Quantcast
MediaOne Logo

ആര്‍. അനിരുദ്ധന്‍

Published: 13 Aug 2022 5:54 AM GMT

അംബേദ്‌കറും ഭരണഘടനയും

രണ്ടു ശതാബ്ദക്കാലത്തെ ബ്രിട്ടീഷ് കൊളോണിയല്‍ സര്‍വാധിപത്യത്തിന്‍ കീഴില്‍ രാഷ്ടീയമായി തകര്‍ന്നടിഞ്ഞ ഇന്ത്യ എന്ന മഹാജനസമൂഹത്തെ ജനാധിപത്യ സംസ്‌കൃതിയിലേക്ക് ആനയിച്ച്, രാഷ്ട്ര സംവിധാനത്തെ പുനര്‍നിര്‍വചിച്ചത് ഡോ. അംബേദ്ക്കറുടെ ധൈഷണിക വൈഭവത്തില്‍ രൂപകല്പന ചെയ്യപ്പെട്ട് 1950 ജനുവരി 26 ന് പ്രാബല്യത്തില്‍ വന്ന മഹത്തായ നമ്മുടെ ഭരണഘടനയാണ്.

അംബേദ്‌കറും ഭരണഘടനയും
X
Listen to this Article

സ്വതന്ത്ര ഇന്ത്യയുടെ പരമോന്നത നിയമസംഹിതയും അപ്രതിരോധിതമായ ചരിത്രരേഖയുമാണ് ഇന്ത്യന്‍ ഭരണഘടന. രണ്ടു ശതാബ്ദക്കാലത്തെ ബ്രിട്ടീഷ് കൊളോണിയല്‍ സര്‍വാധിപത്യത്തിന്‍ കീഴില്‍ രാഷ്ടീയമായി തകര്‍ന്നടിഞ്ഞ ഇന്ത്യ എന്ന മഹാജനസമൂഹത്തെ ജനാധിപത്യ സംസ്‌കൃതിയിലേക്ക് ആനയിച്ച്, രാഷ്ട്ര സംവിധാനത്തെ പുനര്‍നിര്‍വചിച്ചത് ഡോ. അംബേദ്ക്കറുടെ ധൈഷണിക വൈഭവത്തില്‍ രൂപകല്പന ചെയ്യപ്പെട്ട് 1950 ജനുവരി 26 ന് പ്രാബല്യത്തില്‍ വന്ന മഹത്തായ നമ്മുടെ ഭരണഘടനയാണ്. ബഹുസ്വരതയുടെ ഉത്തുംഗശൃംഗങ്ങളാല്‍ ധന്യമായ ഇന്ത്യയെന്ന മഹാ സംസ്‌കൃതികളുടെ സംഗമ ഭൂമികയെ ലോകത്തെ ഏറ്റവും സവിശേഷമായ പരമാധികാര, മതേതര, സമത്വാധിഷ്ഠിത ജനാധിപത്യ, മതേതര റിപ്പബ്ലിക്കായി വിഭാവനം ചെയ്തതും ഏതെങ്കിലും ഒരു മത വിശ്വാസത്തിനോ ജാതിക്കോ വിഭാഗത്തിനോ പ്രാമുഖ്യം നല്‍കാതെ മതേതര സങ്കല്പങ്ങളുടെ മഹനീയത വിളംബരം ചെയ്തു കൊണ്ടു ജാതി, മത, വംശീയ, വര്‍ണ വൈവിധ്യങ്ങള്‍ക്കതീതമായി രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നീതിയും വാഗ്ദത്തം ചെയ്തതും സമ്മോഹനങ്ങളായ ഈ ആദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ ഭരണസംവിധാനവും നീതിന്യായ, നിയമനിര്‍മാണ വ്യവസ്ഥകള്‍ ചിട്ടപ്പെടുത്തിയതും നമ്മുടെ ഭരണഘടന തന്നെ. 1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകുമ്പോള്‍ നൂറിലേറെ നാട്ടുരാജ്യങ്ങളും ഒട്ടനവധി പ്രവശ്യകളുമായി ചിന്നിച്ചിതറി കിടന്നിരുന്ന ഇന്ത്യയെ സംശക്തമായ ഒരു ഏകീകൃത രാഷ്ടീയ ഘടകമായി വാര്‍ത്തെടുക്കുന്നതിലും സുശക്തമായി നിലനിര്‍ത്തുന്നതിലും കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലും ഭരണഘടന പങ്ക് നിര്‍ണായകമണെന്നതില്‍ തര്‍ക്കമില്ല .ചുരുക്കത്തില്‍ ആധുനിക ജനാധിപത്യ ഇന്ത്യയെ വാര്‍ത്തെടുക്കുന്നതിലും പരിപാലിക്കുന്നതിലും ഭരണഘടന അലംഘനീയ മാര്‍ഗരേഖയായി നിലകൊള്ളുന്നു എന്നു സാരം.

