അറബിക് കമന്ററി: മാറി വരുന്ന അറബി പഠന രീതി
ആഗോള ഫുട്ബോൾ മൈതാനങ്ങളിൽ നടക്കുന്ന മത്സരങ്ങളുടെ കേവലമായ വിവരണത്തിനപ്പുറം അറബിക് കമന്ററി ആ ഭാഷയുടെ സൗന്ദര്യവും പ്രയോഗങ്ങളും കൃത്യമായി സമ്മേളിക്കുന്ന ജീവസുറ്റൊരു മാധ്യമമാണെന്ന് കാണികളും ഭാഷാശാസ്ത്രജ്ഞരും വിദ്യാഭ്യാസവിദഗ്ദ്ധരും ഒരേപോലെ സമ്മതിക്കുന്നുണ്ട്. അറബി ഭാഷ ശുദ്ധമായ രൂപത്തിൽ പഠിക്കാനും അതിൽ പ്രാവീണ്യം നേടാനും ആഗ്രഹിക്കുന്നവർക്ക് കേൾവിയിലൂടെയും അനുകരണത്തിലൂടെയും ഭാഷാസ്വാധീനം വളർത്തിയെടുക്കാൻ സഹായിക്കുന്ന സവിശേഷവും ഫലപ്രദവുമായ ഉപാധിയാണ് അറബി കമൻ്ററി

ആഗോള ഫുട്ബോൾ മൈതാനങ്ങളിൽ നടക്കുന്ന മത്സരങ്ങളുടെ കേവലമായ വിവരണത്തിനപ്പുറം അറബിക് കമന്ററി ആ ഭാഷയുടെ സൗന്ദര്യവും പ്രയോഗങ്ങളും കൃത്യമായി സമ്മേളിക്കുന്ന ജീവസുറ്റൊരു മാധ്യമമാണെന്ന് കാണികളും ഭാഷാശാസ്ത്രജ്ഞരും വിദ്യാഭ്യാസവിദഗ്ദ്ധരും ഒരേപോലെ സമ്മതിക്കുന്നുണ്ട്. അറബി ഭാഷ ശുദ്ധമായ രൂപത്തിൽ പഠിക്കാനും അതിൽ പ്രാവീണ്യം നേടാനും ആഗ്രഹിക്കുന്നവർക്ക് കേൾവിയിലൂടെയും അനുകരണത്തിലൂടെയും ഭാഷാസ്വാധീനം വളർത്തിയെടുക്കാൻ സഹായിക്കുന്ന സവിശേഷവും ഫലപ്രദവുമായ ഉപാധിയാണ് അറബി കമൻ്ററി. ഫിഫ ലോകകപ്പ് പോലുള്ള വലിയ അന്താരാഷ്ട്ര ടൂർണമെന്റുകളിലും വൻകരകളിലെ മറ്റ് പ്രധാന മത്സരങ്ങളിലും ബീ. ഇൻ സ്പോർട്സ് പോലുള്ള പ്രമുഖ അറബിക് സ്പോർട്സ് ചാനലുകളിലെ തത്സമയ കളിവിവരണങ്ങൾ ശ്രദ്ധിക്കുന്നത് ഭാഷാപഠിതാക്കൾക്ക് മികച്ചൊരു പഠനാവസരമാണ് നൽകുന്നത്. ആധുനികമായ പ്രയോഗങ്ങളും വ്യാകരണശുദ്ധിയുമുള്ള ഭാഷയും കളിയുടെ ആവേശത്തോടും വികാരതീവ്രതയോടും കൂടി കേൾക്കാൻ സാധിക്കുന്നത് ഇതിലൂടെയാണ്. അറബിക് കമന്ററി എങ്ങനെയാണ് മികച്ചൊരു പഠനസഹായിയായി മാറുന്നതെന്നും അതിലെ പ്രഗത്ഭരായ വ്യക്തിത്വങ്ങൾ ആരൊക്കെയാണെന്നും അറബി ഭാഷ മാതൃഭാഷയായി സംസാരിക്കാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ പോലും ഇതിന് എങ്ങനെയാണ് ഇത്രയധികം ജനപ്രീതി ലഭിച്ചതെന്നും മനസിലാക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
