Quantcast
MediaOne Logo

പി.കെ ഇംതിയാസ്

Published: 10 May 2022 9:40 AM GMT

സാങ്കേതികവിദ്യ എളുപ്പമാക്കിയ സാമ്പത്തിക സേവനങ്ങളും ഫിന്‍ടെക് മേഖലയിലെ തൊഴില്‍ അവസരങ്ങളും

സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക സേവനങ്ങള്‍ കൂടുതല്‍ ജനകീയമായതോടെ ഫിന്‍ടെക് ഒരു വ്യവസായ ശൃംഖലയായി വളര്‍ന്നു. പുതിയ ബിരുദധാരികള്‍ക്കും പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ക്കും ഫിന്‍ടെക് മേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ച്.

സാങ്കേതികവിദ്യ എളുപ്പമാക്കിയ സാമ്പത്തിക സേവനങ്ങളും ഫിന്‍ടെക് മേഖലയിലെ തൊഴില്‍ അവസരങ്ങളും
X
Listen to this Article

ഫിന്‍ടെക് എന്ന് ചുരുക്കി വിളിക്കപ്പെടുന്ന ഫിനാന്‍ഷ്യല്‍ ടെക്‌നോളജി മേഖല സാമ്പത്തിക സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു പുതിയ വ്യാപാര മേഖലയാണ്. പേയ്മെന്റ് ഗേറ്റ്വേകള്‍, മൊബൈല്‍ വാലറ്റുകള്‍, ക്രിപ്റ്റോകറന്‍സികള്‍ എന്നിവ ഫിന്‍ടെക്കിന്റെ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ പണരഹിത ഇടപാടുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ആധിപത്യം പുലര്‍ത്തിയിരുന്നു, തുടര്‍ന്ന് ഡെബിറ്റ് കാര്‍ഡുകളും പ്രീപെയ്ഡ് കാര്‍ഡുകളും. സ്മാര്‍ട്ട്ഫോണുകളുടെ വരവോടെ മൊബൈല്‍ വാലറ്റുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പേയ്മെന്റ് രീതികള്‍ ഉപയോഗത്തില്‍ വന്നു. PayTM, PayPal, AmazonPay, GPay എന്നിവ ഓണ്‍ലൈന്‍ രംഗത്തെയും ഓഫ്ലൈന്‍ രംഗത്തെയും സാമ്പത്തിക ഇടപാടുകള്‍ എളുപ്പമാക്കി. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക സേവനങ്ങള്‍ കൂടുതല്‍ ജനകീയമായതോടെ ഫിന്‍ടെക് ഒരു വ്യവസായ ശൃംഖലയായി വളര്‍ന്നു. ഈ ലേഖനം പുതിയ ബിരുദധാരികള്‍ക്കും പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ക്കും ഫിന്‍ടെക് മേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ച് വെളിച്ചം വീശാന്‍ ഉദ്ദേശിച്ചുള്ളതാണ്.

ഫിന്‍ടെക് മേഖല വിശദമായി മനസ്സിലാക്കാന്‍ അവ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളും (services) ഫിന്‍ടെക് കമ്പനികളിലെ ആഭ്യന്തര പ്രവര്‍ത്തനങ്ങളും (functions) അതോടൊപ്പം ഇവ രണ്ടിനും ആവശ്യമായ കഴിവുകളും (skills) മനസ്സിലാക്കേണ്ടതുണ്ട്. ഈ മൂന്ന് ഘടകങ്ങള്‍-സേവനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, കഴിവുകള്‍- പരസ്പര ബന്ധിതമാണ്, അവ മനസ്സിലാക്കുന്നത് ഫിന്‍ടെക് വ്യവസായ സമ്പ്രദായങ്ങളെക്കുറിച്ച് നല്ല ധാരണ സൃഷിടിക്കാന്‍ സഹായകരമായിരിക്കും.


