തുടങ്ങിയവരെയും ഓര്‍ക്കാം. അങ്ങനെ കുറേ പേര്‍ ഇറ്റ്‌ഫോക്കിനു തുടക്കം കുറിക്കാന്‍ മുരളിയോടൊപ്പം ഉണ്ടായിരുന്നു. കൂടെ നിന്ന ഒത്തിരി പേരുടെ കഠിനാധ്വാനം കൂടിയാണ് പതിമൂന്നാമത് എഡിഷനിലേക്കു എത്തിയ ഇറ്റ്‌ഫോക്കിന്റെ ഓര്‍മകള്‍. ഇവരുടെയൊക്കെ പിന്തുണകള്‍ ഇപ്പോഴും ഇറ്റ്‌ഫോക്കിനുണ്ട്.


ഇറ്റ്‌ഫോക്കിന്റെ കഴിഞ്ഞ കാലത്തേക്കു തിരിഞ്ഞു നോക്കുമ്പോള്‍ മുരളിയെ പോലെ തിരശീലക്കു പിന്നില്‍ മറഞ്ഞ ചിലര്‍കൂടിയുണ്ട്. ആദ്യ ഇറ്റ്‌ഫോക്കിന്റെ കൂടെ ഉണ്ടായിരുന്ന ഒ.കെ കുറ്റിക്കോല്‍, ടി.സി ജോണ്‍, ദത്തന്‍ മാഷ്, രാജീവ് വിജയന്‍, സംഗീത സംവിധായകന്‍ ചന്ദ്രന്‍ വെയാട്ടുമ്മല്‍ എന്നിവര്‍ ജീവിതത്തിന്റെ തിരശീലക്കു പുറകില്‍ മറഞ്ഞു. ഇവരുടെ ഓര്‍മകള്‍ കൂടിയാണ് ഇറ്റ്‌ഫോക്ക്. അവരുടെ അശ്രാന്ത പരിശ്രമം കൂടിയാണ് ഇറ്റ്‌ഫോക്കിന്റെ ചരിത്രം.

ഓരോ എഡിഷനിലും അതാതു കാലത്തെ നീറുന്ന രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ ഇറ്റ്‌ഫോക്കിന് മുഖ്യ വിഷയങ്ങളായി. 2008ല്‍ ഏഷ്യന്‍ തീയറ്റര്‍, 2009ല്‍ ഏഷ്യന്‍ ആഫ്രിക്കന്‍ തീയറ്റര്‍, 2010ല്‍ ലാറ്റിനമേരിക്കന്‍ തീയേറ്റര്‍, 2011ല്‍ ക്ലാസിക്കുകളുടെ തിരിഞ്ഞു നോട്ടം, 2013ല്‍ ദി പിങ്ക് എഡിഷന്‍, 2014 ല്‍ സംക്രമണം, ലിംഗഭേദം, കാഴ്ചക്കാര്‍, 2015 ല്‍ പ്രതിരോധങ്ങളുടെ തീയേറ്റര്‍, 2016ല്‍ ബോഡി പൊളിറ്റിക്കല്‍, 2017ല്‍ സ്ട്രീറ്റ് പെര്‍ഫോമന്‍സ്, 2018ല്‍ റീ ക്ലെയിമിംഗ് ദി മാര്‍ജിന്‍സ്, 2019 റെസിലിയന്‍സ്, 2019 ഇമേജിങ് കമ്മ്യൂണിറ്റിസ് തുടങ്ങിയവയായിരുന്നു ഓരോ വര്‍ഷത്തെയും മുഖ്യ പ്രമേയങ്ങള്‍. ഇക്കൊല്ലത്തെ പ്രധാന ഫോക്കസ് ഒന്നിക്കണം മാനവികത എന്നതാണ്. മാനവികമായ പാരസ്പര്യത്തിന്റെ പ്രസക്തിയും മഹത്വവും വിളിച്ചോതുന്നതാണ് രണ്ടു കൊല്ലത്തിനു ശേഷം ഉയരുന്ന ഇറ്റ്‌ഫോക്കിന്റെ തിരശീല. തിയറ്റര്‍ എന്ന തലത്തിലേക്ക് കാലത്തെയും അതിന്റെ ഉണ്മകളെയും പ്രതിരോധങ്ങളെയും ഇറ്റ്‌ഫോക്ക് വേദികളിലെത്തിച്ചു. ഓരോ കൊല്ലവും പ്രേക്ഷകരുടെയും മാധ്യമങ്ങളുടെയും പിന്തുണയും ഇറ്റഫോക്കിനെ രാജ്യാന്തര നിലവാരമുള്ള നാടകോല്‍സവം എന്ന ഖ്യാതിയിലേക്കു ഉയര്‍ത്തി. ക്ഷമയോടെ കാത്തിരുന്ന് നാടകം കാണുകയും അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്ന കാണികളുടെ ഒരു സമൂഹത്തെ തന്നെ സൃഷ്ടിക്കാന്‍ ഇക്കാലം കൊണ്ട് ഇറ്റ്‌ഫോക്കിനു സാധ്യമായി.


