Quantcast
MediaOne Logo

ഷബീർ പാലോട്

Published: 3 Sep 2024 11:23 AM GMT

കേരള പൊലീസിലെ 'അലോന്‍സോ ഹാരിസുമാര്‍' - ട്രെയിനിങ് ഡെ സിനിമയുടെ പുനര്‍വായന

കുറേക്കാലം അധികാരം ഉപയോഗിച്ച് തഴക്കംവരുമ്പോഴാണ് പൊലീസ് ക്രിമിനലുകള്‍ രൂപംകൊള്ളുന്നത്. ചെറുതില്‍ തുടങ്ങി വലിയ പാതകങ്ങളിലേക്ക് അവര്‍ കടക്കും. അധികാരസ്ഥാപനങ്ങളേയും അധികാരികളേയും താലോലിച്ചവര്‍ മുന്നേറും. അതിന്റെ അവസാനം എന്തും ചെയ്യാവുന്ന ഉപജാപകരായി മാറുമിവര്‍.

കേരള പൊലീസിലെ അലോന്‍സോ ഹാരിസുമാര്‍ - ട്രെയിനിങ് ഡെ സിനിമയുടെ പുനര്‍വായന
X

പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിവിട്ട ആരോപണങ്ങളുടെ കൗതുകത്തിലാണല്ലോ മലയാളി ഇപ്പോഴുള്ളത്. അന്‍വറിനെപ്പോലെ കളങ്കിതനും ആരോപണ വിധേയനുമായൊരു രാഷ്ട്രീയക്കാരന്‍ തിരഞ്ഞുനോക്കിയെടുത്ത ചില ആരോപണങ്ങള്‍ പുറത്തുവിടുമ്പോള്‍ തീര്‍ച്ചയായും അത് ആകര്‍ഷകമാണ്. എംഎല്‍എ പറയുന്നതനുസരിച്ച് ഒരുപാടുനാളത്തെ അകംപോരുകള്‍ക്ക് ശേഷമാണിപ്പോള്‍ കലാപശ്രമം പുറത്തേക്ക് കടന്നിരിക്കുന്നത്. സംവിധാനങ്ങളോട് പൊരുതി തോറ്റപ്പോള്‍ ചാവേറാകാന്‍ ഇറങ്ങി എന്നാണദ്ദേഹത്തിന്റെ അവകാശവാദം.

അന്‍വറിന്റെ പരിണാമം

അന്‍വറിന്റെ ഇപ്പോഴത്തെ പരിണാമം രസാവഹമാണ്. മാധ്യമങ്ങള്‍ക്കെതിരേ യുദ്ധവും പരിഹാസവുമായി നടന്നിരുന്ന പി.വി അന്‍വര്‍ തന്റെ പോരാട്ടത്തിന് ആശ്രയിക്കുന്നത് അതേ മാധ്യമങ്ങളെത്തന്നെയാണ്. 'മാപ്രകള്‍' അത്ര മോശമല്ല എന്ന് എംഎല്‍എക്ക് ഇതിനകം മനസിലായിട്ടുണ്ടാകും. കാര്യമെന്തായാലും കുറ്റവും ശിക്ഷയും അടങ്ങുന്ന ലോകത്തിനെക്കുറിച്ച് അത്ര അജ്ഞനല്ല അന്‍വര്‍ എന്നതാണ് പ്രധാനം. അയാള്‍ പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടാകുന്നത് അതുകൊണ്ടാണ്. മറ്റൊരു പ്രധാനകാര്യം അന്‍വര്‍ നാട് ഭരിക്കുന്നവരുടെ കൂടെയുള്ളയാളാണ് എന്നതാണ്. ഭരണപക്ഷത്ത് വിശിഷ്ട പദവിയുള്ളയാളാണ് ഈ 'സ്വതന്ത്ര' എംഎല്‍എ. മുഖ്യമന്ത്രിയെ തന്റെ സംഭാഷണങ്ങളില്‍ അടിക്കടി പുകഴ്ത്തുന്നയാളാണ് അന്‍വര്‍ എന്നതും കാണാതിരുന്നുകൂട. അത്രയും സ്വാധീനമുള്ള ഒരു ജനപ്രതിനിധി നിസ്സഹായനായിപോകുന്ന തരത്തില്‍ ശക്തമായൊരു നിയമപാലക മാഫിയ കേരളത്തിലുണ്ട് എന്നത് നിസാരമായൊരു അറിവല്ല.