ഫിന്‍ടെക് സേവനങ്ങള്‍:

ഫിന്‍ടെക് വ്യവസായത്തിനുള്ളില്‍ നിരവധി സാമ്പത്തിക-സാങ്കേതിക സേവനങ്ങളുണ്ട്. പ്രധാനപ്പെട്ട സേവനങ്ങള്‍ ഇവയൊക്കെയാണ്:

1. പേയ്മെന്റ് ഗേറ്റ് വേ: ഉപഭോക്താവില്‍ നിന്ന് വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമടയ്ക്കാനും പണമിടപാടിന്റെ വിവരങ്ങള്‍ കൈമാറാനും ഉപയോഗിക്കുന്ന സേവനമാണ് പേയ്മെന്റ് ഗേറ്റ്വേ. ഓണ്‍ലൈനായും (ഇ-കൊമേഴ്സ്) ഓഫ്ലൈനായും (റീട്ടെയില്‍) പേയ്മെന്റ് ഗേറ്റ്വേ ഉപയോഗിച്ച് വരുന്നു. ഓണ്‍ലൈന്‍ പരിതസ്ഥിതിയില്‍, API (Application Program Interface) -കള്‍ ഉപയോഗിച്ച് വ്യാപാരികളുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ബന്ധിപ്പിക്കുന്ന സോഫ്റ്റ്വെയര്‍ സേവനമാണ് പേയ്മെന്റ് ഗേറ്റ്വേ. റീട്ടെയ്ല്‍ കടകളില്‍, പേയ്മെന്റ് ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന കാര്‍ഡ് റീഡറിലോ പോയിന്റ് ഓഫ് സെയില്‍ (POS) സിസ്റ്റത്തിലോ ഉള്ള സോഫ്റ്റ്വെയറാണ് പേയ്മെന്റ് ഗേറ്റ്വേ പ്രവര്‍ത്തിക്കുന്നത്. ആദ്യകാലങ്ങളില്‍ പേയ്മെന്റ് ഗേറ്റ്വേ സേവനങ്ങള്‍ പ്രധാനമായും കാര്‍ഡ് (ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ്) അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അടുത്തിടെ ഫിന്‍ടെക് കമ്പനികള്‍ മൊബൈല്‍ വാലറ്റുകള്‍ ഉള്‍പ്പെടെ ഒന്നിലധികം പണമിടപാട് രീതികള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങി.

2. മൊബൈല്‍ വാലറ്റ്: ഗൂഗിള്‍ പേയും പേടിഎം ഉം വഴി ഇതിനകം ജനങ്ങളിക്കിടയില്‍ സ്വീകാര്യത നേടിയ സേവനമാണ് മൊബൈല്‍ വാലറ്റ്. ഉപഭോക്താക്കള്‍ക്കിടയില്‍ വ്യക്തിതലത്തിലുള്ള ഇടപാടുകള്‍ (P2P - Person to Person) നടത്താനും, വ്യക്തികളില്‍ നിന്ന് ബിസിനസ്സ് സ്ഥാപനങ്ങളിലേക്കുള്ള (P2B - Person to Business) ഇടപാടുകള്‍ നടത്താനും മൊബൈല്‍ വാലറ്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ബിസിനസ്സ് സ്ഥാപനങ്ങളില്‍ നിന്നും ഈടാക്കുന്ന കമീഷന്‍ ആണ് ഫിന്‍ടെക് കമ്പനികളുടെ ഈ മേഖലയിലുള്ള വരുമാനം.

