Quantcast
MediaOne Logo

ദാനിഷ് അഹ്മദ്

Published: 4 Oct 2023 4:19 PM GMT

ജാതി സെന്‍സസ്: മണ്ഡല്‍ രാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പോ?

മുന്നോക്ക സമുദായം ആധിപത്യം പുലര്‍ത്തിയിരുന്ന രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ മണ്ഡല്‍ വിരുദ്ധ സമരങ്ങള്‍ മൂര്‍ച്ഛിച്ചു. രാജ്യത്തെ പിന്നോക്ക സമുദായങ്ങളില്‍ പെട്ടവര്‍ക്ക് കലാലയങ്ങളിലും സര്‍ക്കാര്‍ സര്‍വീസുകളിലും പ്രാതിനിധ്യമെന്ന മണ്ഡല്‍ വീക്ഷണം ഒടുവില്‍ യാഥാര്‍ഥ്യമായി. എന്നാല്‍, ജനസംഖ്യാടിസ്ഥാനത്തിലുള്ള വിഭവങ്ങളുടെ വീതംവെപ്പ് വേണമെന്ന ആവശ്യം പിന്നെയും ബാക്കിയായി.

ജാതി സെന്‍സസ്: മണ്ഡല്‍ രാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പോ?
X

ദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ അനേകം മുന്നേറ്റങ്ങളുടെ പ്രഭവ കേന്ദ്രമാണ് ബീഹാര്‍. ഗാന്ധിയുടെ ആദ്യത്തെ സത്യാഗ്രഹ സമരം ഉടലെടുക്കുന്നത് ബിഹാറിലെ ചമ്പാരനിലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തന്നെ ഒരു വഴിത്തിരിവായിരുന്നു അത്. ജയപ്രകാശ് നാരായണന്റെയും ലാലുപ്രസാദ് യാദവിന്റെയും മുന്നേറ്റങ്ങള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിയെഴുതിയവയായിരുന്നു. ഇങ്ങനെ ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ മുന്നേറ്റങ്ങളെ നട്ടുനനക്കുന്നതില്‍ എന്നുമെന്ന പോലെ ഇന്നും ബിഹാറിന് അനിഷേധ്യ പങ്കുണ്ടെന്ന് വേണം പറയാന്‍. പത്തുവര്‍ഷത്തിലൊരിക്കല്‍ നടന്നുപോന്നിരുന്ന പൊതു സെന്‍സസ് പോലും നടത്തുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പരാജയപ്പെട്ട വേളയിലാണ്, ബിഹാര്‍ ജാതി സെന്‍സസുമായി മുന്നോട്ട് പോയത്. കൃത്യമായ രാഷ്ട്രീയ സൂചന കൂടിയായിരുന്നു അത്. ഈ വര്‍ഷം ആദ്യത്തിലാണ് സെന്‍സസ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ബിഹാറിന് പുറമെ ഒഡിഷയും ജാര്‍ഖണ്ഡും ജാതി സെന്‍സസുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. 'മഹാ വികാസ് അഘാഡി' സര്‍ക്കാരിന്റെ കാലത്ത് മഹാരാഷ്ട്ര നിയമസഭയും ജാതി സെന്‍സസിനായി പ്രമേയം പാസാക്കിയിരുന്നു.

ബി.ജെ.പി വലിയൊരു ധര്‍മസങ്കടത്തിലാണ് അകപ്പെട്ടിട്ടുള്ളത്. സെന്‍സസ് റിപ്പോര്‍ട്ടിനെ ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് പോയാല്‍ മുന്നാക്ക ജാതികളില്‍ നിന്നുള്ള ഉറച്ച പിന്തുണ നഷ്ടപ്പെടുമോയെന്ന ഭയം അവര്‍ക്കുണ്ട്. ഇനി റിപ്പോര്‍ട്ടിനെ അവഗണിക്കുകയാണെങ്കില്‍, ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരുടെ, പ്രത്യേകിച്ച് ഒ.ബി.സി പിന്തുണ നഷ്ടപ്പെടും. പ്രതിപക്ഷമാകട്ടെ, പിന്നാക്ക വോട്ടു ബാങ്ക് ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞിട്ടുമുണ്ട്.