പ്രശ്‌നം നിസാരം

അന്‍വറിന്റെ പ്രശ്‌നം നിസാരമാണ്. തന്നെ അനുസരിക്കുന്ന, ബഹുമാനിക്കുന്ന പൊലീസല്ല തന്റെ നാട്ടിലുള്ളത് എന്നാണയാളുടെ വിലാപം. മറ്റുചില നാടുകളില്‍ 'പാര്‍ട്ടിയെ' അക്ഷരംപ്രതി അനുസരിക്കുന്ന പൊലീസുണ്ട് എന്നതും അദ്ദേഹത്തെ കുണ്ഠിതപ്പെടുത്തുന്നുണ്ട്. കേള്‍ക്കുന്നവര്‍ക്ക് നിസാരമെന്ന് തോന്നുന്ന ഈ പ്രശ്‌നത്തിന് അന്‍വര്‍ കണ്ട പരിഹാരം കുറച്ച് വലുതാണ്. കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള പൊലീസ് സചിവനെത്തന്നെയാണ് അയാള്‍ ലക്ഷ്യംവച്ചത്. അയാളുടെ ശിങ്കിടിയുമായാണ് തന്റെ പ്രശ്‌നമെന്നതാണ് പ്രധാനിയെ പിടികൂടാനുള്ള കാരണം. എന്നാലീ പ്രധാന സചിവന്‍ വന്ന് നില്‍ക്കുന്നത് രാജ്യത്തെ രാജാവിന്റെ ദര്‍ബാറിലാണെന്നത് അന്‍വര്‍ മനഃപൂര്‍വം വിസ്മരിക്കുകയാണ്. രസകരമായൊരു ചങ്ങല ബന്ധം ഇതിലുണ്ട്.


അന്‍വറിന്റെ പ്രശ്‌നം ചെറുതാണെങ്കിലും അയാള്‍ അതിന്റെ സാന്ദ്രത നന്നായി ഉയര്‍ത്തിയിട്ടുണ്ട്. തന്നെ അനുസരിക്കാത്ത നാട്ടിലെ എസ്പിയില്‍നിന്ന് എഡിജിപിയിലേക്കും അവിടെ നിന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്കും കാര്യങ്ങള്‍ അന്‍വര്‍ വികസിപ്പിച്ചിട്ടുണ്ട്. എന്തായാലും ഈ ചക്കളത്തിപ്പോരിന്റെ നന്മ കുറച്ചൊക്കെ നാട്ടുകാര്‍ക്ക് കിട്ടിയിട്ടുണ്ട്. അല്‍പ്പം വൈകിയാണെങ്കിലും പൊലീസിലെ ക്രിമിനലുകളില്‍ ചിലരെ തിരിച്ചറിയാന്‍ ജനത്തിനായി.

ഭൂരിപക്ഷ വര്‍ഗീയതയുടെ വിളിനിലം

ഭൂരിപക്ഷ വര്‍ഗീയതയുടെ വിളിനിലമാണ് എന്നും ഇന്ത്യന്‍ പൊലീസ്. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേ തിരിച്ചുവച്ചതാണ് അതിന്റെ റഡാറുകള്‍. കേരളവും അതില്‍നിന്ന് ഒട്ടും ഭിന്നമല്ല എന്നത് ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുകയാണ് പുതിയ വിവാദം. വര്‍ഗീയതയും ക്രിമിനലിസവും ആഴത്തില്‍ വേരിറങ്ങിയ പ്രവര്‍ത്തന മേഖലയാണ് പൊലീസ്.

