അറബി സാഹിത്യം: ഇന്നലെ, ഇന്ന്, നാളെ (ഭാഗം - 1)
അറബിഭാഷയുടെ അനിതരസാധാരണമായ സൗന്ദര്യവും ഗരിമയും തുളുമ്പുന്ന രചനകളുടെ കലവറയാണ് പുരാതന അറബി സാഹിത്യം. കവിതാ-ഗദ്യ ശാഖകളിലൂടേയും നാടകം, നോവൽ, ചെറുകഥ, നിരൂപണം തുടങ്ങിയ വ്യത്യസ്ത ആഖ്യാനരൂപങ്ങളിലൂടെയും അത് ഇക്കാലത്തും വിസ്മയങ്ങൾ തീർത്തു കൊണ്ടിരിക്കുന്നു. ഏതു കാലത്തിന്റെയും മാറുന്ന ചിന്തകളെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന ദർപ്പണമാണ് അറബി സാഹിത്യലോകം

അറബിഭാഷയുടെ അനിതരസാധാരണമായ സൗന്ദര്യവും ഗരിമയും തുളുമ്പുന്ന രചനകളുടെ കലവറയാണ് പുരാതന അറബി സാഹിത്യം. കവിതാ-ഗദ്യ ശാഖകളിലൂടേയും നാടകം, നോവൽ, ചെറുകഥ, നിരൂപണം തുടങ്ങിയ വ്യത്യസ്ത ആഖ്യാനരൂപങ്ങളിലൂടെയും അത് ഇക്കാലത്തും വിസ്മയങ്ങൾ തീർത്തു കൊണ്ടിരിക്കുന്നു. ഏതു കാലത്തിന്റെയും മാറുന്ന ചിന്തകളെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന ദർപ്പണമാണ് അറബി സാഹിത്യലോകം. മനുഷ്യന്റെ അഗാധമായ വികാരങ്ങളെയും ജീവിതാനുഭവങ്ങളെയും അതിമനോഹരമായ ശൈലിയിൽ കോർത്തിണക്കി, ഭാഷകളുടെ ഉത്തുംഗങ്ങളിൽ അത് കാലാതീതമായി നിലകൊള്ളുന്നു എന്നതു തന്നെ ലോക ഭാഷകളിൽ അറബിയുടെ സ്ഥാനം വിളിച്ചോതുന്നു. ആസ്വാദനത്തേക്കാളുപരി ആത്മാവിൽ സ്വാധീനം ചെലുത്തുകയും, ധാർമിക മൂല്യങ്ങൾ വളർത്തുകയും, തിന്മയിൽ നിന്ന് അകറ്റി നന്മയിലേക്ക് നയിക്കുകയും ചെയ്യുന്ന ഏത് കാവ്യവും ഗദ്യവും അറബി പരികല്പന അനുസരിച്ച് സാഹിത്യമാണ്.
അറബി സാഹിത്യത്തിന്റെ വിഭാഗങ്ങൾ
- കവിത: അറബി സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണിത്. ഇതിനെ ഇതിഹാസ കവിതകൾ, നാടകീയ കവിതകൾ, ഗാനരൂപത്തിലുള്ള കാവ്യങ്ങൾ എന്നിങ്ങനെ തിരിക്കാറുണ്ട്.
- ഗദ്യം: പ്രസംഗങ്ങൾ, കത്തുകൾ, പഴഞ്ചൊല്ലുകൾ, വൈജ്ഞാനിക മൊഴികൾ, ഉപദേശങ്ങൾ, മഖാമകൾ /പദ്യകഥകൾ, കഥകൾ/ നോവലുകൾ, നാടകങ്ങൾ, സിനിമകൾ എന്നിവയെല്ലാം അറബി സാഹിത്യത്തിൻ്റെ ഗണത്തിലാണ് ഉൾപ്പെടുന്നത്.
അറബി സാഹിത്യ പഠനത്തിന്റെ ഉദേശ്യങ്ങൾ
സാമൂഹിക-ചിന്താപരമായ വിഷയങ്ങളെക്കുറിച്ച് അറിവ് നേടുകയും സാമൂഹിക - സാംസ്കാരിക- ധൈഷണിക പ്രതിസന്ധികൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതോടൊപ്പം മനുഷ്യാനുഭവങ്ങൾ വായിച്ചറിയുകയും അറിവ് വർധിപ്പിക്കുകയും ചെയ്യുക എന്നത് അറബി സാഹിത്യത്തിൻ്റെ അലിഖിത ലക്ഷ്യമാണ്. കഥകളിലൂടെയും നാടകങ്ങളിലൂടെയും വിനോദത്തിലൂടെയുള്ള പഠനം സാധ്യമാക്കുക എന്നതോടൊപ്പം സാമൂഹ്യ മാറ്റത്തിൻ്റെ ഏകകമായാണ് അറബി സാഹിത്യം ഭൂമിയിൽ നിർവഹിച്ചു കൊണ്ടിരിക്കുന്ന പ്രധാന ധർമം.
