Quantcast
MediaOne Logo

മനീഷ മോഹന്‍

Published: 19 Aug 2023 2:37 PM GMT

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും: രണ്ട് തലമുറകള്‍ക്കിടയില്‍ ഉണ്ടായ മാറ്റങ്ങള്‍

പുതിയ തലമുറ ജീവിതത്തെ ഗൗരവത്തോടെ കാണുന്നില്ല എന്ന പരാതി ശരിവെക്കുന്നതാണ് പലരുടെയും ഇന്‍സ്റ്റഗ്രാമിലെ ഇടപെടല്‍. എന്നാല്‍, ഇതേ പ്ലാറ്റ്ഫോമിലൂടെ തന്നെ ആ ധാരണയെ തിരുത്തുന്നവരും ധാരാളം ഉണ്ട്. ജീവിതം അത്ര ഗൗരത്തോടെ കാണേണ്ടതാണോ എന്ന മറുചോദ്യവും ഇന്‍സ്റ്റ തലമുറ ഉയര്‍ത്തുന്നുണ്ട്.

ഫേസ്ബുക്ക് തലമുറ,  ഇന്‍സ്റ്റഗ്രാം തലമുറ
X

കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് കൗമാര ചലച്ചിത്ര താരം അനിഖ സുരേന്ദ്രന്‍ മലയാളികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് നടത്തിയ കൗതുകകരമായ ഒരു പരാമര്‍ശം ചര്‍ച്ചാ വിഷയമായത്. താന്‍ കൂടുതലായും ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇന്‍സ്റ്റഗ്രാം ആണെന്നും ഫേസ്ബുക്ക് ഉപയോഗിക്കുന്നത് കുറെ അമ്മാവന്മാര്‍ ആണെന്നുമായിരുന്നു, അന്ന് പതിനേഴ് വയസ്സുകാരിയായിരുന്ന അനിഖയുടെ പരാമര്‍ശം. അനിഖ അത്രയ്ക്കൊന്നും ഉദ്ദേശിച്ചിരിക്കാന്‍ സാധ്യതയില്ലെങ്കിലും, ഇന്റര്‍നെറ്റ് ഉപയോഗിച്ചു തുടങ്ങിയ ഒന്നാം തലമുറയിലെ ആളുകള്‍ക്ക് പ്രായമായെന്നതിന്റെ ഓര്‍മപ്പെടുത്തലായിരുന്നു അവരുടെ വാക്കുകള്‍. ഒപ്പം, കാലം മാറുന്നതിനനുസരിച്ച് തലമുറകളുടെ തെരഞ്ഞെടുപ്പുകളിലും ഇഷ്ടങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സൂചന കൂടി അതില്‍ അടങ്ങിയിരുന്നു.

2004-ല്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ തന്റെ കൂട്ടുകാരായ വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്കിന് തുടക്കം കുറിക്കുമ്പോള്‍ ലോകത്തിന് ഇന്നു കാണുന്നത്ര പുരോഗതി ഉണ്ടായിരുന്നില്ല. ഇന്റര്‍നെറ്റ് എന്നത് ലോകത്തെ തീരേ ചെറിയ ഒരു ന്യൂനപക്ഷത്തിന് മാത്രം ലഭ്യമായിരുന്ന ഒരു ആഢംബരമായിരുന്നു. ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ പലതും അന്ന് സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍, ഈ 2023-ല്‍ ഇരുന്ന് വിലയിരുത്തുമ്പോള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ ലോകം സാക്ഷ്യം വഹിച്ചത് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ മാറ്റത്തിനാണ്. ഓരോ വര്‍ഷവും വലിയ കുതിച്ചു ചാട്ടങ്ങളാണ് ഇന്റര്‍നെറ്റിനും അനുബന്ധ സാങ്കേതിക വിദ്യകള്‍ക്കും ഉണ്ടായത്. ലോകത്തിനു മാത്രമല്ല, അതില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കും വലിയ മാറ്റങ്ങളുണ്ടായി. ഫേസ്ബുക്ക് - ഇന്‍സ്റ്റഗ്രാം തലമുറകള്‍ തമ്മിലുണ്ടായ വ്യത്യാസം അതിലൊന്ന് മാത്രമാണ്.

ആദ്യകാലങ്ങളില്‍ കോളജ് വിദ്യാര്‍ഥികളെ ആകര്‍ഷിച്ച ഫേസ്ബുക്ക് ക്രമേണ എല്ലാ പ്രായക്കാരിലേക്കും വ്യാപിച്ചു. ഫേസ്ബുക്കില്‍ വരുന്ന പോസ്റ്റുകള്‍ക്കു കീഴില്‍ ഇപ്പോഴും ഫുള്‍സ്റ്റോപ്പിടാന്‍ പറ്റാത്ത കഥകള്‍ നീണ്ടുകിടപ്പുണ്ട്. പത്തു വര്‍ഷം മുമ്പ്, 20 വര്‍ഷം മുമ്പ് എന്നിങ്ങനെ, ഇപ്പോഴത്തെ ഫേസ്ബുക്ക് യൂസേഴ്സിന്റെ കൗമാര യൗവനങ്ങള്‍ അതില്‍ പതിഞ്ഞു കിടക്കുന്നു.

