Quantcast
MediaOne Logo

പ്രമോദ് രാമൻ

Published: 8 July 2026 12:52 PM IST

നേതാ സമസ്താ സുഖിനോ ഭവന്തു!

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. അയോധ്യയിലെ രാമക്ഷേത്രക്കൊള്ള സംഘ്പരിവാറിന്‍റെ പിരിയിളക്കി എന്നകാര്യം ഉറപ്പാണ്

നേതാ സമസ്താ സുഖിനോ ഭവന്തു!
X

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. ഈ രാമക്ഷേത്രത്തെ രാജ്യത്തിന്‍റെ അഭിമാനമെന്ന് വിശേഷിപ്പിച്ച മാധ്യമങ്ങളുണ്ട്. ഇന്നവര്‍ അതിനെ അപമാനമെന്ന് വിളിക്കാന്‍ കഴിയാത്ത ധര്‍മസങ്കടത്തിലാണ്. വരും നാളുകളില്‍ സംഘ്പരിവാറിനെ നെടുകെ പിളര്‍ത്താന്‍ ശേഷിയുള്ള ബോംബാണ് രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയെന്ന് അറിയുന്ന മാധ്യമങ്ങള്‍പോലും ഒരു പരിധിവിട്ട് അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അവര്‍ പേടിക്കുന്ന ശക്തിയാരാണ്?

1992 ഡിസംബര്‍ 6 ന് ഹിന്ദു വര്‍ഗീയ ഭ്രാന്തര്‍ ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നാലേ പുറത്തുവന്ന ഇന്ത്യാ ടുഡേയുടെ കവര്‍ ചിത്രമോർമയുണ്ടോ Nations Shame എന്നാണ് ആ ഹീനമായ ആക്രമണത്തെ ഇന്ത്യാ ടുഡേ ശരിയായി വിശേഷിപ്പിച്ചത്. അക്കാലത്ത് ഇന്ത്യയിലെ മാധ്യമങ്ങളുടെ പൊതുവികാരവും അതായിരുന്നു. പള്ളി പൊളിച്ചതിനെ അനുകൂലിക്കുന്നത് പോയിട്ട് വിശ്വഹിന്ദു പരിഷത്തിന്‍റെ അയോധ്യ പ്രക്ഷോഭത്തോട് ഏതെങ്കിലും വിധത്തില്‍ ചേര്‍ന്നുനില്‍ക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ഇല്ലായിരുന്നു.കോടതിയെ തെറ്റിദ്ധരിപ്പിച്ച് ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശ ചെയ്ത യുപിയിലെ കല്യാണ്‍ സിങ് സര്‍ക്കാരിനെയും ആ ആക്രമണം നടക്കവേ ഒരക്ഷരം മിണ്ടാതെ നോക്കിനിന്ന പ്രധാനമന്ത്രി നരസിംഹറാവുവിനെയും ശക്തമായി വിമര്‍ശിക്കുന്ന ധാരാളം എഡിറ്റോറിയലുകളും പ്രസിദ്ധീകരിക്കപ്പെട്ടു. ദ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങി പ്രധാനപത്രങ്ങളെല്ലാം അതില്‍ ഉണ്ടായിരുന്നു.റിപ്പബ്ലിക്കിന് ഏറ്റ കളങ്കമെന്ന് ടൈംസ് ഓഫ് ഇന്ത്യയും രാജ്യം വഞ്ചിക്കപ്പെട്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസും മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് ഹിന്ദുവും പറഞ്ഞു. എന്നാല്‍ 32 വര്‍ഷത്തിനുശേഷം അതേ മണ്ണില്‍ രാമക്ഷേത്രം ഉയര്‍ന്നപ്പോള്‍ ഇതേ മാധ്യമങ്ങള്‍ അതിനെ പ്രകീര്‍ത്തിക്കുകയോ ആഘോഷങ്ങളില്‍ പങ്കുചേരുകയോ ചെയ്തു. ഇന്ത്യാ ടുഡേയ്ക്ക് അത് ദി ഗ്രേറ്റ് ഹിന്ദു റിവൈവല്‍ ആയി. 2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഹിന്ദുത്വ അജന്‍ഡ മാധ്യമങ്ങളെയും അവിടെ എത്തിക്കുകയായിരുന്നു.

