Quantcast
MediaOne Logo

ഡോ. ഹഫീദ് നദ്‌വി

Published: 30 April 2026 10:04 AM IST

കേരളത്തിലെ അറബി കവിതാ പാരമ്പര്യം: പാണ്ഡിത്യത്തിന്റെ പടവുകളിൽ നിന്ന് പ്രളയ കവിതകളിലേക്ക്

കേരളത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിക്കുമ്പോൾ അറബിഭാഷയും സാഹിത്യവും വെറുമൊരു വിദേശാധിനിവേശമല്ല, മറിച്ച് ഈ മണ്ണിന്റെ ആത്മാവിൽ ലയിച്ചുചേർന്ന സർഗാത്മക സാന്നിധ്യമാണെന്ന് കാണാം. നൂറ്റാണ്ടുകൾക്ക് മുമ്പ് പള്ളിപ്പടവുകളിൽ നിന്ന് തുടങ്ങിയ അറബി കവിത ഇന്ന് കേരളത്തിലെ ആധുനിക കലാലയങ്ങളിലെയും സൈബർ ഇടങ്ങളിലെയും സജീവ സാന്നിധ്യമാണ്. പാരമ്പര്യത്തിന്റെ ഗാംഭീര്യവും ആധുനികതയുടെ പരീക്ഷണാത്മകതയും ഒത്തുചേരുന്ന ഈ സാഹിത്യ പ്രസ്ഥാനം, പാണ്ഡിത്യത്തിന്റെ ഓതിത്തികഞ്ഞ വഴികളിൽ നിന്ന് മാറി സാധാരണക്കാരന്റെ പ്രാണവേദനകളെ പ്രതിനിധീകരിക്കുന്ന ജനകീയ തലത്തിലേക്ക് വളർന്നിരിക്കുന്നു

കേരളത്തിലെ അറബി കവിതാ പാരമ്പര്യം: പാണ്ഡിത്യത്തിന്റെ പടവുകളിൽ നിന്ന് പ്രളയ കവിതകളിലേക്ക്
X

കേരളത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിക്കുമ്പോൾ അറബിഭാഷയും സാഹിത്യവും വെറുമൊരു വിദേശാധിനിവേശമല്ല, മറിച്ച് ഈ മണ്ണിന്റെ ആത്മാവിൽ ലയിച്ചുചേർന്ന സർഗാത്മക സാന്നിധ്യമാണെന്ന് കാണാം. നൂറ്റാണ്ടുകൾക്ക് മുമ്പ് പള്ളിപ്പടവുകളിൽ നിന്ന് തുടങ്ങിയ അറബി കവിത ഇന്ന് കേരളത്തിലെ ആധുനിക കലാലയങ്ങളിലെയും സൈബർ ഇടങ്ങളിലെയും സജീവ സാന്നിധ്യമാണ്. പാരമ്പര്യത്തിന്റെ ഗാംഭീര്യവും ആധുനികതയുടെ പരീക്ഷണാത്മകതയും ഒത്തുചേരുന്ന ഈ സാഹിത്യ പ്രസ്ഥാനം, പാണ്ഡിത്യത്തിന്റെ ഓതിത്തികഞ്ഞ വഴികളിൽ നിന്ന് മാറി സാധാരണക്കാരന്റെ പ്രാണവേദനകളെ പ്രതിനിധീകരിക്കുന്ന ജനകീയ തലത്തിലേക്ക് വളർന്നിരിക്കുന്നു.