മുന്നൊരുക്കങ്ങള്‍

1946 മാര്‍ച്ച് 16-ന് ക്യാബിനറ്റ് മിഷന്റെ നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ഭരണഘടനാ നിര്‍മാണ സഭ രൂപീകരിച്ച, ഡോ.അംബേദ്കര്‍ അധ്യക്ഷനായിട്ടുള്ള ഭരണഘടനാ കരട് രൂപകല്പന സമിതിയാണ് ഇന്ത്യന്‍ ഭരണഘടനക്ക് ഊടും പാവും നല്‍കിയത്. രണ്ടു വര്‍ഷത്തെയും പതിനൊന്നു മാസത്തെയും പതിനെട്ട് ദിവസത്തെയും കഠിന പ്രയത്‌നത്തിനൊടുവില്‍ ഭരണഘടനാ നിര്‍മാണ സഭ ഭരണഘടനക്ക് അംഗീകാരം നല്‍കുമ്പോള്‍ ലോകത്തെ ഏറ്റവും ബൃഹത്തായ ജനായത്ത സംസ്‌കൃതിയുടെ പിറവിക്കായിരുന്നു ചരിത്രം സാക്ഷ്യം വഹിച്ചത്. എങ്കിലും ഇന്ത്യന്‍ ഭരണഘടനാ നിര്‍മിതിയുടെ ചരിത്രത്തിന്റെ വേരുകള്‍ 1867-ലെ ഗവണ്‍മെന്റ് റെഗുലേഷനില്‍ തുടങ്ങി 1935-ലെ ഭരണഘടനാ നിയമത്തിലൂടെ വികസിച്ച് 1947-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമത്തില്‍ വരെ എത്തി നില്‍ക്കുന്ന വിവിധങ്ങളായ നിയമനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്നതായി കാണാം. പൗരാവകാശങ്ങളെ ധ്വംസിച്ച്, സവര്‍ണാധിപത്യത്തിന് പ്രാമുഖ്യം നല്‍കിയ മനുവിന്റെ നിയമസംഹിതകള്‍ നൂറ്റാണ്ടുകളോളം കൊടികുത്തി വാണിരുന്ന ഇന്ത്യയില്‍ ആധുനിക നിയമവാഴ്ചയുടെയും ഭരണനിര്‍വഹണത്തിന്റെയും വാതായനങ്ങള്‍ ആദ്യം തുറന്നിട്ടത് ബ്രിട്ടനായിരുന്നല്ലോ! 1773-ലെ റെഗുലേറ്റിങ് ആക്ടും 1784-ലെ പിറ്റിന്റെ ഇന്ത്യാ ആക്ടുമായിരുന്നു ഈ നീക്കത്തിന്റെ ആദ്യ ചുവട്വയ്പുകള്‍. തുടര്‍ന്ന് 1857 - ലെ സൈനിക കലാപത്തിന് പിന്നാലെ 1861, 1892, 1909 വര്‍ഷങ്ങളില്‍ നിലവില്‍ വന്ന പ്രത്യേകം കൗണ്‍സില്‍ ആക്ടുകള്‍ ഭരണനിര്‍വഹണത്തില്‍ ഇന്ത്യക്കാര്‍ക്ക് പ്രാതിനിധ്യം നല്‍കി കൊണ്ട് വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വികസിപ്പിക്കുകയും ഇദംപ്രഥമായി ചില ബ്രിട്ടീഷ് പ്രവിശ്യകള്‍ക്ക് ഭാഗികമായി നിയമനിര്‍മാണത്തിനുള്ള അധികാരം നല്‍കുകയും ചെയ്തു. ഭരണ സംവിധാനത്തില്‍ ജനപ്രാതിനിധ്യം വര്‍ധിപ്പിച്ചും വികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തിയും കൊളോണിയല്‍ ഭരണകൂടത്തിനെതിരെയുള്ള ജനമുന്നേറ്റത്തെ വഴിതിരിച്ചുവിടുകയായിരുന്നു ഈ നീക്കങ്ങളുടെയെല്ലാം ലക്ഷ്യമെങ്കിലും ഈ നടപടികള്‍ ഇന്ത്യക്കാരെ ഘട്ടംഘട്ടമായി ഭരണസംവിധാനത്തോട് അടുപ്പിക്കാന്‍ വഴിതെളിച്ചു എന്നതില്‍ തര്‍ക്കമില്ല. 1918-ലെ മൊണ്ടോഗു - ചെംസ് ഫോര്‍ഡ് ഭരണപരിഷ്‌കാരക കമീഷന്റെ ദൗത്യവും മറ്റൊന്നായിരുന്നില്ല. ഈ ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് ഓരോ പത്ത് വര്‍ഷത്തിലും ഭരണഘടനയുടെ പ്രവര്‍ത്തനത്തെപ്പറ്റി പഠിക്കാനും ഭരണഘടനാ പരിഷ്‌കാരത്തെ സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ ആവിഷ്‌ക്കരിക്കാനും കമമിഷനുകളെ നിയമിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം തയ്യാറാവുന്നത്. ഇതിന്‍ പ്രകാരം സര്‍ ജോണ്‍ സൈമണ്‍ തലവനായി 1927- ല്‍ ആദ്യ ഭരണ പരിഷ്‌കാര കമീഷന്‍ - സൈമണ്‍ കമീഷന്‍ നിലവില്‍ വന്നെങ്കിലും കോണ്‍ഗ്രസ്സിന്റെ നിസ്സഹരണത്തെയും ബഹിഷ്‌കരണത്തെയും തുടര്‍ന്ന് കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി മാത്രമെ വിജയം കണ്ടുള്ളൂ. എന്നാല്‍, അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാട്ടത്തിലായിരുന്ന ഡോ. അംബേദ്കര്‍ സൈമണ്‍ കമീഷനെ സമീപിച്ച് അധഃസ്ഥിതരുടെ രാഷ്ടീയ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയത് ഒരു വേള രാഷ്ടീയ അസ്വസ്ഥതകള്‍ക്ക് വഴിതെളിച്ചെങ്കിലും അത് ഭാവി ഇന്ത്യയുടെ ഭരണഘടനാ നിര്‍മിതിയുടെ ചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിക്കുക തന്നെ ചെയ്തു.