2024 ജനുവരി 24ന് അയോധ്യയില്‍ അമ്പലത്തിന്‍റെ പ്രാണപ്രതിഷ്ഠയ്ക്ക് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. അദ്ദേഹമായിരുന്നു മുഖ്യ പരികര്‍മി. അന്ന് പ്രധാനമന്ത്രിക്കൊപ്പം മുഖ്യയജമാനന്‍റെ സ്ഥാനത്തുണ്ടായിരുന്ന ആളുടെ പേര് അനില്‍ മിശ്ര എന്നാണ്. അമ്പലത്തിലെ ഭണ്ഡാരക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്ത, പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന അതേ ട്രസ്റ്റ് അംഗം അനില്‍ മിശ്ര തന്നെ. അന്നും ഈയടുത്തദിവസം വരെയും ശ്രീരാമജന്‍മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറി ചമ്പത് റായി ആണ്. വിശ്വഹിന്ദു പരിഷത്തിന്‍റെ തലപ്പത്ത് രണ്ടാം സ്ഥാനത്തിരിക്കുന്നയാളുമാണ്. ചമ്പത് റായിയും അനില്‍ മിശ്രയും അടുത്ത കൂട്ടാളികളാണ്. സംഘ് പരിവാറില്‍ ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ആളുകളാണ്. ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ ചമ്പത് റായിയുടെ ഡ്രൈവറാണ്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ വരുന്ന പണവും സ്വര്‍ണവും മറ്റു സംഭാവനകളും സംഭരിക്കാനും തിട്ടപ്പെടുത്താനുമുള്ള പണിയില്‍ ചമ്പത് റായിയുടെ ഡ്രൈവര്‍ ഉള്‍പ്പെടുന്നത് എങ്ങനെയാണ്? ചമ്പത് റായിയുടെ പങ്ക് വ്യക്തമാണെന്നും ചമ്പത്തിനെയും അനില്‍ മിശ്രയെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നത് വിശ്വഹിന്ദു പരിഷത്ത് തന്നെയാണ്. അതായത്,ഇതുവരെ അറസ്റ്റിലായ എട്ടുപേരില്‍ ഒതുങ്ങാത്ത പ്രതിപ്പട്ടിക ഉണ്ടാകുമെന്ന് ഉറപ്പ്. അതിന് ആഴത്തിലുള്ള അന്വേഷണം നടക്കണം. അതുണ്ടാകുമോ?

വിശദവും വിശാലവുമായ അന്വേഷണം നടക്കുമോ എന്നത് ചില നിര്‍ണായക നിലപാടുകളെ ആശ്രയിച്ചിരിക്കുന്നു.