3. ബയ് നൗ പേ ലൈറ്റര്‍ (BNPL) : ഫിന്‍ടെക് പ്രോത്സാഹിപ്പിക്കുന്ന താരതമ്യേന പുതിയ വായ്പാ രീതിയാണ് ബിഎന്‍പിഎല്‍. പാരമ്പര്യമായി ബാങ്കുകള്‍ വഴിയായിരുന്നു വലിയ സാധനങ്ങള്‍ വാങ്ങാനുള്ള ലോണുകള്‍ നല്‍കിയിരുന്നത്. ഓട്ടോമൊബൈല്‍ ഇടപാടുകളില്‍ ബാങ്ക് വഴിയുള്ള ഫൈനാന്‍സിങ് പതിറ്റാണ്ടുകളായി നടന്നുവരുന്നതാണ്. എന്നാല്‍, ചെറുതും വലുതുമായ പല ഉല്‍പന്നങ്ങളുടെയും വില്‍പന ഓണ്‍ലൈനില്‍ സജീവമായതോടെ ലോണുകള്‍ക്ക് എളുപ്പമുള്ള പുതിയ രീതികള്‍ പ്രയോഗത്തില്‍ വന്നു തുടങ്ങി. ഇ-കൊമേഴ്സ് അല്ലെങ്കില്‍ റീട്ടെയില്‍ പേയ്മെന്റുകള്‍ തവണകളായി വിഭജിക്കുന്ന ഒരു ഫണ്ടിംഗ് സംവിധാനമാണ് BNPL. ഈ സേവനം സാധാരണയായി ഉപഭോക്താവിന് സൗജന്യമാണ്. എന്നാല്‍ BNPL സേവന ദാതാക്കള്‍ വ്യാപാരികളില്‍ നിന്ന് ഒരു കമീഷന്‍ ഈടാക്കുന്നു. നഷ്ടപ്പെട്ട തവണകള്‍ക്ക് ലേറ്റ് ഫീയും ഈടാക്കും.

4. ക്രൗഡ് ഫണ്ടിംഗ്: ഫിന്‍ടെക് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് ഒരു കൂട്ടം ആളുകള്‍ ഒരു പ്രോജക്റ്റിനോ സംരംഭത്തിനോ ധനസഹായം നല്‍കുന്ന രീതിയാണിത്.

5. ക്രിപ്റ്റോകറന്‍സി: ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഡിജിറ്റല്‍ കറന്‍സികളാണ് ക്രിപ്റ്റോകറന്‍സി. ഫിന്‍ടെക് കമ്പനികള്‍ ട്രേഡിംഗും മൈനിംഗും ഉള്‍പ്പെടെ നിരവധി ക്രിപ്റ്റോ, ബ്ലോക്ക്‌ചെയിന്‍ സേവനങ്ങള്‍ നല്‍കുന്നു.

6. റെമിറ്റന്‍സ്: പ്രവാസികളായവര്‍ സ്വന്തം നാട്ടിലേക്ക് പണമയക്കാന്‍ ഉപയോഗിക്കുന്ന സേവനമാണ് റെമിറ്റന്‍സ്. ജോലിതേടി വിവിധ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചതോടെ റെമിറ്റന്‍സ് സേവനങ്ങളുടെ ആവശ്യകതയും വര്‍ധിച്ചു.


ഫിന്‍ടെക് കമ്പനികള്‍ക്കുള്ളിലെ പ്രവര്‍ത്തനങ്ങള്‍:

ഫിന്‍ടെക് കമ്പനികളിലെ ആഭ്യന്തരമായ പ്രവര്‍ത്തന രീതികളും ഡിപ്പാര്‍ട്‌മെന്റുകളും മനസ്സിലാക്കുന്നത് ആ മേഖലയിലെ തൊഴില്‍ സാധ്യതകളെ കുറിച്ച ധാരണയുണ്ടാക്കാന്‍ അത്യാവശ്യമാണ്. എച്ച്ആര്‍, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ കമ്പനികളുടെ പൊതുവായ പ്രവര്‍ത്തനങ്ങള്‍ മേഖലകള്‍ ഇവിടെ ഉള്‍പ്പെടുത്തിയിട്ടില്ല.