ലോകത്തെ ഏതൊരു അവിശുദ്ധ പൊലീസുകാരനിലും ഒരു അലോന്‍സോ ഹാരിസിനെ കാണാനാകും. നിയമത്തിലുള്ള സ്വാധീനം കാരണം അഹംഭാവവും താന്‍പോരിമയും മുഖമുദ്രയാക്കിയവര്‍. വഴങ്ങാത്ത സഹപ്രവര്‍ത്തകരെപ്പോലും കൊല്ലാന്‍ കൊട്ടേഷന്‍ കൊടുക്കുന്നവര്‍. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്ന പേരില്‍ കോടതി ചമഞ്ഞ് ശിക്ഷ നടപ്പാക്കുന്നവര്‍. ഇങ്ങ് കേരളത്തില്‍ പി.വി അന്‍വര്‍ പറയുന്ന പൊലീസ് ലക്ഷണങ്ങളില്‍ നമ്മുക്കിതെല്ലാം കാണാനാകും. അങ്ങ് മുംബൈ പൊലീസിലും ഡല്‍ഹി പൊലീസിലും ഇത്തരക്കാരുണ്ട്. പേരുകള്‍ മാറുമ്പോഴും അവരുടെ ലക്ഷണങ്ങള്‍ ഒന്നായി തുടരും.

ലോക സിനിമയില്‍ പൊലീസ് ക്രിമിനലുകളുടെ ഒരു തലതൊട്ടപ്പനുണ്ട്. അയാളുടെ പേര് അലോന്‍സോ ഹാരിസ് എന്നാണ്. പൊലീസുകാരനാണോ ക്രിമിനലാണോ എന്ന് വേതിരിച്ചറിയാനാകാത്ത കൊടും വില്ലനാണയാള്‍. ലോകത്തെ എല്ലാ പൊലീസ് സേനകളിലും അലോന്‍സോ ഹാരിസുമാരുണ്ട്. കുറേക്കാലം അധികാരം ഉപയോഗിച്ച് തഴക്കംവരുമ്പോഴാണ് പൊലീസ് ക്രിമിനലുകള്‍ രൂപംകൊള്ളുന്നത്. ചെറുതില്‍ തുടങ്ങി വലിയ പാതകങ്ങളിലേക്ക് അവര്‍ കടക്കും. അധികാരസ്ഥാപനങ്ങളേയും അധികാരികളേയും താലോലിച്ചവര്‍ മുന്നേറും. അതിന്റെ അവസാനം എന്തും ചെയ്യാവുന്ന ഉപജാപകരായി മാറുമിവര്‍.

ട്രെയിനിങ് ഡേ എന്ന മാസ്റ്റര്‍പീസ്

2001ല്‍ പുറത്തിറങ്ങിയ ട്രെയിനിങ് ഡേ എന്ന സിനിമയിലാണ് അലോന്‍സോ ഹാരിസിനെ ലോകം കണ്ടത്. അന്റോയ്‌നെ ഫുക്കെ ആയിരുന്നു സംവിധായകന്‍. ആസ്വാദകരുടെ ഭാഗ്യമായിരിക്കാം അലോണ്‍സോ ഹാരിസായി സിനിമയില്‍ എത്തിയത് ഡെന്‍സല്‍ വാഷിങ്ടന്‍ എന്ന പ്രതിഭയും പ്രതിഭാസവുമാണ്. സമാനതകളില്ലാത്ത അദ്ദേഹത്തിന്റെ പകര്‍ന്നാട്ടത്തിന് ആ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. പ്രധാനമായും രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമയാണ് ട്രെയിനിങ് ഡേ. അലോണ്‍സോ ഹാരിസും ജേക് ഹോയിറ്റുമാണാ കഥാപാത്രങ്ങള്‍. ഏഥന്‍ ഹോക്ക് ആണ് ജേക് ഹോയിറ്റിനെ അവതരിപ്പിച്ചത്. അസാധാരണമാംവിധം ഒന്നിനോടൊന്ന് മത്സരിച്ചോടുന്ന കഥാപാത്രങ്ങളാണ് ഹാരിസും ഹോയിറ്റും. ഡെന്‍സല്‍ വാഷിങ്ടനും ഏഥര്‍ ഹോക്കും തമ്മില്‍ അഭിനയത്തില്‍ തീപാറുന്നൊരു മത്സരവും കാണാനാകും. സിനിമയിലെ അഭിനയത്തിന് ഏഥന്‍ ഹോക്കിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. എന്നാല്‍, പുരസ്‌കാരം ലഭിച്ചില്ല.