1.ആര്‍ എസ് എസ് നിലപാട്. ഇക്കഴിഞ്ഞ ദിവസമാണ് വിഷയത്തില്‍ ആദ്യമായി RSS പ്രതികരിച്ചത്.ഭണ്ഡാരക്കൊള്ള ഹിന്ദു സമൂഹത്തെ മുറിവേല്‍പിച്ചുവെന്നും കുറ്റക്കാരെ കണ്ടെത്തി കര്‍ശന ശിക്ഷ ഉറപ്പുവരുത്തണമെന്നുമാണ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പറഞ്ഞത്. അതോടൊപ്പം ഒരുകാര്യം കൂടി പറയാതിരുന്നില്ല. ഈ നിര്‍ഭാഗ്യകരമായ സംഭവം ഹിന്ദു വിരുദ്ധ, രാജ്യ വിരുദ്ധ ശക്തികള്‍ മുതലെടുക്കുകയാണെന്നും അതിന് അവസരം കൊടുക്കരുതെന്നും.രാമക്ഷേത്രത്തില്‍ കാണിക്കയായും വഴിപാടായും നേര്‍ച്ചയായും കിട്ടിയ കോടിക്കണക്കിന് രൂപയും വസ്തുക്കളും കൊള്ളയടിച്ച സ്വന്തം പാളയത്തിലെ ആളുകളോടുള്ള രോഷം മറ്റുള്ളവര്‍ക്കെതിരേ തിരിച്ചുവിടാനാണ് RSS-ന്‍റെ ശ്രമമെന്ന് വ്യക്തം.ഈ സംഘടനയുടെ കൊടിയ വര്‍ഗീയ സ്വഭാവം തെളിയിക്കുന്ന പ്രസ്താവന. അത് പക്ഷേ ഇറക്കിയത് സര്‍സംഘ്ചാലക് ആയ മോഹന്‍ ഭാഗവത് അല്ല. രണ്ടാമനായ ഹൊസബാലെയാണ്. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതുതന്നെയേ തനിക്കും പറയാനുള്ളൂവെന്നായിരുന്നു മോഹന്‍ ഭാഗവതിന്‍റെ മറുപടി. ഈ പാറ്റേണ്‍ കാണിക്കുന്നത് ഭണ്ഡാരക്കൊള്ള RSS നെ അടിമുടി അസ്വസ്ഥമാക്കിയെന്നാണ്. അതിലെ ഉദ്വേഗവും അമര്‍ഷവും സംഘടനയില്‍ ആഴത്തില്‍ പുകയുന്നുണ്ട് എന്നുമാണ്. RSS ന് ഇതിലൊരു ഉത്തരം കിട്ടിയേ മതിയാകൂ.ഈ വരുന്ന പത്തിന് കര്‍ണാകയിലെ ബെല്‍ഗാവിയില്‍ ആരംഭിക്കുന്ന RSS ന്‍റെ അഖില ഭാരതീയ പ്രാന്ത് പ്രചാരക് ബൈഠകില്‍ ഈ വിഷയം സജീവമായി ഉയര്‍ത്തപ്പെടും.

2.ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നിലപാട്. അതില്‍ തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിലപാട്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നുവന്നതിന് പിന്നാലെ യോഗി ആദിത്യനാഥ് ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പ്രാഥമിക അന്വേഷണം നടത്തിക്കലാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് FIR ഇട്ടതും എട്ടുപേരെ അറസ്റ്റ് ചെയ്തതും. ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ചുമതലപ്പെട്ടവരാണ് പ്രതിചേര്‍ക്കപ്പെട്ട് അറസ്റ്റിലായത്. ട്രസ്റ്റുമായി ബന്ധപ്പെട്ട വ്യക്തികളുടെ അനുചരരോ ഉദ്യോഗസ്ഥരോ ആണിവര്‍. അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ ഇവരില്‍ നില്‍ക്കില്ലെന്ന് ഉറപ്പാണ്. ഇവര്‍ക്ക് തൊട്ടുമുകളിലുള്ള ചമ്പത് റായ്, അനില്‍ മിശ്ര തുടങ്ങിയവരേയും പ്രതികളാക്കേണ്ടി വരും.അതായത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അടുപ്പമുള്ളവര്‍. ക്ഷേത്ര ട്രസ്റ്റിന് തന്നെ രൂപംകൊടുത്തത് സുപ്രിംകോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാരാണ്. ട്രസ്റ്റില്‍ കൂടുതലും വി എച് പി നേതാക്കളാണെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസനെ പ്രതിനിധാനം ചെയ്ത് എക്സ് ഒഫീഷ്യോ അംഗമായി നൃപേന്ദ്ര മിശ്രയെന്ന മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനുമുണ്ട്. പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു നൃപേന്ദ്ര. സാമ്പത്തിക കാര്യങ്ങളില്‍ ട്രസ്റ്റ് റിപ്പോര്‍ട്ട് ചെയ്യേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസിനോടാണ്. അതായത് ഫലത്തില്‍ രാമക്ഷേത്ര ട്രസ്റ്റ് ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടുനില്‍ക്കുന്നത് പ്രധാനമന്ത്രിയോടാണ്. അവിടെയാണ് ഈ പകല്‍ക്കൊള്ളയും വഞ്ചനയും വിശ്വാസികളുടെ കണ്ണിലൂടെ നോക്കിയാല്‍ ദൈവനിഷേധവും അരങ്ങേറിയിരിക്കുന്നത്. ഇത് വച്ചുപൊറുപ്പിക്കരുതെന്ന് തീരുമാനിച്ചാല്‍ പ്രതിക്കൂട്ടിലാവുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് തന്നെയാണ്. അന്വേഷണം ആ വഴിക്ക് പോകാന്‍ സാധ്യതയുണ്ടോ?