പാരമ്പര്യത്തിന്റെ കരുത്തുറ്റ വേരുകൾ

കേരളത്തിലെ അറബി സാഹിത്യത്തിന് കൃത്യമായ ദിശാബോധം നൽകിയ കുറിപ്പുകാരനറിയുന്ന പ്രതിഭകളെ സ്മരിക്കാതെ ഈ ചരിത്രം പൂർണമാകില്ല. ഉസ്താദ് കെ. മൊയ്തു മൗലവി, മൂസാ ഐരൂരി, അലവിക്കുട്ടി കോട്ടൂർ (ഈയിടെ അന്തരിച്ചു) തുടങ്ങിയവർ ഈ രംഗത്തെ അതികായന്മാരാണ്. ലളിതവും എന്നാൽ അഗാധവുമായ അർഥതലങ്ങളുള്ള കവിതകളിലൂടെ ഇവരെല്ലാം ശ്രദ്ധേയരായി. പാണ്ഡിത്യത്തിന്റെ ഭാരമില്ലാതെ സാധാരണക്കാരിലേക്ക് അറബി സാഹിത്യത്തെ അടുപ്പിക്കുന്നതിൽ ഇവരെല്ലാം വലിയ പങ്ക് വഹിച്ചു. നാം കണ്ട, പരിചയിച്ച

കെ. മൊയ്തു മൗലവി

ഈ മുൻഗാമികൾ അറബി കവിതയ്ക്ക് പരമ്പരാഗതമായ സാംസ്കാരിക മര്യാദയും വൃത്തനിബദ്ധമായ ശൈലിയും നൽകി. അവർക്ക് കവിതയെന്നത് ഒരു വിജ്ഞാന ശാഖയായിരുന്നു. അതുകൊണ്ടുതന്നെ അതിൽ ഗൗരവതരമായ വിഷയങ്ങളും സ്തുതിഗീതങ്ങളും ആത്മീയ ചിന്തകളുമാണ് മുൻതൂക്കം നേടിയത്.

ഡോ. അബ്ദുല്ല സുല്ലമി

അക്കാദമിക് തികവും ഭാവുകത്വ പരിവർത്തനവും

പാരമ്പര്യത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് അറബി കവിതയെ ആധുനിക അക്കാദമിക തലങ്ങളിലേക്ക് വളർത്തിയ ഇന്ന് ജീവിച്ചിരിപ്പുള്ള ഡോ. അബ്ദുല്ല സുല്ലമി, സിബ്ഗത്തുല്ല ഹുദവി തുടങ്ങിയ എൻ്റെ സുഹൃത്തുക്കൾ. സുല്ലമിയെപ്പോലുള്ളവർ പൗരസ്ത്യ വിജ്ഞാനീയങ്ങളെ ആഴത്തിൽ സ്പർശിച്ചുകൊണ്ട് തന്നെ ആധുനിക കാലഘട്ടത്തിലെ വൈജ്ഞാനിക മാറ്റങ്ങളെ കവിതകളിൽ ഉൾക്കൊള്ളിച്ചു. പാണ്ഡിത്യവും സർഗാത്മകതയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാമെന്ന് ഇവർ രണ്ടുപേരും കാണിച്ചുതന്നു. യുവകവി ഹുദവിയുടെ രചനകളിൽ ആധുനിക അറബി സാഹിത്യത്തിലെ പുതിയ പ്രവണതകളും അറബി തനിമയും ഒത്തുചേരുന്നത് കാണാം. ഇവർ കവിതയെ ഒരു കല എന്ന നിലയിൽ നിന്ന് ഗവേഷണാത്മകമായ മേഖലയിലേക്ക് കൂടി വളർത്തി. അറബിഭാഷാ പഠനത്തെ കേവലം വ്യാകരണത്തിൽ ഒതുക്കാതെ അതിനെ വികാരസംവേദനത്തിനുള്ള ഉപാധിയാക്കി ഇവർ മാറ്റിത്തീർത്തു.

സിബ്ഗത്തുല്ല ഹുദവി

'യുവതുർക്കികളുടെ' വിപ്ലവം...

