Quantcast
MediaOne Logo

ബഷീര്‍ മാടാല

Published: 14 April 2022 4:59 AM GMT

ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ച അടിവരയിട്ട കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്

അടിയന്തിരാവസ്ഥക്ക് ശേഷം 1983 മുതല്‍ പരിശോധിച്ചാല്‍, ദേശീയ ഇടതുമുന്നണിയിലെ ഘടകകക്ഷികളെല്ലാം പാര്‍ട്ടി കോണ്‍ഗ്രസിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ നേരിട്ട് എത്തുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ ഇത്തവണ അതും ഉണ്ടായില്ല.

ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ച അടിവരയിട്ട കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്
X
Listen to this Article

ഇന്ത്യന്‍ ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്നവരെന്ന് അവകാശപ്പെടുന്നവരാണ് സി.പി.എം. എന്നാല്‍, നിലവിലെ ശക്തികേന്ദ്രമായ കേരളത്തിലെ കണ്ണൂരില്‍ നടന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് അടിവരയിടുന്ന ഒരു കാര്യമുണ്ട്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഇടത് ബുദ്ധിജീവികളും രാഷ്ട്രീയ നിരീക്ഷകരും ഇക്കാര്യത്തെ ബോധപൂര്‍വം മറക്കുകയാണോ ചെയ്യുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു കൊണ്ട് ജനല്‍ സെക്രട്ടറി സിതാറാം യെച്ചൂരി നട്തതിയ പ്രസംഗത്തില്‍ പതിവ് പാര്‍ട്ടി കോണ്‍ഗ്രസുകളിലേപ്പോലെ കടലാസുപുലികളായി മാറിയ ഇടത് ഐക്യം ആവശ്യമാണ് എന്ന ക്ലീഷേ കടന്നു വന്നെങ്കിലും യെച്ചൂരിയും പാര്‍ട്ടി കോണ്‍ഗ്രസും പിന്നീട് അടിവരയിട്ടത് ഇന്ത്യയില്‍ ഇടതുപക്ഷം തകര്‍ന്നു എന്നാണ്. ഇനി ഇന്ത്യയില്‍ ഇടതുപക്ഷത്തിന് തന്നെ പ്രസക്തിയില്ല എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് പറയാതെ പറയുന്നത്.

അടിയന്തിരാവസ്ഥക്ക് ശേഷം 1983 മുതല്‍ പരിശോധിച്ചാല്‍, ദേശീയ ഇടതുമുന്നണിയിലെ ഘടകകക്ഷികളെല്ലാം പാര്‍ട്ടി കോണ്‍ഗ്രസിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ നേരിട്ട് എത്തുന്നതാണ് കീഴ്‌വഴക്കം എങ്കിലും ഇത്തവണ അതും ഉണ്ടായില്ല. ദേശീയ ഇടതുമുന്നണിയുടെ ഭാഗമായ സി.പി.ഐ ഒഴികെ മറ്റൊരു ഇന്ത്യയിലെ ഇടത് പാര്‍ട്ടികളില്‍ നിന്നും ഒരാള്‍ പോലും പ്രതിനിധി സമ്മേളനത്തിന് പങ്കെടുക്കുന്നതിന് പകരം ആശംസാ കുറിപ്പുകളാണ് നല്‍കിയത്. കെ റെയില്‍ അടക്കമുള്ള കാര്യങ്ങളില്‍ ഉള്ള വിയോജിപ്പും തികച്ചും ആശയപരമായി ഉണ്ടായിരിക്കുന്ന അഭിപ്രായ വ്യത്യാസവുമാണ് ഇതിന് കാരണം.

ബിജെപിക്കെതിരെ വിശാല ഇടതുമുന്നണി പോയിട്ട് വിശാല മതേതര മുന്നണി തന്നെ ഉണ്ടാകാന്‍ സാധ്യതയില്ല എന്നതു തന്നെയാണ് ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ നേട്ടത്തിനായി പ്രാദേശിക പാര്‍ട്ടികളുമായി ചങ്ങാത്തം കൂടാനാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം.

അന്താരാഷ്ട്ര ദേശീയ പ്രാദേശിക രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളാണ് സാധാരണ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യാറുള്ളത് എങ്കിലും ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറ്റം പറയുന്ന വെറും കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസായി ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അമരക്കാര്‍ എന്ന് അവകാശപ്പെടുന്നവരുടെ ദേശീയ സമ്മേളനം മാറി. കോണ്‍ഗ്രസില്‍ നിന്നും പുറം തള്ളുന്ന മാലിന്യങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന് വ്യക്തമാകുന്നതാണ് പുതിയ നയം. ഇത് തന്നെയാണല്ലോ ബി.ജെ.പിയും ചെയ്യുന്നത്. നിലവിലെ എം.എല്‍.എമാരെയും എം.പിമാരെയും ബി.ജെ.പി വില കൊടുത്ത് വാങ്ങുകയാണ് എങ്കില്‍ കോണ്‍ഗ്രസിനു പോലും വേണ്ടാത്ത എടുക്കാ ചരക്കുകളുടെ അഭയസ്ഥാനവുമായി ഒരു പ്രബല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറുന്ന ഗതികേട്.




