ശ്രീനിവാസൻ: തൂലികയെ പടവാളാക്കിയ നടൻ
“കഥ പറയുമ്പോൾ” രജനീകാന്തിന് കാണാനായി ഒരു ഷോ വെച്ചിരുന്നു. ആ സമയത്തു ശ്രീനിവാസനും സന്നിഹിതനായിരുന്നു. ചിത്രം കണ്ടിറങ്ങിയപ്പോൾ രജനീകാന്ത്, ശ്രീനിവാസനോട് പറഞ്ഞു. “ നിങ്ങൾ ഇത്ര വലിയൊരു എഴുത്തുകാരനാകുമെന്ന് ഞാൻ കരുതിയില്ല. ഉടനെ വന്നു ശ്രീനിവാസന്റെ മറുപടി- “നിങ്ങൾ ഇത്ര വലിയ താരം ആകുമെന്ന് ഞാനും കരുതിയില്ല”

മദിരാശിയിലെ SIFCC ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആക്റ്റിംഗിലെ എന്റെ ഒരു വര്ഷം ജൂനിയർ ആയിരുന്ന, പ്രതിഭാശാലിയായ സുഹൃത്ത് ശ്രീനിവാസൻ യാത്രയായി. ഞാനും, രജനീകാന്തും, ശ്രീനിവാസനും, ശ്രീനാഥും, ചിരഞ്ജീവിയുമൊക്കെ പഠിച്ച ആ ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ നിലവിലില്ല. ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിന്റെ സിരാകേന്ദ്രമായ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ആണ് 1972 ൽ ഈ ഇൻസ്റ്റിറ്റിയൂട്ട് സ്ഥാപിച്ചത്. അതിനു എത്രയോ വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ,തമിഴ്‌നാട് സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അടയാർ ഫിലിം ഇൻസ്റ്റിറ്റിയൂട് ( Institute of Film Technology ) നിരവധി സാങ്കേതിക പ്രവർത്തകരെ ദക്ഷിണേന്ത്യൻ സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ടെങ്കിലും, അവിടെ നിന്ന് അതുവരെ അഭിനയ രംഗത്തേക്ക് കാര്യമായ ഒരു സംഭവനയുമുണ്ടായില്ല. അതാണ് ഫിലിം ചേംബറിനെ ഇത്തരം ഒരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്. ബി.നാഗി റെഡ്‌ഡി, ഡി.വി.എസ്.രാജു, തുടങ്ങിയ പ്രമുഖ തെലുങ്ക് നിർമ്മാതാക്കളാണ് ഇതിനു മുൻകൈ എടുത്തത്. എന്റെ സഹപാഠി ആയിരുന്ന രജനീകാന്ത്, 1975 ൽ പുറത്തിറങ്ങി താരമായതോടെ, ആ സ്ഥാപനത്തിലേക്ക്, നാലു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ വൻ പ്രവാഹമായിരുന്നു. ഫിലിം ചേംബറിന്റെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് വളർന്ന ഈ സ്ഥാപനം, സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തയ്യാറാവുകയും, അടയാറിലെ Institute of Film Technology, 2002 ൽ M.G.R. Government Film and Television Institute എന്ന പേരിൽ പുനർനാമകരണം ചെയ്ത്, അതിൽ ലയിപ്പിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഇപ്പോൾ ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ച് എഴുതുമ്പോൾ, ധ്യമങ്ങൾ അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട് എന്നാണ് എഴുതുന്നത്.
ശ്രീനിവാസനെയും രജനീകാന്തിനെയും കുറിച്ചൊക്കെ ഞാൻ മുൻ അധ്യായങ്ങളിൽ എഴുതിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ,സുന്ദരന്മാരും ആജാനുബാഹുക്കളുമായ ചില സഹവിദ്യാര്ഥികളുടെ പരിഹാസത്തിനു പാത്രമായ ശ്രീനിവാസൻ, ഒരിക്കലും അഭിനയിക്കാൻ അവസരങ്ങൾ തേടി ജീവിതം പാഴാക്കിയില്ല. ഭാവനാ സമ്പന്നനും പ്രതിഭാശാലിയുമായ ശ്രീനിവാസൻ, തൂലികയെ ത പടവാളാക്കി. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ ജീവിതത്തെ അദ്ദേഹം ആക്ഷേപ ഹാസ്യത്തിലൂടെ വിമര്ശനവിധേയമാക്കി. പ്രേക്ഷകർ കണ്ടു ശീലിച്ച സിനിമയുടെ നായക സങ്കല്പങ്ങൾക്ക് വിപരീതമായി തന്റെ പോരായ്മകളെ അദ്ദേഹം സ്വയം കളിയാക്കി. ആ പ്രക്രിയയിൽ അദ്ദേഹം, താരങ്ങളുടെ പൊങ്ങച്ചങ്ങളെയും ജാഡകളെയും ഒക്കെ പരിഹസിക്കുകയായിരുന്നു.