1947 ആഗസ്റ്റ് 29-നാണ് ഭരണഘടനയുടെ കരടെഴുത്ത് സമിതിയുടെ ആദ്യ യോഗം പാര്‍ലമെന്റില്‍ നടക്കുന്നത്. ഈ യോഗമാണ് ഡോ. അംബേദ്ക്കറെ കരടെഴുത്ത് സമിതിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കുന്നത്. അല്ലാടി കൃഷ്ണസ്വാമി അയ്യര്‍, കെ.എം മുന്‍ഷി, സെയ്ദ് മുഹമ്മദ് സഅദുള്ള, ബി.എല്‍ മിത്തര്‍, ഡി.പി ഖെയ്ത്താന്‍, ടി.ടി കൃഷ്ണമാചാരി എന്നിവരായിരുന്നു കരടെഴുത്ത് സമിതിയിലെ മറ്റ് അംഗങ്ങള്‍.


വട്ടമേശ സമ്മേളനങ്ങളുടെ അനുരണങ്ങള്‍

സൈമണ്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ പരാജയത്തെ തുര്‍ന്നായിരുന്നു 1930 കളുടെ തുടക്കത്തില്‍ ലണ്ടനില്‍ വട്ടമേശ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം നിര്‍ബന്ധിതമാവുന്നത്. പുതിയ ഭരണഘടനക്ക് വേണ്ട നിര്‍ദേശങ്ങളെ സംബന്ധിക്കുന്ന ചര്‍ച്ചകളായിരുന്നു വട്ടമേശ സമ്മേളനങ്ങളുടെ കാതല്‍. ഇന്ത്യയിലെ ഒട്ടുമിക്ക വിഭാഗങ്ങളുടെയും നാട്ടുരാജ്യങ്ങളിലെയും പ്രവിശ്യകളിലെയും പ്രതിനിധികള്‍ പങ്കെടുത്ത വട്ടമേശ സമ്മേളനങ്ങളില്‍ ഇന്ത്യയിലെ ആറു കോടി അധഃസ്ഥിത ജനതതിയുടെ നാവായാണ് ഡോ. അംബേദ്കര്‍ പങ്കെടുത്തത്. ഇന്ത്യയില്‍ നിന്നെത്തിയ ഓരോ വിഭാഗത്തിന്റെയും പ്രതിനിധികള്‍ പുതിയ ഭരണഘടനയില്‍ അവര്‍ക്ക് ലഭിക്കേണ്ടതായ അവകാശങ്ങളെപ്പറ്റി സംസാരിച്ചപ്പോള്‍, 1930-ലെ ഒന്നാം വട്ടമേശ സമ്മേളനത്തില്‍ തന്നെ ഇന്ത്യയിലെ ബ്രിട്ടീഷ് ബ്യൂറോക്രാറ്റിക് ഭരണസംവിധാനത്തിന് പകരം ഒരു ലിഖിത ഭ രണഘടനയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ജനാധിപത്യ ഇന്ത്യയുടെ സക്ഷാത്ക്കാരത്തിനു വേണ്ടിയായിരിക്കണം പുതിയ ഭരണഘടന രൂപകല്പന ചെയ്യേണ്ടതെന്നും അപ്രകാരം രൂപീകരിക്കുന്ന ഭരണഘടനയില്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട പ്രത്യേക രാഷ്ട്രീയ പരിരക്ഷകളെ സംബന്ധിച്ചുമാണ് ഒരു നിയമപണ്ഡിതന്റെ ഉള്‍ക്കാഴ്ചയോടെ ഡോ. അംബേദ്കര്‍ സംസാരിച്ചത്. നിയതാര്‍ഥത്തില്‍ വട്ടമേശ സമ്മേളനങ്ങളില്‍ ഡോ.അംബേദ്കര്‍ അവതരിപ്പിച്ച ജനാധിപത്യ ഭരണ സംവിധാനത്തെ സംബന്ധിച്ച മാതൃകയില്‍ നിന്നും അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശ പരിരക്ഷാ മാര്‍ഗരേഖകളില്‍ നിന്നുമാണ് പില്‍ക്കാലത്ത് പ്രാതിനിധ്യ ജനായത്ത സങ്കല്പനങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നതെന്നു കാണാം. 1932-ല്‍ വട്ടമേശ സമ്മേളനങ്ങള്‍ അവസാനിക്കുമ്പോള്‍ പുതിയ ഭരണവ്യവസ്ഥകളെ സംബന്ധിച്ച സുവ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉരുത്തിരിയുകയും അവ 1935-ലെ ഇന്ത്യാനിയമത്തിലൂടെ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഈ നിയമം പില്‍ക്കാല ഭരണഘടനാ പരിഷ്‌കരണ സംരംഭങ്ങള്‍ക്കും നിയമനിര്‍മാണങ്ങള്‍ക്കും ഉപോദ്ബലകമായ അടിസ്ഥാന മാര്‍ഗരേഖയായി മാറുകയും ചെയ്തു. പ്രധാനമായും ബ്രിട്ടീഷ് ഇന്ത്യയെയും നാട്ടുരാജ്യങ്ങളെയും ഉള്‍പ്പെടുത്തി ഒരു അഖിലേന്ത്യ ഫെഡറേഷന്‍ രൂപീകരിക്കാനും സംസ്ഥാനങ്ങളില്‍ സ്വയംഭരണം ഏര്‍പ്പെടുത്താനുമാണ് 1935-ലെ ഗവണ്‍മെന്റ് ഇന്ത്യാ ആക്ട് ശിപാര്‍ശ ചെയ്തത്. അതോടൊപ്പം കേന്ദ്രത്തില്‍ ദ്വിഭരണം ഏര്‍പ്പെടുത്താനും നിയമനിര്‍മാണ സഭ വിപുലീകരിക്കാനും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഈ നിയമത്തിലെ വ്യവസ്ഥകളില്‍ പ്രവിശ്യകളുടെ സ്വയംഭരണ പദ്ധതി മാത്രമെ ഭാഗികമായി നടപ്പാക്കാന്‍ കഴിഞ്ഞുള്ളൂ. ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം 1936 ആഗസ്റ്റില്‍ പ്രവിശ്യാ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏഴ് പ്രവിശ്യകളില്‍ കോണ്‍ഗ്രസ്സും രണ്ടു പ്രവിശ്യകളില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രി സഭകളും അധികാരത്തിലെത്തി. എന്നാല്‍, 1939ല്‍ ആരംഭിച്ച രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്ന് പ്രവിശ്യകളിലുണ്ടായ ഭരണഘടനാ പ്രതിസന്ധി ഇന്ത്യയില്‍ രാഷ്ടീയ അസ്വസ്ഥതകളുടെ ആഴം കൂട്ടി. ഈ രാഷ്ടീയ പ്രതിസന്ധിക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ക്രിസ്പ് മിഷന്‍ ഇന്ത്യയിലെത്തുന്നത്. എന്നാല്‍, ക്രിപ്‌സ് മിഷന്റെ നിര്‍ദേശങ്ങള്‍ നിരാകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 1942 -ല്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതോടെ ബ്രിട്ടീഷ് ഭരണകൂടം കൂടുതല്‍ സമ്മര്‍ദത്തിലാവുകയും ഇന്ത്യക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനുള്ള ബൃഹദ് പദ്ധതിക്ക് രൂപം നല്‍കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഇതിന്റെ ഭാഗമായി നിയോഗിച്ച ക്യാബിനറ്റ് മിഷന്‍ 1946 മാര്‍ച്ചില്‍ ഇന്ത്യയിലെത്തുകയും ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച ആരംഭിക്കുകയും ചെയ്യുന്നതോടുകൂടിയാണ് ഭരണഘടനാ നിര്‍മാണ സഭക്ക് രൂപം നല്‍കാനുള്ള വഴി തെളിയുന്നത്. ഭരണഘടനാ നിര്‍മാണ രീതിയെപ്പറ്റി ഇന്ത്യന്‍ രാഷ്ടീയ നേതൃത്വത്തിന് സ്വീകാര്യമായ ഒരു തീരുമാനം കൈകൊള്ളുക, ഭരണഘടനാ നിര്‍മാണ വേളയില്‍ ഒരു ഇടക്കാല ഗവണ്‍മെന്റിന് രൂപം നല്‍കാന്‍ സഹായിക്കുക എന്നിവയായിരുന്നു ക്യാബിനറ്റ് മിഷന്റെ പ്രധാന ദൗത്യങ്ങള്‍. എന്നാല്‍, ജിന്നയും മുസ്‌ലിം ലീഗും പാക്കിസ്ഥാന്‍ വാദത്തില്‍ ഉറച്ചു നിന്നതോടെ രാഷ്ടീയ അന്തരീക്ഷം കൂടുതല്‍ കലുഷിതമാവുകയും 1947-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമ പ്രകാരം 1947 ആഗസ്റ്റ് 14-ന് പാകിസ്ഥാനും ആഗസ്റ്റ് 15 - ന് ഇന്ത്യയും രണ്ടു പരമാധികാര സ്വതന്ത്ര രാഷ്ട്രങ്ങളായി നിലവില്‍ വരികയും ചെയ്തു. 1947-ലെ ഇന്ത്യന്‍ സ്വതന്ത്ര്യ നിയമ പ്രകാരം പൂര്‍ണ അധികാര കൈമാറ്റത്തിന് മുന്‍പ് തന്നെ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കാന്‍ ഒരു ഭരണഘടനാ നിര്‍മാണ സഭക്ക് രൂപം നല്‍കാനും ക്യാബിനറ്റ് മിഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്‍ പ്രകാരമാണ് 1946 ഫെബ്രുവരിയില്‍ ഭരണഘടനാ നിര്‍മാണ സഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബോംബെ പ്രവിശ്യയില്‍ നിന്നും മത്സരിച്ച ഡോ. അംബേദ്ക്കറെ ആദ്യം കോണ്‍ഗ്രസ് പരാജയപ്പെടുത്തിയെങ്കിലും പിന്നീട് ബംഗാളില്‍ നിന്നും ജയിച്ച ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ സ്ഥാനാര്‍ഥി യോഗേന്ദ്രനാഥ് മണ്ഡല്‍ രാജിവച്ചൊഴിഞ്ഞ സീറ്റില്‍ നിന്നാണ് അദ്ദേഹം ഭരണഘടനാ നിര്‍മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.