ഇന്ത്യയിലെ ഇടുതുപക്ഷ മുന്നണി എന്ന ആശയത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തേക്കാള്‍ പ്രായമുണ്ട്. 1939 ല്‍ സുഭാഷ് ചന്ദ്ര ബോസ് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് ഫോര്‍വേഡ് ബ്ലോക്ക് എന്ന ഇടത് സംഘടനക്ക് രൂപം കൊടുത്തപ്പോഴാണ് ഇന്ത്യയില്‍ ഇടതുമുന്നണി എന്ന ആശയം രൂപം കൊള്ളുന്നത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി, സി.പി.ഐ (സി.പി.ഐ അന്ന് നിരോധിച്ചിരിക്കുന്ന സമയം. എന്‍.ജി രംഗയുടെ നേതൃത്വത്തില്‍ നാഷണല്‍ ഫ്രണ്ട് എന്ന പേരിലാണ് പ്രവര്‍ത്തനം) ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനും പില്‍ക്കാലത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന എം.എന്‍ റോയിയുടെ റാഡിക്കല്‍ ഡമോക്രാറ്റിക് പാര്‍ട്ടി, ബംഗാളിലെ അനുശീലന്‍ സമിതിക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ഇടത് ഏകീകരണ കമ്മിറ്റി (ഠവല ഘലള േഇീിീെഹശറമശേീി ഇീാാശേേലല) രൂപീകരിച്ചത്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും രാജ്യത്ത് നിര്‍ണായക സ്വാധീനം ചെലുത്തുന്നവരായിരുന്നു പല ഘട്ടങ്ങളിലായി ഇടതുമുന്നണി നേതൃത്വം നല്‍കിയര്‍. എന്നാല്‍, രാജ്യം ഇന്ന് ആവശ്യപ്പെടുന്ന വിശാല ഇടത് സഖ്യം പോയിട്ട് വിശാല മതേതര സഖ്യത്തില്‍ പോലും ഞങ്ങളില്ല എന്ന് ഇന്ത്യയിലെ നിലവിലെ ഏറ്റവും വലിയ ഇടത് പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ അത് സൂചിപ്പിക്കുന്നത് തലയെടുപ്പും പാരമ്പര്യവുമുള്ള ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ച കൂടിയാണത്. ഇന്ത്യന്‍ ഇടതുപക്ഷത്തിന് പ്രസക്തിയില്ല എന്ന് ഏറ്റവും വലിയ ഇടത് പാര്‍ട്ടി തന്നെ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വിരോധാഭാസം. ഇതിന്റെ ഗുണഭോക്താക്കളാവാന്‍ പോകുന്നത് രാജ്യത്തെ സമ്പൂര്‍ണ്ണമായി വിഴുങ്ങാന്‍ തക്കം പാര്‍ത്തിരിക്കുന വര്‍ഗീയ-കോര്‍പറേറ്റ് സംഘപരിവാരങ്ങള്‍ക്കാണ്.

സി.പി.എം മാത്രമല്ല മറ്റ് ഇടത് പാര്‍ട്ടികള്‍ക്കും ഇടതുപക്ഷത്തിന്റ ചിഹ്നങ്ങളും ആശയങ്ങളും ഇന്ന് ഒരു ബാധ്യതയായി തോന്നി തുടങ്ങിയിരിക്കുന്നു. ബംഗാളിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടതുപാര്‍ട്ടിയായ ഫോര്‍വേഡ് ബ്ലോക്ക് ചെങ്കൊടിയില്‍ നിന്നും അരിവാള്‍ ചുറ്റിക നീക്കം ചെയ്തിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന ധാരണ ഒഴിവാക്കാനാണ് ഇത് എന്നതാണ് കാരണം പറയുന്നത്. ഇടത് പാര്‍ട്ടികള്‍ക്ക് പോലും ഇന്ന് തൊഴിലാളികളുടേയും കര്‍ഷകരെയും പ്രതിനിധാനം ചെയ്യുന്ന അരിവാള്‍ ചുറ്റികയേ വരെ തള്ളിപ്പറയാന്‍ ഇന്ത്യയിലെ ഇടതുപാര്‍ട്ടികള്‍ തയാറാവുന്ന അവസ്ഥയിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ തകര്‍ച്ച എന്ന് പറയുന്നത് രാജ്യത്തിന്റെ തകര്‍ച്ചയാണ് എന്ന് ഇടത് എന്ന് അവകാശപ്പെടുന്നവര്‍ ഇനി എന്നാണാവോ മനസ്സിലാക്കാന്‍ പോകുക? അപ്പോഴത്തേക്കും ഒന്നു പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ കഴിയാത്തത തരത്തില്‍ ഇന്ത്യന്‍ ജനാധിപത്യം മോര്‍ച്ചറിയും കടന്നു പോയിരിക്കും.

TAGS :