1. മര്‍ച്ചന്റ് ഓണ്‍ബോര്‍ഡിംഗ്: സാങ്കേതിക പ്ലാറ്റ്ഫോമിലേക്ക് പുതിയ വ്യാപാരികളെ ഉള്‍പ്പെടുത്തുന്നത് ഫിന്‍ടെക്കിലെ ഒരു പ്രധാന പ്രവര്‍ത്തനമാണ്. ഉദാഹരണത്തിന്, ഒരു ഇ-കൊമേഴ്സ് വ്യാപാരിക്ക് പേയ്മെന്റ് ഗേറ്റ്വേ സേവനങ്ങള്‍ ലഭിക്കുന്നതിന് മുമ്പ്, സേവന ദാതാവ് വ്യാപാരത്തിന്റെ നിയമപരമായ സ്ഥാപനം, വില്‍പന നടത്തുന്ന ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനങ്ങള്‍, റീഫണ്ട് നയം, ക്രെഡിറ്റ് യോഗ്യത എന്നിവ പരിശോധിക്കണം. അതിനാല്‍ തന്നെ, ഒരു വ്യാപാരിയെ ഓണ്‍ബോര്‍ഡിംഗ് ചെയ്യുന്നത് Maker Checker സ്ഥിരീകരണ പ്രക്രിയയിലൂടെയാണ്.

2. KYC പരിശോധന: വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഡോക്യുമെന്റ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ പ്രക്രിയയാണ് KYC (Know Your Customer - നിങ്ങളുടെ ഉപഭോക്താവിനെ അറിയുക). മിക്ക ഫിന്‍ടെക് കമ്പനികള്‍ക്കും KYC പ്രക്രിയകള്‍ നിയന്ത്രിക്കുന്നതിന് ഒരു പ്രത്യേക വകുപ്പോ ഡിവിഷനോ ഉണ്ടായിരിക്കും.

3. സെറ്റില്‍മെന്റ്: ഫിന്‍ടെക് കമ്പനികള്‍ വ്യാപാരികള്‍ക്ക് വേണ്ടി ഫണ്ട് കൈകാര്യം ചെയ്യുന്നതിനാല്‍, അവര്‍ കൃത്യമായ ഇടവേളകളില്‍ (ഉദാ: T + 2 = ട്രേഡിങ്ങ് തീയതിയും രണ്ട് ദിവസവും) വ്യാപാരി അക്കൗണ്ടുകളിലേക്ക് ഫണ്ട് കൈമാറ്റം ചെയ്യേണ്ടതുണ്ട്. ഇതിനായി ഒരു ഡിപ്പാര്‍ട്ടമെന്റ് എല്ലാ ഫിന്‍ടെക് കമ്പനികളിലും ഉണ്ടായിരിക്കും.

4. ലോയാല്‍റ്റി: ഫിന്‍ടെക് കമ്പനികള്‍ അവരുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് റിവാര്‍ഡുകളും പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ഇവ കൈകാര്യം ചെയ്യാനും ഒരു വകുപ്പോ ഉപവകുപ്പോ ഉണ്ടായിരിക്കും. പ്രത്യേക ഓഫറുകള്‍ക്കും റിവാര്‍ഡുകള്‍ക്കുമായി മറ്റ് കമ്പനികളുമായി പങ്കാളിത്തം കൈകാര്യം ചെയ്യുന്നതും ഈ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടും.

5. സാങ്കേതിക പ്രവര്‍ത്തനങ്ങള്‍: മുകളില്‍ പറഞ്ഞ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, ഫിന്‍ടെക് കമ്പനികള്‍ക്കുള്ളില്‍ നിരവധി സാങ്കേതിക പ്രവര്‍ത്തനങ്ങളുണ്ട്. ഹാര്‍ഡ്വെയര്‍, സെര്‍വര്‍, നെറ്റ്വര്‍ക്ക് കണക്ടിവിറ്റി എന്നിവ ഇരുപത്തിനാല് മണിക്കൂറും 365 ദിവസവും പ്രവര്‍ത്തിക്കുന്നതിനായി നല്ല ഒരു ഐ.ടി. വകുപ്പും എല്ലാ ഫിന്‍ടെക് കമ്പനികളിലും അത്യാവശ്യമാണ്.