ഭരണഘടനാ നിര്‍മാണ സഭയുടെ ചരിത്രത്തിലെ രജതരേഖയായി മാറിയ ഡോ.അംബേദ്ക്കറുടെ പ്രസംഗം കരട് ഭരണഘടനയുടെ സവിശേഷതകള്‍ വിശദീകരിച്ചു കൊണ്ടും ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയെ സമഗ്രമായി അവതരിപ്പിച്ചു കൊണ്ടുമാണ് ആരംഭിച്ചത്.


1946 ഡിസംബര്‍ 9-ന് ആണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഭരണഘടനാ നിര്‍മാണ സഭയുടെ ആദ്യ സമ്മേളനം നടക്കുന്നത്. മൊത്തം 296 അംഗങ്ങള്‍ ഭരണഘടനാ നിര്‍മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും മുസ്‌ലിം ലീഗ് സഭ ബഹിഷ്‌കരിച്ചതിനാല്‍ 207 അംഗങ്ങള്‍ മാത്രമെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തുള്ളൂ. സിസംബര്‍ 11-ന് ഭരണഘടനാ നിര്‍മാണ സഭ അതിന്റെ അധ്യക്ഷനായി ഡോ. രാജേന്ദ്രപ്രസാദിനെ തെരഞ്ഞെടുത്തതോടുകൂടിയാണ് ഔദ്യോഗികമായി സഭയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ഡിസംബര്‍ 13-ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഭരണഘടനാ നിര്‍മാണ സഭ രൂപകല്പന ചെയ്യാന്‍ പോകുന്ന സ്വതന്ത്ര ഇന്ത്യയുടെ പുതിയ ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംബന്ധിക്കുന്ന പ്രമേയം സഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ചക്കായി ഡിസംബര്‍ 16-ലേക്ക് സഭ പിരിയുകയും ചെയ്തു. എന്നാല്‍, സിസംബര്‍ 16-ന് സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങളെ ഒന്നാകെ അത്ഭുതപ്പെടുത്തികൊണ്ട് ബോംബെ പ്രവിശ്യയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഡോ. എം.ആര്‍ ജയ്കര്‍ നെഹ്‌റുവിന്റെ പ്രമേയത്തിന്മേല്‍ ഒരു ഭേദഗതി അവതരിപ്പിച്ചത് ആകസ്മികമായി സഭാ നടപടികളെ പ്രതിസന്ധിയിലേക്ക് നയിച്ചു. ജനായത്ത സംവിധാനത്തില്‍ പ്രതിപക്ഷത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി കൊണ്ടാണ് ഡോ. ജയ്കര്‍ ഭേദഗതി അവതരിപ്പിച്ചതെങ്കിലും അത് സഭയിലെ ഭൂരിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് അംഗങ്ങളെ ഒന്നാകെ അലോസരപ്പെടുത്തുകയാണുണ്ടായത്.


