Quantcast
MediaOne Logo

തൗഫീഖ് അസ്‌ലം

Published: 31 July 2022 2:10 PM GMT

'ഉസ്താദ്' ഒരു കടങ്കഥയല്ല

'വിചാരണ പൂര്‍ത്തിയായ കേസിലാണ് പുതിയ തെളിവുകളുമായി കര്‍ണ്ണാടക സര്‍ക്കാറിന്റെ വരവ്. തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ കുറ്റപത്രം നല്‍കിയ സമയത്ത് ഹാജരാക്കണമായിരുന്നു. പുതിയ തെളിവുകള്‍ ഇനി പരിഗണിക്കുന്നതോടെ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരും. ഇത് വിചാരണ അനന്തമായി നീളുന്നതിന് കാരണമാകും'

ഉസ്താദ് ഒരു കടങ്കഥയല്ല
X
Listen to this Article

''ഒരുപക്ഷെ, ഞാന്‍ ഈ പോകുന്ന പോക്ക് എന്നെ സംബന്ധിച്ചിടുത്തോളം തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ അല്ല. കാരണം, എന്നെ തിരിച്ചു വിടാന്‍ വേണ്ടിയല്ല ഈ കുരുക്കുകള്‍ എല്ലാം ഇത്ര കൃത്യമായി ഒപ്പിച്ചത്, എന്നെ തകര്‍ക്കാന്‍ വേണ്ടിയാണ് ഈ കുരുക്കുകള്‍ എല്ലാം'' കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പ്രിയ നേതാവിനെ കാണാന്‍ അന്‍വാര്‍ശ്ശേരിയില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് ആളുകളോട് ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു അബ്ദുള്‍ നാസര്‍ മഅ്ദനി ബംഗളുരു ജയിലിലേക്ക് പോയത്. മഅ്ദനിയുടെ ആശങ്കകള്‍ എത്ര ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയാണ്...

തീരാപകയുടെ ജീവിക്കുന്ന ഇര

തീരാത്ത പകയുമായി ഒരുമനുഷ്യന്റെ പിന്നാലെയുള്ള ഭരണകൂടത്തിന്റെ ഈ ഓട്ടം എന്നവസാനിക്കുമെന്ന് ആര്‍ക്കുമറിയില്ല. ചെയ്യാത്ത തെറ്റിന്റെ പേരില്‍ നീണ്ട ഒമ്പതര വര്‍ഷം കാരാഗ്രഹവാസം. ശേഷം നിരപരാധിയെന്ന് കണ്ട് കോടതി കുറ്റവിമുക്തനാക്കുന്നു. മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ വീണ്ടും പുതിയൊരു കേസ്. പിന്നാലെ വീണ്ടും ജയില്‍ വാസം. കഴിഞ്ഞ 12 വര്‍ഷമായി ആ മനുഷ്യന്‍ തടങ്കലിലാണ്. സാക്ഷിമൊഴികള്‍ തട്ടിക്കൂട്ടിയതാണെന്നടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടും അദ്ദേഹത്തിന് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. അതും ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത്.

കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞതിനേക്കാള്‍ ഇരട്ടിയായിരിക്കുന്നു ബംഗളുരു സ്‌ഫോടനകേസില്‍ വിചാര തടവുകാരനായി അബ്ദുന്നാസര്‍ മഅ്ദനിയുടെ ജയില്‍ ജീവിതം. രണ്ടു കേസുംകൂടി ജയില്‍ ജീവിതം രണ്ടു ദശകത്തിലെത്തുന്നു. ഏറ്റവും ഒടുവില്‍ കേസിലെ വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോളാണ് പുതിയ തെളിവുകള്‍ ഉണ്ടെന്ന വാദവുമായി കര്‍ണ്ണാടക സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. വിചാരണ നടപടിക്രമങ്ങള്‍ അനന്തമായി നീട്ടാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.