ഫിന്‍ടെക് മേഖലയില്‍ ആവശ്യമായ കഴിവുകള്‍

1. ഫിനാന്‍സ്: ഫിന്‍ടെക് വ്യവസായത്തില്‍ ആവശ്യമായ പ്രധാന കഴിവുകളില്‍ ഒന്നാണ് സാമ്പത്തിക മേഖലയിലുള്ള വൈദഗ്ധ്യം. ഇതില്‍ അക്കൗണ്ടിംഗ്, അനലിറ്റിക്സ്, ബഡ്ജറ്റിംഗ്, കോസ്റ്റിംഗ് മുതലായവ ഉള്‍പ്പെടുന്നു. സാധാരണയായി, കൊമേഴ്സ് ബിരുദധാരികളിലാണ് സാമ്പത്തിക വൈദഗ്ധ്യം കാണപ്പെടുന്നത്.

2. മാര്‍ക്കറ്റിംഗ്: ഫിന്‍ടെക്കിന്റെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആധുനിക രീതികള്‍ ഉപയോഗിച്ച് വിപണനം ചെയ്യേണ്ടതുണ്ട്. അതിനാല്‍ നല്ല മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകള്‍ ഫിന്‍ടെക് മേഖലയില്‍ ആവശ്യമാണ്.

3. സെയില്‍സ് : മറ്റേതൊരു ബിസിനസ്സിനെയും പോലെ, ഫിന്‍ടെക് മേഖലയിലും നല്ല സെയില്‍സ് പ്രൊഫഷണലുകള്‍ ആവശ്യമാണ്. പ്രധാനമായും രണ്ട് തരത്തിലുള്ള സെയില്‍സ് രീതികള്‍ ഫിന്‍ടെക് കമ്പനികളില്‍ ആവശ്യമാണ്. ഒന്ന് ഉപഭോക്താക്കളിലേക്ക് നേരിട്ടുള്ള സേവനങ്ങള്‍ക്കായി. B2C (Business to Customer) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. മറ്റൊന്ന് B2B (Business to Business) എന്ന പേരിലും-മറ്റ് ബിസിനെസ്സ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ടത്.

4. ഉപഭോക്തൃ സേവനം: വ്യാപാരികളെയും (B2B) ഉപയോക്താക്കളെയും (B2C) സേവനങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങളെ സമയാസമയങ്ങളില്‍ കൈകാര്യം ചെയ്യാന്‍ വില്‍പനാനന്തര സേവന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ ആവശ്യമാണ്.

5. ഐ.ടി. വൈദഗ്ധ്യം: ഫിന്‍ടെക് കമ്പനികള്‍ക്ക് പ്രോഗ്രാമിംഗ്, സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, നെറ്റ്വര്‍ക്കിങ് എന്നിവയില്‍ സാങ്കേതിക പശ്ചാത്തലമുള്ള പ്രൊഫഷണലുകള്‍ ആവശ്യമാണ്.


വാല്‍കഷ്ണം: പരമ്പരാഗതമായ പല ബിസിനസ് സ്ഥാപനങ്ങളും ഇ-കൊമേഴ്സ് മേഖലയിലേക്ക് മാറുന്നതിനാല്‍, കോവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ ഫിന്‍ടെക് മേഖല മികച്ച മുന്നേറ്റം നടത്തുകയാണ്. ഇതിന് ധനകാര്യത്തിലും സാങ്കേതിക വിദ്യയിലും പശ്ചാത്തലമുള്ള നല്ല പ്രൊഫഷണലുകള്‍ ആവശ്യമാണ്. അതോടൊപ്പം മേല്‍ സൂചിപ്പിച്ചത് പോലെ മാര്‍ക്കറ്റിംങ്ങിലും സെയില്‍സിലും കസ്റ്റമര്‍ സര്‍വീസിലും വൈദഗ്ധ്യമുള്ളവര്‍ക്കും സാധ്യതകള്‍ ഉണ്ട്. അതിനാല്‍ ഫിന്‍ടെക് മേഖലയിലെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക.

TAGS :