“ഉദയനാണു താരം” എന്ന സിനിമയിൽ, ഒരു സിനിമ ചെയ്യാൻ വേണ്ടി കഷ്ടപ്പെടുന്ന,പ്രതിഭാശാലിയായ ഒരു നവാഗത തിരക്കഥാകൃത്തും സംവിധായകനുമായ ഉദയൻ വാസ്തവത്തിൽ, ശ്രീനിവാസൻ തന്നെയാണ്. പക്ഷെ ആ വേഷം അദ്ദേഹം മോഹന്ലാലിനു കൊടുക്കുകയും, മണ്ടനും പൊങ്ങച്ചക്കാരനുമായ നായകന്റെ വേഷം സ്വയം ചെയ്യുകയുമാണ് ചെയ്തത്. ഇത്രയും സമർത്ഥവും വ്യംഗവുമായി യാഥാർഥ്യങ്ങളുടെ നേരെ കണ്ണാടി പിടിക്കാൻ മറ്റാർക്കാണ് കഴിയുക ?
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങിയ ഉടനെ താരമായി തീർന്ന രജനീകാന്തിനെയും, ദാരിദ്ര്യത്തിൽ അമർന്ന ചില സഹപാടികളെയും മനസ്സിൽ കണ്ടുകൊണ്ടാണ് ശ്രീനിവാസൻ “കഥ പറയുമ്പോൾ” എന്ന സിനിമ എഴുതിയത്. മലയാളത്തിൽ വൻ ഹിറ്റായ ഈ ചിത്രം പല അന്യഭാഷകളിലേക്കും പുനർ നിർമ്മിക്കപ്പെട്ടു. തമിഴിൽ ആ വേഷം ചെയ്യാൻ കരാർ ചെയ്യപ്പെട്ടത് രജനീകാന്ത് തന്നെ ആയിരുന്നു. നിർമ്മാണഘട്ടത്തിനു മുൻപായി “കഥ പറയുമ്പോൾ” രജനീകാന്തിന് കാണാനായി ഒരു ഷോ വെച്ചിരുന്നു. ആ സമയത്തു ശ്രീനിവാസനും സന്നിഹിതനായിരുന്നു. ചിത്രം കണ്ടിറങ്ങിയപ്പോൾ രജനീകാന്ത്, ശ്രീനിവാസനോട് പറഞ്ഞു
“ നിങ്ങൾ ഇത്ര വലിയൊരു എഴുത്തുകാരനാകുമെന്ന് ഞാൻ കരുതിയില്ല”
ഉടനെ വന്നു ശ്രീനിവാസന്റെ മറുപടി- “നിങ്ങൾ ഇത്ര വലിയ താരം ആകുമെന്ന് ഞാനും കരുതിയില്ല”
വാസ്തവത്തിൽ , ഈവ രണ്ടുപേരുടെയും ഉയർച്ച ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാടികളെയും അധ്യാപകരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
കാലത്തിനു മുൻപേ സഞ്ചരിച്ച “സന്ദേശം” എന്ന സിനിമ, രാഷ്ട്രീയക്കാരുടെ പൊള്ളയായ രാഷ്ട്രീയ വാചാടോപങ്ങളും, അധികാരത്തിനു വേണ്ടി അവർ നടത്തുന്ന മ്ലേച്ഛമായ പ്രവൃത്തികളും തുറന്നു കാട്ടി. ശ്രീനിവാസൻ 34 വര്ഷങ്ങള്ക്കു മുൻപ് നൽകിയ “സന്ദേശം” ഇന്ന് നമ്മൾ രാഷ്ട്രീയ മണ്ഡലത്തിൽ നേരിട്ട് കണ്ടറിയുന്നു, ശ്രീനിവാസൻ സൃഷ്ടിച്ച രാഷ്ട്രീയ കോമാളികളെ ഇന്ന് നമ്മൾ രാഷ്ട്രീയ മണ്ഡലത്തിൽ തിരിച്ചറിയുന്നു.
1988 ൽ ഇറങ്ങിയ “വെള്ളാനകളുടെ നാട്” സർക്കാർ ഉദ്യോഗസ്ഥ തലത്തിലെ അഴിമതികൾ തുറന്നു കാട്ടി. അങ്ങിനെ ശ്രീനിവാസൻ എഴുതിയ ഒരോ സിനിമയും സമൂഹത്തിലെ വിവിധ മേഖലകളിൽ നടക്കുന്ന അനീതികളെയും അഴിമതികളെയും കുറിച്ച് ഹാസ്യരൂപേണ നമ്മെ ബോധവാന്മാരാക്കി.
ആ പ്രതിഭയുടെ സിനിമാ പ്രവേശനത്തിന് ഞാൻ ഒരു നിമിത്തമായി എന്നതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്. പി.എ.ബക്കറിന്റെ “മണിമുഴക്കം’ എന്ന സിനിമയിൽ അനാഥാലയത്തിലെ അന്തേവാസികളിൽ ഒരാളായി അഭിനയിക്കാൻ, ബക്കറിന്റെയും , നിർമ്മാതാവായ കാർട്ടൂണിസ്റ്റ് തോമസിന്റെയും സുഹൃത്തായ മൂവീ ബഷീർ തന്റെ ബന്ധുവായ മമ്മൂട്ടിയെ ശുപാർശ ചെയ്തു. എന്നാൽ ‘ദാരിദ്ര്യ ലുക്ക്’ ഇല്ല എന്ന കാരണത്താൽ മമ്മൂട്ടിയെ ബക്കർ പരിഗണിച്ചില്ല. അപ്പോഴാണ് ഞാൻ ശ്രീനിവാസൻറെ പേര് നിർദേശിക്കുന്നത്. ശ്രീനിവാസനെ കണ്ടമാത്രയിൽ ബക്കർ പറഞ്ഞു’
“ഇതാണെന്റെ കഥാപാത്രം”
പിന്നീട് അതേ സിനിമയിൽ നായകനായ ഹരിയുടെ ഹോസ്റ്റൽ റൂം മേറ്റ് ആയി അഭിനയിക്കാൻ സുന്ദരനായ ഒരു യുവാവിനെ അന്വേഷിച്ചപ്പോൾ, മൂവി ബഷീർ ആ വേഷമെങ്കിലും മമ്മുട്ടിക്ക് കൊടുക്കണമെന്ന് പറഞ്ഞു. എന്നാൽ നിർമ്മാതാവ് കാർട്ടൂണിസ്റ്റ് തോമസിന്റെ ചില പരസ്യങ്ങളിൽ മോഡൽ ആയിരുന്ന വെളുത്തു സുന്ദരനായ നിഷാദ് പട്ടേലിനെയെയാണ്, തോമാച്ചൻ നിർദേശിച്ചത്.
(പരുക്കൻ ലുക്ക്” ഇല്ലാത്തതുകൊണ്ട് മമ്മൂട്ടിക്ക് ബക്കറിന്റെ “ചാരം” എന്ന സിനിമയിലും അവസരം കിട്ടിയില്ല.)
ഞാനും ശ്രീനിവാസനും ഒന്നിച്ച് പ്രവർത്തിച്ച സിനിമകൾ “മണിമുഴക്കം”, “സംഘഗാനം”, “അസ്തി” എന്നിവയായിരുന്നു. ഇവയെല്ലാം തന്നെ ശ്രീനിവാസന്റെ ആദ്യ കാല സിനിമകൾ ആയിരുന്നു. അതിനു ശേഷം, അദ്ദേഹം മലയാള സിനിമയിൽ കൊടുമുടികൾ കീഴടക്കി. പിന്നീട് ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ അപൂർവമായി.