ഒടുവിലായി പുറത്തുവിട്ട സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 12.7 കോടിയാണ് ബിഹാറിലെ ജനസംഖ്യ. അതില്‍ അതിപിന്നാക്കക്കാര്‍ (Extreme Backward Class) 36% ആണ്. പിന്നാക്കക്കാര്‍ (Other Backward Class) 27.12 ശതമാനവും പട്ടിക ജാതി 19.7%, പട്ടികവര്‍ഗം 1.7 ശതമാനവുമാണ്. 81.99 ശതമാനം ആളുകള്‍ ഹിന്ദുമതം പിന്തുടരുന്നവരും, മുസ്‌ലിംകള്‍ 17.7 ശതമാനവുമാണ്. ജനസംഖ്യയുടെ 0.05% ക്രിസ്ത്യാനികളും, 0.01% സിഖുകാരും, 0.08% ബുദ്ധ മതക്കാരുമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായം യാദവരാണ് (14%). ജനസംഖ്യയുടെ 84 ശതമാനവും പിന്നാക്കക്കാരാണ് എന്നതാണ് ശ്രദ്ധേയമായത്. അതായത് ജനസംഖ്യയുടെ ബഹുഭൂരിഭാഗവും ഒ.ബി.സി, എസ്.സി, എസ്.ടി സമുദായങ്ങളില്‍ നിന്നുള്ളവരാണ്.

ജാതി സെന്‍സസ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന അജണ്ട ആയിരിക്കുമെന്നത് ഉറപ്പാണ്. സനാതന ധര്‍മത്തെ ചുറ്റിപ്പറ്റിയുള്ള വിവാദവും അതില്‍ നിന്നുള്ള രാഷ്ട്രീയ നേട്ടവും മുന്നില്‍ക്കണ്ടാണ് ബി.ജെ.പി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. മോദി തന്നെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ നായകന്‍. 'ജാതി സെന്‍സസ്' ചിലപ്പോള്‍ ബി.ജെ.പിയെ പുനരാലോചന നടത്താന്‍ പ്രേരിപ്പിച്ചേക്കാം. കേരളത്തില്‍ പോലും ധൃതിപ്പെട്ട് നടപ്പാക്കിയ 2019 ലെ E.W.S (സാമ്പത്തിക സംവരണം) സംവരണത്തെക്കുറിച്ചും വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നേക്കും. ജനസംഖ്യയില്‍ 15 ശതമാനം മാത്രം വരുന്ന മുന്നോക്കക്കാര്‍ക്ക് 10% സംവരണം ലഭിക്കുമ്പോള്‍, 63 ശതമാനത്തോളം വരുന്ന പിന്നോക്കക്കാര്‍ക്ക് (OBC + EBC) 27% മാത്രമാണ് സംവരണം. വനിതാ സംവരണ ബില്ലിലെ ഉപസംവരണത്തില്‍ ഒ.ബി.സിയെ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യവും ഉണ്ട്. കഴിഞ്ഞ ദശാബ്ദത്തിനിടയില്‍ ഒ.ബി.സി സമുദായങ്ങളില്‍ നിന്നും ബി.ജെ.പി ക്ക് ലഭിക്കുന്ന പിന്തുണ ഏറിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44 ശതമാനം ഒ.ബി.സി വോട്ടുകള്‍ ബി.ജെ.പി ക്ക് ലഭിച്ചുവെന്നാണ് കണക്കുകള്‍. ബി.ജെ.പി വലിയൊരു ധര്‍മസങ്കടത്തിലാണ് അകപ്പെട്ടിട്ടുള്ളത്. സെന്‍സസ് റിപ്പോര്‍ട്ടിനെ ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് പോയാല്‍ മുന്നാക്ക ജാതികളില്‍ നിന്നുള്ള ഉറച്ച പിന്തുണ നഷ്ടപ്പെടുമോയെന്ന ഭയം അവര്‍ക്കുണ്ട്. ഇനി റിപ്പോര്‍ട്ടിനെ അവഗണിക്കുകയാണെങ്കില്‍, ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരുടെ, പ്രത്യേകിച്ച് ഒ.ബി.സി പിന്തുണ നഷ്ടപ്പെടും. പ്രതിപക്ഷമാകട്ടെ, പിന്നാക്ക വോട്ടു ബാങ്ക് ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞിട്ടുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ 90 സെക്രട്ടറിമാരില്‍ ആകെ മൂന്നുപേര് മാത്രമാണ് ഒ.ബി.സി സമുദായങ്ങളില്‍ നിന്നുമുളളൂവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയും രാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ 'എല്ലാ പൂക്കളും പൂക്കുന്ന മലി മോഡല്‍ ഭരണം' എന്ന പ്രസ്താവനയും കോണ്‍ഗ്രസിന്റെ 'ഒ.ബി.സി കാര്‍ഡ്' ആയി വേണം വിലയിരുത്താന്‍.