സോഷ്യല്‍ മീഡിയ എന്നത് സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമായിട്ട് കാലങ്ങളായി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വലിയ മാറ്റങ്ങള്‍ വന്നു. ഓര്‍ക്കുട്ടില്‍ തുടങ്ങി ഫേസ്ബുക്കും ട്വിറ്ററും വഴി സ്നാപ്ചാറ്റിലും കിക്കിലും വരെ എത്തിനില്‍ക്കുന്നു സോഷ്യല്‍ മീഡിയ ഇപ്പോള്‍. അതോടൊപ്പം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ മെന്റാലിറ്റിയിലും പ്രയോറിറ്റികളിലും ഇഷ്ടങ്ങളിലുമെല്ലാം വലിയ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഫേസ്ബുക്കും ട്വിറ്ററുമൊക്കെ സീരിയസ് ചര്‍ച്ചകള്‍ക്ക് ഉള്ള പ്ലാറ്റ്ഫോമാണെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ സ്ഥിതി വ്യത്യസ്തമാണ്.


പോസ്റ്റ്, അതിനു താഴെ കമന്റുകള്‍ കൊണ്ട് ചര്‍ച്ച എന്നിങ്ങനെയാണ് ഫേസ്ബുക്കിന്റെ രീതിയെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ കാര്യം തിരിച്ചാണ്. ഫേസ്ബുക്കിലേതു പോലെ കമന്റ് ബോക്സ് യുദ്ധങ്ങള്‍ ഇന്‍സ്റ്റയില്‍ ഇല്ല എന്നുതന്നെ പറയാം. പ്രായ വ്യത്യാസം കൊണ്ടുള്ള ഒരു ജനറേഷന്‍ ഗ്യാപ്പ് ഉള്ളതുകൊണ്ടാകാം ഒരേ വിഷയത്തെ രണ്ടുകൂട്ടരും സമീപിക്കുന്ന രീതി വ്യത്യസ്തമാണ്. ഫേസ്ബുക്ക് ലോകോത്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്‍സ്റ്റ കവര്‍ സോങ്ങും പോപ്പ് ഗാനവും ഡാന്‍സും കൊളാബറേഷനും പാര്‍ട്ണര്‍ഷിപ്പും ഒക്കെയായി അങ്ങനെ മുന്നോട്ടു പോവുകയാണ്.

ഫേസ്ബുക്കിന്റെ ആദ്യകാല ഉപയോക്താക്കള്‍ മില്ലേനിയല്‍ തലമുറയില്‍പ്പെട്ടവര്‍ അഥവാ 1981-നും 1996-നും ഇടയില്‍ ജനിച്ചവര്‍ ആയിരുന്നു. കുറച്ചധികം ഓണം ഉണ്ടതുകൊണ്ടാവണം ഫേസ്ബുക്കില്‍ എഴുതുന്ന അനുഭവങ്ങള്‍ക്കും അങ്കലാപ്പുകള്‍ക്കും നീളം കൂടുതലായിരുന്നു. ആ കാലത്ത് അനുഭവിച്ച സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഫേസ്ബുക്കിലും പ്രതിഫലിച്ചു. അവര്‍ തെരഞ്ഞെടുത്ത പാട്ടുകളും പുസ്തകങ്ങളുമെല്ലാം അതോടു ചേര്‍ന്നുനിന്നു. ആദ്യകാലങ്ങളില്‍ കോളജ് വിദ്യാര്‍ഥികളെ ആകര്‍ഷിച്ച ഫേസ്ബുക്ക് ക്രമേണ എല്ലാ പ്രായക്കാരിലേക്കും വ്യാപിച്ചു. ഫേസ്ബുക്കില്‍ വരുന്ന പോസ്റ്റുകള്‍ക്കു കീഴില്‍ ഇപ്പോഴും ഫുള്‍സ്റ്റോപ്പിടാന്‍ പറ്റാത്ത കഥകള്‍ നീണ്ടുകിടപ്പുണ്ട്. പത്തു വര്‍ഷം മുമ്പ്, 20 വര്‍ഷം മുമ്പ് എന്നിങ്ങനെ, ഇപ്പോഴത്തെ ഫേസ്ബുക്ക് യൂസേഴ്സിന്റെ കൗമാര യൗവനങ്ങള്‍ അതില്‍ പതിഞ്ഞു കിടക്കുന്നു.