1997 ൽ, എന്റെ ഒരു വിദ്യാർത്ഥി, ഒരു സിനിമ നിർമിക്കാൻ തയ്യാറായി. ശ്രീനിവാസനെക്കൊണ്ട് തിരക്കഥ എഴുതിപ്പിക്കാം എന്ന് ഞാൻ പറഞ്ഞു. അങ്ങിനെ ശ്രീനിവാസനുമായി ബന്ധപ്പെടുകയും, അദ്ദേഹം എറണാകുളത്തു വന്നു ഞങ്ങൾ കുറെ ദിവസം ഒന്നിച്ചും താമസിച്ചു , പല കഥകളും ആലോചിക്കുകയു൦ ചെയ്തു . അപ്പോൾ ലാൽ ജോസ് തന്റെ ആദ്യ സിനിമയുടെ കഥയ്ക്കായി ശ്രീനിവാസന്റെ പുറകെ നടക്കുകയായിരുന്നു. ക്രമേണ ശ്രീനിവാസൻ പൂർണ്ണമായും “ഒരു മറവത്തൂർ കനവ്” എന്ന ലാൽ ജോസിന്റെ സിനിമയുടെ രചനയിൽ മുഴുകുകയും, അത് കഴിഞ്ഞു വളരെ തിരക്കിൽ ആവുകയും ചെയ്തതോടെ എന്റെ സിനിമ പ്രൊജക്റ്റ് ഉപേക്ഷിച്ചു. അങ്ങിനെ ശ്രീനിവാസന്റെ രചനയിൽ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള മോഹം പൊലിഞ്ഞു.
പിന്നെ ഞങ്ങൾ വീണ്ടും കണ്ടുമുട്ടുന്നത്, 2015 ൽ ഖത്തറിൽ വെച്ചാണ്. അവിടത്തെ മലയാളി കൂട്ടായ്മയായ ഫ്രണ്ട്‌സ് കൾച്ചറൽ സെന്ററിന്റെ പതിനഞ്ചാം വാര്ഷികാഘോഷങ്ങളിൽ പങ്കെടുക്കാനാണു ഞാനും ശ്രീനിവാസനും കെ.ഇ.എന്നും എത്തിയത്. അവിടെ ഒന്നാം ദിവസത്തെ പത്രസമ്മേളനത്തിലും ഉത്ഘാടന സമ്മേളനത്തിലും ഞങ്ങൾ ഒന്നിച്ചു പങ്കെടുത്തു. അതുകഴിഞ്ഞു ചില വിരുന്നു സൽക്കാരങ്ങളിലും പങ്കെടുത്തതിന് ശേഷം ഞങ്ങൾ വെവ്വേറെ പരിപാടികളിലേക്ക് തിരിഞ്ഞു.
കെ.ഇ.എന്നും ശ്രീനിവാസനും മൂന്നു ദിവസങ്ങൾക്കു ശേഷം നാട്ടിലേക്കു തിരിച്ചെങ്കിലും , ഞാൻ അവിടെ ഫിലിം” വർക്ക് ഷോപ് “ നടത്താനായി കുറെ ദിവസങ്ങൾ കൂടി തങ്ങി.
നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം ഞങ്ങൾ പിന്നീട് കാണാനുള്ള അവസരങ്ങൾ കുറവായിരുന്നു. അതിനിടയ്ക്ക് അദ്ദേഹം അസുഖ ബാധിതനായി, വീട്ടിൽ വിശ്രമിക്കുമ്പോൾ, എന്റെ മറ്റൊരു സഹപാഠിയായ ജെയിംസും ഞാനും കൂടി ശ്രീനിവാസനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. രോഗത്തിന്റെ അവശതകൾ ഉണ്ടായിരുന്നെങ്കിലും,അന്നും അദ്ദേഹം ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ട് കാലത്തെക്കുറിച്ചു വാചാലനായി. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള അവാസനത്തെ കൂടിക്കാഴ്ച. ഭരതനെപോലെ, ലോഹിതദാസിനെപോലെ , സിനിമയ്ക്ക് അപൂർവമായി മാത്രം ലഭിക്കുന്ന അതുല്യ പ്രതിഭകളിൽ ഒരാൾ ആയിരുന്നു ശ്രീനിവാസൻ. കാലത്തിനു മുൻപേ സഞ്ചരിച്ച ആ കലാകാരന്റെ ജീവിത നിരീക്ഷണങ്ങൾ പലതും യാഥാർഥ്യമായി പുലരുന്നത് കാലം നമുക്ക് വേണ്ടി കത്ത് വെച്ചിരിക്കുന്ന ചില വിസ്മയങ്ങളാണ്.