അറബി സാഹിത്യ കാലഘട്ടങ്ങൾ
അറബി സാഹിത്യ ചരിത്രത്തെ ഏഴ് പ്രധാന കാലഘട്ടങ്ങളായി തിരിച്ചിരിക്കാം:
- അജ്ഞാന കാലഘട്ടം: പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന് ഏകദേശം 200 വർഷം മുമ്പ് തുടങ്ങി ഇസ്‌ലാമിൻ്റെ വ്യാപനത്തോടെ അവസാനിക്കുന്നു.
- ഇസ്‌ലാമിൻ്റെ ആദ്യകാലം: പ്രവാചകൻ മുഹമ്മദ് നബിയുടെ ആവിർഭാവം മുതൽ നാല് ഖലീഫമാരുടെ ഭരണം അവസാനിക്കുന്നത് വരെയുള്ള കാലയളവിലുള്ള കാലഘട്ടം.
- ഉമയ്യദ് കാലഘട്ടം: ഹിജ്റ 41 മുതൽ 132 വരെ നീണ്ടു നിൽക്കുന്ന ഒമ്പത് പതിറ്റാണ്ടുകൾ .
- അബ്ബാസിയ്യ കാലഘട്ടം: ഹിജ്റ 132 മുതൽ 656 വരെയുള്ള അഞ്ചു നൂറ്റാണ്ടു കാലത്തെ വിപ്ലവാത്മകമായ സർഗാത്മക സാഹിത്യം. ഇതേ സമയം സ്പെയിനിലും സമാന്തര വിദ്യാഭ്യാസ- സാഹിത്യ പ്രവർത്തനങ്ങൾ സജീവമായിരുന്നു.
- തുടർ ഭരണകൂടങ്ങളുടെ കാലം: മംഗോളിയരുടെ ബഗ്ദാദ് ആക്രമണം മുതൽ അറബ് ലോകത്ത് യൂറോപ്യൻ സ്വാധീനം തുടങ്ങുന്നത് വരെയുള്ള കാലഘട്ടം.
- ആധുനിക കാലഘട്ടം: അറബ് ലോകത്തെ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ തുടക്കം മുതൽ ജ്ഞാനോദയ കാലഘട്ടം വരെയുള്ള കാലയളവിൽ നടന്ന സാഹിത്യ പ്രവർത്തനങ്ങൾ
- പോസ്റ്റ് മോഡേൺ കാലഘട്ടം: അഥവാ ലോക സാഹിത്യങ്ങളിൽ നടന്ന ആധുനികാനന്തര കാലഘട്ടം. എല്ലാ ലോക ഭാഷകളിലും സംഭവിച്ചു കൊണ്ടിരിക്കുന്നതു പോലെയോ അതിലേറെയോ അറബ് ലോകത്തും വളരെ അഭൂതപൂർവമായ വളർച്ചയാണ് നടന്നു കൊണ്ടിരിക്കുന്നത്.
അജ്ഞാന കാലത്തെ ജീവിതങ്ങൾ
- സാമൂഹിക ജീവിതം: അറേബ്യൻ സമൂഹം ബദവികളും (നാടോടികൾ) നഗരവാസികളും (ഹദർ) എന്ന് രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. യമൻ, മക്ക, യസ്‌രിബ് എന്നിവിടങ്ങളിൽ നഗരസംസ്കാരം നിലനിന്നിരുന്നു.
- രാഷ്ട്രീയ ജീവിതം: ഗോത്രങ്ങളെ നയിച്ചിരുന്നത് നേതാക്കളായിരുന്നു. ധീരത, ഔദാര്യം, ക്ഷമ എന്നിവയായിരുന്നു അന്നത്തെ അറബ് നേതാക്കളുടെ ഗുണങ്ങൾ. മക്കയിൽ ഖുറൈശികൾക്ക് ഇന്നത്തെ ജനായത്ത രീതിയെ വെല്ലുന്ന പ്രത്യേക ഭരണസംവിധാനമുണ്ടായിരുന്നു.
- സാമൂഹിക ജീവിതം: വംശാവലി ശാസ്ത്രം, ഗോളശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിൽ അവർക്ക് പ്രത്യേക അറിവുകളുണ്ടായിരുന്നു.
അറേബ്യയിൽ യുദ്ധങ്ങൾ നിത്യ സംഭവങ്ങളായിരുന്നു. ചരിത്ര ഗ്രന്ഥങ്ങളിൽ അയ്യാമുൽ അറബ് /Arabian Days എന്നറിയപ്പെട്ടിരുന്നത് ജലത്തിനും മേച്ചിൽപ്പുറങ്ങൾക്കും വേണ്ടി ഗോത്രങ്ങൾ തമ്മിലും വിദേശികളുമായും നടന്ന യുദ്ധങ്ങളായിരുന്നു. നടന്നിരുന്നു. 'ദൂ ഖാർ' യുദ്ധം (പേർഷ്യക്കാരെ പരാജയപ്പെടുത്തിയ യുദ്ധം), 'ഖസാസി' യുദ്ധം എന്നിവ അവയിൽ കുപ്രസിദ്ധങ്ങളാണ്.