പിറവിയുടെ കാര്യത്തില്‍ ഫേസ്ബുക്കിനേക്കാള്‍ ആറു വര്‍ഷം പ്രായക്കുറവേ ഇന്‍സ്റ്റഗ്രാമിനുള്ളൂ. 2010-ല്‍ ഫോട്ടോ ഷെയറിങ് ആപ്പ് ആയി പ്രവര്‍ത്തനം തുടങ്ങിയ ഇന്‍സ്റ്റ വളരെ പെട്ടെന്നു തന്നെ അന്നത്തെ പുതിയ തലമുറയുടെ ശ്രദ്ധ ആകര്‍ഷിച്ചു. ഇഷ്ടം പോലെ ഫോട്ടോ എടുക്കാന്‍ കഴിയുന്ന മൊബൈല്‍ ക്യാമറകളുടെ വളര്‍ച്ചാ കാലഘട്ടം കൂടിയായിരുന്നു അത്. 2014-ല്‍ ഒരു ബില്ല്യണ്‍ ഡോളര്‍ എന്ന ഭീമമായ തുകക്ക് ഇന്‍സ്റ്റയെ ഫേസ്ബുക്ക് കമ്പനി വാങ്ങി.

ഫേസ്ബുക്ക് പോലെയുള്ള ആദ്യ തലമുറ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ ഭാരമൊന്നുമില്ലാത്തതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നു എന്നതുമായിരിക്കണം ഇന്‍സ്റ്റഗ്രാമിനെ പുതിയ തലമുറക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയത്. ലോകകാര്യങ്ങളല്ലാതെ വ്യക്തിപരമായ നിമിഷങ്ങള്‍, സന്തോഷ സങ്കടങ്ങള്‍, ആഘോഷങ്ങള്‍ എല്ലാം അവിടെ ഷെയര്‍ ചെയ്യുന്നു. ഗൗരവമേറിയതും ആഴത്തില്‍ അറിവുള്ളതുമായ വിഷയങ്ങള്‍ക്കായിരുന്നു ഫേസ്ബുക്കില്‍ പ്രാധാന്യം ലഭിച്ചിരുന്നതെങ്കില്‍ കുറച്ചുകൂടി ലളിതമായ, മനുഷ്യന്റെ വൈകാരികതയെ സ്പര്‍ശിക്കുന്ന കാര്യങ്ങളാണ് ഇന്‍സ്റ്റയില്‍ പോപ്പുലര്‍ ആകുന്നത്. മുതിര്‍ന്നവര്‍ ഫേസ്ബുക്കില്‍ രാഷ്ട്രീയവും മതവും അന്താരാഷ്ട്ര വിഷയങ്ങളും ഉള്‍പ്പെടെയുള്ളവയില്‍ കൂലങ്കഷമായ ചര്‍ച്ചയില്‍ ഏര്‍പ്പെടുമ്പോള്‍, അതിന്റെ ബഹളങ്ങളില്ലാത്ത കളര്‍ഫുള്‍ ആയ ഒരു പ്ലാറ്റ്ഫോമിലേക്ക് ഇളംതലമുറ മാറിയതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല.


ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ രണ്ട് പ്ലാറ്റ്ഫോമുകള്‍ മാത്രമല്ല തലമുറകളുടെ മനോഭാവത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ തന്നെയാണെന്ന് ചുരുക്കം. പുതിയ തലമുറ ജീവിതത്തെ ഗൗരവത്തോടെ കാണുന്നില്ല എന്ന പരാതി ശരിവെക്കുന്നതാണ് പലരുടെയും ഇന്‍സ്റ്റഗ്രാമിലെ ഇടപെടല്‍. എന്നാല്‍, ഇതേ പ്ലാറ്റ്ഫോമിലൂടെ തന്നെ ആ ധാരണയെ തിരുത്തുന്നവരും ധാരാളം ഉണ്ട്. ജീവിതം അത്ര ഗൗരത്തോടെ കാണേണ്ടതാണോ എന്ന മറുചോദ്യവും ഇന്‍സ്റ്റ തലമുറ ഉയര്‍ത്തുന്നുണ്ട്.

തങ്ങള്‍ വളര്‍ന്നുവന്ന കാലഘട്ടത്തിലെ ഇല്ലായ്മകളും പരിമിതികളുമെല്ലാം ആയിരിക്കും മില്ലേനിയല്‍സിനെ ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമില്‍ അഭയം കണ്ടെത്താനും തുടരാനും പ്രേരിപ്പിച്ചത്. നേരെ മറിച്ച് നല്ല അന്തരീക്ഷത്തില്‍ വളര്‍ന്ന, ടെക്നോളജിയിലും ഗാഡ്ജറ്റുകളിലുമെല്ലാം എളുപ്പത്തില്‍ വൈദഗ്ധ്യം നേടിയ പുതുതമുറക്ക് ഇന്‍സ്റ്റ പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഇഷ്ടപ്പെട്ടതും സ്വാഭാവികമാണ്. കൂടുതല്‍ പുതിയ ആപ്പുകളില്‍ വളരുന്ന അടുത്ത തലമുറ ഇന്‍സ്റ്റ ജനറേഷനെ കാണുന്നതും പഴയ മെന്റാലിറ്റിയുള്ളവര്‍ ആയിട്ടായിരിക്കും. പഴുത്ത ഇല വീഴുമ്പോള്‍ പച്ച ഇല ചിരിക്കുക എന്നത് ഒരു ജീവിത സത്യമാണല്ലോ.

TAGS :