മണ്ഡല്‍ രാഷ്ട്രീയത്തിന്റെ തിരിച്ചുവരവ് ആകുമോ ഇതെന്ന ചോദ്യവും പല കോണില്‍ നിന്നും ഉയരുന്നുണ്ട്. മുസ്‌ലിം സംവരണത്തെ എതിര്‍ത്ത്, പൊതുശത്രുവിനെതിരെ ജാതിയില്ലാത്ത ഹിന്ദു എന്ന മിഥ്യാസങ്കല്‍പ്പത്തെ അവതരിപ്പിച്ചു വോട്ട് നേടുകയെന്ന തന്ത്രമാണ് ബി.ജെ.പി പയറ്റിപ്പോന്നിരുന്നത്. മുന്‍ കര്‍ണാടക സര്‍ക്കാരിന്റെ മുസ്ലിം സംവരണം എടുത്തു കളഞ്ഞ നടപടി ഇതിനൊരുദാഹരണമാണ്. തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലികളിലുടനീളം മുസ്ലിം പിന്നോക്കക്കാര്‍ക്കുള്ള സംവരണം എടുത്തു കളയണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാഹ് പ്രസംഗിച്ചത്. എന്നാല്‍, 'ജാതി സെന്‍സസ്' ബി.ജെ.പി യുടെ ആ കുതന്ത്രത്തെയും പൊളിച്ചു കളയും.

ജാതി സെന്‍സസിന്റെ ചരിത്രം ബ്രിട്ടീഷ് കാലം മുതലുള്ളതാണ്. 1891 ലെ സെന്‍സസ് പ്രക്രിയയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 'ജാതി' കോളവും ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1931 ലാണ് ജാതിയടിസ്ഥാനത്തിലുള്ള സമ്പൂര്‍ണ സെന്‍സസ് നടക്കുന്നത്. അന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇന്നും ജാതിക്കണക്കുകള്‍ വിശകലനം ചെയ്യുന്നത്. ആദ്യമായി ഒരു പിന്നോക്ക വിഭാഗ കമീഷന്‍ സ്ഥാപിക്കപ്പെടുന്നത് 1953 ലാണ്. അതിനു തൊട്ട് മുമ്പ് 1951 ലെ സെന്‍സസില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ കണക്കെടുപ്പ് നടന്നിരുന്നു. 1961 സെന്‍സസില്‍ ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ് നടത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, 1979 ലെ മണ്ഡല്‍ കമീഷനോടെ പിന്നോക്ക ജാതിക്കാരുടെ പിന്നോക്കാവസ്ഥയുടെ യഥാര്‍ഥ കണക്കുകള്‍ വെളിപ്പെട്ടു. രണ്ട് വര്‍ഷമെടുത്ത് വളരെ വിശദമായ പഠനം നടത്തിയാണ് മൊറാര്‍ജി ദേശായി നിയോഗിച്ച ബിന്ദേശ്വരി പ്രസാദ് മണ്ഡല്‍ അധ്യക്ഷനായ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ സര്‍വീസുകളില്‍ പിന്നോക്കക്കാര്‍ക്ക് 27% സംവരണമെന്ന അതിപ്രധാനമായ നിര്‍ദേശമാണ് കമീഷന്‍ മുന്നോട്ട് വെച്ചത്. എന്നാല്‍, മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പില്‍ വരാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു. ദശാബ്ദം നീണ്ട മണ്ഡല്‍ പ്രക്ഷോഭങ്ങളിലൂടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുന്നതിനു രാജ്യം സാക്ഷിയായി. ഒടുവില്‍ 1990 ല്‍ വി.പി സിംഗ് സര്‍ക്കാരിനാണ് കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള 'ധൈര്യം' ഉണ്ടായത്. തുടര്‍ന്ന് സംവരണ വിരുദ്ധ സമരങ്ങള്‍ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടു.