ഒറ്റദിവസത്തെ അത്ഭുതങ്ങള്‍

ട്രെയിനിങ് ഡേ പറയുന്നത് ഒരു ദിവസത്തെ കഥയാണ്. രാവിലെ തുടങ്ങുന്ന സിനിമ രാത്രിയില്‍ അവസാനിക്കുകയും ചെയ്യും. എല്‍എപിഡി അഥവാ ലോസ് ആഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിക്ക് എത്തുന്ന ജേക് ഹോയിറ്റിന്റെ കഥയാണ് സിനിമയിലേത്. ഒരുപാട് പ്രതീക്ഷകളുമായി, നാടും സമൂഹവും നന്നാക്കാനുള്ള ദൃഢനിശ്ചയവുമായാണ് ജേക് വരുന്നത്. അയാള്‍ക്ക് ഭാര്യയും ഒമ്പത് മാസം പ്രായമുള്ള കുട്ടിയുമാണുള്ളത്. എന്നാലയാളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള കാര്യങ്ങളാണ് ആ 24 മണിക്കൂറില്‍ നടക്കുന്നത്. നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റിലെ തന്റെ പരിശീലനത്തിനായി ജേക് എത്തുന്നത് അലോന്‍സോ ഹാരിസ് എന്ന സീനിയര്‍ ഓഫീസറിന് മുന്നിലാണ്.

ഒരു റസ്റ്ററന്റില്‍ കണ്ടുമുട്ടുന്ന അവര്‍ പിന്നീട് അലോന്‍സോയുടെ കാറില്‍ അതിശയകരമായൊരു യാത്ര തുടങ്ങുകയാണ്. അലോന്‍സോ ആകട്ടെ എന്തിനുംപോന്നൊരു ഒറ്റയാനാണ്. ലോസ് ആഞ്ചല്‍സിലെ എല്ലാത്തരം ഇരുണ്ട തെരുവുകളും അയാള്‍ക്ക് കൈവെള്ളയെന്നപോലെ പരിചിതമാണ്. അക്കാദമിയില്‍ പഠിച്ചതെല്ലാം മറക്കാനാണയാള്‍ ജേക്കിനോട് പറയുന്നത്. 'അറിഞ്ഞും കണ്ടും' നിന്നാല്‍ തിന്മകളുടെ ലോകത്ത് തങ്ങള്‍ക്ക് രാജാക്കന്മാരായി വിലസാമെന്നും അയാള്‍ അവനെ ബോധ്യപ്പെടുത്തുന്നു.

അലോന്‍സോയുടെ രീതികള്‍

നിയമപാലകനാണെങ്കിലും അലോന്‍സോ ഹാരിസ് ഒരു ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നത്. അയാള്‍ തെരുവുകളില്‍ നടക്കുന്നത് ഒരു രാജാവിനെപ്പോലെയാണ്. നാലുംകൂടിയ കവലകളില്‍ തന്റെ കാര്‍ നടുറോഡില്‍ നിര്‍ത്തിയിടാനും സഹപ്രവര്‍ത്തകന്റെ തലയിലേക്ക് തോക്ക് ചൂണ്ടാനും അയാള്‍ക്കൊരു മടിയുമില്ല. പിടിക്കപ്പെടുന്ന കുറ്റവാളികള്‍ക്കെതിരായി കേസെടുക്കാനും അയാള്‍ക്ക് താല്‍പര്യമില്ല. കുറ്റവാളികളെ ഭീഷണിപ്പെടുത്തി അവരെ കൊള്ളയടിക്കാനാണ് അയാള്‍ക്ക് താല്‍പര്യം. ഏതൊരു ക്രിമിനലിനോടും അലോണ്‍സോയുടെ ഒരേയൊരു ചോദ്യം 'വീട്ടില്‍ പോകണോ ജയിലില്‍ പോകണോ എന്നാണ്'. സ്വാഭാവികമായും വീട്ടില്‍ പോകണം എന്നായിരിക്കും അയാളുടെ ഉത്തരം. പിന്നീട് അലോന്‍സോ പറയുന്ന എന്തും അനുസരിക്കാനവര്‍ നിര്‍ബന്ധിതരാകും.