ഇവിടെയാണ് ഒരു പ്രധാനവസ്തുത കാണേണ്ടത്. യോഗി ആദിത്യനാഥിനെ സംബന്ധിച്ച് ഇതൊരു നിര്‍ണായക സന്ധിയാണ്. അയോധ്യയിലെ രാമക്ഷേത്ര കാര്യങ്ങളില്‍ തുടക്കം മുതല്‍ നഷ്ടപ്പെട്ടിരുന്ന മേല്‍ക്കൈ തിരിച്ചുപിടിക്കാനുള്ള സന്ദര്‍ഭം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് യോഗി ആദിത്യനാഥ് ഗൊരഖ്പൂരിലെ ഗൊരഖ് നാഥ് ക്ഷേത്രത്തിലെ മുഖ്യപൂജാരി ആയിരുന്നു. രാമജന്‍മഭൂമി പ്രക്ഷോഭത്തിന്‍റെ ഉപജ്ഞാതാക്കളില്‍ പെടുന്ന മഹന്ത് ദിഗ് വിജയ നാഥിന്‍റെയും മഹന്ത് അവൈദ്യനാഥിന്‍റെയും പിന്‍മുറക്കാരന്‍. ഗൊരഖ് നാഥ് ക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് അയോധ്യപ്രക്ഷോഭം വളര്‍ന്നു വലുതാകുന്നത്. സൈനികവത്കരിക്കപ്പെട്ട സന്യാസിമാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഘോഡകളുടെയും മഹന്തുകളുടെയും കൈകളിലായിരുന്നു അതിന്‍റെ പാകപ്പെടല്‍. എന്നാല്‍ ക്ഷേത്രപ്രസ്ഥാനം എന്നതില്‍ നിന്ന് രാഷ്ട്രീയ പ്രസ്ഥാനമായി അത് മാറിയപ്പോള്‍ ഈ വിഭാഗമാണ് പിന്തള്ളപ്പെട്ടു പോയത്. 2019ലെ സുപ്രിംകോടതി വിധിക്കു ശേഷം അമ്പലം പണിക്കുള്ള ട്രസ്റ്റ് രൂപീകരിച്ചപ്പോഴും പിന്നീട് അമ്പലം നടത്തിപ്പിനുള്ള ട്രസ്റ്റ് വന്നപ്പോഴും അതെല്ലാം പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായി. രാമക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠയ്ക്ക് നരേന്ദ്ര മോദി മുഖ്യ കാര്‍മികനായപ്പോള്‍ യോഗി ആദിത്യനാഥിന് രണ്ടാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടിവന്നു. ഇപ്പോള്‍, അതേ ക്ഷേത്രത്തില്‍ നിന്ന് നടുക്കുന്ന ഭണ്ഡാരക്കൊള്ളയുടെ വാര്‍ത്തകള്‍ വരുമ്പോള്‍ യോഗിയുടെ മനസ്സ് തുള്ളിച്ചാടുന്നുണ്ടെന്ന് കരുതുന്ന ധാരാളം രാഷ്ട്രീയ നിരീക്ഷകരുണ്ട്.