ഇന്ന് കേരളത്തിലെ അറബി സാഹിത്യലോകം - യുവജനോത്സവങ്ങൾ പ്രത്യേകിച്ചും - സാക്ഷ്യം വഹിക്കുന്നത് ഒരു വലിയ തലമുറ മാറ്റത്തിനാണ്. അറബി അധ്യാപകർക്കിടയിൽ നിന്ന് ഉയർന്നുവന്ന ഒരു കൂട്ടം യുവ പ്രതിഭകളെ 'യുവതുർക്കികൾ' എന്ന് വിശേഷിപ്പിക്കാം. പഴയകാലത്തെ പ്രമേയങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, സമകാലിക ലോകത്തെ ചുട്ടുപൊള്ളുന്ന വിഷയങ്ങളാണ് ഇവരുടെ പേനത്തുമ്പിൽ നിന്ന് പിറക്കുന്നത്. പണ്ട് അറബി കവിതയെന്നാൽ മണലാരണ്യത്തിലെ ഒട്ടകത്തെക്കുറിച്ചോ, മരുഭൂമിയിലെ ശരൽക്കാലത്തെക്കുറിച്ചോ അല്ലെങ്കിൽ ഖൈസിനെയും ലൈലയെയും പോലുള്ള വിഖ്യാത പ്രേമികളെക്കുറിച്ചോ അന്താരാഷ്ട്ര തലത്തിൽ ആയിരിക്കണം എന്നൊരു ധാരണയുണ്ടായിരുന്നു. എന്നാൽ ഈ യുവ അധ്യാപകർ ആ സങ്കൽപ്പത്തെ അപ്പാടെ പൊളിച്ചെഴുതി. കേരളത്തിന്റെ ഗ്രാമീണ ജീവിതവും ഇവിടുത്തെ രാഷ്ട്രീയ മാറ്റങ്ങളും സാമൂഹിക വിപത്തുകളും മലയിടിച്ചിലുകളും അവരുടെ കവിതകളിൽ പ്രധാന പ്രമേയങ്ങളായി. അറബിയിലെ ഏറ്റവും ലളിതമായ വൃത്തങ്ങൾ ഉപയോഗിച്ച് തന്നെ അവർ ഈ പരിചിതമായ വിഷയങ്ങളെ ആവിഷ്കരിക്കുന്നു എന്നത് അതിശയകരമാണ്.

മൂസാ ഐരൂരി

ദുരന്തങ്ങളുടെ വിലാപകാവ്യങ്ങൾ: സാഹിത്യത്തിലെ സാമൂഹിക പ്രതിബദ്ധത

ഈ യുവകവികളുടെ സാമൂഹിക പ്രതിബദ്ധത ഏറ്റവും കൂടുതൽ പ്രകടമായത് കേരളം നേരിട്ട മഹാദുരന്തങ്ങളുടെ സമയത്താണ്. ഇവിടെയാണ് സാഹിത്യം കേവലം സൗന്ദര്യാനുഭവം എന്നതിൽ നിന്ന് ചരിത്രരേഖയായി മാറുന്നത്.

1. പ്രളയകാലത്തെ വരികൾ: 2018ലെയും 2019ലെയും പ്രളയകാലത്ത് ഈ അറബി അധ്യാപകർ എഴുതിയ അറബി കവിതകൾ കേവലം അക്ഷരക്കൂട്ടുകളല്ലായിരുന്നു. ഒലിച്ചുപോയ വീടുകളുടെയും നഷ്ടപ്പെട്ട ജീവനുകളുടെയും വിലാപമായിരുന്നു അത്. അറബിയിലെ 'ബഹ്‌റുകൾ' ഒട്ടും തെറ്റാതെ തന്നെ പ്രളയത്തിന്റെ ഭീകരതയെ അവർ ആവിഷ്കരിച്ചു. തങ്ങൾ പഠിച്ചു ഉപജീവനം നടത്തുന്ന ഭാഷ ഉപയോഗിച്ച് തങ്ങളുടെ നാടിന്റെ കണ്ണീർ തുടയ്ക്കാനാണ് അവർ ശ്രമിച്ചത്. അതോടൊപ്പം യുവജനോത്സവങ്ങളിൽ അവരുടെ ബ്രാൻ്റ് സ്ഥാപിക്കാനും അവർക്കായി.