ലോകത്തെ ഏതൊരു അവിശുദ്ധ പൊലീസുകാരനിലും ഒരു അലോന്‍സോ ഹാരിസിനെ കാണാനാകും. നിയമത്തിലുള്ള സ്വാധീനം കാരണം അഹംഭാവവും താന്‍പോരിമയും മുഖമുദ്രയാക്കിയവര്‍. വഴങ്ങാത്ത സഹപ്രവര്‍ത്തകരെപ്പോലും കൊല്ലാന്‍ കൊട്ടേഷന്‍ കൊടുക്കുന്നവര്‍. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്ന പേരില്‍ കോടതി ചമഞ്ഞ് ശിക്ഷ നടപ്പാക്കുന്നവര്‍. ഇങ്ങ് കേരളത്തില്‍ പി.വി അന്‍വര്‍ പറയുന്ന പൊലീസ് ലക്ഷണങ്ങളില്‍ നമ്മുക്കിതെല്ലാം കാണാനാകും. അങ്ങ് മുംബൈ പൊലീസിലും ഡല്‍ഹി പൊലീസിലും ഇത്തരക്കാരുണ്ട്. പേരുകള്‍ മാറുമ്പോഴും അവരുടെ ലക്ഷണങ്ങള്‍ ഒന്നായി തുടരും.

അലോന്‍സോയുടെ കൗശലങ്ങള്‍

പതിയെ ചുരുളഴിയുന്ന കഥയാണ് ട്രെയിനിങ് ഡേയുടേത്. ഒറ്റക്കാഴ്ച്ചയില്‍ സിനിമയുടെ എല്ലാ അടരുകളും നമ്മുക്ക് മനസിലാകണമെന്നില്ല. അവസാനമെത്തിയിട്ട് ഒന്നുകൂടി കണ്ടാല്‍ ഒരുപക്ഷെ അലോന്‍സോ ഹാരിസിനെ കൂടുതല്‍ മനസിലാക്കാനാകും. തന്റെ ദീര്‍ഘകാല പദ്ധതിയാണ് അയാള്‍ നടപ്പാക്കുന്നത് എന്നറിയാന്‍ അതല്ലാതെ മറ്റ് വഴികളൊന്നുമില്ല.

പരിശീലന ദിവസത്തില്‍ അലോന്‍സോയുടേയും ജേക്കിന്റേയും ആദ്യ കൂട്ടിമുട്ടല്‍ കുറച്ച് കോളേജ് കുട്ടികളുമായിട്ടാണ്. നിലവാരം കുറഞ്ഞതും പഴകിയതുമായ മരിജ്വാന കയ്യില്‍വച്ചിരുന്ന അവരെ വളഞ്ഞിട്ട് പിടിക്കുയാണ് അലോന്‍സോയും ജേക്കും. കുട്ടികളെ ഒന്ന് ഭയപ്പെടുത്തി വിടുക മാത്രമാണ് അലോസോയുടെ ഉദ്ദേശം. പക്ഷെ, അവരുടെ കയ്യില്‍നിന്ന് മരിജ്വാനയും പൈപ്പും അലോന്‍സോ പടിച്ചെടുക്കുന്നു. തിരിച്ച് പോരുമ്പോള്‍ ജേക്കിനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് മരിജ്വാന വലിപ്പിക്കുകയാണ് അലോന്‍സോ. ആദ്യം നിരസിക്കുന്ന ജേക്ക് പരിശീലനത്തില്‍നിന്ന് പുറത്താക്കുമെന്ന ഭീഷണിക്കൊടുവിലാണ് മരിജ്വാന വലിക്കാന്‍ തയ്യാറാകുന്നത്. അലോന്‍സോയുടെ ഒരു പരീക്ഷണമാണത്. ജേക് തന്റെ പദ്ധതികള്‍ക്ക് പറ്റുന്ന ആളാണോ എന്നുള്ള പരീക്ഷണം.

