Quantcast
MediaOne Logo

എന്‍.പി ജിഷാര്‍

Published: 4 March 2022 8:59 AM GMT

ബെലറൂസ്: യുക്രൈൻ അങ്കക്കളത്തിലെ ചെപ്പക്കാരൻ

"റഷ്യയെ കറവപ്പശുവെപ്പോലെ ഉപയോഗിച്ചാണ് ലുക്കാഷെങ്കോ ദീർഘകാലം നിലനിന്നത്"

ബെലറൂസ്: യുക്രൈൻ അങ്കക്കളത്തിലെ ചെപ്പക്കാരൻ
X
Listen to this Article

യുക്രൈൻ ആക്രമണത്തിന് റഷ്യ തുടക്കമിട്ടതുമുതൽ ഈ രണ്ട് രാജ്യങ്ങൾക്കൊപ്പം ലോക ശ്രദ്ധയിലെത്തിയ രാജ്യമാണ് ബെലറൂസ്. റഷ്യൻ അധിനിവേശത്തെ കണ്ണടച്ച് പിന്തുണച്ച ആദ്യ രാഷ്ട്രം ബെലറൂസാണ്. അത്രമേൽ ഉറച്ച പിന്തുണ ഇപ്പോഴും നൽകുന്ന ഏക രാഷ്ട്രവും ബെലറൂസ് തന്നെ. ഒടുവിൽ സമാധാന ചർച്ചക്ക് റഷ്യ തെരഞ്ഞെടുത്തതും ഇതേ സ്ഥലം. അതിൽ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും ഒടുവിൽ യുക്രൈന് വഴങ്ങേണ്ടി വന്നു. വേട്ടക്കാരനൊപ്പം ഓടുകയും ഇരക്കൊപ്പം സമാധാനത്തിനായി വേദിയൊരുക്കുകയും ചെയ്യുകയെന്ന ഇരട്ട റോളാണ് റഷ്യൻ അധിനിവേശത്തിൽ ബെലറൂസ് നിർവഹിക്കുന്നത്. ഭൂവിസ്തൃതി പരിഗണിച്ചാൽ ചെറിയ രാജ്യം. ജനസംഖ്യയാണെങ്കിൽ ഒരു കോടിയിൽ താഴെ. 4.4 കോടി ജനസംഖ്യയുള്ള യുക്രൈനും 14.5 കോടി ജനങ്ങളുള്ള റഷ്യയും ആയി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ രാജ്യം.

യു.എസ്.എസ്.ആർ രൂപീകരിക്കപ്പെട്ടപ്പോൾ ബലൊറഷ്യൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് (B.S.S.R) എന്ന പേരിൽ അതിന്റെ ഭാഗമായി. യു.എസ്.എസ്.ആർ തകർന്നപ്പോൾ 1991ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വന്തം ഭരണഘടന തയാറാക്കി മൂന്ന് വർഷത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ അലക്സാണ്ടർ ലുക്കാഷെങ്കോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അന്നുമുതൽ ഇതുവരെ ലുക്കാഷെങ്കോ തന്നെയാണ് പ്രസിഡന്റ്. തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെയും അസവാനത്തെയും പ്രസിഡന്റായി ലുക്കാഷെങ്കോ മാറി. റഷ്യൻ അധിനിവേശ പദ്ധതിയിലേക്ക് ആവേശപൂർവം ചാടിയിറങ്ങാൻ ലുക്കാഷെങ്കോയെ പ്രേരിപ്പിച്ചതും അധികാരക്കൊതിയാണ്.




യൂറോപ്പിലെ അവസാന ഏകാധിപതി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭരണാധികാരിയാണ് ലുക്കാഷെങ്കോ. സോവിയറ്റ് യൂണിയനിൽ സൈനിക സേവനം അനുഷ്ഠിച്ച ലുക്കാഷെങ്കോ പിന്നീട് സേനയിലെ രാഷ്ട്രീയ വിഭാഗത്തിൽ അധ്യാപകനായി. റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായി അറിയപ്പെട്ടിരുന്ന ലെനിനിസ്റ്റ് യങ് കമ്യൂണിസ്റ്റ് ലീഗ് (Komsomol) നേതാവായും യുഎസ്.എസ്.ആർ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1982 മുതൽ 85 വരെ കൂട്ടുകൃഷി പദ്ധതിയുടെ ഡപ്യൂട്ടി ചെയർമാനായി. കൂട്ടുകൃഷിയിൽ ഇപ്പോഴും അതീവതൽപരൻ. 1990ൽ ലുക്കാഷെങ്കോ ബെലറൂസ് സുപ്രിം കൗൺസിൽ ഡപ്യൂട്ടിയായി. അവിടെനിന്നാണ് സ്വതന്ത്ര ബെലറൂസിന്റെ ആദ്യ പ്രസിഡന്റായി എത്തുന്നത്. ആദ്യ തെരഞ്ഞെടുപ്പിന് ശേഷം ആറ് തവണ രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നു. ഓരോ തവണയും മൃഗീയ ഭൂരിപക്ഷത്തിൽ ലുക്കാഷെങ്കോ തന്നെ 'വിജയിച്ചു'. ഓരോ തവണയും പ്രതിപക്ഷം അതി ശക്തമായ എതിർപ്പുയത്തിയിരുന്നെങ്കിലും അതെല്ലാം ലുക്കാഷെങ്കോയുടെ ഉരുക്കു മുഷ്ടിക്ക് മുന്നിൽ അടിയറ വെക്കേണ്ടിവന്നു.