2. പൂക്കിപ്പറമ്പ് ദുരന്തം: മലപ്പുറം ജില്ലയെ നടുക്കിയ പൂക്കിപ്പറമ്പ് ബസ് അപകടത്തെക്കുറിച്ച് ഇവർ രചിച്ച കവിതകൾ കണ്ണീരോടെയല്ലാതെ വായിക്കാൻ കഴിയില്ല. ഒരു ദുരന്തത്തെ എങ്ങനെ മറ്റൊരു ഭാഷയിലേക്ക് ആത്മാവ് ചോരാതെ മാറ്റാം എന്ന് ഇവർ തെളിയിച്ചു.

3. ഉരുൾപൊട്ടൽ: വയനാട്ടിലെ ചൂരൽമലയിലടക്കമുണ്ടായ ഉരുൾപൊട്ടൽ ഇവരുടെ കവിതകളിൽ കറുത്ത അധ്യായമായി മാറി. മണ്ണിനടിയിൽ പുതഞ്ഞുപോയ സ്വപ്നങ്ങളെയും മനുഷ്യബന്ധങ്ങളെയും കുറിച്ച് ഇവർ അറബിയിൽ വിലാപകാവ്യങ്ങൾ രചിച്ചു. പ്രകൃതിയുടെ സംഹാരതാണ്ഡവത്തെ അറബിയിൽ സ്വന്തമായി ആവിഷ്കരിച്ച പദങ്ങൾ കൊണ്ട് അവർ വരച്ചുകാട്ടി.

ഈ കവിതകൾക്ക് വലിയൊരു പ്രത്യേകതയുണ്ട്. ഈ കവിതകൾ പ്രാദേശിക അറബി പ്രസിദ്ധീകരണങ്ങളിലും സാഹിത്യ വേദികളിലും നിരന്തരം ചർച്ച ചെയ്യപ്പെടുന്നു. കേരളത്തിന്റെ ദുരന്തങ്ങളെയും സഹായ അഭ്യർഥനകളെയും അറബി ലോകത്തിന് മുന്നിൽ എത്തിക്കുന്ന 'സാംസ്കാരിക നയതന്ത്രജ്ഞരായി' ഈ യുവ അധ്യാപകർ മാറുന്നു. ഇത് കേവലം സാഹിത്യരചനയല്ല, മറിച്ച് ഒരു ജനതയുടെ അതിജീവനത്തിനായുള്ള സന്ദേശവാഹക ദൗത്യമാണ്. ആഗോള ഭാഷയെ തനി നാടൻ വിഷയങ്ങളിലേക്ക് വഴി നടത്തി എന്നവർക്ക് അഭിമാനിക്കാം .

ശൈലീപരമായ മാറ്റങ്ങളും സൈബർ ഇടങ്ങളും

പുതിയ കാലത്തെ അറബി കവിതകളിൽ ഭാഷാപരമായ കടുംപിടുത്തങ്ങൾ പതുക്കെ കുറഞ്ഞു വരുന്നു. ആധുനിക അറബി കവിതയിലെ 'ഗസൽ' (പ്രണയാതുര ) രീതികളും 'മുറബ്ബഅ്' /ചതുർ ശൈലികളും ദറൂറത്തുശിഅറുകളും ( Poetic licences) ഇവർ നിർലോഭം പരീക്ഷിക്കുന്നു. ലളിതമായ പദപ്രയോഗങ്ങളിലൂടെ വലിയ ആശയങ്ങൾ കൈമാറാൻ ഇവർക്ക് സാധിക്കുന്നു. ഫേസ്ബുക്കും വാട്സാപ്പും യൂട്യൂബും പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഈ കവിതകളുടെ പ്രചാരത്തിന് വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. ഒരു വശത്ത് സ്കൂൾ സിലബസിലെ ആഗോള തലത്തിലെ പരമ്പരാഗത കവിതകൾ പഠിപ്പിക്കുമ്പോഴും, മറുവശത്ത് അന്താരാഷ്ട്ര തലത്തിൽ പ്രാദേശികമായ സർഗാത്മക സാഹിത്യം സൃഷ്ടിക്കാൻ ഇവർ ശ്രമിക്കുന്നു. ഇത് കേവലം ഒരു ഹോബിയല്ല, മറിച്ച് തങ്ങളുടെ നിലപാടുകൾ രേഖപ്പെടുത്താനുള്ള രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. അഥവാ ചൂരൽമലയിലെ ഉരുൾപൊട്ടലിനെക്കുറിച്ച് ഒരു അറബി അധ്യാപകൻ കവിതയെഴുതുമ്പോൾ അത് അറബ് ലോകത്തുള്ളവർക്ക് കേരളീയ ജനതയുടെ അതിജീവനത്തിന്റെ പാഠപുസ്തകമായി മാറുന്നു എന്നവർക്ക് സമാധാനിക്കാം.