അഭിപ്രായ സമന്വയത്തിലൂടെ നെഹ്‌റുവിന്റെ പ്രമേയം പാസ്സാക്കി ഭരണഘടനാ നിര്‍മാണ സഭയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി തുടരാന്‍ കഴിയില്ലെന്നു തന്നെ ഒരു വേള സഭാധ്യക്ഷന് ബോധ്യപ്പെടുകയുണ്ടായി. ഈ വിഷമഘട്ടത്തിലാണ് അതുവരെ സഭാ നടപടികള്‍ സശ്രദ്ധം വീക്ഷിച്ചു കൊണ്ടിരിരുന്ന ഡോ. അംബേദ്ക്കറുടെ അഭിപ്രായ പ്രകടനത്തിനായി അധ്യക്ഷനായ ഡോ. രാജേന്ദ്രപ്രസാദ് അദ്ദേഹത്തെ ക്ഷണിക്കുന്നതും അവസരത്തിനൊത്തുയര്‍ന്ന് ഡോ. അംബേദ്കര്‍ യുക്തിഭദ്രമായി നെഹ്‌റു വിന്റെ പ്രമേയത്തിന്മേല്‍ നിഷ്പക്ഷമായ അഭിപ്രായപ്രകടനം നടത്തുന്നതും. സ്വതന്ത്ര ഭാരതത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും മുന്‍നിര്‍ത്തി പുതിയ ഭരണഘടനയുടെ സാധ്യതയെയും അഭിസംബോധന ചെയ്യേണ്ടതായ വെല്ലുവിളികളെപ്പറ്റിയും പുതിയ ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തെപ്പറ്റിയും മുന്നറിയിപ്പ് നല്‍കി കൊണ്ട് ഡോ. അംബേദ്കര്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ തന്നെ മാറ്റിയെഴുതാന്‍ വഴിതെളിച്ചു എന്നതിലപ്പുറം സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന രൂപകല്പന ചെയ്യാനുള്ള ദൗത്യം തന്നെ അദ്ദേഹത്തില്‍ നിക്ഷിപ്തമാക്കയും ചെയ്തു എന്നതാണ് ചരിത്രം. ഡോ. അംബേദ്ക്കറുടെ വിജ്ഞാന ഗരിഷ്ഠമായ പ്രസംഗം അവസാനിക്കവെ നെഹ്‌റുവിന്റെ പ്രമേയം പാസാക്കുന്നത് 1947 ജനുവരി 20 ലേക്ക് മാറ്റി വയ്ക്കുകയും അന്നേ ദിവസം ഐക്യകണ്‌ഠേന സഭ പ്രമേയം പാസാക്കുകയുമായിരുന്നു. തുടര്‍ന്ന് 27-ന് സഭ വീണ്ടും സമ്മേളിക്കുകയും ക്യാബിനറ്റ് മിഷന്റെ നിര്‍ദേശപ്രകാരം മൗലികാവകാശ ഉപസമിതി, ന്യൂനപക്ഷ ഉപസമിതി, നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ ഉപസമിതി, എക്‌സ്‌ക്ലൂഡസ് ആന്‍ഡ് സ്‌പെഷ്യലി എക്‌സ്‌ക്ലൂഡഡ് എന്നീ ഉപസമിതികള്‍ക്ക് രൂപം നല്‍കുകയും ആദ്യത്തെ രണ്ടു ഉപസമിതികളിലേക്ക് ഡോ. അംബേദ്ക്കറെ അംഗമായി നിയോഗിക്കുകയും ചെയ്തു. തനിക്ക് ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ച ഡോ. അംബേദ്കര്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് പുതിയ ഭരണഘടനയില്‍ ലഭിക്കേണ്ട അവകാശങ്ങളെ സംബന്ധിച്ച് മൗലികാവകാശ സമിതിക്ക് അടിയന്തര റിപ്പോര്‍ട്ട് നല്‍കുകയും ദി കോണ്‍സ്റ്റിറ്റിയൂഷന്‍ ഒഫ് യുണൈറ്റഡ് സ്റ്റേറ്റ് ഒഫ് ഇന്ത്യ എന്ന തലക്കെട്ടില്‍ ഒരു മാതൃകാ ഭരണഘടന തയ്യാറാക്കി സഭാ ചെയര്‍മാന് സമര്‍പ്പിക്കുകയും ചെയ്തു. ഇപ്രകാരം ഭരണഘടനാ നിര്‍മാണ സഭയില്‍ ഡോ. അംബേദ്കര്‍ തന്റെ ഇടപെടലുകള്‍ ശക്തമാക്കി കൊണ്ടിരിക്കുമ്പോഴാണ് 1947 ജൂലൈ 17-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമ പ്രകാരം ഇന്ത്യ വിഭജിക്കപ്പെടുന്നതും പാക്കിസ്ഥാന്‍ നിലവില്‍ വരുന്നതും അവിഭക്ത പാക്കിസ്ഥാനില്‍ നിന്നും ഭരണഘടനാ നിര്‍മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ. അംബേദ്ക്കര്‍ക്ക് തന്റെ അംഗത്വം നഷ്ടമാവുന്നതും. എന്നാല്‍, ഡോ.അംബേദ്കര്‍ എന്ന അനന്യനായ നിയമ പണ്ഡിതന്റെ സേവനം പുതിയ ഭരണഘടനാ നിര്‍മിതിക്ക് അനിവാര്യമാണെന്ന് ബോധ്യപ്പെട്ട ഡോ. രാജേന്ദ്രപ്രസാദ് എന്തു വില കൊടുത്തും ഡോ.അംബേദ്ക്കറെ ഭരണഘടനാ നിര്‍മാണ സഭയില്‍ തിരികെ എത്തിക്കാന്‍ ബേംബെ പ്രവിശ്യാ പ്രധാനമന്തിയോട് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ്സ് പിന്തുണയോടെ രണ്ടാമത് ഡോ.അംബേദ്കര്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ അംഗമാവുന്നത്. ചുരുക്കത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മിതിക്ക് ചുക്കാന്‍ പിടിക്കാന്‍ ഡോ. അംബേദ്ക്കര്‍ക്ക് പകരക്കാരനില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഒരിക്കല്‍ ഡോ. അംബേദ്ക്കറെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ്സുകാര്‍ തന്നെ പിന്നീട് അദ്ദേഹത്തെ ഭരണഘടനാ നിര്‍മാണ സഭയിലേക്ക് തിരികെ വിളിക്കാന്‍ നിര്‍ബന്ധിതരാകുന്നത് എന്നതാണ് വസ്തുത. അതുകൊണ്ടാണ് ഭരണഘടനാ നിര്‍മാണ സഭയിലേക്ക് താന്‍ രണ്ടാമത് തെരഞ്ഞെടുക്കാനുണ്ടായ അസാധാരണ സാഹചര്യത്തെപ്പറ്റി ഡോ.അംബേദ്ക്കര്‍ പില്‍ക്കാലത്ത് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ' ഹിന്ദുക്കള്‍ക്ക് ഒരു മഹാകാവ്യം വേണ്ടി വന്നപ്പോള്‍ അവര്‍ മുക്കുവത്തിയില്‍ ജനിച്ച വ്യാസനെത്തേടി പോയി. വ്യാസന്‍ അവര്‍ക്കൊരു മഹാകവ്യം എഴുതി കൊടുത്തു. പിന്നീട് അവര്‍ക്കൊരു ഇതിഹാസം വേണ്ടി വന്നു. അപ്പോള്‍ അവര്‍ കാട്ടാളനായ വാല്മീകിയെത്തേടി പോയി. വാല്മീകി അവര്‍ക്കൊരു ഇതിഹാസം എഴുതിക്കൊടുത്തു. ഇപ്പോള്‍ അവര്‍ക്കൊരു ഭരണഘടന വേണ്ടി വന്നു. അവര്‍ എന്നെത്തേടി വന്നു. ഞാന്‍ അവര്‍ക്കൊരു ഭരണഘടന എഴുതി കൊടുത്തു '