പുതിയ തെളിവുകള്‍ പരിഗണിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ സ്റ്റേ. ഫോണ്‍ റെക്കോര്‍ഡിംഗ് അടക്കം പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി അബ്ദുന്നാസര്‍ മഅ്ദനി, തടിയന്റവിട നസീര്‍ ഉള്‍പ്പടെ 21 പ്രതികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

അബ്ദുന്നാസറില്‍ നിന്ന് മഅ്ദനിയിലേക്ക്

കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയിലെ തോട്ടുവാല്‍ മന്‍സിലില്‍ അബ്ദുസമദ് മാസ്റ്ററുടെയും അസ്മാബീവിയുടെയും മകനായി 1966 ജനുവരി 18 നാണ് അബ്ദുന്നാസറിന്റെ ജനനം. ഇപ്പോള്‍ പ്രായം 56. വേങ്ങ വി.എം.എല്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂള്‍ പഠനകാലത്ത് തന്നെ പ്രസംഗ കലയില്‍ മികവ് തെളിച്ച് കൈയടി നേടി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താലൂക്കാടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ച് ജില്ലാ കളക്ടറുടെ കൈയില്‍ നിന്ന് സമ്മാനം വാങ്ങുന്നത്. പിന്നീട് അങ്ങോട്ട് പ്രസംഗത്തോട് അടങ്ങാത്ത സ്‌നേഹമായിരുന്നു. ബന്ധുക്കളും നാട്ടുകാരുമെല്ലാം പ്രസംഗം നടക്കുന്നിടത്ത് തടിച്ചുകൂടും.


സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കൊല്ലൂര്‍വിള മഅ്ദനുല്‍ ഉലൂം അറബി കോളജില്‍ നിന്നും 'മഅ്ദനി' ബിരുദം നേടി. പതിനേഴാം വയസ്സില്‍ തന്നെ അറിയപ്പെടുന്ന ഒരു മതപ്രഭാഷകനായി അബ്ദുന്നാസര്‍ മഅ്ദനി വളര്‍ന്നു. പില്‍ക്കാലത്ത് മൈനാഗപ്പള്ളിയിലെ അന്‍വാര്‍ശേരി യത്തീംഖാനയുടെ ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം ഏറ്റെടുത്തു. അവിടെത്തെ സാധാരണക്കാരുടെ മക്കളുടെ ഉസ്താദ് ആയി അബ്ദുന്നാസര്‍ മദനി മാറി.

രാഷ്ട്രീയത്തിലേക്ക്

1989ല്‍ ഇസ്ലാമിക് സേവക് സംഘ് (ഐ.എസ്.എസ്) രൂപവത്കരിച്ചു. കേരളമെങ്ങും ചുറ്റി സഞ്ചരിച്ച് പ്രഭാഷണം നടത്തിയ മഅ്ദനിക്ക് പിന്തുണയേറി. ഒപ്പം ഐ.എസ്.എസില്‍ അംഗങ്ങളും. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഐ.എസ്.എസ് നിരോധിക്കുകയും മഅ്ദനി അറസ്റ്റിലാവുകയും ചെയ്തു. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ മഅ്ദനി 1993 ഏപ്രില്‍ 14 ന് അംബേദ്കര്‍ ജന്മദിനത്തില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) എന്ന രാഷ്ട്രീയകക്ഷിക്ക് രൂപം നല്‍കി. 'അവര്‍ണ്ണന് അധികാരം പീഡിതര്‍ക്ക് മോചനം' എന്നായിരുന്നു പി.ഡി.പി യുടെ മുദ്രാവാക്യം.


ഗുരുവായൂര്‍, തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പുകളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ കഴിഞ്ഞതോടെ പി.ഡി.പി കേരള രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി അബ്ദുന്നാസര്‍ മഅ്ദനി പ്രചാരണം നടത്തി.