പരമ്പരാഗതമായ പുസ്തകപഠനത്തിലൂടെയും വ്യാകരണ നിയമങ്ങളിലൂടെയും മാത്രം വിദേശഭാഷകൾ പഠിക്കുന്നത് പലപ്പോഴും വിദ്യാർഥികളിൽ വിരസത ഉണ്ടാക്കാറുണ്ട്. എന്നാൽ കളിക്കളത്തിലെ തത്സമയ വിവരണം ഈ പഠനപ്രക്രിയയെ കൂടുതൽ സജീവവും ആകർഷകവുമാക്കുന്നു. ഇതിൽ ഒന്നാമതായി എടുത്തുപറയേണ്ടത് ദൃശ്യാനുഭവവും തൽക്ഷണ അർഥഗ്രഹണവുമാണ്. ഭാഷാപഠനത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു വാക്കിനെ അതിന്റെ കൃത്യമായ അർഥവുമായി മനസിൽ ബന്ധിപ്പിക്കുക എന്നതാണ്. ഫുട്ബോളിൽ ഈ പ്രതിസന്ധി എളുപ്പത്തിൽ പരിഹരിക്കപ്പെടുന്നു. അറബി കമന്റേറ്റർ 'തസ്ദീദതുൻ ഖവിയ്യ' എന്ന് വിളിച്ച് പറയുമ്പോൾ ശക്തമായ കിക്ക് എന്നും 'ബിതാഖതുൻ സ്വ്ഫറാ' എന്ന് പറയുമ്പോൾ മഞ്ഞക്കാർഡ് എന്നും 'തസല്ലുൽ' എന്ന് പറയുമ്പോൾ ഓഫ്‌സൈഡ് എന്നും പ്രേക്ഷകൻ ആ ദൃശ്യം തൊട്ടടുത്ത നിമിഷത്തിൽ സ്ക്രീനിൽ കാണുന്നു. കേൾക്കുന്ന ശബ്ദവും കാണുന്ന ദൃശ്യവും തമ്മിലുള്ള ഈ പെട്ടെന്നുള്ള കൂടിച്ചേരൽ നിഘണ്ടുവിൻ്റെ സഹായമില്ലാതെ വാക്കുകൾ മനസിൽ ദീർഘകാലം നിലനിൽക്കാൻ സഹായിക്കും.
രണ്ടാമതായി ആധുനിക സ്റ്റാൻഡേർഡ് അറബിയുടെ പ്രയോഗമാണ് ഇതിന്റെ സവിശേഷത. പ്രാദേശിക നാടകങ്ങളിലോ ചർച്ചകളിലോ സിനിമകളിൽ പോലുമോ അതാത് നാട്ടിലെ സംഭാഷണ ശൈലികളാണ് ഉപയോഗിക്കാറുള്ളതെങ്കിൽ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ കമന്റേറ്റർമാർ പൊതുവായ ഫുസ്ഹ (MSA) ഭാഷയാണ് ഉപയോഗിക്കുന്നത്. അറബ് ലോകത്ത് ഉടനീളം പരക്കെ മനസിലാകുന്ന ഒന്നായതുകൊണ്ട് തന്നെ ഇത് പഠിതാക്കൾക്ക് ലളിതവും നിലവാരമുള്ളതുമായ ഭാഷാ അന്തരീക്ഷം ഒരുക്കുന്നു. ഇതോടൊപ്പം സംഭാഷണവേഗതയും വികാരവിനിമയവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. അറബി ഭാഷയുടെ ഒഴുക്കും അതിന്റെ പ്രത്യേക ശൈലികളും മനസിലാക്കാൻ കമന്ററി കേൾക്കുന്നത് വഴി സാധിക്കും. കളിയിലെ ഉദ്വേഗജനകമായ നിമിഷങ്ങളിൽ കമന്റേറ്റർമാർ ഉപയോഗിക്കുന്ന ആശ്ചര്യപ്രകടനങ്ങൾ, ചോദ്യങ്ങൾ, പ്രശംസകൾ എന്നിവയിലൂടെ വ്യാകരണപരമായ തെറ്റുകളില്ലാതെ വികാരങ്ങൾ എങ്ങനെ പ്രകടിപ്പിക്കാമെന്ന് പഠിതാവിന് ഗ്രഹിക്കാൻ കഴിയും. അറബിക് കമന്ററിയിലെ വ്യത്യസ്തമായ ശൈലികൾ മനസിലാക്കുന്നത് പഠിതാക്കൾക്ക് പുതിയ പദപ്രയോഗങ്ങൾ സ്വന്തമാക്കാൻ സഹായിക്കും.