മന്ദിര്‍ രാഷ്ട്രീയം വിജയിച്ചു നില്‍ക്കുന്ന ഒരു അന്തരീക്ഷത്തില്‍, വീണ്ടുമൊരു മണ്ഡല്‍ ഉദയമാണ് പ്രതിപക്ഷ കക്ഷികളുടെ കണക്കു കൂട്ടല്‍. അത് എത്രത്തോളം വിജയം കൈവരിക്കുമെന്നും, ബി.ജെ.പി ഏതു തരത്തിലുള്ള പ്രതിരോധം തീര്‍ക്കുമെന്നുമുള്ള കാര്യം ആകാംക്ഷയുയര്‍ത്തുന്നു.

മുന്നോക്ക സമുദായം ആധിപത്യം പുലര്‍ത്തിയിരുന്ന രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ മണ്ഡല്‍ വിരുദ്ധ സമരങ്ങള്‍ മൂര്‍ച്ഛിച്ചു. രാജ്യത്തെ പിന്നോക്ക സമുദായങ്ങളില്‍ പെട്ടവര്‍ക്ക് കലാലയങ്ങളിലും സര്‍ക്കാര്‍ സര്‍വീസുകളിലും പ്രാതിനിധ്യമെന്ന മണ്ഡല്‍ വീക്ഷണം ഒടുവില്‍ യാഥാര്‍ഥ്യമായി. എന്നാല്‍, ജനസംഖ്യാടിസ്ഥാനത്തിലുള്ള വിഭവങ്ങളുടെ വീതംവെപ്പ് വേണമെന്ന ആവശ്യം പിന്നെയും ബാക്കിയായി. ഒരു സമ്പൂര്‍ണ ജാതിസെന്‍സസ് സ്വതന്ത്ര ഇന്ത്യയില്‍ നടന്നിട്ടില്ല. അസന്തുലിതമായ വിഭവങ്ങളുടെ വീതം വെപ്പ് കണക്കുകള്‍ പുറത്തുവരുന്നത് മുന്നോക്ക ജാതിക്കാരുടെ മേല്‍ക്കോയ്മക്ക് ക്ഷതമേല്‍പിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് സര്‍ക്കാരുകള്‍ ജാതി സെന്‍സസിനോട് പുറം തിരിഞ്ഞു നില്‍ക്കാനുള്ള കാരണം. 2011 സെന്‍സസിനോടൊപ്പം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ജാതി കണക്കുകള്‍ ശേഖരിച്ചിരുന്നുവെങ്കിലും റിപ്പോര്‍ട്ട് പുറത്തു വിട്ടിട്ടില്ല. റിപ്പോര്‍ട്ട് അപൂര്‍ണവും അബദ്ധങ്ങള്‍ നിറഞ്ഞതുമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

1990 മുതലിങ്ങോട്ട് ഹിന്ദി ഹൃദയഭൂമിയില്‍ 'മണ്ഡല്‍ രാഷ്ട്രീയവും' 'മന്ദിര്‍ രാഷ്ട്രീയവും' തമ്മിലുള്ള ഏറ്റുമുട്ടലുകളാണ്. പൊതു ശത്രുവിനെ ചൂണ്ടിക്കാട്ടി, ജാതിയെന്നത് മിഥ്യയാണെന്നു പറഞ്ഞു, 'ഹിന്ദു' എന്ന സ്വത്വത്തെ സൃഷ്ടിച്ച് വോട്ടുനേടുന്ന രീതിയാണ് 'മന്ദിര്‍ രാഷ്ട്രീയം'. ജാതിയെന്ന യാഥാര്‍ഥ്യത്തെ ചൂണ്ടിക്കാട്ടി, അര്‍ഹമായ പ്രതിനിധ്യമെന്ന ആവശ്യമുയര്‍ത്തി ജാതി വോട്ടുകള്‍ സമാഹരിക്കുന്നതാണ് 'മണ്ഡല്‍ രാഷ്ട്രീയം'. മന്ദിര്‍ രാഷ്ട്രീയം വിജയിച്ചു നില്‍ക്കുന്ന ഒരു അന്തരീക്ഷത്തില്‍, വീണ്ടുമൊരു മണ്ഡല്‍ ഉദയമാണ് പ്രതിപക്ഷ കക്ഷികളുടെ കണക്കു കൂട്ടല്‍. അത് എത്രത്തോളം വിജയം കൈവരിക്കുമെന്നും, ബി.ജെ.പി ഏതു തരത്തിലുള്ള പ്രതിരോധം തീര്‍ക്കുമെന്നുമുള്ള കാര്യം ആകാംക്ഷയുയര്‍ത്തുന്നു.



TAGS :