കോയമ്പത്തൂര്‍ സ്‌ഫോടന കേസ്

58 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമായിരുന്നു 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനം. കേരള രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും മഅ്ദനി നിര്‍ണായക സാന്നിധ്യമാകുന്ന കാലഘട്ടത്തിലാണ് കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നത്. 1992ല്‍ കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സാമുദായിക സ്പര്‍ധ വളര്‍ത്തിയെന്ന് ആരോപിക്കപ്പെട്ട് 1998 മാര്‍ച്ച് 31ന് എറണാകുളത്ത് കലൂരിലെ വസതിയില്‍നിന്ന് മഅ്ദനിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം കണ്ണൂര്‍ ജയിലിലടച്ച മഅ്ദനിയെ ഏപ്രില്‍ നാലിന് കോയമ്പത്തൂര്‍ പൊലീസിന് കൈമാറി. മഅ്ദനിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചശേഷം ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. സ്‌ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തു. ഇതോടെ കോയമ്പത്തൂരില്‍ നിന്നും മഅ്ദനി സേലം സെന്‍ട്രല്‍ ജയിലിലേക്ക്.


ജാമ്യത്തിനായി നിരവധി തവണ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയും തള്ളി. വിചാരണ നടത്തി കേസ് തീര്‍പ്പാക്കാനാണ് സുപ്രീം കോടതി സെഷന്‍സ് കോടതിക്ക് നല്‍കിയ നിര്‍ദ്ദേശം. 16,683 പേജുള്ള തമിഴിലുള്ള കുറ്റപത്രം മലയാളത്തിലാക്കി നല്‍കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. 2500 സാക്ഷികളുള്ള കേസിന്റെ വിചാരണ മന്ദഗതിയിലാണ് നീങ്ങിയത്. ഒന്‍പത് വര്‍ഷത്തെ വിചാരണ നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2007 ആഗസ്റ്റ് 1ന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി മഅ്ദനിയെ വിട്ടയച്ചു.

കര്‍ണാടക പൊലീസിന്റെ കെട്ടുകഥ

2007 ആഗസ്റ്റ് ഒന്നിനാണ് കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അബ്ദുന്നാസര്‍ മഅ്ദനി മോചിതനാവുന്നത്. ഇതിനുശേഷം കേരളത്തില്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ ബി കാറ്റഗറി സുരക്ഷ അടക്കം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, 2008ല്‍ ബംഗളൂരു നഗരത്തിലെ ഒമ്പതിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ആഗസ്റ്റ് 17ന് കൊല്ലം കരുനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍നിന്ന് കര്‍ണാടക പൊലീസിലെ പ്രത്യേകാന്വേഷണ സംഘം മഅ്ദനിയെ അറസ്റ്റ് ചെയ്തു. ലഷ്‌കറെ ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറുമായി കുടകിലും എറണാകുളത്തുമായി നടന്ന ഗൂഢാലോചനയില്‍ അദ്ദേഹം പങ്കാളിയാണെന്നാണ് ആരോപണം. ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞ 12 വര്‍ഷമായിട്ടും പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് മാത്രമല്ല; കെട്ടിച്ചമച്ചുണ്ടാക്കിയ തെളിവുകള്‍ കോടതിയില്‍ തിരിച്ചടിയാവുകയും ചെയ്തു.


വിചാരണ പൂര്‍ത്തിയായ കേസിലാണ് പുതിയ തെളിവുകലുമായി കര്‍ണ്ണാടക സര്‍ക്കാറിന്റെ വരവ്. തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ കുറ്റപത്രം നല്‍കിയ സമയത്ത് ഹാജരാക്കണമായിരുന്നു. പുതിയ തെളിവുകള്‍ ഇനി പരിഗണിക്കാന്‍ അനുവദിച്ചാല്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരും. പുതിയ തെളിവുകള്‍ പരിഗണിക്കുന്നത് വിചാരണ അനന്തമായി നീളുന്നതിന് കാരണമാകുകയും ചെയ്യും.

(തുടരും)

TAGS :