പ്രസിദ്ധരായ അറബി കമെന്റേറ്റർമാർ
ഇന്ന് സജീവരായ പ്രധാനപ്പെട്ട പ്രതിഭകളിലൊരാളാണ് തുനീഷ്യക്കാരനായ ഇസ്സാം ഷവാലി. ഫുട്ബോൾ ചരിത്രവും കാവ്യഭംഗിയും നിറഞ്ഞ ശൈലിയാണ് അദ്ദേഹത്തിന്റേത്. അറബ് കളിവിവരണ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ ഇദ്ദേഹം കളിയുടെ വിവരണം നൽകുന്നതിനൊപ്പം ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങളെക്കൂടി കളിയുമായി കോർത്തിണക്കുന്നു. അലങ്കാര പ്രയോഗങ്ങളും കവിത തുളുമ്പുന്ന വാക്കുകളും നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ശൈലി. വലിയ വാക്യങ്ങൾ വ്യാകരണ തെറ്റുകളില്ലാതെ എങ്ങനെ കോർത്തിണക്കാമെന്ന് അദ്ദേഹത്തിന്റെ വിവരണം ശ്രദ്ധിച്ചാൽ മനസിലാകും.
ഇസ്സാം ഷവാലി
മറ്റൊരു പ്രമുഖനാണ് അൾജീരിയൻ കമന്റേറ്ററായ ഹഫീദ് ദറാജി. വ്യക്തതയും ലളിതവുമായ ശൈലിയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. ഗംഭീരമായ ശബ്ദവും കൃത്യമായ വേഗതയും കൊണ്ട് ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ വാക്കുകൾ വളരെ ലളിതവും എന്നാൽ ആഴവുമുള്ളതുമാണ്. ബാബ ബാബ അല്ലെങ്കിൽ യാ അല്ലാഹ് തുടങ്ങിയ അദ്ദേഹത്തിന്റെ പ്രയോഗങ്ങൾ വളരെ പ്രശസ്തമാണ്. ലളിതമായ വാക്യഘടനയും അക്ഷരങ്ങളുടെ വ്യക്തമായ ഉച്ചാരണവും ഉള്ളതുകൊണ്ട് അറബി ഭാഷ പഠിച്ചുതുടങ്ങുന്ന തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായ ശൈലിയാണ് ഇദ്ദേഹത്തിന്റേത്.