1947 ആഗസ്റ്റ് 29-നാണ് ഭരണഘടനയുടെ കരടെഴുത്ത് സമിതിയുടെ ആദ്യ യോഗം പാര്‍ലമെന്റില്‍ നടക്കുന്നത്. ഈ യോഗമാണ് ഡോ. അംബേദ്ക്കറെ കരടെഴുത്ത് സമിതിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കുന്നത്. അല്ലാടി കൃഷ്ണസ്വാമി അയ്യര്‍, കെ.എം മുന്‍ഷി, സെയ്ദ് മുഹമ്മദ് സഅദുള്ള, ബി.എല്‍ മിത്തര്‍, ഡി.പി ഖെയ്ത്താന്‍, ടി.ടി കൃഷ്ണമാചാരി എന്നിവരായിരുന്നു കരടെഴുത്ത് സമിതിയിലെ മറ്റ് അംഗങ്ങള്‍.

1947 ആഗസ്റ്റ് 29-ന് ആയിരുന്നു കരടെഴുത്ത് കമ്മിറ്റിയുടെ ആദ്യ യോഗം പാര്‍ലമെന്റില്‍ ചേര്‍ന്നതെന്ന് സൂചിപ്പിച്ചല്ലോ തുടര്‍ന്ന് ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി 42 യോഗങ്ങള്‍ ഇതേ ഹാളില്‍ ചെയര്‍മാന്‍ വിളിച്ചു ചേര്‍ക്കുകയുണ്ടായി. സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനയുടെ കരടിനെ സംബന്ധിച്ച് ഗൗരവമേറിയ ചര്‍ച്ചകളും സംവാദങ്ങളും തന്നെ കരടെഴുത്ത് സമിതിയില്‍ അരങ്ങേറി എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. 1935-ലെ ഗവണ്‍മെന്റ് ഒഫ് ഇന്ത്യാ ആക്ടിലെയും പൂനാ കരാറിലെയും വ്യവസ്ഥകള്‍, ജനായത്ത സമ്പ്രദായം പിന്തുടരുന്ന ലോക രാഷ്ട്രങ്ങളിലെ ഭരണഘനകള്‍ അനുവര്‍ത്തിച്ചു പോരുന്ന മാതൃകകള്‍, ക്യാബിനറ്റ് മിഷന്റെയും ഭരണഘടനാ നിര്‍മാണ സഭയുടെയും നിര്‍ദേശങ്ങള്‍ തുടങ്ങിയ പ്രധാന വ്യവസ്ഥകളുടെയും മാര്‍ഗ നിര്‍ദേശങ്ങളുടെയും ഭരണഘടനാ തത്വങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഭരണഘടനാ കരടെഴുത്തു സമിതി അതിന്റെ ദൗത്യത്തില്‍ മുഴുകിയത്. ഒടുവില്‍ 141 ദിവസത്തെ കഠിന പ്രയത്‌നത്തിന് ശേഷം 1948 ഫെബ്രുവരി 21 - ന് 315 അനുചേഛദങ്ങളും 8 ഷെഡ്യൂള്‍ഡുകളും ഉള്‍പ്പെട്ട ഭരണഘടനയുടെ കരട് പ്രതി ഡോ. അംബേദ്കര്‍ ഭരണഘടനാ നിര്‍മാണ സഭാധ്യക്ഷന്‍ ഡോ. രാജേന്ദ്രപ്രസാദിന് കൈമാറിയതോടെ കരടെഴുത്ത് സമിതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പര്യവസാനമായി. ഇതോടൊപ്പം പൊതുജന ചര്‍ച്ചക്കും നിര്‍ദേശങ്ങള്‍ക്കുമായി കരട് ഭരണഘടന അസാധാരണ വിജ്ഞാപനമായി ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

ഭാഗം I-I

ഭരണഘടനയുടെ കരട് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി 8 മാസങ്ങള്‍ക്ക് ശേഷം, അതായത് 1948 നവംബര്‍ 4-ന് ആണ് ഭരണഘടനാ നിര്‍മണ സഭയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്. ഈ കാലയളവിനുള്ളില്‍ ആയിരക്കണക്കിന് നിര്‍ദേശങ്ങളാണ് പൊതുജനങ്ങളില്‍ നിന്നും കരടെഴുത്ത് സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ ഡോ. അംബേദ്ക്കര്‍ക്ക് ലഭിച്ചത്. ഇതില്‍ കാര്യമാത്ര പ്രസക്തമായവ പരിശോധിച്ചതിനും പരിഗണിച്ചതിനും ശേഷമായിരുന്നു ഭരണഘടനയുടെ കരട് ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രമേയം ഡോ. അംബേദ്കര്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ അവതരിപ്പിച്ചത്. ഭരണഘടനാ നിര്‍മാണ സഭയുടെ ചരിത്രത്തിലെ രജതരേഖയായി മാറിയ ഡോ.അംബേദ്ക്കറുടെ പ്രസംഗം കരട് ഭരണഘടനയുടെ സവിശേഷതകള്‍ വിശദീകരിച്ചു കൊണ്ടും ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയെ സമഗ്രമായി അവതരിപ്പിച്ചു കൊണ്ടുമാണ് ആരംഭിച്ചത്.

(തുടരും)


TAGS :