ആദ്യകാല കവിതയും അതിന്റെ ശൈലിയും
അജ്ഞാന കാലത്തെ ആദ്യ കവി മുഹൽഹിൽ ബിൻ റബീഅ, ആദ്യ ശൃംഗാര കവി ഇംറുൽ ഖൈസ്, അൻതറ, സുഹൈർ ബിൻ അബീ സുൽമ, നാബിഗ ദുബിയാനി തുടങ്ങിയവർ കൂട്ടത്തിൽ ഏറെ പ്രശസ്തരാണ്. അഭിമാനകവിതകൾ, പ്രശംസാ കവിതകൾ, പരിഹാസം, വിലാപം, പ്രണയകവിതകൾ, വർണന, ക്ഷമാപണം, ജ്ഞാനമൊഴികൾ എന്നീ പ്രമേയങ്ങളിൽ കവിതകൾ രചിക്കപ്പെട്ടിരുന്നു.
ആദ്യകാല അറബി കവിതയുടെ സവിശേഷതകൾ
ഇസ്‌ലാമിന് മുൻപുള്ള അറബ് സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ-സാംസ്‌കാരിക വേദിയായിരുന്നു സൂഖ്-ഉക്കാള് പോലെയുള്ള ചന്തകൾ. കവികൾ തങ്ങളുടെ രചനകൾ അവതരിപ്പിക്കുകയും, നബിഗതു ദുബിയാനിയെപ്പോലുള്ള പ്രഗത്ഭരായ മധ്യസ്ഥന്മാർ അവയിലെ കാവ്യഗുണം വിലയിരുത്തുകയും ചെയ്യുന്ന മത്സരവേദികളായിരുന്നു അവ. അറബി ഭാഷയെ ഏകീകരിക്കുന്നതിനും ഗോത്രങ്ങൾക്കിടയിൽ ആശയവിനിമയം നടത്തുന്നതിനും ഈ കാവ്യസദസുകൾ വലിയ പങ്കുവഹിച്ചു. അറബികളുടെ ചരിത്രവും വംശാവലിയും മഹത്വവും വിളിച്ചോതുന്ന 'അറബികളുടെ ദീവാൻ' കൂടിയായിരുന്നു ചന്തകളിലെ ഇത്തരം കാവ്യസദസുകൾ. ലളിതമായ ആശയങ്ങൾ, ആശയ വ്യക്തത, അതിശയോക്തികൾ ഇല്ലാത്ത ശൈലി, പ്രകൃതിയുമായുള്ള അടുത്തുനിൽക്കുന്ന വർണനകൾ. ഒരോ വരിയും സ്വതന്ത്രമായ അർഥം ഉൾക്കൊള്ളുന്ന വരികൾ എന്നിവ അക്കാല കവിതകളുടെ സവിശേഷതയായിരുന്നു.
മുഅല്ലഖാത്ത്
ജാഹിലിയ്യാ കാലഘട്ടത്തിലെ ഏറ്റവും മികച്ച കവിതകളാണിവ. ഇവ കഅ്ബയിൽ തൂക്കിയിട്ടിരുന്നതായി പറയപ്പെടുന്നു. അതുകൊണ്ടാണ് മുഅല്ലഖാത്ത് അഥവാ തൂക്കപ്പെട്ടവ എന്ന് വിളിക്കപ്പെട്ടിരുന്നത്. അറബി സാഹിത്യ പാരമ്പര്യത്തിൽ ഈ സപ്തകാവ്യങ്ങൾ
മറ്റ് പേരുകളിലും അറിയപ്പെട്ടിരുന്നു. സുമൂത് (മാലകളോട് സാമ്യമുള്ളതിനാൽ), മുദ്ഹബാത്ത് ( സ്വർണ മഷിയിൽ എഴുതപ്പെട്ടിരുന്നതിനാൽ), അൽ-സബ്ഉ ത്തിവാൽ (ഏഴ് നീണ്ട കവിതകൾ), അൽ-ഖസാഇദുൽ ജാഹിലിയ്യ എന്നൊക്കെ അതിനെ വിശേഷിപ്പിച്ചിരുന്നു. മറ്റു മൂന്ന് ചില കവിതാ സമാഹാരങ്ങൾ ചേർത്ത് അവയെ അൽ-മുഅല്ലഖാത്ത് അൽ-അശ്ർ (പത്ത് മുഅല്ലഖത്ത്) എന്ന് വിളിക്കുന്ന ചരിത്രകാരന്മാരും ഉണ്ട്.