ഹഫീദ് ദറാജി
തുനീഷ്യയിൽ നിന്നുള്ള മറ്റൊരു പ്രമുഖനാണ് റഊഫ് ബിൻ ഖലീഫ്. സംഗീതാത്മകതയും ദൃശ്യാവിഷ്കാരവുമാണ് അദ്ദേഹത്തിന്റെ ശൈലി. സംഗീതാത്മകമായ ശബ്ദവ്യതിയാനങ്ങളിലൂടെയും അക്ഷരങ്ങൾ നീട്ടിയുള്ള ഉച്ചാരണത്തിലൂടെയും ശ്രദ്ധേയനായ ഇദ്ദേഹം മൈതാനത്തെ മനോഹരമായ നീക്കങ്ങളെ വലിയ ആർട്ട് ഗാലറികളിലെ ചിത്രങ്ങളോടാണ് ഉപമിക്കാറുള്ളത്. ഭാഷയിലെ സവിശേഷമായ നാമവിശേഷണങ്ങൾ വളരെ കൃത്യമായി അദ്ദേഹം തന്റെ സംഭാഷണങ്ങളിൽ ഉപയോഗിക്കുന്നു.
റഊഫ് ബിൻ ഖലീഫ്
സൗദി അറേബ്യക്കാരനായ ഫഹദ് അൽ ഉതൈബിയും ഈ രംഗത്തെ പ്രഗത്ഭനാണ്. ഗാംഭീര്യമുള്ള അറബി പാരമ്പര്യ ശൈലിയാണ് ഇദ്ദേഹത്തിന്റേത്. ഭാഷയുടെ പാരമ്പര്യ തനിമയുള്ള കാവ്യ പദസമ്പത്ത് കൊണ്ടാണ് അദ്ദേഹം കളിവിവരണത്തെ സമ്പന്നമാക്കുന്നത്. ശാന്തവും ഗൗരവവുമുള്ള ശൈലിയിൽ നിന്ന് ഗോൾ നേടുന്ന നിമിഷങ്ങളിൽ ആവേശത്തിന്റെ കൊടുമുടിയിലേക്ക് ഉയരുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. ക്ലാസിക് അറബിക് വാക്കുകളെ ആധുനികമായ രീതിയിൽ എങ്ങനെ മനോഹരമായി ഉപയോഗിക്കാമെന്ന് ഇദ്ദേഹത്തിന്റെ ശൈലി കാണിച്ചുതരുന്നു.
ഫഹദ് അൽ ഉതൈബി
അറബിക് കമന്ററി കൃത്യമായി പിന്തുടരുന്നതിന് കളിയിൽ ആവർത്തിച്ചു വരുന്ന ചില അടിസ്ഥാന വാക്കുകൾ മനസിലാക്കേണ്ടതുണ്ട്. മത്സരം എന്നതിന് മുബാറാ എന്നും പോസ്റ്റിന്റെ മുകൾഭാഗത്തെ ബാറിന് ആരിദ എന്നും ആക്രമണത്തിന് ഹുജൂം എന്നുമാണ് പറയുക. അതുപോലെ അതിവേഗം മുന്നേറുന്നു എന്നതിന് യൻത്വലിഖു എന്നും പന്ത് കൈവശം വെക്കുന്നു എന്നതിന് യസ്തഹ്വിദു എന്നും ഗോൾപോസ്റ്റിലേക്ക് തൊടുക്കുന്നു എന്നതിന് യുസദ്ദിദു എന്നും കമന്റേറ്റർമാർ പൊതുവെ ഉപയോഗിക്കുന്നു.