1999ൽ നടക്കേണ്ട രണ്ടാം തെരഞ്ഞെടുപ്പ് തന്നെ ഒറു റഫറണ്ടം വഴി രണ്ടുവർഷം നീട്ടിവച്ചു. തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ 75.65 ശതമാനം വോട്ടും ലുക്കാഷെങ്കോക്ക്! തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന ആരോപണം രാജ്യത്തിനകത്തും പുറത്തും ഉയർന്നു. പക്ഷെ, റഷ്യ മാത്രം പൂർണ പിന്തുണ പ്രഖ്യാപിച്ചു. 2006ൽ പ്രതിപക്ഷം ഐക്യമുന്നണി രൂപീകരിച്ച് ഒറ്റ സ്ഥാനാർഥിയെ മാത്രം രംഗത്തിറക്കി. പ്രതിപക്ഷത്തെ പിന്തുണച്ചാൽ തലവെട്ടുമെന്ന് പരസ്യഭീഷണി മുഴക്കിയ ലുക്കാഷെങ്കോ, വോട്ടെടുപ്പ് പൂർത്തിയാകും മുമ്പ് തനിക്ക് അനുകൂലമായ എക്സിറ്റ് പോൾ ഫലം പുറത്തുവിട്ടു. മൂന്നാം തെരഞ്ഞെടുപ്പ് ഒരു കൊല്ലം നേരത്തെ നടത്തി. വോട്ടെടുപ്പ് ദിവസം എതിർ സ്ഥാനാർഥികൾ കടുത്ത പൊലീസ് മർദനവും അറസ്റ്റും നേരിട്ടു. ലുക്കാഷെങ്കൊ പതിവുപോലെ 80 ശതമാനം വോട്ട് നേടി 'വിജയിച്ചു'.




2015ലും 2020ലും ഇതേ രീതിയിൽ തന്നെ 'തെരഞ്ഞെടുക്കപ്പെട്ടു'. എന്നാൽ, കഴിഞ്ഞ രണ്ട് കൊല്ലമായി കടുത്ത പ്രക്ഷോഭമാണ് ലുക്കാഷെങ്കോ നേരിടുന്നത്. എതിരാളികളെ അടിച്ചൊതുക്കിയും തടവിലാക്കിയും എതിർപ്പുകളെ ലുക്കാഷെങ്കോ മറികടക്കുന്നു. നാൽപതിനായിരത്തോളം പേരെ ഇതിനകം ജയിലിൽ അടച്ചുവെന്നാണ് റിപ്പോർട്ടുകൾ. തന്നെ വിമർശിച്ച മാധ്യമ പ്രവർത്തകനെ പിടികൂടാൻ യുദ്ധ വിമാനമയച്ച്, വിദേശ വിമാനം നിലത്തിറക്കിയ ചരിത്രം വരെ ഈ ഏകാധിപതിയുടെ അക്കൗണ്ടിലുണ്ട്. എതിർപ്പ് രൂക്ഷമായപ്പോൾ രാജ്യത്തെ റഷ്യൻ അനുകൂലികളുടെ പിന്തുണ ഉറപ്പാക്കാനുതകുന്ന തരത്തിൽ ഭരണഘടന തന്നെ മാറ്റിയെഴുതി.