തികഞ്ഞ കൗശലക്കാരനായാണ് അലോന്‍സോ ഹാരിസിനെ എഴുത്തുകാരന്‍ ഡേവിഡ് അയര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ചുറ്റുമുള്ളവരെ ക്രിത്രിമപ്പണികളിലൂടെ തനിക്ക് അനുകൂലമാക്കാന്‍ കഴിവുള്ളയാളാണ് ഹാരിസ്. അതിനായി അയാള്‍ പ്രശംസയും ഭീഷണിയും ഒരുപോലെ ഉപയോഗിക്കും. തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് അയാള്‍ അഴിമതിപ്പണത്തിന്റെ പങ്കും നല്‍കും. എന്നാല്‍, ഇടഞ്ഞാലോ സത്യം പറയുമെന്ന് സംശയം വന്നാലോ അയാള്‍ അവരെ തീര്‍ത്തിരിക്കും. പൊലീസ് ക്രിമിനലിസത്തില്‍ വംശശുദ്ധിയും വിശ്വസ്തതയും നിര്‍ബന്ധമാണെന്നാണിത് തെളിയിക്കുന്നത്.

അന്‍വറും അലോന്‍സോമാരും

പി.വി അന്‍വര്‍ വെളിപ്പെടുത്തുന്ന വിവരങ്ങള്‍വച്ച് കേരളത്തിലെ പൊലീസ് ക്രിമിനലുകളും പിന്‍തുടരുന്നത് അലോന്‍സോ ഹാരിസിന്റെ വഴികളാണ്. ചെറുകിട കുറ്റവാളികളാണ് അവരുടെ പ്രധാന ഇര. ഈ കുറ്റവാളികളെ നിയമത്തിന് ഏല്‍പ്പിച്ച് കൊടുക്കാനവര്‍ തയ്യാറല്ല. ഓരോ ഇടപാടിലും തങ്ങള്‍ക്ക് എന്ത് ലഭിക്കും എന്നതാണവരുടെ നോട്ടം. രഹസ്യമായി പിടിക്കുന്ന സ്വര്‍ണ്ണം പങ്കിട്ടെടുക്കുന്നതുമുതല്‍ ഭീഷണിപ്പെടുത്തി പണംവാങ്ങലും തട്ടിക്കൊണ്ട് പോകലും ക്വട്ടേഷന്‍ കൊടുക്കലും എല്ലാം ഇതില്‍ ഉള്‍പ്പെടും. ഇതിനെല്ലാം ഭംഗം വരാതിരിക്കാനായി രാഷ്ട്രീയ യജമാനന്മാരുടെ തിണ്ണ നിരങ്ങാനും ഇവര്‍ക്ക് മടിയൊന്നുമില്ല. രാജാവിനേക്കാള്‍ വലിയ രാജഭക്തിക്കാരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ടുതന്നെ ഇവരുടെ പദവിക്ക് കോട്ടമൊന്നും ഉണ്ടാകില്ല.

സിനിമയില്‍ അലോന്‍സോ ഹാരിസ് വെറുക്കപ്പെട്ടവനായി അവസാനിക്കുകയാണ്. അയാളെ വീഴ്ത്താന്‍ റഷ്യന്‍ മാഫിയ വരികയാണ്. അവരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അയാളുടെ മുന്നില്‍ വഴികളൊന്നുമില്ല. എല്ലാ ശക്തനും മുകളില്‍ ഒരു അതിശക്തനെ പടച്ചിട്ടുണ്ടെന്ന വാദം എത്ര ശരിയാണ്. അങ്ങിനെ അല്ലായിരുന്നെങ്കില്‍ ഈ ലോകം എത്രമേല്‍ അശാന്തവും അനീതി നിറഞ്ഞതും ആകുമായിരുന്നു. കുരുവിക്ക് മുകളില്‍ കാക്കയും കാക്കക്ക് മുകളില്‍ പരുന്തും പരുന്തിന് മുകളില്‍ കഴുകനും പറന്നില്ലായിരുന്നെങ്കല്‍ ഈ ലോകം പാവം മനുഷ്യരുടെ വെറും ശവപ്പറമ്പായി മാറുമായിരുന്നു.

TAGS :