2017ലെ സ്ട്രീറ്റ് പെര്‍ഫോമന്‍സ് മുഖ്യ പ്രമേയമായിരുന്ന ഇറ്റ്‌ഫോക്കിനു തെരുവ് അക്ഷരാര്‍ഥത്തില്‍ അരങ്ങാക്കി മാറ്റുകയും അതില്‍ രാഷ്ട്രീയം ഉച്ചത്തില്‍ വിളിച്ചു പറയുകയും ചെയ്ത രാമചന്ദ്രന്‍ മൊകേരി മാഷിന്റെ ഊര്‍ജം പ്രേക്ഷകന്‍ ഇപ്പോഴും മറന്നിട്ടുണ്ടാകില്ല. ലോകം മുഴുവന്‍ നാടകവുമായി സഞ്ചരിച്ച സംഗീത സംവിധായകന്‍ ചന്ദ്രന്‍ വേയാട്ടുമ്മേലിന്‍റെ കൂടെ നാടക വേദികളിലേക്ക് യാത്ര ചെയ്ത നിരവധി വിദേശ നാടക പ്രവര്‍ത്തകര്‍ ഇക്കൊല്ലവും ഇറ്റ്‌ഫോക്കിലെത്തുന്നുണ്ട്. ഇന്‍ഡോ ആഫ്രോ മ്യൂസിക് ആന്‍ഡ് പോയറ്ററി ബാന്‍ഡ് ചന്ദ്രന്‍ വേയാട്ടുമ്മേലിന്‍റെ ഓര്‍മക്കായി സമര്‍പ്പിക്കുന്ന ഇന്‍സെരക്ഷന്‍ എന്‍സെംബിള്‍ ഫെബ്രുവരി 9 ന് രാത്രി 8.45 നു പവലിയന്‍ വേദിയില്‍ കേള്‍ക്കാം. സംഗീത സംവിധാകനും ഗായകനും മലയാളത്തില്‍ റോക്ക് ബാന്‍ഡിന് തുടക്കമിട്ടവരില്‍ പ്രധാനിയുമായിരുന്നു ജോണ്‍ പി. വര്‍ക്കി. ഇറ്റ്‌ഫോക്കിന്റെ സഹൃദയ സാന്നിധ്യവുമായിരുന്ന ജോണ്‍ പി വര്‍ക്കിയുടെ ഓര്‍മക്കായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അവിയല്‍ ബാന്‍ഡും സമര്‍പ്പിക്കുന്ന സംഗീത ആദരവ് ഫെബ്രുവരി 10 നു വൈകുന്നേരം 5.30 ന് കെ.ടി മുഹമ്മദ് തിയറ്ററിന്റെ മുറ്റത്തു കേള്‍ക്കാം.

കേരള സംഗീത നാടക അക്കാദമി കേരള സാംസ്‌കാരിക വകുപ്പിന് വേണ്ടി നടത്തുന്ന പതിമൂന്നാമത് ഇറ്റ്‌ഫോക്ക് ഫെബ്രുവരി 5 മുതല്‍ 14 വരെ പത്തുദിവസള്‍ ഏഴോളം വേദികളിലായി നടക്കുന്നു. ഒന്നിക്കണം മാനവികത എന്ന മുഖ്യ പ്രമേയം ജനങ്ങളിലെത്തിക്കാനായി കേരള ലളിതകലാ അക്കാദമിയും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി നടത്തുന്ന തെരുവര ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു.

പതിമൂന്നാമത് ഇറ്റ്‌ഫോക്കിന്റെ ഭാഗമായി തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നടക്കുന്ന ഇന്റര്‍നാഷന്‍ ഫെസ്റ്റിവല്‍ ഓഫ് തിയറ്റര്‍ സ്‌കൂള്‍ ഫെബ്രുവരി ഒന്നിന് നടന്‍ നസറുദ്ദീൻ ഷാ ഉദ്ഘാടനം ചെയ്യും. ചരിത്രം ഇറ്റ്ഫോക്കിനെ തിരിഞ്ഞു നോക്കുമ്പോള്‍ കാണാം വലിയ ചിരികള്‍, സന്തോഷങ്ങള്‍, ഓര്‍മകള്‍, വേദനകള്‍. ഈ ഓര്‍മകള്‍ തന്നെയല്ലേ യഥാര്‍ഥത്തില്‍ തിയറ്റര്‍?

TAGS :