അതുകൊണ്ടുതന്നെ, ഇത് യോഗിയുടെ നിമിഷമാണ്. കൊള്ളയുടെ അന്വേഷണം എവിടെവരെ പോകണമെന്ന് യോഗി തീരുമാനിക്കും. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാലോ കോടതി നിര്‍ദേശിച്ചാലോ മാത്രമേ അന്വേഷണം സിബിഐക്ക് കൈമാറാന്‍ കഴിയൂ. ലോക്കല്‍ പൊലീസ് ഇട്ട എഫ്.ഐ.ആറില്‍ നിന്നുകൊണ്ട് അന്വേഷണത്തിന് റൂട്ട് മാപ്പ് നിശ്ചയിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കോര്‍ട്ടിലാണ് ഇപ്പോള്‍ പന്ത്. അടുത്തവര്‍ഷം ആദ്യപാദത്തില്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പാണ്. ക്ഷേത്ര പ്രശ്നത്തില്‍ വിശ്വാസികളുടെ മുറിവുണക്കിയില്ലെങ്കില്‍ വലിയ തിരിച്ചടി പ്രതീക്ഷിക്കണം. മുഖ്യപ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയും അധ്യക്ഷന്‍ അഖിലേഷ് യാദവും രൂക്ഷമായ പ്രസ്താവനകളുമായി ആക്രമണം അഴിച്ചുവിട്ടു കഴിഞ്ഞു. ഹിന്ദു വികാരത്തിന്‍റെ വക്താവാകാന്‍ വരെ ഈ ഘട്ടം അഖിലേഷ് ഉപയോഗിക്കുമെന്ന സൂചനയാണുള്ളത്. അതിനാല്‍ യോഗിക്കും ഈ അന്വേഷണം അതിന്‍റെ സ്വാഭാവിക പരിണാമത്തിലേക്ക് കൊണ്ടുപോയേ മതിയാകൂ.

എന്തായാലും അയോധ്യയിലെ രാമക്ഷേത്രക്കൊള്ള സംഘ്പരിവാറിന്‍റെ പിരിയിളക്കി എന്നകാര്യം ഉറപ്പാണ്. അങ്ങേയറ്റം ലജ്ജാകരമായ ഈ പകല്‍ക്കൊള്ളയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ഒരക്ഷരം മിണ്ടിയിട്ടില്ല. അവര്‍ക്കറിയാം. 2014നുശേഷം സംഘപരിവാറിന് ഇതുപോലെ നെറുന്തലയ്ക്ക് കിട്ടുംപോലെ ഒരടി വേറെ ഉണ്ടായിട്ടില്ലെന്ന്. അയോധ്യയ്ക്ക് പുറമേ,ബിജെപി ഭരിക്കുന്ന, അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കേണ്ട. ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തില്‍ നിന്നുകൂടി കൊള്ളയുടെ വാര്‍ത്തകള്‍ വന്നുതുടങ്ങിയിരിക്കുന്നു. 2029ലേക്ക് ഉറ്റനോക്കുമ്പോള്‍ ഇതെല്ലാം ഒടുക്കത്തിന്‍റെ തുടക്കമാകുമോയെന്ന ആശങ്ക സംഘ്പരിവാറിന് ഉണ്ട്. RSS- ന്‍റെ പ്രസ്താവനയിലെ 'ഹിന്ദുവിരുദ്ധ', 'രാജ്യവിരുദ്ധ' ശക്തികളെന്ന പ്രയോഗം മാത്രം മതി അതിന് തെളിവായി.

TAGS :