ബെലറൂസ് സൈന്യത്തെ മറ്റ് രാജ്യങ്ങളിൽ വിന്യസിക്കാൻ അനുമതി നൽകിയ ഭേദഗതിയിലൂടെ റഷ്യയിൽ നിന്ന് സൈനിക സഹായവും ഉറപ്പാക്കി. കമ്യൂണിസ്റ്റ് റഷ്യയിലെ ഏകാധിപത്യത്തിന്റെ ഹാങ്ങ് ഓവറിൽസ്വന്തം രാജ്യം അടക്കിവാഴുന്ന സോഷ്യലിസ്റ്റ് നേതാവിന്, മൂന്ന് പതിറ്റാണ്ടിന് ശേഷം അധികാരമൊഴിയേണ്ടി വരുമെന്ന രാഷ്ട്രീയ സാഹചര്യം ജനകീയ പ്രക്ഷോഭത്തിലൂടെ രൂപപ്പെട്ടിരുന്നു. ഇത് ഒഴിവാക്കാനാണ് യുദ്ധമുഖത്തേക്ക് റഷ്യക്കൊപ്പം എടുത്തുചാടാൻ ലുക്കാഷെങ്കോ തീരുമാനിച്ചത്. ജനരോഷം തത്കാലം തണുപ്പിക്കാനും ചർച്ചാ വിഷയം മാറ്റാനും ഈ അധിനിവേശാനുകൂല നിലപാട് ലുക്കാഷെങ്കോക്ക് സഹായകരമായി. യുകൈ്രൻ അധിനിവേശം പുട്ടിനും ബൈഡനും മാത്രമല്ല, ഏകാധിപതിയായ ലുക്കാഷെങ്കോക്കും അധികാരമുറപ്പിക്കാനുള്ള അവസരമാണ്.




റഷ്യയെ കറവപ്പശുവെപ്പോലെ ഉപയോഗിച്ചാണ് ലുക്കാഷെങ്കോ ദീർഘകാലം നിലനിന്നത്. ശതകോടികളുടെ വായ്പയാണ് ബലാറസിന് റഷ്യ നൽകിയിരിക്കുന്നത്. യുകൈ്രൻ യുദ്ധവും പുതിയൊരു സാമ്പത്തിക സ്രോതസ്സാക്കി മാറ്റുകയെന്ന അജണ്ടയും ലുക്കാഷെങ്കോക്കുണ്ട്. റഷ്യയിൽ നിന്ന് ലഭിക്കുന്ന ധനസഹായത്തിന്റെ തോത് കുത്തനെ വർധിപ്പിക്കാനും സൈനിക സന്നാഹങ്ങൾ ആർജിക്കാനും ലുക്കാഷെങ്കോ ഇത് അവസരമാക്കും. യുക്രൈനിലെ മൈദാൻ പ്രക്ഷോഭമാണ് അവിടത്തെ റഷ്യൻ അനുകൂല പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കിയത്. റഷ്യയും യുക്രൈനും തമ്മിലെ വ്യാപാര ബന്ധത്തെ ഇത് സാരമായി ബാധിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യവർത്തിയായി പ്രവർത്തിച്ച് ഈ സന്ദർഭം മുതലെടുക്കുകയാണ് ബെലറൂസ് ചെയ്തത്. ഇരു രാജ്യങ്ങൾക്കും ആവശ്യമുള്ള ചരക്കുകൾ ബലാറസിലെത്തിച്ച് സ്വന്തം പേരിൽ രണ്ടിടത്തേക്കും കയറ്റുമതി ചെയ്യുക എന്നതായിരുന്നു ലുക്കാഷെങ്കോ സ്വീകരിച്ച തന്ത്രം. ഇന്ധനം വരെ ഈ രീതിയിൽ മറിച്ചുവിറ്റു. യുദ്ധത്തിനും സമാധാനത്തിനും ഒരേ സമയം മുന്നിട്ടിറങ്ങുന്നതിലൂടെ ബെലറൂസിന്, ഇതിനിടയിൽ ലഭിക്കാവുന്ന വൻ സാമ്പത്തിക ലാഭവും പ്രധാന ലക്ഷ്യമാണ്.

റഷ്യൻ സൈനിക സഹകരണം സാമ്പത്തിക ബാധ്യതയാകുമെന്നും ബലാറസിനെയും റഷ്യ പിടിച്ചടക്കുന്നതിലാകും അത് എത്തിച്ചേരുകയെന്നും ലുക്കാഷെങ്കോ വിമർശകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അധിനിവേശത്തിൽ പങ്കാളിയാകുന്നതോടെ രാജ്യം സാമ്പത്തികമായി തകരുമെന്ന മുന്നിറിയിപ്പ് സാമ്പത്തിക വിദഗ്ധരും നൽകുന്നു. ഇതൊന്നും പക്ഷെ ലുക്കാഷെങ്കോയെ ബാധിക്കുന്നില്ല. കൈയ്യൂക്കുള്ള സുഹൃത്ത് ദുർബലനായ അയൽക്കാരനെ കൊന്നുതിന്നുന്നത്, ഏകാധിപത്യം നീണാൾ നിലനിർത്താനുള്ള രാഷ്ട്രീയ ഉപായമായും സ്വന്തം ഖജാന നിറക്കാനുള്ള സാമ്പത്തിക പദ്ധതിയായും മാറ്റുകയാണ് കമ്യൂണിസ്റ്റ് റഷ്യയിലെ ഈ കൂട്ടുകൃഷിക്കാരൻ.


TAGS :