അലവിക്കുട്ടി കോട്ടൂർ

മൊയ്തു മൗലവിയിൽ നിന്ന് തുടങ്ങി നമ്മുടെ നാട്ടിലെ നോവുകളെ അറബിയിൽ പകർത്തുന്ന യുവകവികളിൽ എത്തിനിൽക്കുമ്പോൾ കേരളത്തിലെ അറബി കവിത പൂർണമായ ഒരു പരിവർത്തനത്തിന് വിധേയമായിരിക്കുന്നു. പാരമ്പര്യത്തെ ബഹുമാനിച്ചുകൊണ്ട് തന്നെ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ പുതിയ കവികൾക്ക് സാധിക്കട്ടെ. വിദേശത്തുനിന്ന് വന്ന ഒരു ഭാഷയെ എങ്ങനെ കേരളീയമാക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്നത്തെ കേരളത്തിലെ അറബി കവിതളും യുവ കവികളും.

കേരളത്തിലെ അറബി കവിത ഇന്ന് 'ഗുഡ് കണ്ടീഷനിലാണ്' എന്നാണ് അവരുടെ വിശ്വാസം. അത് വരേണ്യതയുടെ തടവറയിൽ നിന്ന് മോചിതമായിരിക്കുന്നുവെന്നും അത് സാധാരണക്കാരന്റെ കണ്ണീരിന്റെ ഭാഷയാണെന്നും, അത് അതിജീവനത്തിന്റെ പാട്ടാണെന്നും അവർ പലപ്പോഴും പറയാതെ പറയുന്നു. യുവ അറബി അധ്യാപകർ തങ്ങളുടെ പേനകളെ കേവലം മാർക്കിടാനുള്ള ഉപകരണം എന്നതിലുപരി സമൂഹത്തിന്റെ കണ്ണാടിയായി മാറ്റിയിരിക്കുന്നു. പ്രളയത്തിലും ഉരുൾപൊട്ടലിലും തകരാത്ത ഈ ഭാഷാബന്ധം വരുംതലമുറയ്ക്കും വലിയൊരു ഊർജമാകുമെന്നതിൽ സംശയമില്ല. ഭാഷ എന്നത് മനുഷ്യനെ ബന്ധിപ്പിക്കാനുള്ളതാണെന്നും, വിദേശഭാഷയിലാണെങ്കിൽ പോലും സ്പന്ദിക്കുന്നത് നമ്മുടെ നാടൻ ഹൃദയമാണെന്നും ഈ യുവ കവി(ത)കൾ നമ്മെ ഓർമിപ്പിക്കുന്നു.

(NB: കുറിപ്പിൽ പേര് പരാമർശിച്ചിട്ടുള്ളവരെ കുറിപ്പുകാരന് നേരിട്ട് അറിയാം. ഇതിൽ പെടാത്ത എത്രയോ കവികൾ വേറെയും ഉണ്ടാവാം)

TAGS :