അറബിക് കമന്ററിയുടെ സ്വീകാര്യതയെക്കുറിച്ച് സംസാരിക്കുമ്പോൾ സമീപകാലത്തുണ്ടായ ഒരു പ്രധാന മാറ്റം അറബി ഭാഷ സാധാരണമായി സംസാരിക്കാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ പ്രത്യേകിച്ച് കേരളത്തിൽ ഇതിന് ലഭിക്കുന്ന വലിയ ജനപ്രീതിയാണ്. ഇംഗ്ലീഷ് കമന്ററിയുടെ വിരസതയും മലയാള കമൻ്ററിയിലെ അലർച്ചയോടുള്ള മടുപ്പും ആവേശത്തിനായുള്ള തിരച്ചിലുമാണ് അറബിയിലേക്ക് ആരാധകരെ നയിക്കുന്നത്. ഇംഗ്ലീഷ് കമന്ററി പലപ്പോഴും കേവലമായ സ്ഥിതിവിവരക്കണക്കുകളിലും ശാന്തമായ വിവരണങ്ങളിലും ഒതുങ്ങുമ്പോൾ അറബിക് കമന്ററിയിലെ നാടകീയതയും വൈകാരികമായ ആവേശവും ഇന്ത്യൻ ആരാധകരെ ആകർഷിക്കുന്നു. കേരളത്തിലെ പ്രശസ്ത കമന്റേറ്ററായ ഷൈജു ദാമോദരന്റെ ജനപ്രിയ ശൈലിക്ക് സമാനമായ ആവേശം ഇസ്സാം ഷവാലിയുടെയും മറ്റും വിവരണങ്ങളിൽ മലയാളി ആരാധകർ കണ്ടെത്തുന്നുണ്ട്.
ഗൾഫ് നാടുകളുമായുള്ള സാംസ്കാരിക ബന്ധവും ഇതിലൊരു പ്രധാന ഘടകമാണ്. കേരളത്തിന് ദശാബ്ദങ്ങളായി ഗൾഫ് രാജ്യങ്ങളുമായുള്ള അടുത്ത ബന്ധം കാരണം അവിടുത്തെ സ്പോർട്സ് ചാനലുകളിലെ അറബിക് ശബ്ദം കേരളത്തിലെ പല വീടുകളിലും ക്ലബ്ബുകളിലും ഇന്ന് പരിചിതമാണ്. പൂർണമായി അർഥം മനസിലായില്ലെങ്കിൽ പോലും കളിയുടെ ആ ശൈലിയും താളവും ആസ്വദിക്കാൻ ഇവിടുത്തെ യുവാക്കൾക്ക് എളുപ്പത്തിൽ സാധിക്കുന്നു. കൂടാതെ സോഷ്യൽ മീഡിയയുടെ സ്വാധീനവും ഇതിന് മാറ്റുകൂട്ടി. ഇൻസ്റ്റാഗ്രാം റീലുകളിലും യൂട്യൂബിലും മെസ്സി, റൊണാൾഡോ, സലാഹ്, നെയ്മർ തുടങ്ങിയ വൻകിട താരങ്ങളുടെ ഗോളുകൾക്ക് പശ്ചാത്തലമായി അറബിക് കമന്ററി ചേർത്തുള്ള വിഡിയോകൾ ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. ഇത് പൂർണമായ മത്സരങ്ങൾ അറബിക് കമന്ററിയിൽ തന്നെ കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നു.
ഫുട്ബോൾ കമന്ററിയെ അറബി ഭാഷാപഠനത്തിന്റെ ഭാഗമാക്കുന്നത് പരമ്പരാഗത രീതികളിൽ നിന്ന് മാറി ഭാഷയെ അതിന്റെ എല്ലാ ആവേശത്തോടും കൂടി തത്സമയം അനുഭവിച്ചറിയാൻ സഹായിക്കും. ഷവാലിയുടെയും ദറാജിയുടെയും ഉതൈബിയുടെയും പോലെ യമനീ കമൻ്റേറ്ററായ ഹസൻ ഐദറൂസിൻ്റെയും ശബ്ദങ്ങൾ കേവലം കളിവിവരണങ്ങളല്ല; മറിച്ച് ആധുനിക അറബി ഭാഷയുടെ മനോഹരമായ ജാലകങ്ങളാണ്. കളി ആസ്വദിക്കുന്നതിനൊപ്പം തന്നെ ശ്രദ്ധയോടെ ഇത് കേൾക്കുന്നത് അറബി ഭാഷയെ കൂടുതൽ ആഴത്തിൽ മനസിലാക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സഹായിക്കുമെന്നതിൽ സംശയമില്ല.
